സുധീഷിൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു വിഷുക്കൈനീട്ടം കിട്ടുന്നത്, അല്ല വിഷുക്കൈനീട്ടം അവന് കിട്ടിയത് ഓർമ്മയിൽ നിൽക്കുന്നത് അവന്റെ പത്താം വയസ്സിൽ ആണ്. അന്ന് അവന് അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ നൽകിയ വിഷുക്കൈനീട്ടം അവൻ അവന്റെ സമ്പാദ്യപ്പെട്ടിയിൽ സൂക്ഷിച്ചു വച്ചതാണ്.
ഒരു സൈക്കിൾ വാങ്ങണം. കൂട്ടുകാർ ഒക്കെ സൈക്കിളിൽ ആണ് സ്കൂളിൽ വരുന്നത്. അവന് ആ ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പോഴൊന്നും സൈക്കിൾ ചവിട്ടാറായിട്ടില്ല, വലുതാവട്ടെ എന്നിട്ട് വാങ്ങാം എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ അത് വെറുമൊരു പറച്ചിലാണ് എന്ന് അവനറിയാം. അച്ഛൻ ജോലിക്ക് പോയി കൊണ്ട് വരുന്ന പണം വീട്ടിൽ ചിലവിന് തന്നെ വേണം. പിന്നെ സൈക്കിൾ വാങ്ങാൻ പണം എവിടെ നിന്ന് ഉണ്ടാകാൻ! സ്വയം വാങ്ങണമെന്നാണ് അവന്. അതിനായി കിട്ടുന്ന പൈസ യെല്ലാം ഭണ്ഡാരത്തിൽ ഇട്ട് വയ്ക്കുക, അതാണ് അവന്റെ പതിവ്. പോരാത്തതിന് കശുവണ്ടി കടയിൽ കൊടുത്ത് കുറച്ചു പണം. പിന്നെ കടയിൽ പോകുമ്പോൾ മിഠായി വാങ്ങാൻ തരുന്ന പൈസ. സമ്പാദ്യം എത്രയായി എന്ന് അവന് അറിയില്ല. ഏകദേശം നിറയാറായിട്ടുണ്ട്. ആരും കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് അവന് മാത്രമേ അറിയൂ.
അതിനിടെ വീട്ടിൽ വന്ന ചില അതിഥി തൊഴിലാളികൾ.. രോഗിയായ അച്ഛന്റെ ചികിത്സയ്ക്കായി മക്കൾ വീട് വീടാന്തരം കയറിയിറങ്ങുകയാണ്.
സുധീഷിൻ്റെ വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ കയ്യിൽ പണമില്ല. ആര് വന്നാലും എന്തെങ്കിലും കൊടുത്തേ ശീലമുള്ളൂ.
പത്ത് വയസ്സ് മാത്രമേ സുധീഷിന് ഉള്ളൂ എങ്കിലും ബുദ്ധിമുട്ടുകൾ മനസ്സിലാകും. അവൻ അവന്റെ ഭണ്ഡാരം പൊളിച്ച് ആ പണമെല്ലാം അവർക്ക് കൊടുക്കാൻ വേണ്ടി അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛൻ പറഞ്ഞു ” സാരമില്ല.. നീ എത്രയോ കാലമായി സൂക്ഷിച്ചു വച്ച പണമാണ്. സൈക്കിൾ വാങ്ങാൻ.. അത് എടുത്തു കൊടുക്കണ്ട.”
” അതേ സേട്ടാ.. ഈ പൈസ വേണ്ട..” അവിടെ വന്ന പയ്യൻമാരിലൊരാൾ പറഞ്ഞു. ” ഈ കുട്ടിയുടെ പൈസ വേണ്ട..”
” സൈക്കിൾ പിന്നെ വാങ്ങാം. ഈ പൈസ കൊണ്ട് പോയി നിങ്ങളുടെ അച്ഛനെ ചികിത്സിക്കൂ, അച്ഛൻ ഒന്ന് പറയൂ..” എന്ന് സുധീഷ് പറഞ്ഞു.
