ഇന്നലെ നടന്ന ഒരു സംഭവമാണ് പോസ്റ്റിനാധാരം. നമ്മുടെ പ്രധാനമന്ത്രി മോദിജി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ‘പാർലെ ചോക്ലേറ്റ്’ സമ്മാനിച്ചു എന്നൊരു വാർത്ത വന്നു. അത്രയേ വേണ്ടിയുള്ളൂ, നമ്മുടെ വാട്സ്ആപ്പ്, ഫേസ്ബുക്ക് സ്റ്റോക്ക് മാർക്കറ്റ് ഗ്രൂപ്പുകളിലെ ചർച്ചകൾ സജീവമായി. ഉടനെ തന്നെ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ‘𝐏𝐚𝐫𝐥𝐞 𝐈𝐧𝐝𝐮𝐬𝐭𝐫𝐢𝐞𝐬 𝐋𝐭𝐝 എന്ന കമ്പനിയുടെ ഷെയർ പ്രൈസ് അപ്പർ സർക്യൂട്ട് അടിച്ചു!
പക്ഷേ ഇതിലെ നഗ്നമായ സത്യമെന്താണ്? ബിസ്കറ്റും ചോക്ലേറ്റും ഉണ്ടാക്കുന്ന ‘𝐏𝐚𝐫𝐥𝐞 𝐏𝐫𝐨𝐝𝐮𝐜𝐭𝐬 𝐏𝐯𝐭 𝐋𝐭𝐝’ വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ്. ഇന്നലെ അപ്പർ സർക്യൂട്ട് അടിച്ച 𝐏𝐚𝐫𝐥𝐞 𝐈𝐧𝐝𝐮𝐬𝐭𝐫𝐢𝐞𝐬-ന് ചോക്ലേറ്റുമായി യാതൊരു ബന്ധവുമില്ല; അവർ ഇൻഫ്രാസ്ട്രക്ചർ, വെയ്സ്റ്റ് മാനേജ്മെന്റ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്!
ഇതാണ് ഇന്നത്തെ റീട്ടെയിൽ ഇൻവെസ്റ്റർമാരുടെ അവസ്ഥ. ആഗോള മൂലധന വിപണിയുടെ തന്നെ വലിയൊരു ഊർജ്ജവും, എന്നാൽ വിപണിയുടെ നിലനിൽപ്പിന് കാരണമാകുന്ന ഏറ്റവും വലിയ ദൗർബല്യവും ഇത്തരം റീട്ടെയിൽ നിക്ഷേപകരുടെ വിവരമില്ലായ്മയും അന്വേഷണത്വരയില്ലായ്മയുമാണ്. ഇത് ഇന്ത്യൻ ഓഹരിവിപണിയിൽ മാത്രമൊതുങ്ങുന്നതല്ല ഒരു ആഗോള പ്രതിഭാസമാണ്.
സോഷ്യൽ മീഡിയ ‘ഗുരുക്കന്മാരും’ റീട്ടെയിൽ അഡ്വൈസറി ഗ്യാപ്പും (𝐑𝐞𝐭𝐚𝐢𝐥 𝐀𝐝𝐯𝐢𝐬𝐨𝐫𝐲 𝐆𝐚𝐩)
ഇന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ കൂണുപോലെ മുളച്ചു പൊന്തുന്ന ചില ‘അൺപ്രൊഫഷണൽ അഡ്വൈസർമാർ’ ഈ അഡ്വൈസറി ഗ്യാപ്പിലേക്ക് അക്ഷരാർത്ഥത്തിൽ എണ്ണയൊഴിക്കുകയാണ്. യാതൊരു പ്രൊഫഷണൽ യോഗ്യതകളോ ബിഹേവിയറൽ ഫിനാൻഷ്യൽ അഡ്വൈസ് ട്രെയിനിങ്ങോ ഇല്ലാത്ത ഇവർ, പെട്ടെന്ന് കാശുണ്ടാക്കാം എന്ന മോഹനവാഗ്ദാനങ്ങൾ നൽകി റീട്ടെയിൽ ഇൻവെസ്റ്റർമാരെ തീർത്തും തെറ്റായ തീരുമാനങ്ങളിലേക്ക് തള്ളിവിടുന്നു. ഇവർ സ്വയം ഒരു മാർകറ്റ് അഡിക്ടോ അല്ലെങ്കിൽ 𝐫𝐞𝐭𝐚𝐢𝐥 𝐞𝐦𝐨𝐭𝐢𝐨𝐧𝐚𝐥 𝐛𝐢𝐚𝐬 മുതലെടുത്ത് ബിസിനസ്സ് താൽപ്പര്യമുള്ള ആളോ ആയിരിക്കും
യഥാർത്ഥ ഫിനാൻഷ്യൽ പ്രൊഫഷണലുകളിൽ നിന്ന് അകലം പാലിച്ച്, ഇത്തരം വ്യാജന്മാരുടെ ഹൈപ്പിൽ വീഴുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം.
