കുട്ടിക്കാലം മുതൽ സ്ത്രീകളുടെ വേദനകളെക്കുറിച്ച് കേട്ട് തുടങ്ങിയതാണ്. വല്യമ്മച്ചി എപ്പോഴും പറയും ” സ്ത്രീകൾ പാപം ചെയ്തവരാണ്. അവർ ദൈവത്തിനെതിരായല്ലേ ഓരോന്ന് ചെയ്തത്. സാത്താൻ്റെ വാക്ക് കേട്ട് ദൈവത്തെ ഹവ്വ വിസ്മരിച്ചു. അന്ന് കിട്ടിയ ശാപമാണ്, നീ വേദനയോടെ പ്രസവിയ്ക്കും എന്ന്. ഏറ്റവും വലിയ വേദന പ്രസവവേദനയാണ് മക്കളേ..”
വല്യമ്മച്ചി പറയുന്നത് എന്തിനും എതിര് നിൽക്കുന്ന റീന വല്യമ്മച്ചിയെ അപ്പോഴും എതിർത്തു. ” അതൊക്കെ വെറുതെ പറയുന്നതാ വല്യമ്മച്ചീ. ഇപ്പോൾ നല്ല ഇഞ്ചക്ഷൻ ഉണ്ട്. അതെടുത്താൽ ഒരു വേദനയും അറിയില്ല. തൂവൽ പൊഴിയും പോലെ അങ്ങോട്ട് പ്രസവിയ്ക്കും. “
” അതൊന്നും ഒരു കാര്യവുമില്ലടീ.. നൊന്തു പെറ്റാലേ കുട്ടികളോട് സ്നേഹമുണ്ടാവൂ.. അല്ലാത്ത പിള്ളേരാണ് തല തിരിഞ്ഞു പോകുന്നത്. ഞാൻ ആറ് പ്രസവവും നൊന്തു തന്നെയാണ് പെറ്റത്.. നിന്റെ അപ്പനും എളേപ്പനുമൊക്കെ എത്ര വട്ടം തിരിച്ചു.. അന്നൊക്കെ വയറ്റാട്ടിയാണ് കുട്ടിയെ എടുക്കുന്നത്.. പെമ്പിള്ളേര് നാലെണ്ണത്തിനേയും പെറ്റിട്ടതല്ലേ.. അവരോട് ചോദിക്ക്…” വല്യമ്മച്ചിയുടെ വർത്തമാനം കേട്ട് തോമസ് കുട്ടി ചിരിച്ചു.
” എന്തടാ നിനക്ക് ഒരു ഇളി. നിങ്ങളൊക്കെ ഭാഗ്യം ചെയ്തതല്ലേ.. ഒരു വേദനയും അറിയേണ്ടല്ലോ.. ഈ ആണുങ്ങൾക്ക് വല്ലതും അറിയണോ.. പെണ്ണുങ്ങളുടെ കഷ്ടപ്പാടുകൾ…”
വല്യമ്മച്ചിയുടെ എണ്ണിപ്പെറുക്കലും പഴയകാല കഥകളൊക്കെ തോമസ് കുട്ടിയ്ക്ക് ഇഷ്ടമാണ്. ചേച്ചി റീന വല്യമ്മച്ചിയെ പീരുപിടിപ്പിക്കുമെങ്കിലും അവൾക്കും വല്യമ്മച്ചിയെ ഇഷ്ടമാണ്.
അന്ന് കുട്ടിക്കാലം മുതൽ പറഞ്ഞ കഥകളൊക്കെ തോമസ് കുട്ടി ഓർക്കും.
തോമാസ് കുട്ടി വിവാഹം കഴിച്ചസമയത്തും ലിസി വന്നപ്പോൾ ഇതൊക്കെ വല്യമ്മച്ചി അവളോടും പറഞ്ഞു.