അത് ഓർമ്മയിൽ ഇടക്കിടെ തെളിഞ്ഞു വരും. മറ്റുള്ളവരുടെ വിഷമം കണ്ട് നിൽക്കാൻ വയ്യ സുധീഷിന്. ആകെ ഒരു മകനേയുള്ളൂ എന്നതിനാൽ തന്നെ പറ്റുന്നതെല്ലാം സുധീഷിന് വാങ്ങി കൊടുക്കാൻ അച്ഛനമ്മമാർക്ക് മടിയൊന്നും ഉണ്ടായില്ല.
പക്ഷേ ഇത് പോലെ സൂക്ഷിച്ചു വയ്ക്കും വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ അതൊക്കെ എടുത്ത് കൊടുക്കും. അവന് സൈക്കിൾ വാങ്ങൽ നടന്നത് അവൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. അപ്പോൾ അവൻ ഒരു വിധം വലുതായല്ലോ!
പിന്നീട് പ്ളസ് വൺ പ്ലസ് ടൂ ക്ളാസിൽ പോകാൻ ആ സൈക്കിൾ ഉപകാരമായി.
ഭണ്ഡാരവും സമ്പാദ്യവും അവൻ തുടർന്നു. എന്തായാലും നല്ല ഒരു ശീലമായി അവന്. പിന്നീട് അവൻ പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങി. സമ്പാദ്യശീലം നല്ലത് തന്നെ.
അവന്റെ കോളേജ് പഠനകാലത്ത് പോക്കറ്റ് മണിയായി തരുന്ന പണം പോലും അവൻ ഡെപ്പോസിറ്റ് ഇടുകയല്ലാതെ ധാരാളിത്ത ചെലവുകൾ ഒന്നും ചെയ്യാറില്ല. അവന് ബാങ്കിൽ തന്നെ ജോലി ലഭിച്ചത് വളരെയധികം നന്നായി. ഫിക്സഡ് ഡെപ്പോസിറ്റുകൾ തുടർന്നു. ബാങ്കിൽ ഓരോരുത്തരും ചെയ്യേണ്ട ടാർഗറ്റ് അവൻ എത്രയും പെട്ടെന്ന് തന്നെ തീർത്തിരിക്കും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയാൾ ബാങ്കിൻ്റെ ചീഫ് മാനേജർ ആയി മാറുകയും ചെയ്തു. അപ്പോഴാണ് അയാളുടെ
ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലേക്ക് എത്തിയത്. ബാങ്കിൽ തന്നെ പുതിയതായി ജോയിൻ ചെയ്ത കീർത്തി. അവളെ കണ്ടപ്പോൾ തന്നെ സുധീഷിൻ്റെ മനസ്സിൽ ഉണർന്ന ആഗ്രഹം അവളെ അറിയിച്ചു.
പ്രേമ വിവാഹം എന്നൊക്കെ പറയാൻ പറ്റില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. വിവാഹം കഴിഞ്ഞ് അടുത്ത മാസത്തിലായിരുന്നു, ആ വർഷത്തെ വിഷു.
സുധീഷിൻ്റെ വിവാഹത്തിന് മുൻപുള്ള ഓരോ വിഷുവിനും അയാൾക്ക് അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനുമൊക്കെ വിഷുക്കൈനീട്ടം നൽകാറുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആ ആചാരമൊക്കെ നിന്നു പോയതെന്താണ് എന്ന് മനസ്സിലാവാതെ നില്ക്കുകയാണ് സുധീഷ്.
ഈ വിഷുവിന് വിഷുക്കണി വച്ചത് കാണിക്കാൻ അമ്മയും വിളിച്ചു കൊണ്ട് പോയില്ല.
