സീൻ 1
ബഷീറിന്റെ ബാർബർ ഷോപ്പ്.. അന്ന് വെള്ളിയാഴ്ചയാണ്. മുടി വെട്ടാനും ഷേവ് ചെയ്യാനും ഒക്കെയായി കുറേ പേര് ഊഴം കാത്തിരിക്കുന്നു.
ബഷീറും ഒരു ബംഗാളിയും മാത്രമുള്ള ചെറിയൊരു ബാർബർ ഷോപ്പ് ആണത്.. ആ നാട്ടിൽ ആകെ രണ്ട് ബാർബർ ഷോപ്പ് മാത്രമേ ഉള്ളൂ. അത്കൊണ്ട് എപ്പോഴും നല്ല തിരക്കാണ്. ഒരാളുടെ മുടി വെട്ടികഴിഞ്ഞു അടുത്ത ആളെ ബഷീർ വിളിച്ചു.. ഖാദർക്ക വന്നു അവിടെ ഇരുന്നു..
എന്താ ഖാദർക്കാ മുടി വെട്ടാനാണോ?
അല്ല ബഷീറേ മുടി അടുത്ത വെള്ളിയാഴ്ച വെട്ടാം. ഇന്ന് ഷേവ് ചെയ്‌താൽ മതി.
അയാളുടെ താടി ക്ലീൻഷേവ് ചെയ്ത് കൊണ്ടിരിക്കേ ബഷീറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു കാൾ വന്നു. അബ്ബാസ് എന്ന പേര് കണ്ടപ്പോളേ ബഷീറിന്റെ മനസ്സ് ഒന്ന് പതറി..
ബഷീർ ഫോൺ എടുത്തു.
ബഷീറേ എന്റെ മോള് അവനിൽ നിന്നും രക്ഷപ്പെട്ടു.. ഇന്നലെ ഡിവോഴ്സ് ആയി. എന്നാലും നീ എന്നോട് എന്തിന് ഈ ചതി ചെയ്തെടാ.. ആ കുരുത്തംകെട്ടവനെ എന്റെ മോളുടെ തലയിൽ കെട്ടിവെക്കാൻ എത്ര രൂപ കമ്മീഷൻ കിട്ടിയെടാ നിനക്ക്.. അത്രയും പറഞ്ഞു ദേഷ്യത്തോടെ അബ്ബാസ് ഫോൺ വെച്ചു..
ബഷീർ ആകെ തകർന്നു പോയി. തകർന്ന മനസ്സോടെ ഖാദർക്കയുടെ താടി ഷേവ് ചെയ്യുമ്പോൾ ചോര പൊടിഞ്ഞു
എന്താ ബഷീറേ നിനക്ക് പറ്റിയത്. ആരാ ഫോൺ വിളിച്ചത്. ആ ഫോൺ വന്നത് മുതൽ നിന്റെ മുഖം വാടി പോയല്ലോ എന്താടാ പ്രശ്നം. ഖാദർക്ക ചോദിച്ചു.
അത് എന്റെ കൂടെ പഠിച്ചവനാ അബ്ബാസ്.. എന്റെ മോളുടെ കല്യാണത്തിന് അബ്ബാസ് എനിക്ക് കുറേ പണം കടമായി തന്നു. ഇപ്പോൾ എന്റെ മോൻ ഖത്തറിൽ പോയി കുറേ കടം വീട്ടി..
അബ്ബാസിന്റെ മോൾക്ക് ഒരു പുയ്യാപ്ലയെ അന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ കാണിച്ചു കൊടുത്തതാണ് മൂസക്കയുടെ മകനെ.. മൂസക്കയൊക്കെ വലിയ തറവാട്ടുകാർ അല്ലേ.. അവിടുന്ന് ഒരു പുയ്യാപ്ലയെ കിട്ടുക വലിയ കാര്യമല്ലേ. പക്ഷേ ഈ ചെക്കൻ ഒരു കുരുത്തം കെട്ടവൻ ആയിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ പ്രശ്നങ്ങൾ ആയിരുന്നു..
മൂന്ന് മാസം ജീവിച്ചു ഇപ്പോൾ ഡിവോഴ്സ് ആയി.
ആ പുയ്യാപ്ലയെ അവന്റെ മോളുടെ തലയിൽ കേറ്റിവെക്കാൻ കല്യാണബ്രോക്കറുടെ കമ്മീഷൻ ഞാൻ വാങ്ങി എന്നാ അവൻ പറയണത്.. ഞാനൊരു കമ്മീഷനും വാങ്ങിയിട്ടില്ല ഖാദർക്കാ. ഇങ്ങോട്ട് ഒരു ഉപകാരം ചെയ്യുമ്പോൾ തിരിച്ചു അങ്ങോട്ടും ചെയ്യണമല്ലോ. അങ്ങനെ ചെയ്തതാണ്.. അതിപ്പം അവന് ഉപദ്രവം ആയി പോയി..
