ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ എഴുതിയാലും പറഞ്ഞാലും തീരില്ല.
നോവിന്റെ ഓർമ്മകൾ വേർ പിണഞ്ഞു കിടക്കുന്നത് എട്ട് വയസ്സുകാരിയായ ഒരു കുഞ്ഞിൽ നിന്നാണ്.
അനിയത്തി ജനിച്ചപ്പോൾ “നിന്നെ ഇനി ആർക്കും വേണ്ട” എന്ന് പറഞ്ഞ വാക്കുകളിൽ വിങ്ങിയ ആ കുഞ്ഞ് മനസ്സ് ഇന്നും അതേ പോലെ തന്നെയാണ്.
ആ വാക്കുകൾ മറക്കാൻ പഠിച്ചിട്ടില്ല, അവയോടൊപ്പം ജീവിക്കാൻ മാത്രം പഠിച്ചു.
ഓരോ തവണയും ബോഡി ഷേമിങ് നടത്തി, മുല്ലവള്ളി കൊണ്ട് ശരീരം വേദനിപ്പിച്ച അടുത്ത ബന്ധുവിന്റെ പ്രഹരങ്ങൾ ശരീരത്തിൽ നിന്നു മാഞ്ഞെങ്കിലും, മനസ്സിൽ ഇന്നും വ്രണമായി കിടക്കുന്നു. കാണാത്ത മുറിവുകൾക്കാണ് ഏറ്റവും കൂടുതൽ വേദനയെന്ന് അവരാണ് എന്നെ പഠിപ്പിച്ചത്.
വിവാഹശേഷം, എന്നെയും എക്സ് ഭർത്താവിനെയും താരതമ്യം ചെയ്ത് കളിയാക്കിയവർ, “അവന്റെ ഭക്ഷണവും നീയാണോ കഴിക്കുന്നത്?” എന്ന ചോദ്യത്തിൽ ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാതെ, പ്ലേറ്റിലേക്ക് കണ്ണീർ തുള്ളിയ നിമിഷങ്ങൾ ഇന്നലെ നടന്നതുപോലെ ഇപ്പോഴും ഉള്ളിലുണ്ട്.
അവിടെ നിന്ന് ഞാൻ മനസ്സിലാക്കി, ചില വാക്കുകൾക്ക് ശബ്ദം മാത്രമല്ല, അവയ്ക്ക് മുറിവുണ്ടാക്കാനുള്ള ശക്തിയും ഉണ്ടെന്ന്.
ഭിന്നശേഷിയുള്ള എന്റെ മകനെ എന്റെ കൺമുന്നിൽ വെച്ച് “മന്ദൻ”, “മന്ദബുദ്ധി”, “തലയ്ക്ക് സുഖമില്ലാത്തവൻ” എന്ന് വിളിച്ചഅടുത്ത ബന്ധുക്കളുടെ വാക്കുകൾ മരണം വരെയും മാഞ്ഞുപോകാത്ത വേദനയായി മാറി. അവനെ ചേർത്തു പിടിക്കാൻ ഞാൻ നിൽക്കുമ്പോൾ, ഉള്ളിൽ തകർന്ന് വീണതും ഞാൻ തന്നെയായിരുന്നു.
പ്രിയപ്പെട്ടവരുടെ മരണങ്ങൾ ഉണ്ടാക്കിയ ശൂന്യതയിൽ വിങ്ങി നിൽക്കുന്നതിനോളം വലിയ തീക്ഷ്ണത മറ്റൊന്നുനുമില്ല.
ചില ആളുകൾ പോയാൽ, നമ്മളിൽ നിന്നൊരു ഭാഗം കൂടെ എടുത്ത് പോകും.
ഇന്ന്, ഒരു ആശുപത്രി കിടക്കയിൽ കിടന്ന് ഇത് എഴുതുമ്പോൾ, ആത്മവേദനയും ശരീരവേദനയും ആരുമില്ലായ്മയും ചേർന്ന് ഉണ്ടാക്കുന്ന ഈ തീക്ഷ്ണതയെക്കാൾ ഇനി എന്താണ് എനിക്ക് എഴുതാൻ കഴിയുക.
എന്നിരുന്നാലും, ഇത്രയും തകർച്ചകളുടെ നടുവിലുംഇന്നും ഞാൻ ശ്വസിക്കുന്നു എന്നത് തന്നെ ഒരു ചെറു അത്ഭുതമല്ലേ…
ഇനി പറയാൻ വാക്കുകൾ ഇല്ല,
മാത്രം ഉള്ളിലൊതുങ്ങിയ കരച്ചിൽ മാത്രം.പുറത്ത് കേൾക്കാത്തത്, അകത്ത് മുഴങ്ങിക്കൊണ്ടിരിക്കുന്നു.ശാന്തമായിരിക്കുകയാണ് ഞാൻ, പക്ഷേ ഉള്ളിൽ ഒരിക്കലും ശാന്തതയില്ല.


5 Comments
എപ്പഴും വന്ന് ഹായ്, , ഹോയ് ന്ന് പറയില്ലാന്നേയുള്ളൂ. പർവിക്കുട്ടിയെ എനിക്ക് പെരുത്തിഷ്ടാണ് ❤️❤️❤️
ഒന്നും മറികടന്നില്ലെങ്കിലും ഒപ്പം ജീവിക്കാൻ പഠിക്കുക എന്നതിലാണ് വിജയം.
നല്ല ചിന്ത👌
സ്നേഹം പർവി🫂
ചിലരെ അവനവനു വേണ്ടിയും കൂടെയുള്ളവർക്കു വേണ്ടിയും പോരാടാനാണ് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. തീവ്രമായ അനുഭവങ്ങളിലൂടെ അവർ കൂടുതൽ കരുത്തുള്ളവരാകും. നല്ലെഴുത്ത്👌👏❤️
കാറ്റും മഴയും ഇടിയും മിന്നലും എല്ലാം എന്നും നിലനിൽക്കില്ല. അവയെല്ലാം മാറി ഇളം തെന്നലും തെളിഞ്ഞ ആകാശവും മഞ്ഞും കുളിരും എല്ലാം വരും – വരാതിരിക്കില്ല. പ്രതീക്ഷ കൈവെടിയരുത്. ചെറയ കാര്യങ്ങളുലും സന്തോഷിക്കണം. പ്രശ്നങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം. ജീവിതം ജയിക്കാനുള്ളതാണ്. പൊരുതി തോറ്റവരെ ധീരരായാണ് ചരിത്രം അടയാളപ്പെടുത്തുക. എല്ലാ നന്മകളും ഉണ്ടാവട്ടെ. ആശംസകൾ❤️❤️👍
Love…love you ❤️
Nothing else to pen