‘ഹലോ, നിങ്ങടെ പട്ടി കൂട്ടിലുണ്ടോന്ന് നോയ്ക്കേ. കെട്ടുപൊട്ടിച്ച് റോട്ടിലൊരു വെള്ളപ്പട്ടി….’
മുഴുവനും കേൾക്കാൻ നിന്നില്ല; ഞങ്ങൾ നാലുപേരും നാലുകാലിലോടി. നോക്കുമ്പോ സംഭവം ശരിയാണ്.. പട്ടി കൂട്ടിലില്ല! നാല് പാടും തിരിഞ്ഞ് ഞങ്ങൾ തപ്പാൻ തുടങ്ങി. ദേശീയപാതയിൽ തലങ്ങും വിലങ്ങുമോടി വിഭ്രമം സൃഷ്ടിക്കുന്ന ശ്വാനപ്രതിയെ ഒടുവിൽ വീട്ടിൽ നിന്നും അരക്കിലോമീറ്റർ മാറി കണ്ടുപിടിച്ചു. പക്ഷേ അപ്പോഴേക്കും തുടൽ അഴിഞ്ഞു പോയിരുന്നു. പിന്നെ ഭഗീരഥനെ കൂട്ടുപിടിച്ച് അവനെ മെരുക്കാനുള്ള ശ്രമങ്ങളായി. അയത്നലളിതം എന്നു കരുതി പട്ടിയെ പൂട്ടാൻ നോക്കിയ മഹൻ മഹാനുഭാവന് രണ്ടുമൂന്നു പട്ടിപ്പല്ലിന്റെ ഉരസൽ നൈസായി ഏൽക്കേണ്ടിവന്നു. പ്രയത്നം കഠിനം എന്നു കണ്ടവൻ ‘പട്ടിക്ക് വൈബ് പോര’ എന്ന കാരണം പറഞ്ഞ് ആ കഠോരയത്നത്തിൽ നിന്ന് രാജിവച്ചു പിന്മാറി.
അയൽവക്കത്തെ വീടുകളിലും റോഡിലും ഒക്കെയായി ഇതിനോടകം റ്റോബി(അതാണവന്റെ പേര്), കിലോമീറ്ററുകൾ താണ്ടിയിരുന്നു. ഫാൻസ് ക്ലബ് ഒന്നടങ്കം തോറ്റു സുല്ലിട്ടു.
ഇനിയെന്താ മാർഗം?? പ്രതീക്ഷയുടെ കച്ചിത്തുരുമ്പെന്നോണം മൂന്നു ജോഡി ഉടമസ്ഥക്കണ്ണുകളും എണ്ണാൻ മറന്ന കാണിക്കണ്ണുകളും ഒരുമിച്ച് എന്നിലേക്കു നീണ്ടു.
പട്ടിക്കാര്യത്തിൽ ഞാനൊരു കീറാമുട്ടിയാണ്. പട്ടിഫാൻ അല്ല എന്നു മാത്രമല്ല, പട്ടി ഈസ് ഒൺലി എ പട്ടി എന്നു വിശ്വസിക്കുന്ന ആളുമാണ്. ഏതായാലും അക്കാര്യത്തിൽ ഒരു യുക്തിവാദിയായ ഞാൻ പബ്ലിക് ഡിമാൻഡ് താങ്ങാനാവാതെ സ്റ്റെപ്പ് ഇൻ ചെയ്തു.
തുടലെടുത്ത് ഒറ്റ വിളി..
‘റ്റോബീ….’
സ്വിച്ച് ഓഫ് ആയതുപോലെ അവൻ നിന്നു. പിന്നെത്തിരിഞ്ഞ് എന്റെ കണ്ണുകളിലേക്കു നോക്കി.
ഇതാണ് മുഹൂർത്തം!
