രചന: ഡീന റ്റി. ലോറൻസ്.
ചില സമയയങ്ങളിൽ ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട് ഞാൻ ജീവിതത്തിൽ എന്തു നേടി എന്ന്? പക്ഷെ പലപ്പോഴും അതിന്റെ ഉത്തരം എന്നെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്യാറ്. കാരണം, അക്ഷരാർത്ഥത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല. അപ്പോൾ ജീവിതത്തിന്റെ നേട്ടം അല്ലെങ്കിൽ വിജയം എന്നുള്ളത് എന്താണ്? സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നല്ല വിദ്യാഭ്യാസം, നല്ല കുടുംബ ജീവിതം, നല്ല ജോലി ഇതൊക്കെ ആയിരിക്കാം ജീവിതത്തിന്റെ വിജയം. എന്തായാലും, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലുമെല്ലാം ഞാൻ തികഞ്ഞ പരാജയമായിരുന്നു. അല്ലെങ്കിലും അതു സമൂഹത്തിന്റെ കാഴ്ചപ്പാട് അല്ല, എന്റെ അല്ലല്ലോ? ഇത് മുഴുവൻ നേടിയാലും ഹൃദയം സന്തോഷത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തും എന്നൊന്നും എനിയ്ക്ക് തോന്നിയിട്ടില്ല. എന്റെ മനസ്സ് എന്നും വിഭിന്നമായ വഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
അപ്പോൾ എവിടെയാണ് ഞാനും നിങ്ങളും[ സമാനഹൃദയർ ] തിരുത്തപ്പെടേണ്ടത്? തിരുത്തപ്പെടുക എന്നതിന് തിരിച്ചറിവ് എന്നൊരു അർത്ഥം കൂടിയുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് – ഈ സമയം നമ്മോടു കൂടെ ആയിരിക്കുന്നവരെ പൂർണ്ണമായും സ്നേഹിക്കുകയും, സൗഹൃദത്തിന്റെ പച്ചതുരുത്തിലേയ്ക്ക് ആനയിക്കുകയും ചെയ്യുക എന്നുള്ളതാണ്. മനുഷ്യന്റെ പരമമായ ദുഃഖം ശൂന്യതയാണ്. കുറച്ചു കൂടി ആലങ്കാരിക്കമായി പറഞ്ഞാൽ ഉന്മദാവസ്ഥ എന്നു പറയാം. ഈ അവസ്‌ഥ ജീവിതത്തിൽ ലേശം വേറിട്ടു ചിന്തിക്കുന്നവർക്കുള്ളതാണ്. എന്റെ സമാനഹൃദയരേ ഇത് മറികടക്കാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്.
1. സ്നേഹിക്കുക.
2. സ്നേഹിക്കപ്പെടുക.
സ്നേഹിക്കു എന്നുള്ളതിന് ഉപാധികളില്ലാത്ത സ്നേഹം എന്നാണ് നിർവചനം. ഒരു വ്യക്തിയെ അവന്റെ എല്ലാ അവസ്ഥകളോടും കൂടി പൂർണ്ണമായി സ്നേഹിക്കുക. അത് ദൈവികമാണ്. സ്നേഹിക്കുക എന്ന കർമ്മം നാം ചെയ്യുന്നുണ്ടെന്തിൽ നാം സ്നേഹിക്കപ്പെടുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങളുമാണ് മനുഷ്യ ജീവിതത്തെ ധന്യമാക്കുന്നത്. ഇതു രണ്ടും നമ്മുടെ ശൂന്യതയെ മറികടക്കാൻ നമ്മെ സഹായിക്കുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം നാം സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ്. അതിന് മറ്റൊരു അർത്ഥതലം കൂടി ഉണ്ട്. മിക്ക മനുഷ്യരും പറയുന്ന പരാതിയാണ് ഞാൻ ആരാലും സ്നേഹിക്കപ്പെടുന്നില്ല എന്നുള്ളത്. അത് വ്യാജമാണ്. സ്നേഹിക്കപ്പെടുക എന്നതിന് സ്നേഹത്തിന്റെ ഓർമ്മകളിൽ ജീവിക്കുക എന്നു കൂടി അർത്ഥമുണ്ട്.🩷🩷 ആ ഓർമ്മകൾ തന്നെ നമുക്ക് പുതിയ ഊർജ്ജമാണ്. ഇന്നും എന്റെ ജീവിതത്തെ പച്ചതുരുത്തായി മാറ്റുന്നതും, എന്നിലെ ശൂന്യതയെ പകുതിയെങ്കിലും നീക്കിക്കളയുന്നതും എന്നിലേയ്ക്ക് ഞാൻ അർഹിക്കാത്ത വിധം സ്നേഹം ചൊരിഞ്ഞവർ തന്നെയാണ്. ഞാൻ അവഗണിച്ചിട്ടും എന്നെ ചേർത്തുപിടിച്ചവർ, എന്റെ സ്വകാര്യ അഹങ്കാരമായ മനുഷ്യർ.[ എന്റെ കാന്തികവലയത്തിൽപ്പെട്ടു പോയവർ😄 ]
താഴ്ചകളുടെ ആഴക്കടലിൽ വീണിട്ടു സ്നേഹത്തിന്റെ കാന്തികവലയം കൊണ്ട് എന്നെ കീഴടക്കിയ നല്ല മനുഷ്യരേ, നിങ്ങൾക്കു പ്രണാമം. മുറിവേറ്റ എന്റെ ഹൃദയത്തെ വെച്ചുകെട്ടിയതിനും, എന്നിലേയ്ക്കു നടന്നുകയറിയതിനും.
ഓ, ജീവിതം മധുരതരം.👍👍

