ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്,
അമ്മേ ഇപ്പോൾ ഞാൻ ഒരമ്മ ആയപ്പോളാണ് അമ്മ എന്നെ ശാസിച്ചതിന്റെയും ശകാരിച്ചതിന്റെയും പൊരുൾ മനസ്സിലാകുന്നത്.
ഞങ്ങൾ മൂന്നുപേരും അമ്മയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് അല്ലെ? ഞങ്ങൾ തല്ലു കൂടുമ്പോൾ അമ്മ വഴക്കുപറയുമ്പോളും തല്ലുമ്പോഴും പേടിയായിരുന്നു. എന്നിട്ടും ഞങ്ങൾ വഴക്കുണ്ടാക്കി. അമ്മ ഒരുപാട് വേദനകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത് എന്ന് എനിക്കറിയാം.
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും അമ്മയാണ്. എന്നെ ഞാനായി അറിയുന്ന ഒരേയൊരാൾ അമ്മ മാത്രമാണ്. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും അമ്മ കൂടെ നിന്നു. എന്റെ കല്യാണം കഴിഞ്ഞ സമയത്തൊന്നും അമ്മയുടെ ആവശ്യങ്ങൾക്കൊന്നും എന്നെ കണ്ടിട്ടില്ല എന്ന സങ്കടം അമ്മയ്ക്കുണ്ടായിട്ടുണ്ടാകാം. പക്ഷെ എന്റെ അന്നത്തെ അവസ്ഥ ഇപ്പൊ അമ്മയ്ക്ക് അറിയാമല്ലോ. ഞാൻ അമ്മയോട് ഒന്നും പറയാതിരുന്നത് അമ്മയ്ക്ക് സങ്കടം ആകുമെന്ന് കരുതിയാണ്. എന്നിട്ടും സാത്വികിനെ പ്രസവിക്കാൻ വന്ന സമയം അമ്മ എന്റെ ഉള്ളിലെ നീറ്റലിന്റെ കാരണം മനസ്സിലാക്കിയെടുത്തു, അത് എങ്ങനെ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
അമ്മ പറഞ്ഞതനുസരിച്ച് എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തിട്ടും എന്നെ മനസ്സിലാക്കാൻ എന്റെ ഭർത്താവിന് പറ്റിയില്ലല്ലോ അമ്മേ. ഏട്ടൻ എനിക്ക് പകരം ഒരാളെ തിരഞ്ഞെടുത്തു, ഏട്ടന്റെ വീട്ടുകാരും എന്നെ ഒറ്റപ്പെടുത്തി. എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോ ഞാൻ പോന്നു. അന്നും എനിക്ക് താങ്ങായി നിന്നത് അമ്മയും അച്ഛനും മാത്രമാണ്.
അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതല്ലേ ഇനി അച്ഛനും അമ്മയും വിശ്രമിച്ചു ജീവിതം ആസ്വദിച്ചോളൂ ഞാനുണ്ട് നിങ്ങളെ നോക്കാൻ. പിന്നെ എന്റെ സഹോദരന്മാരും. അവർക്കും അമ്മയെ ഒരുപാട് ഇഷ്ട്ടമാണ്. അമ്മ ഇല്ലാതെ ആ വീട്ടിൽ നിൽക്കാൻ എനിക്ക് ഇഷ്ടമല്ല അമ്മേ. എന്ത് പരിപാടിക്കും ഞാൻ അച്ഛന്റെയും അമ്മയുടെയും വാല് ആയല്ലേ വരാനുള്ളത്. എന്റെ കല്യാണത്തിന് ശേഷം ആ വാല് മുറിഞ്ഞു. ഇപ്പൊ വീണ്ടും ആ വാല് വന്നു 😂.
ഇനിയും ഒരുപാട് കാലം അമ്മയുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഡോക്ടർ പറഞ്ഞത് ബെഡ് റസ്റ്റ് എടുക്കാനല്ലേ. അമ്മ റസ്റ്റ് എടുക്കു ഇനി ഞാൻ ഉണ്ടല്ലോ എല്ലാം ചെയ്യാൻ. എന്റെ വിവാഹജീവിതം ഇങ്ങനെയായതിൽ ഞാൻ സന്തുഷ്ടയാണ്. എനിക്ക് ഇനിയും എന്റെയച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കാമല്ലോ. ദൈവത്തിനോട് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും എനിക്ക് നല്ല അച്ഛനെയും അമ്മയെയും തന്നതിന്. ഇനി ഒരു ജന്മമുണ്ടെങ്കിൽ ഞാൻ വീണ്ടും വരും നിങ്ങളുടെ രണ്ടുപേരുടെയും മകളായി, പുന്നാര മകളായി ❤️❤️.
എന്ന് സ്നേഹത്തോടെ അമ്മയുടെ സ്വന്തം മോൾ ❤️❤️🥰🥰
ഉമ്മ 🥰🥰🥰


3 Comments
നന്നായെഴുതി👍❤️
💕💕👍👍
❤️