പകരം ഭാര്യ കീർത്തിയാണ് കണി കാണിക്കാൻ കൊണ്ട് പോയത്. ” സുധീഷേട്ടാ വളരെ ശ്രദ്ധിച്ച്.. ദേ.. കണ്ണു തുറന്നു നോക്കിക്കേ…”
പറഞ്ഞപോലെ കണി കണ്ട് കഴിഞ്ഞപ്പോൾ ചുറ്റും പരതി. ഇനി വിഷുക്കൈനീട്ടം കിട്ടണമല്ലോ.. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനുമൊക്കെ തരുന്ന വിഷുക്കൈനീട്ടം കാത്തിരിക്കുന്ന സുധീഷിനോട് അച്ഛൻ പറഞ്ഞു. ” എടാ ഇനി വിഷുക്കൈനീട്ടം നീ ആണ് എല്ലാവർക്കും കൊടുക്കേണ്ടത്. അത് മറക്കണ്ട. വേഗം നിന്റെ സമ്പാദ്യക്കുടുക്കയിൽ നിന്നും എടുത്ത് ഓരോരുത്തർക്കും കൊടുക്കണം. പ്രത്യേകിച്ചും കീർത്തിയ്ക്ക്.. മനസ്സിലായോ…”
” അമ്പട മിടുക്കാ.. എല്ലാ കാലത്തും നിനക്ക് വിഷുക്കൈനീട്ടം കിട്ടും എന്ന് കരുതി ഇരിക്കുകയാണ് അല്ലേ”
മുത്തശ്ശിയുടെ വക. “വേഗം എടുത്തോ.” അതോടെ സുധീഷ് വേഗം തന്നെ പോയി ബാഗിൽ നിന്നും പണം എടുത്ത് എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുക്കാൻ തുടങ്ങി.
” ആദ്യമായി എനിക്ക് സുധിക്കുട്ടന്റെ കൈയ്യിൽ നിന്നും കിട്ടുന്ന വിഷുക്കൈനീട്ടം അല്ലേ”
മുത്തച്ഛൻ രണ്ടു കൈകളും നീട്ടി വാങ്ങി. തലയിൽ കൈവച്ച് അനുഗ്രഹിച്ചു. മുത്തശ്ശിയും അമ്മയും അച്ഛനും എല്ലാം കൈനീട്ടം വാങ്ങി അനുഗ്രഹിച്ചു.
അവസാനം കീർത്തിയുടെ ഊഴമായിരുന്നു.
” ഞാൻ അനുഗ്രഹിക്കില്ല കേട്ടോ സുധീഷേട്ടാ.. മൂത്തവരെ അനുഗ്രഹിക്കാൻ പാടില്ല. “
” നീ കാരണം എന്റെ എത്ര പൈസ പോയി. എന്നിട്ട് അനുഗ്രഹമോ വരമോ എന്തേലും ഒന്ന് തരുവാനും പാടില്ല. “
സുധീഷ് തന്നത്താൻ പറഞ്ഞു.
” ഇത്രയും കാലം കിട്ടിയതിനൊക്കെ കണക്ക് പറയേണ്ടി വരും എന്ന് മനസ്സിലായല്ലോ”
അമ്മയുടെ വക ഒരു താങ്ങ്.
” എന്തായാലും വിഷു സദ്യ സുധീഷ് ആൻഡ് ഫാമിലി തന്നെ നടത്തട്ടെ. ഞാൻ തൊട്ടും പിടിച്ചും നിൽക്കാം” എന്ന് അമ്മ
” ഞാനും” എന്ന് അച്ഛൻ.
” ഇനിയും ശിക്ഷ തന്ന് മതിയായില്ലേ” സുധീഷ് ചോദിച്ചു.