സാരമില്ല ബഷീറേ. നീ പുയ്യാപ്ലയെ കാണിച്ചു കൊടുത്താലും പുയ്യാപ്ലയെ കുറിച്ച് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തം അല്ലേ? ഉപ്പാന്റെ കയ്യിൽ പൈസയുണ്ട്. വലിയ തറവാട്ടുകാർ ആണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. കെട്ടാൻ പോകുന്ന പുയ്യാപ്ല ആളെങ്ങനെ എന്ന് അന്വേഷിക്കണം. നീ കല്യാണ ബ്രോക്കറുടെ കമ്മീഷൻ ഒന്നും വാങ്ങിയില്ലെങ്കിൽ വിഷമിക്കണ്ട. പടച്ചോന് അറിയാമല്ലോ നമ്മുടെ മനസ്സ്. ഖാദർക്ക ബഷീറിനെ ആശ്വസിപ്പിച്ചു.
സീൻ 2
രാത്രി ഉറക്കം വരാതെ ബഷീർ കിടന്നു.. ഉറങ്ങാതെ ആലോചിച്ചു കിടക്കുന്ന ഭർത്താവിനെ കണ്ട് ഭാര്യ സൽമ ചോദിച്ചു..
എന്താ മനുഷ്യാ നിങ്ങൾ ആലോചിച്ചു കിടക്കുന്നത്. രാവിലെ പണിക്ക് പോകണ്ടേ.. വേഗം ഉറങ്ങാൻ നോക്ക്.
ബഷീർ നടന്നതെല്ലാം സൽമയോട് പറഞ്ഞു.
അതിന് നിങ്ങൾ ടെൻഷൻ ആകണ്ട.. നിങ്ങള് നല്ല കാര്യം ഉദ്ദേശിച്ചു ചെയ്തതല്ലേ?
അതവരുടെ വിധി. പുയ്യാപ്ല നല്ലതായിരുന്നുവെങ്കിൽ അവര് നിങ്ങളെ ഫോൺ വിളിച്ചു നന്ദി പറയുമോ? ഇല്ലല്ലോ. അതൊക്കെ വിധിയാണ്.. നിങ്ങള് ഓരോന്ന് ആലോചിച്ചു ഉറക്കം കളയണ്ട. സൽമ ഉപദേശിച്ചു.
ഞാൻ അതല്ല ആലോചിക്കുന്നത്. നമ്മുടെ മോൻ ഫാസിൽ നാട്ടിൽ വന്ന് കുറേ പെണ്ണ് കാണാൻ പോയിട്ട് ഒന്നും ശരിയാകാതെ അല്ലേ തിരിച്ചു ഖത്തറിലേക്ക് പോയത്. അവനിക്ക് അബ്ബാസിന്റെ മോളെ അന്വേഷിച്ചാലോ. അവനൊരു ജീവിതവും ആയി. അറിയാതെ ആണെങ്കിലും അബ്ബാസിനോടും മോളോടും ചെയ്ത തെറ്റിന് പരിഹാരവും ആയി. .ബഷീർ പറഞ്ഞു
ആ ബെസ്റ്റ്. ഒരുത്തൻ കെട്ടി ഒഴിവാക്കിയ പെണ്ണിനെ ഫാസിലിന്റെ തലയിൽ കെട്ടിവെക്കണോ. അവനതിന് സമ്മതിക്കുമോ? അവനും നമ്മുടെ മോനാണ്. ഫാത്തിമ മോളുടെ കല്യാണത്തിന് ഉണ്ടായ കടങ്ങൾ അവൻ അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെട്ട് പണിയെടുത്തു വീട്ടി കൊണ്ടിരിക്കുകയാ. ഇനി രണ്ടാം കെട്ടുകാരിയെ അവന്റെ തലയിൽ കെട്ടിവെക്കാനും നിക്കണ്ട.. സൽമ രോഷത്തോടെ പറഞ്ഞു നിറുത്തി.
എന്തായാലും ഞാൻ അവനോട് ചോദിക്കട്ടെ. അവന് സമ്മതം ആണെങ്കിൽ നടത്താം. ഞാൻ നിർബന്ധിക്കില്ല. ബഷീർ പറഞ്ഞു.
സീൻ 3
രാവിലെ എഴുനേറ്റ് ബഷീർ ചായ കുടിച്ചു. സൽമയുടെ മുഖം ദേഷ്യം കൊണ്ട് വീർത്തു നിക്കുകയാണ്.