ലിസിയുടെ പ്രസവം സിസേറിയൻ ആയിരുന്നു. നൊന്ത് പ്രസവത്തിനേക്കാൾ ബുദ്ധിമുട്ട് സിസേറിയനാണ് എന്നാണ് അവൾ പറയുന്നത്. അത് കഴിഞ്ഞ് മുറിവ് ഉണങ്ങുന്നതുവരെ വലിയ വേദനയായിരുന്നത്രെ.
” നിങ്ങൾ ആണുങ്ങൾക്ക് ഞങ്ങളുടെ കഷ്ടപ്പാടും വേദനയും ഒന്നും അറിയേണ്ടല്ലോ.”
“വല്യമ്മച്ചിയും അമ്മച്ചിയും പറയുന്നത് കേട്ട് മടുത്തു. ഇനി നീ കൂടി തുടങ്ങിക്കോ.. ജീവിതകാലം മുഴുവൻ” തോമസ് കുട്ടി ലിസിയെ ചീത്ത പറയുന്നത് പോലെ പറഞ്ഞു.
പുരുഷൻമാർക്ക് പരമസുഖമാണ്, എന്നാണ് ഈ പെണ്ണുങ്ങളുടെ പറച്ചിൽ. പക്ഷെ അവർക്ക് കിട്ടുന്ന സൗകര്യങ്ങൾ അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ അതൊന്നും അവർ പറയുകയേയില്ല. അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവർ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അവർക്ക് കിട്ടുന്ന പ്ളഷറിന്റെ ഒരു ശതമാനം പോലും പുരുഷന് ലഭിക്കുന്നില്ല. പക്ഷെ അങ്ങനെ അറിവ് നേടാൻ അവർ ശ്രമിക്കില്ല. അപൂർവ്വം ആളുകൾക്ക് മാത്രമേ ഈ അനുഭവങ്ങൾ ലഭിക്കാറുള്ളൂ എന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. ആധുനികകാലത്ത് പോലും എന്താണ് സെക്ഷ്വൽ ഓർഗാസം എന്നറിയാത്തവർ ഉണ്ടത്രെ! സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക അവയവം പോലെ പുരുഷന് ഇല്ല താനും. അവർക്ക് സങ്കൽപമാണ് തൊണ്ണുറ്റി ഒമ്പത് ശതമാനവും.
ആണുങ്ങളല്ലേ രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്ത് നിങ്ങളെയൊക്കെ തീറ്റിപ്പോറ്റുന്നത് എന്നെങ്ങാൻ പറഞ്ഞാൽ കഴിഞ്ഞു.അപ്പോൾ അവരിലെ ഫെമിനിസ്റ്റ് പുറത്ത് ചാടും.” ഞങ്ങൾ ചെയ്യുന്നതൊന്നും കാണുന്നില്ലേ!
വെളുപ്പിന് അടുക്കളയിൽ കയറിയാൽ പാതിരാത്രി വരെ പണികളാണ്. നിങ്ങൾക്ക് മൂന്നും നാലും നേരം കഴിക്കണമെങ്കിൽ ഞങ്ങൾ തന്നെ പണിയണ്ടേ! ഇടയ്ക്കൊക്കെ കുറച്ചു പണികളൊക്കെ ചെയ്ത് ഞങ്ങളെ സഹായിച്ചാൽ എന്താ കുഴപ്പം? വളയും വാച്ചുമൊക്കെ ഊരിപ്പോകുമോ? “
ലിസിയ്ക്ക് എന്തെങ്കിലും കാരണം കിട്ടുകയേ വേണ്ടൂ.. അമ്മച്ചിയും അവളുടെ കൂടെ കൂടും.
” അപ്പനും മോനും നമ്മളെ കുറ്റം പറയാനല്ലാതെ വേറെ എന്തിന് കൊള്ളാം “
” അങ്ങനെ പറയല്ലടീ സാറക്കുട്ടീ.. പണ്ടേ നിന്നെ അടുക്കളയിൽ സഹായിക്കാറുള്ളതല്ലേ.. ഇപ്പോൾ വയ്യാതായി..” അപ്പച്ചൻ്റെ മറുപടി.