” ശിക്ഷകൾ എന്തെല്ലാം വരാൻ കിടക്കുന്നു? വിഷുക്കൈനീട്ടം ഇവിടെ മാത്രമല്ല ഇനി കീർത്തിയുടെ വീട്ടിൽ പോയി അവിടെ എല്ലാവർക്കും കൊടുക്കണം. പിന്നെ ഓരോ ബന്ധുക്കൾക്കും കുട്ടികൾക്കും. ഇനി ചെലവ് ചെയ്ത് പഠിക്കേണ്ടിവരും പിശുക്കാ.. ” അച്ഛൻ സുധീഷിനെ വാരാൻ തുടങ്ങി.
” വിഷുവിന് മാത്രമല്ല, ഓണത്തിന് ഇത് പോലെ ഓണപ്പുടവ എല്ലാവർക്കും കൊടുക്കണം. ഓരോ വിശേഷങ്ങൾ വരുമ്പോഴും നിനക്ക് പണി വരും ” മുത്തശ്ശി പറഞ്ഞു.
” ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു.. ” അമ്മ.
” എന്തായാലും ഞാൻ പെട്ടു.. ഇനി സഹിക്കുക തന്നെ “
സുധീഷിൻ്റെ വർത്തമാനം കേട്ട് കീർത്തി പറഞ്ഞു
” എന്നാൽ നമുക്ക് ഡൈവോഴ്സ് ആയാലോ..
പിന്നെ മാസാമാസം ജീവനാംശം മാത്രം തന്നാൽ മതി.. “
” അമ്പടി.. എന്താ പൂതി.. അങ്ങനെ ഡൈവോഴ്സ് ഒന്നും കൊതിയ്ക്കേണ്ട.. ഞാൻ തരില്ല.. “
“എന്തായാലും ഈ വർഷത്തെ വിഷു അതിഗംഭീരമായി ” സദ്യയൂണ് കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു. ആദ്യമായി സുധീഷ് അടുക്കളയിൽ കയറി ഉണ്ടാക്കിയ സദ്യയാണല്ലോ. ശരിക്കും അതിന്റെ പിന്നിൽ അമ്മയും മുത്തശ്ശിയും കീർത്തിയുമാണ് മുക്കാൽ ഭാഗം പണിയും ചെയ്തത് എന്ന് മാത്രം.
” സുധീഷേട്ടൻ ചെയ്ത പോലെ കിട്ടുന്ന പണമൊന്നും സൂക്ഷിച്ചു വയ്ക്കുന്ന പണി എനിക്കില്ല ” കീർത്തി പറഞ്ഞു.
” എന്ത് കിട്ടിയാലും അത് അപ്പപ്പോൾ തീർക്കാതെ എനിക്ക് സമാധാനമില്ല.
ഈ പണമൊക്കെ സൂക്ഷിച്ചു വച്ചിട്ട് എന്ത് കാര്യം! അടിച്ചു പൊളിച്ചു ജീവിക്കണം എന്നതാണ് ഈ ന്യൂജെൻ കുട്ടികളുടെ പോളിസി. “
” അപ്പോൾ ഞാൻ ഒക്കെ 90കിഡ്സിൽ പെടുമല്ലേ? പഴയ തലമുറ. വിവരമില്ലാത്തവർ!”
സുധീഷിൻ്റെ മറുപടി.
” എന്നൊരു ചൊല്ലുണ്ട് എന്ന് മാത്രം. അത് കൊണ്ട് സുധീഷേട്ടൻ മോശമാണ് എന്നല്ല.. നമ്മുടെ ബാങ്ക് പോളിസി തന്നെ സമ്പാദ്യം വർദ്ധിപ്പിക്കുക എന്നതാണല്ലോ.അതിനനുസരിച്ച് നീങ്ങിയാലല്ലേ ടാർഗറ്റ് ഒപ്പിക്കാൻ പറ്റൂ “
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_കൈനീട്ടം
#കഥ_വിഷുക്കൈനീട്ടങ്ങൾ
#രചന_രാമചന്ദ്രൻടിവി


1 Comment
കുടുംബം ❤️