സൽമാ ഞാൻ വിശദമായി കാര്യങ്ങൾ പറഞ്ഞു ഫാസിലിനു വാട്സാപ്പിൽ ഒരു വോയ്‌സ് മെസ്സേജ് അയച്ചിട്ടുണ്ട്.. അവൻ ഇതുവരെ മെസ്സേജ് നോക്കിയിട്ടില്ല. അവന്റെ തീരുമാനം അറിഞ്ഞിട്ട് വേണം എനിക്ക് അബ്ബാസിനോട് ചോദിക്കാൻ..
സൽമ ഒന്നും മിണ്ടിയില്ല. വാട്സാപ്പിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ട് ബഷീർ ഫോണിലേക്ക് നോക്കി. ഖത്തറിൽ നിന്നും മകൻ ഫാസിലിന്റെ ടൈപ്പിംഗ് മെസ്സേജ് ആണ്..
ഉപ്പാ അബ്ബാസ്ക്കാന്റെ മോളെ എനിക്ക് അറിയാം.. എനിക്ക് എതിർപ്പ് ഒന്നും ഇല്ല..
ആ മെസ്സേജ് കണ്ട് ബഷീർ സന്തോഷവാനായി.
ബഷീർ അപ്പോൾ തന്നെ വിശദമായി കാര്യങ്ങൾ പറഞ്ഞു അബ്ബാസിനു വാട്സാപ്പ് സന്ദേശം അയച്ചു.. അബ്ബാസ് ഓൺലൈനിൽ ഇല്ല. കാണുമ്പോൾ കാണട്ടെ എന്ന് കരുതി ബഷീർ തന്റെ ബാർബർ ഷോപ്പിലേക്ക് ബൈക്കിൽ യാത്രയായി.
സീൻ 4
ബൈക്ക് ബാർബർ ഷോപ്പിൽ എത്തുമ്പോൾ വാട്സാപ്പിൽ അബ്ബാസിന്റെ റിപ്ലൈ മെസ്സേജ് വന്നിരുന്നു.
നിന്റെ മകനെ എനിക്ക് അറിയാം ബഷീറേ. നല്ല മോനാ.. നിന്റെയും മോന്റെയും നല്ല മനസ്സാ. ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ നീ മനസ്സിൽ വെക്കരുത്. നമ്മള് ഒന്നിച്ചു പഠിച്ചവരല്ലടാ..
ആ മെസ്സേജിന് ബഷീർ ഒരു ❤️ ഇമോജി ഇട്ട് കൊടുത്തു. ബൈക്ക് സ്റ്റാൻഡിൽ വെച്ചു തന്റെ ബാർബർ ഷോപ്പ് തുറന്നു.
സീൻ 5
ഒരുവർഷത്തിന് ശേഷം. ബഷീറിന്റെ മകൻ ഖത്തറിൽ നിന്നും നാട്ടിൽ എത്തി.. ഇന്ന് ബഷീറിന്റെ മകൻ ഫാസിലും അബ്ബാസിന്റെ മകൾ ആമിനയും തമ്മിൽ ഉള്ള നികാഹ്(വിവാഹം)ആണ്. വലിയൊരു ആഘോഷം ഒന്നും ഇല്ലാതെ വൈകുന്നേരം അസർ നിസ്കാരത്തിനു ശേഷം ഫാസിലും ആമിനയും വിവാഹിതരായി.
സീൻ 6
ബഷീറിന്റെ ബാർബർ ഷോപ്പ്.
മറ്റൊരു വെള്ളിയാഴ്ച. അന്നും പതിവ് വെള്ളിയാഴ്ച പോലെ ഷോപ്പിൽ നല്ല തിരക്കായിരുന്നു.. പുറത്തു നല്ല കാറ്റും മഴയും ഉണ്ട്..
അല്ല ബഷീറേ നിന്റെ മോന്റെ കല്യാണത്തിന് നമ്മളെ ഒന്നും ക്ഷണിച്ചില്ലല്ലോ..
പോക്കർക്കയുടേതാണ് ചോദ്യം..
വളരെ ചെറുതായിട്ടേ ഉണ്ടായിരുന്നുള്ളൂ പോക്കർക്കാ. അതാ ക്ഷണിക്കാത്തത്. ബഷീർ പറഞ്ഞു.
