എയർപോർട്ടിൽ ഭർത്താവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ വരുന്ന ഭാര്യ..
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ യാത്രയാക്കുന്നു.
പുറമേ കണ്ണീർ ഒന്നും കാണാൻ ഇല്ലെങ്കിലും ആ മനസ്സ് കരയുന്നുണ്ട് എന്ന് മനസ്സിന്റെ കണ്ണാടിയായ മുഖത്ത് പ്രതിഫലിക്കുന്നത് ഭർത്താവിന്റെ മുഖത്ത് കാണാം..
ഇത് പോലത്തെ സീൻ ഒരു പാട് റീൽസിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഒരു സീൻ ഉണ്ടാകാതിരിക്കാൻ പലപ്പോഴും ഭാര്യയെ എയർപോർട്ടിൽ കൂട്ടാതെ ആയിരിക്കും നമ്മളിൽ പലരും എയർപോർട്ടിൽ വരിക. എത്ര തവണ പോയി വന്നാലും ആ പ്രവാസത്തിലേക്കുള്ള മടക്കം ഏറ്റവും വലിയ വേദന തന്നെ ആണ്.. അത് പോലെ എത്ര തവണ നാട്ടിലേക്ക് പോയാലും, നാട്ടിലേക്കുള്ള മടക്ക യാത്ര വലിയൊരു സന്തോഷവും ആണ്..
ഇത് പോലെ അക്കരെയും ഇക്കരെയും നിന്ന് വീണ്ടുമൊരു പുനസമാഗമ ദിനത്തിനായി കാത്തിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വിരഹം അനുഭവിക്കുന്നത് ഭർത്താവ് ആയിരിക്കുമോ?
അല്ലെങ്കിൽ ഭാര്യ ആയിരിക്കുമോ?
നമ്മൾ പറയുക ഭർത്താവിന് ആയിരിക്കും എന്നാണ്..
കാരണം ഭാര്യക്ക് അടുത്ത് മക്കളും മറ്റു ബന്ധുക്കളും ഉണ്ട്.. നമ്മൾ ആണെങ്കിൽ നാടും വീടും ഉമ്മയും ഉപ്പയും ഭാര്യയും മക്കളും എല്ലാവരെയും പിരിഞ്ഞു കൊണ്ട് ഒരു അന്യ നാട്ടിൽ ജീവിക്കുകയാണ്. അത് കൊണ്ട് ഏറ്റവും വിഷമം നമുക്ക് ആയിരിക്കും എന്നായിരിക്കും വാദം.
എന്നാൽ എന്റെ അഭിപ്രായത്തിൽ ഭാര്യക്ക് ആയിരിക്കും ഏറ്റവും വിരഹ ദുഃഖം.
കാരണം അത്രയും നാൾ നമ്മുടെ സാമീപ്യം അനുഭവിച്ച വീട്ടിലാണ് അവൾ ജീവിക്കുന്നത്.
ഇന്നലെ വരെ ഈ വീട്ടിൽ ഇക്ക ഉണ്ടായിരുന്നു.. ഈ മുറിയിൽ എന്നോട് തമാശകൾ പറഞ്ഞു അടുത്തുണ്ടായിരുന്നു. അങ്ങനെ ഓരോ ഓർമ്മകൾ അയവിറക്കി ആ മുറിയിൽ മക്കളോടൊപ്പം ഉറങ്ങിയ അവൾ പാതിരാത്രി എങ്ങാനും ഉറക്കം തെളിഞ്ഞാൽ പെട്ടെന്ന് ഭർത്താവ് അടുത്തുണ്ട് എന്ന ചിന്തയിൽ തലയിണയെ കെട്ടിപിടിച്ചു പോയിട്ടുണ്ടാകും.
ഉറക്കിന്റെ ആലസ്യം വിട്ട് മാറി ഭർത്താവ് കൂടെ ഇല്ല, അങ്ങ് പ്രവാസത്തിൽ എത്തി കഴിഞ്ഞു എന്ന ബോധ്യം വരുന്നതോടെ മക്കളെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞിട്ടുണ്ടാകാം..
നമ്മൾ ആണെങ്കിൽ അത്രയും നാൾ ജീവിച്ച അന്തരീക്ഷത്തിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് പറന്നു കഴിഞ്ഞു.. ഇവിടെ പ്രവാസത്തിൽ എത്തി കഴിഞ്ഞു നമ്മുടെ ജോലിയിൽ മുഴുകി കഴിഞ്ഞാൽ ഏറെ കുറേ ടെൻഷൻ ഒക്കെ വിട്ട് പോകും..
എന്റെ ഈ വാദം തെറ്റാണെന്ന് വാദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.
കുറച്ചു മാസം മുമ്പ് അവന്റെ ഫാമിലി ഖത്തറിൽ വന്നു. രണ്ട് മാസം എങ്ങാനും ഫാമിലി ഇവിടെ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഭാര്യയും മകളും നാട്ടിലേക്ക് തിരിച്ചു പോയി.. വാടക കൊടുത്ത പ്രകാരം അവനിക്ക് ഇനിയും കുറച്ചു ദിവസം കൂടി ആ റൂമിൽ താമസിക്കാം. പക്ഷേ അവനിക്ക് അവിടെ നിക്കാൻ കഴിഞ്ഞില്ല. അത്രയും നേരവും ഭാര്യയുടെയും മകളുടെയും സാമീപ്യം അനുഭവിച്ച മുറിയിൽ തനിച്ചിരിക്കുമ്പോൾ അവന് ഭ്രാന്ത് പിടിച്ച പോലെയായി. അവൻ വേഗം മുറി പൂട്ടി, നേരെ നമ്മുടെ ബാച്ചിലർ റൂമിലേക്ക് വന്നു.
ഇതേ വേദനയാണ് നമ്മൾ പ്രവാസത്തിലേക്ക് മടങ്ങുമ്പോൾ ഭാര്യ നാട്ടിൽ നിന്ന് അനുഭവിക്കുന്നത്.. ആരൊക്കെ അടുത്തുണ്ടായിട്ടും കാര്യമില്ല. ജീവന്റെ പാതി കൂടെ ഇല്ലെങ്കിൽ അത് വലിയൊരു ടെൻഷൻ തന്നെ ആണ്. കല്യാണം പോലെ ഉള്ള ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും പുറമേ ചിരിച്ചു കാണിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകും. മനസ്സറിഞ്ഞു ഒന്ന് ചിരിക്കണമെങ്കിൽ അവളുടെ കെട്ടിയോൻ തിരിച്ചു എത്തണം.
എന്നാലും മാസങ്ങൾ കടന്നു പോകവേ ടെൻഷൻ കുറഞ്ഞു വരും. പിന്നെ തിരിച്ചു വരവിന്റെ ദിവസങ്ങൾ അടുത്തു വരുമ്പോൾ സന്തോഷവും ഉണ്ടാകും.. ഒരു മധുരനൊമ്പര സുഖമുള്ള കാത്തിരിപ്പാണ് പ്രവാസി ദമ്പതികളുടേത്…


2 Comments
❤️👍
വിഷ്ണു ❤️❤️