‘മോനേ, നിന്റെ മമ്മയാടാ വിളിക്കുന്നത്. അവടെ നില്ലെടാ..’ ഒരു നിമിഷം ഞാൻ കിരീടത്തിലെ ‘തിലകി’ വേഷം എടുത്തണിഞ്ഞു. അദ്ഭുതം.. അടുത്ത നിമിഷം അവൻ മോൻലാലായി!! പട്ടിക്കുട്ടനാണേലും അവന്റെ ഒരു സഹൃദയത്വമേ!!
ഞാൻ ജാഗ്രതയോടെ ചുവടുകൾ വച്ചു.. നാടകീയമായ ചടുലത. തൊട്ടടുത്ത നിമിഷം അവൻ ഓടാൻ തുടങ്ങി. കഴുത്തിൽ വീണ തുടലുമായി 120 km സ്പീഡിലുള്ള ഓട്ടം. തുടലിന്റെ ഇങ്ങേ തലയ്ക്കൽ എടുത്താൽ പൊങ്ങാത്ത 70 കിലോയാണ് ശ്വാസം കിട്ടാതെ തത്രപ്പെടുന്നത് എന്നൊന്നും അവനറിയേണ്ടല്ലോ. പാവം ഞാൻ!!
ആ ഓട്ടം വന്നു നിന്നത് വീട്ടിൽ അവന്റെ പട്ടിക്കൂട്ടിലാണ്. വെള്ളവും ഒപ്പം ഒരുമ്മയും കൊടുത്ത് ഇളയ സന്താനം അവന് സ്വീകരണം നൽകി. ശുഭം.
കയ്യും കാലും കഴുകി മകന്റെ പട്ടിപ്പൽപ്പാടുകൾ ഡെറ്റോളിൽ കഴുകി അടുത്ത ആശൂത്രീപ്പോയി വാക്സിനും എടുത്ത് തിരികെ വരുമ്പോൾ പോക്കറ്റിന് രൂപ ആയിരത്തിന്റെ കനക്കുറവ്. അടുത്ത മൂന്നാഴ്ച കൊണ്ട് കനം ഇനിയും കുറയുമെന്ന പ്രതിസന്ധി വേറെയും.
നാടകാന്തം ഒന്നു വിശ്രമിക്കുമ്പോഴാണ് ഈ പട്ടി വിവരം ഫോണിൽ വിളിച്ചു പറഞ്ഞ പാർട്ടി ആരാണെന്ന് നോക്കിയില്ലല്ലോ എന്നോർത്തത്. ഫോൺ എടുത്തു നോക്കിയ ഞങ്ങൾ….. ഞെട്ടി.
ഒന്നല്ല, രണ്ടല്ല, നാലു ഞെട്ടൽ ഒന്നിച്ച്!
ഫോൺ കോഡ് പ്ലസ് നയൻ സെവൻ ടു..
*അതായത് +972*
ഇസ്രായേൽ… മൊസാദ്…
പൗരുഷോം സ്ത്രീത്തോം കൗമാരത്തോം കുട്ടിത്തോം എല്ലാം ഒന്നിച്ചുതരിച്ചു.
ഇങ്ങു ദൂരെ ഇന്ത്യാമഹാരാജ്യത്തെ ഇങ്ങേ കോണിലെ തെങ്ങിൻ നാട്ടിലെ വിദൂര തുരുത്തായ ഞങ്ങടെ ഈ പട്ടിക്കാട്ടിലെ പാവം പാവം പട്ടിക്കുട്ടൻ പോലും മൊസാദിന്റെ നിരീക്ഷണത്തിൽ!!!
സകല പ്രജ്ഞയും തളർന്നു പോയി പ്രിയപ്പെട്ടോരേ.
ഇനിയെന്ത് എന്ന അറിവുകേടിന്റെ ഭീകരതയിൽ നിശ്ചേഷ്ടരായിരിക്കുന്ന ഞങ്ങളുടെ മുൻപിലേക്ക് അയലത്തെ ചിരിക്കുന്ന സുഹൃത്ത് പ്രത്യക്ഷനായത് അപ്പോഴാണ്. പന്തികേടെന്തോ മണത്ത അദ്ദേഹം മുഖവുരയില്ലാതെ, വന്ന കാര്യത്തിലേക്ക് കടന്നു.