“വെറുതെ പറയുകയാണ് അമ്മച്ചീ.. അപ്പച്ചൻ ഇപ്പോഴും ചെറുപ്പമാണ്. വേണമെങ്കിൽ ഇപ്പോഴും പണിയെടുക്കും” തോമസ് കുട്ടി.
” എന്നെ വാരാതെടാ.. നിനക്കുമാകാം. വലിയ എഞ്ചിനീയറാണ് എന്ന് പറഞ്ഞിട്ട് പാചകം ചെയ്താൽ നിൻ്റെ വാച്ചൊന്നും ഊരിപ്പോവില്ലടാ.. “
അങ്ങനെ ദിവസങ്ങൾ മനോഹരമായി നീങ്ങിക്കൊണ്ടിരുന്നു.
അതിനിടെ അപ്പച്ചന് മൂത്രതടസ്സം അനുഭവപ്പെട്ടു. യൂറോളജിസ്റ്റിനെ കാണണം എന്ന് തോമാസ് കുട്ടി പറഞ്ഞു. അപ്പച്ചനേയും കൂട്ടി ഹോസ്പിറ്റലിൽ പോയി.” പ്രോസ്റ്റേറ്റിന്റെ പ്രശ്നമാണ്. സ്കാൻ ചെയ്തു നോക്കണം. പ്രോസ്റ്റേറ്റ് ഗ്രാൻഡ് എൻ ലാർജ് ചെയ്തിരിക്കും. പേടിക്കാനൊന്നുമില്ല.അതിപ്പോൾ സാധാരണമാണ്. നാല്പത് വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ വലിയ ഒരു ശതമാനം പേർക്കും ഈ പ്രശ്നമുണ്ട്. തന്നത്താൻ വളരാൻ തുടങ്ങും. മൂത്രാശയത്തിന്റെഅടിയിൽ ആണ് ഈ ഗ്ളാൻഡ്. അത് വലുതാകുമ്പോൾ മൂത്രസഞ്ചിയെ ഞെരുക്കും. അപ്പോഴാണ് യൂറിൻ പോകാൻ ചെറിയ തടസ്സമാകുന്നത്. വല്ലാതെ പ്രശ്നമുണ്ടെങ്കിൽ ചികിത്സ ചെയ്തത് മാറ്റണം. ചിലർക്ക് എൻലാർജ് ചെയ്താലും ഒരു പ്രശ്നവുമില്ല. ചിലർക്ക് അങ്ങനെയല്ല. നമുക്ക് നോക്കാം” ഡോക്ടർ പറഞ്ഞു.
ഡോക്ടർ ജിത്തു ജോസഫ് പ്രഗത്ഭനായ ഒരു യൂറോസർജനാണ്.
സ്കാൻ റിപ്പോർട്ട് കിട്ടിയപ്പോൾ അത് പരിശോധിച്ച് അദ്ദേഹം പറഞ്ഞു.” ഇത് അല്പം കൂടുതൽ ആണ്.. പ്രായം ഇത്രയായി. മരുന്ന് കഴിച്ചു കുറയാൻ വളരെ സമയമെടുക്കും. സർജറിയാണ് നല്ലത്.. ഇപ്പോൾ കീ ഹോൾ സർജറി ചെയ്യാം.
അല്ലെങ്കിൽ പിന്നെ വേറെയും ചില മാർഗ്ഗങ്ങൾ ഉണ്ട്. നീരാവി കടത്തിവിട്ട് ഒരു സ്റ്റീം തെറാപ്പി…”
അപ്പച്ചൻ്റെ സർജറി കഴിഞ്ഞു. അധിക ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നില്ല. ആധുനികചികിത്സാരീതികൾ അവലംബിച്ചതിനാൽ തന്നെ വളരെ പെട്ടെന്ന് സുഖം പ്രാപിച്ചു.