പണ്ടൊക്കെ പെൺകുട്ടികൾ ഉള്ള വീട്ടിലെ അച്ഛനമ്മമാരുടെ നെഞ്ചിൽ തീയായിരുന്നു. പെണ്മക്കളെ കെട്ടിച്ചു വിടുന്നത് വരെ മനസ്സിൽ തീയായിരിക്കും. ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചായി.. എന്തായാലും നിന്റെ മോന് പെണ്ണ് കിട്ടിയല്ലോ. അതുമതി. ഇപ്പോൾ നാട്ടിലെ എത്ര ആണുങ്ങളാ പെണ്ണ് കെട്ടാതെ നിക്കുന്നത്. പെണ്ണ് കിട്ടുന്നില്ല. ഉപ്പാക്ക് മുടി വെട്ടി കൊടുക്കലാ പണി എന്ന് കേട്ടാൽ മോന് പെണ്ണേ കിട്ടൂല്ല. എന്തായാലും നീ ബുദ്ധിയുള്ള കളിയാ കളിച്ചത്. അതും പറഞ്ഞു പോക്കർക്ക പൊട്ടിചിരിച്ചു. മൊബൈൽ ഫോണിലേക്ക് കാൾ വന്നപ്പോൾ സംസാരിക്കാനായി പോക്കർക്ക കടയുടെ പുറത്തു കടന്നു.
എല്ലാം കണ്ടും കേട്ടും ഇരുന്ന ഖാദർക്ക ബഷീറിനോട് പറഞ്ഞു.
ഈ കാലത്ത് എന്ത് നന്മ ചെയ്താലും ആൾക്കാർ കുറ്റം മാത്രമേ കാണൂ. നീയും നിന്റെ മോനും ചെയ്തത് വളരെ വലിയ ഒരു നന്മയാണ്. അറിയാതെ ആണെങ്കിലും നീ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നപ്പോൾ സ്വന്തം മകനെ കൊണ്ട് ആ കുട്ടിയെ കല്യാണം കഴിപ്പിച്ച നിന്റെ നല്ല മനസ്സ്. ആ കുട്ടിയെ സ്വീകരിക്കാൻ കാണിച്ച നിന്റെ മോന്റെ നല്ല മനസ്സ് ആരും കാണില്ല. അപ്പോഴും കുറ്റവും കുറവും കണ്ടെത്താനാണ് എല്ലാവർക്കും ഇഷ്ട്ടം.
എന്റെ മോൻ ഖാലിദിനെ അറിയില്ലേ നിനക്ക്.പാവങ്ങളെ സഹായിക്കലായിരുന്നു അവന്റെ ഹോബി.സോഷ്യൽ മീഡിയ വഴിയുള്ള ചാരിറ്റി പ്രവർത്തനം.വീടില്ലാത്തവർക്ക് വീട് ഉണ്ടാക്കി കൊടുത്തും, അസുഖം കൊണ്ട് ബുദ്ധിമിട്ടുന്നവർക്ക് ചികിത്സക്കുള്ള പണത്തിനു വേണ്ടിയും അങ്ങനെ പലതിനും പാവപെട്ടവരുടെ കണ്ണീർ ഒപ്പാൻ ഓടി നടന്നവനാ അവൻ.
അവസാനം എല്ലാവരും ചേർന്ന് അവനെ ഒതുക്കിയില്ലേ.. പണം തട്ടിയെടുത്തു എന്ന കള്ളപ്രചരണം നടത്തിയില്ലേ.ഇവരൊന്നും ആരെയും സഹായിക്കില്ല.സഹായിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും..ഉപദ്രവം ചെയ്യാൻ അല്ലാതെ ഉപകാരം ചെയ്യാൻ ഇവർക്ക് അറിയില്ല.
എന്റെ മോൻ ഇപ്പോഴും പാവങ്ങളെ സഹായിക്കാൻ ചാരിറ്റി പ്രവർത്തനം നടത്തുന്നുണ്ട്. എനിക്ക് എന്റെ മോനെ കുറിച്ച് എപ്പോഴും അഭിമാനമാ.
പോക്കർക്ക പറഞ്ഞു നിറുത്തി.
അതേ ഖാദർക്കാ പറയുന്നവർ എന്തെങ്കിലും പറയട്ടെ. ഇന്ഷാ അല്ലാഹ് എന്റെ മോനും മരുമോളും അടുത്ത മാസം ഖത്തറിലേക്ക് പോകുകയാ. അവനിപ്പം നല്ല പണിയാ അവിടെ.. അൽഹംദുലില്ലാഹ്.
ബഷീർ ദൈവത്തെ സ്തുതിച്ചു.
പുറത്ത് അപ്പോഴും മഴ പെയ്യുകയായിരുന്നു. നല്ല കുളിരുള്ള മഴ.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഉപകാരംഉപദ്രവമായപ്പോൾ