ഈ സോഷ്യൽ മീഡിയ കൂട്ടങ്ങൾ ഉണ്ടാക്കുന്ന ‘𝐇𝐞𝐫𝐝 𝐌𝐞𝐧𝐭𝐚𝐥𝐢𝐭𝐲’ ആളുകളുടെ വിശകലന ശേഷി പൂർണ്ണമായും ഇല്ലാതാക്കുന്നു. യാതൊരു ചിന്തയുമില്ലാതെ പെട്ടെന്ന് കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യാനുള്ള ക്ഷമയില്ലായ്മയാണ് എല്ലാവരേയും അപകടത്തിലാക്കുന്നത് .
ഇതിൽ പുതിയവർ മാത്രമല്ല വീഴുന്നത്. 𝟏𝟗 വർഷമായി വിപണിയിൽ പരിചയമുള്ള എന്നെപ്പോലുള്ളവർക്കും ഇതിൽ ഒഴിവുകഴിവില്ല. ആക്ടീവ് ട്രേഡിംഗ് സമയത്ത് (𝐓𝐫𝐚𝐝𝐢𝐧𝐠 𝐡𝐫𝐬) വെറുമൊരു അരമണിക്കൂർ ഇത്തരം ഗ്രൂപ്പുകളിൽ ചിലവഴിച്ചാൽ, ഈ മായിക വിഭ്രാന്തിയിൽ ഞാനും വീണുപോകും.
അതുകൊണ്ട് തന്നെയാണ് ഫിനാൻഷ്യൽ പ്രൊഫഷണലുകളെ ആക്ടീവ് ട്രേഡിംഗ് ആക്ടിവിറ്റികളിൽ നിന്ന് അവരുടെ കംപ്ലയൻസ് ഹെഡ് (𝐂𝐨𝐦𝐩𝐥𝐢𝐚𝐧𝐜𝐞 𝐇𝐞𝐚𝐝) കർശനമായി വിലക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഉർവ്വശീ ശാപം ഉപകാരം ആണ്. ട്രേഡ് ചെയ്താൽ അതിന്റെ റെക്കോർഡ് കീപ്പിങ്ങും, റിപ്പോർട്ടിങ്ങും, ഫയലിങ്ങും ഉണ്ടാക്കുന്ന മെനക്കെട് ചില്ലറയല്ല. സത്യത്തിൽ, ഇൻവെസ്റ്റ് ചെയ്ത് യഥാർത്ഥത്തിൽ സമ്പത്ത് ഉണ്ടാക്കുന്നവർ, വെറുതെ സ്വിങ്ങും ഡേ ട്രേഡും ചെയ്ത് കാശുണ്ടാക്കാൻ ശ്രമിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഇത്തരം ഒരു ‘ക്രേസി മാർക്കറ്റിൽ’ എന്ത് ലോജിക്കിലാണ് ഒരു മനുഷ്യൻ ഇൻവെസ്റ്റ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ടെലിഗ്രാം-വാട്സ്ആപ്പ് ഫേസ് ബുക്ക് ഗ്രൂപ്പുകളിലെ ബഹളങ്ങൾ (𝐌𝐚𝐫𝐤𝐞𝐭 𝐍𝐨𝐢𝐬𝐞) ഒഴിവാക്കുക. അടിസ്ഥാന വിവരങ്ങൾ (𝐅𝐮𝐧𝐝𝐚𝐦𝐞𝐧𝐭𝐚𝐥𝐬) പഠിക്കുക. ഒരു ചോക്ലേറ്റ് കണ്ട് വെയ്സ്റ്റ് മാനേജ്മെന്റ് കമ്പനിയുടെ പുറകെ ഓടുന്ന ആട്ടിൻപറ്റത്തിൽ നിന്ന് മാറി നിൽക്കാൻ കഴിഞ്ഞാൽത്തന്നെ നിങ്ങളുടെ പകുതി കാശ് സുരക്ഷിതമായി!
Nandakumar
Fiknowledge
AMFI Registered Mutual Fund Distributer ARN -91004

