രാവിലെ ഇറങ്ങുമ്പോൾ ഫോൺ കയ്യിൽ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എവിടെ? അടുക്കളയിൽ തിരഞ്ഞു, ബാഗിൽ തിരഞ്ഞു, ഒടുവിൽ കയ്യിൽ തന്നെ കണ്ടു. നമ്മൾ എല്ലാവരുടെയും ദിവസം ഇങ്ങനെയുള്ള ചെറിയ മറവികളിൽ തുടങ്ങുകയും തീരുകയും ചെയ്യുന്നു.
മറവി എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പേടി വരും. പ്രായമാകുന്നതിന്റെ ലക്ഷണമാണോ, എന്തെങ്കിലും രോഗമാണോ എന്ന് നമ്മൾ ഉടനെ സംശയിക്കും. പക്ഷേ സത്യം പറഞ്ഞാൽ മറവി എന്നത് തലച്ചോറിന്റെ ഒരു സംരക്ഷണമാണ്. ഓരോ നിമിഷവും നമ്മുടെ കണ്ണിലും കാതിലും തലച്ചോറിലും എത്ര വിവരങ്ങളാണ് വന്നു വീഴുന്നത്. ഒരു കടയിൽ കേറിയാൽ തന്നെ എത്ര നിറങ്ങൾ, എത്ര മണം, എത്ര സംസാരങ്ങൾ. ഇതെല്ലാം ഓർത്തുവെക്കാൻ പറ്റുമോ? പറ്റില്ല. അതുകൊണ്ട് തലച്ചോറ് തീരുമാനിക്കുന്നുണ്ട് ഇത് വേണോ വേണ്ടയോ എന്ന്. ശ്രദ്ധിച്ചു കേൾക്കാത്ത പേര്, മനസ്സ് എവിടെയോ ആയിരിക്കുമ്പോൾ കണ്ട മുഖം, ടെൻഷനിൽ വായിച്ച പേജ്, ഇതൊക്കെ ആദ്യം പോകും.
ചിലപ്പോൾ ഉറക്കുറവാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. രാത്രി നന്നായി ഉറങ്ങാത്ത ദിവസം പിറ്റേന്ന് ഒന്നും ഓർമയിലിരിക്കില്ല. കാരണം ഉറക്കത്തിലാണ് തലച്ചോറ് പകൽ കിട്ടിയ വിവരങ്ങളെല്ലാം അടുക്കി വെക്കുന്നത്. അതുപോലെ അമിതമായ ആലോചനയും. മനസ്സ് നിറയെ ആയിരം കാര്യം ഓടുമ്പോൾ പുതിയതൊന്നും കയറാൻ ഇടയില്ല.
എന്നാൽ മറവിക്ക് ഒരു നല്ല വശമുണ്ട്. എല്ലാം ഓർത്തിരുന്നാൽ ജീവിക്കാൻ പറ്റുമോ? ആരെങ്കിലും പറഞ്ഞ ഒരു മോശം വാക്ക്, പണ്ടൊരു പരാജയം, നഷ്ടപ്പെട്ട അവസരങ്ങൾ, ഇതൊക്കെ കാലം കുറച്ച് മങ്ങിച്ചു തരുന്നുണ്ട്. മറക്കാനുള്ള കഴിവ് ഇല്ലായിരുന്നെങ്കിൽ നമ്മൾ ഓരോ മുറിവും ചുമന്ന് നടക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് മറവി എന്നത് ദുർബലത മാത്രമല്ല, അത് കരുത്തുകൂടിയാണ്.
ഓർമ നന്നാക്കാൻ വലിയ മരുന്നൊന്നും വേണ്ട. ഒരു കാര്യം പ്രധാനമാണെന്ന് തോന്നുകയാണെങ്കിൽ അത് എഴുതിവെക്കുക. കയ്യും മനസ്സും കൂടി അതിൽ പ്രവർത്തിക്കുമ്പോൾ തലച്ചോറ് അതിനെ സീരിയസ് ആയി എടുക്കും. പേരുകൾ ഓർക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ആളെ ഒരു കാര്യവുമായി കൂട്ടിയോജിപ്പിക്കുക. മൂന്ന് സാധനം വാങ്ങാൻ ഉണ്ടെങ്കിൽ അതിനെ ഒരു ചെറിയ കഥയാക്കുക. ഏറ്റവും പ്രധാനം ശ്രദ്ധയാണ്. നമ്മൾ ശരിക്കും അവിടെ ഉണ്ടായിരുന്നെങ്കിൽ മാത്രമേ ഓർമ നിൽക്കൂ.
അവസാനം പറയാനുള്ളത് ഇതാണ്. താക്കോൽ എവിടെ വെച്ചു എന്നത് മറന്നാലും കുഴപ്പമില്ല. ചെയ്യാനുള്ള ലിസ്റ്റ് മറന്നാലും പിന്നെ നോക്കാം. പക്ഷേ നമ്മോടൊപ്പം ഉള്ളവരുടെ സന്തോഷവും വിഷമവും, അവരുടെ പേരും മുഖവും, നമ്മൾ ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും മറക്കാതിരിക്കുക. അതുമാത്രം മതി.
മറവി നമ്മളെ പൂർണരാക്കുന്ന ഒരേടാണ്. അതിനോട് ദേഷ്യപ്പെടാതെ, ചിലപ്പോൾ അതിനൊപ്പം ചിരിക്കാനും പഠിക്കണം.
#എന്റെരചന #മറവി


2 Comments
മറവി ചിലപ്പോൾ അനുഗ്രഹമാകാം ല്ലേ?
❤️❤️
Athe ❤️