പത്താം ക്ലാസിൽ പഠിക്കുമ്പോൾ രാജശേഖരൻ മാഷ് എല്ലാവരോടും ചോദിച്ചു.
” നിങ്ങൾ വലുതാകുമ്പോൾ ആരാകും! ആരാകാനാണ് ആഗ്രഹം? എല്ലാവരും മറുപടി പറയണം.”
ഉടനെ ക്ളാസ് ശബ്ദ മുഖരിതമായി.ഓരോരുത്തർ അവർക്ക് തോന്നിയത് ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങി.
ഏറ്റവും കൂടുതൽ ആരാകണം എന്ന് പറഞ്ഞത് ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, അധ്യാപകൻ, അധ്യാപിക, ബിസിനസ്സ് മേൻ, ഡ്രൈവർ, കണ്ടക്ടർ..സ്റ്റേഷൻ മാസ്റ്റർ, പോലീസ് ഇൻസ്പെക്ടർ,
അങ്ങനെ നിത്യജീവിതത്തിൽ കാണുന്ന ഒരു വിധം തസ്തികകളാണ്.ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള ജോലി വിളിച്ചു പറഞ്ഞു.
എന്നിട്ടും മിണ്ടാതെ ഇരിക്കുന്നു ചിലർ. അവരോട് മാഷ് ചോദിച്ചു.” നിങ്ങൾക്ക് ആരാകണം ? നിങ്ങൾക്ക് ഡോക്ടറും എഞ്ചിനീയറും ഒന്നും ആകണ്ടെ? ”
” എനിക്ക് ആരുമാകണ്ട, ഞാൻ തന്നെ ആയാൽ മതി” ശങ്കർ പറഞ്ഞു.
“നിനക്കോ മോഹൻ?”
” എനിക്ക് ഗന്ധർവ്വൻ ആയാൽ മതി”
മോഹൻ്റെ ആഗ്രഹം കേട്ട് ക്ളാസ് ഒന്നാകെ പൊട്ടിച്ചിരിച്ചു. ആകെ ബഹളം.
അവനെ കളിയാക്കാൻ എല്ലാവരും ഒരു പോലെ.
” എടാ അതൊരു സങ്കൽപ്പ കഥാപാത്രം അല്ലേടാ.. അതൊക്കെ എങ്ങനെ ആകും? സിനിമയൊന്നുമല്ലല്ലോ ജീവിതമല്ലേ? നിനക്ക് വേണമെങ്കിൽ മാറ്റിപ്പറയാം” മാഷ് അവനോട് പറഞ്ഞു.
” വേണ്ട മാഷേ.. മാറ്റുന്നില്ല.എനിക്ക് വലുതായിട്ട് ഒരു ഗന്ധർവൻ ആകണം. പ്രാവായും പരുന്തായും മേഘമായും എനിക്ക് ആകാശത്ത് പറക്കണം. ഈ ലോകത്തിലെ എല്ലാ സുന്ദരിമാരേയും പ്രേമി ക്കണം”.
അവന്റെ ഡയലോഗ് കേട്ട് ക്ളാസ് മുഴുവൻ ബഹളമയമായി.ഡസ്ക്കിലടിച്ചും ചൂളം വിളിച്ചുമെല്ലാം അവന് പ്രോത്സാഹനം കൊടുത്തവരെയെല്ലാം തിരഞ്ഞ് പിടിച്ച് നല്ല ചൂരൽ കഷായം കൊടുത്തു മാഷ്.
” മതി മതി. ഇനി ക്ളാസ് തുടങ്ങാം. ഓൾ സൈലൻ്റ്”
മാഷ് ചൂരൽവടി കൊണ്ട് മേശമേൽ അടിച്ചു.
അന്ന് സ്കൂൾ വിട്ട് നടന്ന് വീട്ടിലേക്ക് വരുമ്പോൾ കൂടെ ഉണ്ടായിരുന്ന ശില്പ ചോദിച്ചു ” ടാ മോഹനാ നീ ഗന്ധർവ്വൻ ആയാൽ എന്നെ പ്രേമിക്കുമോ?”