” അമ്മച്ചി പറയാറുള്ള പ്രസവവേദന തന്നെയായിരുന്നു കുറെ നാളായി അനുഭവിച്ചത്. മൂത്രം പോകാതെ തടസ്സം നേരിടുക എന്നത് നിസ്സാര കാര്യമല്ല. സ്ത്രീകൾക്ക് മാത്രമല്ല ഈ സഹിക്കാൻ പറ്റാത്ത വേദന. അവർക്ക് ഏതാനും നിമിഷങ്ങൾ മാത്രമേ ആ വേദനയുള്ളൂ. പ്രസവം കഴിഞ്ഞാൽ വീണ്ടും നോർമലായി മാറും. പക്ഷെ ഈ പ്രോസ്റ്റേറ്റ് എൻലാർജ് ചെയ്ത് മൂത്രസഞ്ചിയെ ഞെരുക്കുന്ന വേദന അനുഭവിച്ചു തന്നെ അറിയണം. ചിലർക്ക് മൂത്രം പോവുകയേയില്ല. പോകാൻ വേണ്ടി കത്തീറ്റർ ഇട്ട് മറ്റൊരു സഞ്ചിയിലേക്ക് ട്യൂബ് വഴി പുറത്തെടുക്കും. എപ്പോഴും അത് ഇങ്ങനെ പൊയ്ക്കൊണ്ടിരിയ്ക്കും. ഒരു യൂറിൻ ബാഗ് എപ്പോഴും ചുമന്ന് നടക്കണം. ചിലർക്ക് മരുന്ന് കഴിച്ച് ചുരുങ്ങിവരാൻ സമയമെടുക്കും. ചിലർക്ക് ആ ഗ്രന്ഥിയ്ക്ക് ക്യാൻസർ ബാധിക്കാം. അതാണെങ്കിൽ സങ്കീർണ്ണമാകും. സർജറി ചെയ്താൽ തന്നെ മാറണമെന്നില്ല. ആജീവനാന്തം ക്യാൻസർ മരുന്ന് കഴിക്കേണ്ടി വരാം. വേദന സഹിക്കാൻ പറ്റാത്തവരുണ്ട്.. ലൈംഗിക ബന്ധം പോലും കഴിയുകയില്ല ചിലർക്ക്. ചിലമരുന്ന് കഴിക്കുമ്പോൾ ഇജാക്കുലേഷൻ വരെബ്ളോക്ക് ആയി പോകും ചിലർക്ക്.
അപ്പച്ചൻ്റെ സർജറി കഴിഞ്ഞ് ക്യാൻസർ ഉണ്ടോ എന്ന പരിശോധിക്കാനായി ലാബിലേക്ക് അയച്ചിരുന്നു. പക്ഷെ ഭാഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാലും ടെസ്റ്റുകൾ ഇടക്കിടെ ചെയ്തു നോക്കണം.ഇനിയും സാധ്യത തള്ളിക്കളയാനാവില്ല.പ്രോസ്റ്റേറ്റ് ഗ്രന്ഥി മുഴുവൻ എടുത്തു കളയാതെ അത് ചുരണ്ടി വലുപ്പം കുറയ്ക്കുകയാണ് ചെയ്തത്..
” പുരുഷൻമാർക്ക് മാത്രം വരുന്ന ഒരു അസുഖമാണ് ഇത്. പലർക്കും പലതരം.ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട് പലപ്പോഴും.
ഇടക്കിടെ പി.എസ്.എ എന്ന് ബ്ളഡ് ടെസ്റ്റ് ചെയ്തു നോക്കിയാൽ ബ്ളഡിൽ പ്രോസ്റ്റേറ്റ് ആൻറിജൻ ഉണ്ടോയെന്ന് അറിയാം. അതിന്റെ അളവ് കൂടുന്നത് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു.പിന്നെ ബയോപ്സിയെടുത്ത് ടെസ്റ്റ് ചെയ്താലും അറിയാം. അപ്പച്ചൻ്റെ ടെസ്റ്റ് നോർമൽ ആയിരുന്നു.ഇത് പാരമ്പര്യമായി വരാവുന്നതാണ്. വരാതെയുമിരിക്കാം. തോമാസ്കുട്ടി ടെസ്റ്റ് ചെയ്തു നോക്കുന്നതും നല്ലതാണ്”
ഡോക്ടർ പറഞ്ഞു.
