Must read book : Who Will Cry When You Die?
”നീ ജനിച്ചപ്പോൾ നീ കരയുകയും ഈ ലോകം സന്തോഷിക്കുകയും ചെയ്തു. എന്നാൽ നീ മരിക്കുമ്പോൾ ലോകം മുഴുവൻ കരയുകയും നിനക്ക് പുഞ്ചിരിയോടെ യാത്രയാവാൻ കഴിയുകയും ചെയ്യുന്ന രീതിയിൽ നിന്റെ ജീവിതത്തെ മാറ്റുക…”
2024 മെയ് മാസത്തിൽ, എന്റെ സ്കൂളിലെ ‘Resorcio’ കോഴ്സിലെ മികച്ച പ്രകടനത്തിന് (Best Performer) സമ്മാനമായി എനിക്ക് കിട്ടിയ ഒരു പുസ്തകത്തിലെ വരികളാണിത്. റോബിൻ ശർമ്മയുടെ ‘Who Will Cry When You Die?’ എന്ന പുസ്തകം വായിച്ചവരാരും ഈ വരികൾ മറക്കാൻ വഴിയില്ല. വരുന്ന ജൂൺ 19-ന് നമ്മൾ മറ്റൊരു വായനാദിനം കൂടി ആഘോഷിക്കുമ്പോൾ, എന്റെ വായനാനുഭവങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, അല്ലെങ്കിൽ എന്റെ ചിന്തകളെ കൃത്യമായി പോളിഷ് ചെയ്തെടുത്ത ഈ ഒരു പുസ്തകത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ‘കൂട്ടക്ഷരങ്ങൾ’ ഒരുക്കിയ ഈ മത്സരത്തിലേക്ക് ഈ പുസ്തകം തന്നെ തിരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിച്ചത്.
സെൽഫ്-ഹെൽപ്പ് പുസ്തകം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ഒരു മടിയാണ്. വലിയ തത്വശാസ്ത്രങ്ങളും പ്രസംഗങ്ങളും ഒക്കെയായിരിക്കും ഉള്ളിൽ എന്ന ഭയമായിരിക്കാം അതിന് കാരണം. എന്നാൽ ഈ പുസ്തകം എന്നെ അത്ഭുതപ്പെടുത്തിയത് അതിന്റെ ലളിതമായ അവതരണം കൊണ്ടാണ്. നമ്മൾ നിത്യജീവിതത്തിൽ മറന്നുപോകുന്ന, എന്നാൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന 101 കാര്യങ്ങളാണ് ഇതിൽ പറയുന്നത്.
നമ്മളൊക്കെ ജീവിക്കുന്നത് ഒന്നെങ്കിൽ കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്ത് സങ്കടപ്പെട്ടാണ്, അല്ലെങ്കിൽ വരാനിരിക്കുന്ന നാളെയെക്കുറിച്ചുള്ള ആധിയിലാണ്. ഇതിനിടയിൽ ‘ഇന്ന്’ എന്ന മനോഹരമായ നിമിഷത്തെ നമ്മൾ ജീവിക്കാൻ മറന്നുപോകുന്നു. നമ്മൾ ഈ ഭൂമിയിൽ നിന്ന് ഒരുനാൾ വിടപറയുമ്പോൾ നമ്മുടെ സമ്പത്തോ പദവികളോ ഒന്നും ആരും ഓർക്കില്ല. പകരം, നമ്മൾ എത്രപേരുടെ ജീവിതത്തിൽ പ്രകാശം പരത്തി, എത്രപേരെ സ്നേഹിച്ചു എന്നതിനെ ആശ്രയിച്ചായിരിക്കും ആളുകൾ നമ്മളെ ഓർക്കുന്നത്. ഈ ഒരു വലിയ സത്യം വളരെ ലളിതമായി ഈ പുസ്തകം നമ്മുടെ മനസ്സിലേക്ക് തറച്ചുതരും.
നല്ലൊരു വായനക്കാരനാവുക, പ്രകൃതിയെ സ്നേഹിക്കുക, ദിവസവും കുറച്ചു സമയമെങ്കിലും നിശബ്ദമായിരിക്കാൻ ശീലിക്കുക, നമ്മളെ വേദനിപ്പിച്ച ഭൂതകാലത്തോട് ക്ഷമിക്കുക… ഇങ്ങനെ പോകുന്നതാണ് ഇതിലെ അധ്യായങ്ങൾ. ഓരോ അധ്യായവും വെറും രണ്ടോ മൂന്നോ പേജുകൾ മാത്രമുള്ളതാണ്. അതുകൊണ്ട് തന്നെ വലിയ വായനാശീലമില്ലാത്തവർക്ക് പോലും മടുപ്പില്ലാതെ വായിച്ചുതീർക്കാൻ പറ്റും.
കഥകളും കവിതകളും നോവലുകളും തരുന്ന ഭാവനാലോകം നമുക്ക് വേണം, അത് വായനയുടെ വസന്തം തന്നെയാണ്. എന്നാൽ അതിനൊപ്പം തന്നെ നമ്മളെ ജീവിക്കാൻ പഠിപ്പിക്കുന്ന, വീണുപോകുമ്പോൾ കൈപിടിച്ചുയർത്തുന്ന ഇത്തരം പുസ്തകങ്ങളും നമ്മുടെ വായനമുറിയിൽ ഉണ്ടാകണം. വായന ആസ്വദിക്കുന്ന, ജീവിതത്തെ പോസിറ്റീവായി കാണാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ‘Must Read’ പുസ്തകമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.
ഈ വായനാദിനത്തിൽ പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നമുക്ക് വായന തുടരാം, അക്ഷരങ്ങളെ ആഘോഷിക്കാം!


1 Comment
പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. ശീർഷകം തന്നെ മനുഷ്യനെ ചിന്തിപ്പിക്കും.
🙏👏