” എടീ എൻ്റെ കയ്യിൽ നിന്നും നിനക്ക് നല്ല അടി കിട്ടും. മിണ്ടാതിരുന്നോ!?”
മോഹൻ അവളെ തല്ലാനോടിച്ചു.
” ഞാൻ ഗന്ധർവ്വൻ സിനിമ കണ്ടതിൽ പിന്നെ എനിക്ക് ഈ ഗന്ധർവ്വനെ പ്രേമിക്കാൻ വലിയ ഇഷ്ടമാണ്. എന്തൊരു ഭംഗിയാണ് ആ ഗന്ധർവ്വനെ കാണാൻ! ” ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം”
” ദേവീ.. ആത്മരാഗമേകാൻ.. എന്തൊരു മനോഹരങ്ങളായ പാട്ടുകൾ” ശില്പ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
” ഗന്ധർവ്വനെ പ്രേമിക്കുന്ന ആ പെണ്ണും നല്ല സുന്ദരിയായിരുന്നു.. ” അവൻ പറഞ്ഞു.
” എന്നാൽ നമുക്ക് അങ്ങോട്ട് പ്രണയിച്ചാലോ”
ശില്പ പറയുന്നത് കേട്ട് മോഹൻ പറഞ്ഞു.
” അടുത്ത കൊല്ലം പ്ളസ് വൺ അഡ്മിഷൻ കിട്ടുമോ എന്ന് നോക്ക്. നല്ല മാർക്ക് വേണം.. ഇത്തവണ തോറ്റു തൊപ്പി ഇട്ടാൽ ഗന്ധർവൻ തന്നെ നിന്നെ കെട്ടേണ്ടിവരും ”
മോഹൻ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അവൾ വീട്ടിലേക്ക് ഓടി..
അവൾ പറഞ്ഞത് മോഹന്റെ മനസ്സിൽ പതിഞ്ഞു. ശില്പ നല്ല ഭംഗിയുള്ള പെൺകുട്ടി തന്നെയാണ്. പ്രണയം അത് സ്വയമേവ വരണം. അല്ലാതെ വേണം എന്ന് കരുതി പ്രേമിക്കാൻ ഒന്നും പറ്റില്ലല്ലോ.
ഇടക്കിടെ ഗന്ധർവ്വൻ എന്നൊക്കെ അവനെ വിളിച്ചു കളിയാക്കി, കൂട്ടുകാർ. പ്ളസ് വൺ അവർ പഠിച്ച സ്കൂളിൽ തന്നെ കിട്ടി.
കോളേജിൽ പഠിക്കുന്ന സമയത്താണ് മോഹനിലെ ഗന്ധർവ്വൻ ശരിക്കും പുറത്ത് വന്നത്.
അവിടെയുള്ള സുന്ദരിമാരുടെ ഹൃദയത്തെ കീഴടക്കി മോഹൻ എന്ന ഗന്ധർവ്വൻ. നന്നായി പാട്ടുകൾ പാടാനുള്ള കഴിവ് അവിടെ വച്ച് മാറ്റുരയ്ക്കാൻ കഴിഞ്ഞു.
അങ്ങനെ ഗന്ധർവ്വൻ ഗാനഗന്ധർവൻ കൂടിയായി. ശില്പ അതേ കോളേജിൽ തന്നെ പഠിക്കുന്നുണ്ടായിരുന്നു.
മറ്റുള്ളവരേക്കാൾ അവൾക്ക് മോഹനിൽ സ്വാധീനം ഉണ്ടെന്ന് കാണിക്കുക കൂടി വേണമല്ലോ…
അത് കൊണ്ട് മോഹൻ്റെ ഒപ്പം നടക്കാൻ അവൾ ശ്രമിച്ചു. ഏത് കാര്യത്തിലും ഇടപെടാനും.