അപ്പച്ചന് എഴുപത് വയസ്സ് ആയപ്പോൾ ആണ് രോഗം വന്നതെങ്കിൽ തോമസ് കുട്ടിയ്ക്ക് അമ്പത് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ തുടങ്ങി. അപ്പച്ചന് പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.തോമസ്കുട്ടിയ്ക്ക് അനുഭവങ്ങൾ ഉള്ളത് കൊണ്ട് ചെറിയൊരു യൂറിനറി പ്രോബ്ലം വന്നപ്പോൾ തന്നെ ഡോക്ടറെ കണ്ടു.” ചെറുതായി ഒരു എൻലാർജ്മെൻറ്.മരുന്ന് കൊണ്ട് തന്നെ അത് മാറിക്കിട്ടും.സർജറിയൊന്നും ആവശ്യമില്ല “
ലിസി പറയുന്നത്” സർജറി ചെയ്താൽ സ്ഥിരമായി മാറിക്കിട്ടും എങ്കിൽ അങ്ങനെ ചെയ്താൽ പോരേ?” എന്നാണ്.
” അതിന്റെ ആവശ്യമില്ല. വെറുതെ സർജറിയൊന്നും ചെയ്യേണ്ട. ഇപ്പോൾ എത്രയോ പുതിയ മരുന്നുകൾ കണ്ട് പിടിച്ചു കഴിഞ്ഞു.” ആ ഹോസ്പിറ്റലിലും മറ്റ് ചില ഹോസ്പിറ്റലുകളിലും ഏറ്റവും കൂടുതൽ സർജറി ചെയ്യുന്ന ഡോക്ടർ ആണ് പറയുന്നത്. അദ്ദേഹം ആവശ്യമുണ്ടെങ്കിൽ മാത്രമേ സർജറി ചെയ്യുകയുള്ളൂ. പണം ലഭിക്കാൻ വേണ്ടി വെറുതെ കീറിമുറിക്കുന്നവരുടെ കൂടെയല്ല അദ്ദേഹം.
കുറച്ചു വർഷം മരുന്നുകൾ കഴിക്കേണ്ടി വന്നു.അതോടൊപ്പം എല്ലാവർക്കും ഉണ്ടാകുന്ന ഫാറ്റിലിവറും നേരത്തെ സ്കാനിൽ കാണിച്ചിരുന്നു. അതിന് മരുന്ന് ഒന്നുമില്ലാതെ റിവേഴ്സ് ചെയ്യാൻ കഴിയും. ഭക്ഷണം കൺട്രോൾ ചെയ്യണം.ഇൻറർമിറ്റൻറ്ഫാസ്റ്റ് നല്ലത്. പതിനാറ് മണിക്കൂർ ഭക്ഷണം കഴിക്കാതെ മറ്റ് സമയത്ത് അളവ് കുറച്ച് കഴിക്കുക.
വീണ്ടും അൾട്രാ സൗണ്ട് സ്കാൻ ചെയ്ത് നോക്കിയപ്പോൾ അത്ഭുതം. ലിവറും പ്രോസ്റ്റേറ്റുമെല്ലാം ക്ളിയർ. യാതൊരുവിധ അബ്നോർമാലിറ്റിയുമില്ല.
വല്യമ്മച്ചിയുടെ പ്രസവവേദനയുടെ അത്ര വേദന പുരുഷൻമാർക്കും ഉണ്ടാകുമെന്ന് പറയാൻ ഇന്ന് വല്യമ്മച്ചി ഇല്ലാതെപോയി. ദൈവത്തിന്റെ ശാപമാണോ ഈ വേദന?! ഹേയ് അല്ല. ആർക്കും എപ്പോഴും എന്തും വരാം. അതെല്ലാം ശരീരത്തിന്റെ പ്രശ്നങ്ങളല്ലേ?
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#വിഷയം_പുരുഷജീവിതം
#കഥ_പുരുഷന്റെവേദനകൾ
#രചന_രാമചന്ദ്രൻടിവി