‘അതേ, അവള് ഫ്രീ ടൈമില് ഇസ്രായേലിലിരുന്ന് ഇവിടുത്തെ സിസിടിവി നോക്കുമ്പോഴാണ് നിങ്ങടെ റ്റോബി കെട്ടുപൊട്ടിച്ച് വീട്ടുമുറ്റത്ത് അവതീർണനാകുന്നത്. എന്നെപ്പോലും വിളിക്കാതെ അവൾ നിങ്ങളെ നേരെ വിളിക്കുവാരുന്നു. ആരാ, എന്താന്നൊക്കെ പറയുന്നതിനു മുമ്പ് ഫോണും വെച്ച് നിങ്ങളോടി. അന്നേരവാ അവള് എന്നെ വിളിച്ച് കാര്യം പറയുന്നത്. അതൊന്നു പറഞ്ഞേക്കാം എന്നോർത്തു വന്നതാ..’
ഇസ്രായേലിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ആളുടെ വൈഫാണത്രേ ഞങ്ങളെ വിളിച്ചത്. പേടിയും ദുഃഖവും മാത്രമല്ല, ആശ്വാസവും നമ്മളെ ഞെട്ടിക്കുമെന്ന് ഞങ്ങളറിഞ്ഞു. ഓരോരോ നേരം പോക്കേ…
ഒന്നു റിലാക്സ് ആയി ശ്വാസം നീട്ടി വിടുമ്പോഴുണ്ട്, നമ്മുടെ യോ യോ ജെൻ Z യുടെ കമന്റ്..
‘എന്തൊക്കെയാരുന്നു.. മൊസാദ്.. ഇസ്രയേല്.. ഓപ്പറേഷൻ.. സീക്രട്ട് മിഷൻ, തേങ്ങാക്കൊല. ഒക്കെ ഡിലീറ്റ് ആയിപ്പോയില്ലേ.. വൈഫൈ പോയ മീം പോലെ.. ‘.
പോരേ പൂരം 🤣
#PuppyRescue #puppies #puppylife #familytime #familyfun #mozadh


6 Comments
ചിരിച്ചു സത്തു. 🤣🤣🤣🤣
എങ്കിലും KK റോഡിൽ കൂടി ഓടിക്കളിച്ച ടോബിക്ക് അപകടമൊന്നും പറ്റിയില്ലല്ലോ
അയ്യോ.. ഈ മരണത്തിന് ഞാനുത്തരവാദിയല്ല 🤣🤣
റ്റോബിയുടെ തിരിച്ചുവരവ് ഞാനൊന്നു മനക്കണ്ണിൽ കണ്ടു
എന്നാലും എൻ്റെ റ്റോബീ സിൽവി മോൾ മറ്റേയറ്റത്തുണ്ടെന്ന് അറിയില്ലായിരുന്നോ😀😀
കലക്കി സിൽവീ👌👌👌❤️
അവൻ ആരാ മോൻ? അങ്ങേയറ്റത്തുള്ള എഴുപതിന് അറുപതാക്കാനായി അവൻ കളിച്ച കളിയല്ലേ ഇത് 🤣🤣
എൻ്റെ പൊന്നെ.. ഡിക്ഷണറിയിൽ പോലും ഞാൻ കണ്ടിട്ടില്ല ഇത്രേം കഠിന katora വാക്കുകൾ…! എന്തായാലും നല്ല പോലൊന്ന് ചിരിച്ചു.. എന്തൊക്കെയായിരുന്നു….😁😁😁😁
ഇത് ഞാൻ തന്നെ compile ചെയ്ത ഡിക്ഷനറിയാ 🤣. ചിരിച്ചല്ലോ. അഹം ഭാഗ്യവാമി 🤣.