അവനാണെങ്കിൽ ശില്പയേക്കാൾ സുന്ദരിമാർ വന്നപ്പോൾ, അവളെ മനപ്പൂർവ്വം തഴഞ്ഞു. എന്നാൽ അവളോട് പിണക്കം ഒന്നും കാണിച്ചില്ല. വല്ലാതെ അടുപ്പവും. വിട്ട് കളയണ്ട.എപ്പോഴെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടായാലോ! മാത്രമല്ല മറ്റു പെൺകുട്ടികളോട് പെരുമാറുന്ന പോലെ അവളോട് പെരുമാറാനും പറ്റില്ല. കാരണം വീട്ടുകാരുമായി നല്ല അടുപ്പമാണ് അവൾക്ക്.
വീട്ടിൽ പോയി എന്തെങ്കിലും ഒക്കെ പറഞ്ഞാൽ കഴിഞ്ഞു എല്ലാ റൊമാൻസും.
ഗാനഗന്ധർവ്വൻ ആയത് കൊണ്ട് തന്നെ അനേകം ആരാധികമാർ മോഹനുണ്ടായി. പോരാത്തതിന് അവർ ഓരോരുത്തരും അയാളെ പ്രണയിക്കാൻ കൂടി തുടങ്ങിയതായി അവന് മനസിലായി. എന്തായാലും പ്രണയമല്ലേ! അത് നിരസിക്കാൻ അവന് തോന്നിയില്ല.
കാമദേവൻ അവരുടെ മനസ്സുകളെ കീഴടക്കിയെങ്കിൽ തന്റെ നല്ലകാലം തുടങ്ങുകയായി. ഭാവിയിൽ ഗന്ധർവ്വൻ ആകുമെന്ന് പറഞ്ഞെങ്കിലും അത് സത്യമായിത്തീരുമെന്ന് അവനും കരുതിയില്ല.
അന്നേ അവനെ നോട്ടമിട്ടിരുന്ന ശില്പയും മനസ്സിൽ പോലും ചിന്തിച്ചില്ല.
അങ്ങനെയിരിക്കെ കോളേജിൽ നിന്ന് ടൂർ പോകാൻ തീരുമാനിച്ചു. മോഹനും അതോടൊപ്പം മോഹനെ പ്രണയിക്കുന്ന ഓരോ സുന്ദരിമാരും വളരെയധികം സന്തോഷിച്ചു. ഇനി രണ്ട് മൂന്ന് ദിവസം ഒരുമിച്ച് അടിച്ചു പൊളിച്ചു കഴിയാമല്ലോ!
ബസ്സിൽ വച്ച് തന്നെ ആഘോഷം ആരംഭിച്ചു. മോഹൻ പാടി പാടി ക്ഷീണിച്ചു.
മറ്റ് ഗായികമാരും ഗായകരുമെല്ലാം അടിപൊളി പാട്ടുകൾ വച്ച് ഡാൻസ് ചെയ്തു. ആ വിനോദയാത്ര എല്ലാവർക്കും മറക്കാനാവാത്ത അനുഭവങ്ങളാണ് നൽകിയത്. കൂടെ കോളേജിലെ അധ്യാപകർ ഉള്ളത് കൊണ്ട് തന്നെ വളരെ കർശനമായി തന്നെ അച്ചടക്കം പാലിക്കാൻ നിർബന്ധിതരായിരുന്നു എല്ലാവരും. അകലെ നിന്ന് കാണുന്നതിൽ എന്ത് കാര്യം! അന്യോന്യം അടുത്തറിയുമ്പോൾ അല്ലേ ആനന്ദം എന്നൊക്കെ മനസ്സിൽ വിചാരിക്കാനേ എല്ലാവർക്കും കഴിയുകയുള്ളൂ.
ആൺകുട്ടികൾക്ക് വേറെ താമസസ്ഥലം. പെൺകുട്ടികൾക്കും. പെൺകുട്ടികളുടെ കെട്ടിടത്തിൻ്റെ അടുത്ത വന്നവരെയൊക്കെ കർശനമായി വിലക്കി,അധ്യാപകർ.
വിനോദയാത്ര കഴിഞ്ഞ് വന്നപ്പോൾ മുതൽ മോഹന്റെ ആരാധികമാർ ഓരോരുത്തരും മോഹനെ ഒറ്റയ്ക്ക് കാണുവാൻ ആഗ്രഹിച്ചു.
പക്ഷേ മോഹന് വലിയ ഇഷ്ടമാണ് പെൺകുട്ടികളോട് എങ്കിലും അവയൊക്കെ മനസ്സിൽ മാത്രം സൂക്ഷിച്ചു.
ആയിടെ ഗ്രാമത്തിലുള്ള തറവാട്ടിൽ പോയതോടെയാണ് മോഹന്റെ ജീവിതത്തിൽ വലിയ ഒരു മാറ്റം സംഭവിക്കുന്നത്.
പണ്ട് കാലത്ത് വളരെ പേര് കേട്ട ഒരു തറവാടായിരുന്നു അത്. മാന്ത്രികൻമാരും ജ്യോതിഷാചാര്യൻമാരും എല്ലാം ഉണ്ടായിരുന്ന തറവാട്. ഇപ്പോഴത്തെ തലമുറയിൽ പരമേശ്വരൻ അമ്മാവനും, ജനാർദ്ദനൻ അമ്മാവനും ഒക്കെയാണ് ഉള്ളത്. അവർ തറവാട്ടിൽ നിന്ന് മാറി സ്വന്തം വീട് വച്ച് താമസിക്കുന്നു.
ഓരോ വർഷവും തറവാട്ട് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം, അത് പോലെ മറ്റ് വിശേഷങ്ങൾ അതിനൊക്കെ എത്തും എന്ന് മാത്രം. അതൊക്കെ അവർ തന്നെയാണ് നടത്തുക. മോഹന്റെ അമ്മയും അച്ഛനും മറ്റ് ബന്ധുക്കളും നേരത്തെ തന്നെ എത്താറുണ്ട്. ഏഴ് ദിവസത്തെ ഉത്സവങ്ങൾ, ചടങ്ങുകൾ അവയെല്ലാം കുട്ടിക്കാലം മുതൽ വളരെ ഇഷ്ടമായിരുന്നു മോഹന്.
അവിടേയ്ക്ക് വരുന്നത് തന്നെ വേറെ ഏതോ ലോകത്ത് എത്തിയ പ്രതീതിയാണ് മോഹൻ്റെ മനസ്സിൽ ഉണ്ടാകുക.
ഏക്കർ കണക്കിന് സ്ഥലങ്ങൾ ഉള്ള വലിയൊരു തറവാട്ടിൽ ഇപ്പോൾ ആരും താമസമില്ല. ചുറ്റും കാടാണ് എങ്കിലും തറവാട് വീടൊക്കെ അമ്മാവൻമാർ വൃത്തിയാക്കി കൊണ്ട് നടക്കുന്നുണ്ട്. ഉത്സവ സമയത്ത് അവിടെയായിരിക്കും എല്ലാവരും താമസിക്കുന്നത്. അത് കഴിഞ്ഞാൽ അടച്ചു പൂട്ടും. ഇടക്കിടെ വന്നു കേടുപാടുകൾ തീർക്കുന്നത് കൊണ്ട് ഇപ്പോഴും വലിയ കുഴപ്പമില്ല. അവിടുത്തെ മായികമായ അന്തരീക്ഷം.
പ്രകൃതിയുടെ സൗന്ദര്യം.
രാത്രിയിലൊക്കെ ഏകാന്തയിൽ ഇങ്ങനെ ഇരിക്കും മോഹൻ.
ഉത്സവമൊക്കെ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയെങ്കിലും തറവാട് വീടും അമ്പലവുമൊക്കെ മനസ്സിൽ നിറഞ്ഞു നിന്നു. എന്തോ ചില കാര്യങ്ങൾ അവൻ മനസ്സിൽ ഉറപ്പിച്ചു.
ആരോടും പറയാതെ ഒരു ദിവസം രാത്രിയിൽ ആ വീട്ടിൽ താമസിക്കാൻ മോഹൻ വന്നു.
കൂടെ മൈഥിലി എന്ന പെൺകുട്ടിയും. മോഹന്റെ ആരാധികയായിരുന്നു മൈഥിലി.
” ഞാൻ മൈഥിലിയെ ഇത് വരെ കാണാത്ത ഒരു ലോകത്തിലേക്ക് കൊണ്ട് പോകാം. ധൈര്യമുണ്ടെങ്കിൽ പോരാം.”
അവൾ ആ ക്ഷണം സ്വീകരിച്ച് അവന്റെ കൂടെ കാറിൽ കയറി.
മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ കണ്ട്, അവർ തറവാട്ടിൽ എത്തി.
” ഇവിടെ ആരും താമസമില്ലേ” അവൾ ചോദിച്ചു.
” ഇല്ല. നാം രണ്ട് പേരും മാത്രം.” അവർ കൊണ്ട് വന്ന ഭക്ഷണം കഴിച്ച്, പാനീയങ്ങൾ കഴിച്ച് ആ രാത്രി ആ ഏകാന്തതയിൽ ഒന്നായി അലിഞ്ഞു ചേർന്നു.
ശാലിനിയും,ശ്യാമയും, ശ്രീദേവിയും,സരയുവും,കാവേരിയും ആനിയും, മിനിയും,ദേവികയും സുഹറയും , ജാസ്മിനും,ടെസ്സിയും പിന്നെ എണ്ണമറ്റ പെൺകുട്ടികൾ മോഹൻ എന്ന ഗന്ധർവ്വനുമായി രമിക്കാൻ വേണ്ടി ആ തറവാട്ടിൽ, മറ്റൊരു ലോകത്തിൽ എത്തി. അവന്റെ അയൽക്കാരിയായ അവനെ എന്നും ഇഷ്ടപ്പെട്ട ശില്പയും ഒടുവിൽ എത്തി.
അതൊരു ഗന്ധർവ്വക്ഷേത്രമായി.
ഒരു തവണ വന്നവർക്ക് പിന്നെ അവിടേക്ക് വരാതിരിക്കാൻ ആവില്ല.
അങ്ങനെയുള്ള സ്വീകരണമായിരുന്നു മോഹനിൽ നിന്നും കിട്ടിയിരുന്നത്. അവിടെ എത്തുന്നതോടെ പെൺകുട്ടികൾ മായികമായൊരു ലഹരിയിൽ അകപ്പെടുകയായി.
പിന്നെ ഒന്നിനെക്കുറിച്ചും ഒരു ഓർമ്മയുമില്ലാതെയാകുന്നു. മോഹന്റെ കൂടെയാണ് വന്നത്,അവന്റെ തറവാട് വീട്ടിൽ ആണ് വന്നത് എന്നൊന്നും അവർക്ക് അറിയാതെയാകുന്നു.
ഏതോ ഒരു ഗന്ധർവൻ അവരെ ആകർഷിച്ചു കൊണ്ട് വരുന്നു. അവരുമായി ഇത് വരെ അനുഭവിക്കാത്ത അനുഭൂതികളിലേക്ക് അവൻ എത്തിക്കുന്നു.. സത്യത്തിൽ അവൻ നൽകുന്ന ആ പാനീയം കുടിച്ച് കഴിയുമ്പോൾ അവർ അവരല്ലാതാകുന്നു.
അവരെല്ലാം തിരിച്ചു പോയാൽ പിന്നെ അങ്ങനെ ഒരു സംഭവം നടന്നത് പോലും അവർക്ക് ഓർമ്മയില്ലാത്തത് കൊണ്ട് തന്നെ വീണ്ടും ആ സംഭവങ്ങൾ ആവർത്തിക്കുന്നു.
എങ്ങനെയാണ് താൻ ഒരു ഗന്ധർവൻ ആയി മാറിയത് എന്ന് മോഹനും ഓർമ്മയില്ല.
അവസാനം അവൻ ശരിക്കും ഒരു ഗന്ധർവൻ ആയോ എന്ന സംശയം അവനെ കാണാൻ വരുന്ന പെൺകുട്ടികൾക്കും തോന്നി.” ഞാൻ ഗന്ധർവ്വൻ” ആയോ എന്ന് മോഹനും തോന്നിത്തുടങ്ങി.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_ഞാൻവലുതാകുമ്പോൾ
#കഥ_ഞാൻഗന്ധർവ്വൻ
#രചന_രാമചന്ദ്രൻടിവി

