“മക്കളെ കൂട്ടാതെ ട്രിപ്പ് പോകാനൊന്നും എനിക്കും അച്ചാച്ചനും ഇഷ്ടല്ലടാ. എന്തിന്, എന്തെങ്കിലും അത്യാവശ്യം വന്ന് ഞങ്ങൾ രണ്ടുപേരും മാത്രമായി പുറത്തുപോകേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ പോലും മക്കൾക്ക് കൊടുക്കാതെ ഒരു ചായ പോലും ഞങ്ങൾ അങ്ങനെ കുടിക്കാറില്ല. അങ്ങനെ കുടിച്ചാലും ഞങ്ങൾക്ക് തൊണ്ടയിൽ നിന്ന് ഇറങ്ങില്ല. പിന്നെയല്ലേ ഞങ്ങൾ മാത്രമായി ട്രിപ്പ് പോകുന്നത്. കഴിഞ്ഞ പ്രാവശ്യം നിങ്ങൾ നാട്ടിൽ വന്നപ്പോൾ നീയും സ്റ്റിവിൻ ചേട്ടനും മോനെ കൂട്ടാതെ വയനാട് പോയിരുന്നില്ലേ?
അന്ന് നിങ്ങടെ ട്രിപ്പിന്റ വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ ഞാൻ അച്ചാച്ചന് കാണിച്ചു കൊടുത്തപ്പോൾ അച്ചാച്ചൻ ചോദിച്ചു _”എങ്ങനെയാ അവർക്ക് കുഞ്ഞിനെ കൂട്ടാതെ ട്രിപ്പൊക്കെ പോകാൻ തോന്നിയതെന്ന്?. അതിൽ എന്ത് എൻജോയ്മെന്റ് ആണുള്ളതെന്ന് “. ഞാനും വിചാരിച്ചിരുന്നൂട്ടോ അത്. എന്തായാലും മക്കളെ കൂട്ടാതെ ഞങ്ങൾക്ക് അങ്ങനെയൊന്നും പറ്റില്ല മോളെ. മക്കൾ കൂടെ ഇല്ലാതെ ഞങ്ങൾക്ക് മാത്രമായി ഒരു സന്തോഷവും ഇല്ല . മക്കൾക്ക് വേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത് പോലും…”
മക്കളോടുള്ള സ്നേഹത്തെപ്പറ്റി ഇത്രയും വലിയ പാരഗ്രാഫ് വായിക്കുമ്പോൾ നിങ്ങൾ വിചാരിക്കും, ഞാൻ ആരോടോ അവരുടെ കുഞ്ഞുങ്ങളെ ഏതെങ്കിലും ഓർഫണേജിലും ഉപേക്ഷിച്ചിട്ട് വേൾഡ് ടൂർ പോകാൻ ഉപദേശിച്ചു. അതിന് ലഭിച്ച മറുപടിയാണ് ഇതെന്ന്. ഒന്നുമല്ല. കാര്യം നിസാരമാണ്….😁
ഞാനും എന്റെയൊരു സുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ ഒരു പ്രസക്ത ഭാഗമാണിത്. ഓണം വെക്കേഷന് അവരൊരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. ഞങ്ങൾ അത്യാവശ്യം യാത്രകൾ ചെയ്യാറുള്ളതുകൊണ്ട്, അവരുടെ യാത്രയെപ്പറ്റി/അവർ പോകുന്ന സ്ഥലത്തെപ്പറ്റി ചില കാര്യങ്ങൾ അന്വേഷിക്കാൻ വിളിച്ചതായിരുന്നു അവൾ. അങ്ങനെ സംസാരിക്കുന്നതിനിടയിൽ കഴിഞ്ഞപ്രാവശ്യം ഞങ്ങൾ നാട്ടിൽപോയപ്പോൾ പോയ ഒരു സ്ഥലത്തെപ്പറ്റിയും സംസാരം ഉണ്ടായി. അപ്പൊ ഞാൻ അറിയാതെ പറഞ്ഞുപോയി അവിടേക്ക് നീയും ഹസ്ബൻഡും മാത്രമായി ഒരു കുഞ്ഞു ട്രിപ്പ് പ്ലാൻ ചെയ്‌താൽ അടിപൊളി ആയിരിക്കും എന്ന്. അതിനാണ് അവൾ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത് 😁
സീരിയസ് ആയി പറഞ്ഞാൽ, അവരുടെ രണ്ടുപേരുടെയും പേരെന്റ്സ് ഹെൽത്തിയും, കോപ്പറേറേറ്റീവും ആണ്. അതുകൊണ്ട് കുഞ്ഞുങ്ങളെ സേഫ് ആയി ഏൽപ്പിച്ചു പോകാൻ അവർക്ക് ഇടങ്ങളുണ്ട്. പിന്നെ തീരെ ചെറിയ കുഞ്ഞുങ്ങളും അല്ല അവരുടേത്. അതുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞതും. പക്ഷേ അവർക്കതിനു താല്പര്യം ഇല്ല എങ്കിൽ അവരുടെ തീരുമാനത്തെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു. എന്നാൽ മക്കൾ ആയ ശേഷം കപ്പിൾ ടൈം എന്നത് എന്തോ തെറ്റാണ് എന്ന് ചിന്തിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഞങ്ങൾ കേരളത്തിനു പുറത്താണ് വർഷങ്ങളായി ജീവിക്കുന്നത്. ഞാനും ഹസ്ബൻഡും കുഞ്ഞും മാത്രമായി. നാട്ടിലെത്തുമ്പോൾ പേരെന്റ്സ് ഉണ്ട്. സഹോദരങ്ങൾ ഉണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ച് പലയിടങ്ങളിലും പോകാറുണ്ട്. ഞാനും ഹസ്ബൻഡും മാത്രമായും സിനിമയും, യാത്രകളും ഒക്കെ ആസ്വദിക്കാറുണ്ട്. അത് ഞങ്ങളുടെ കുഞ്ഞ് ഞങ്ങളുടെ പേരെന്റ്സിനൊപ്പം സേഫും, ഹാപ്പിയും ആണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതിനു പലരും ഞങ്ങളെ കുറ്റപ്പെടുത്താറും ഉണ്ട്. ഞങ്ങൾ സെൽഫിഷ് ആണത്രേ.
അതായത് മക്കളുടെ ജനനശേഷം കപ്പിൾ ടൈം എന്നത് പാടില്ല എന്നാണ് ചിലർ ചിന്തിക്കുന്നത്.
നമ്മൾ ഉറങ്ങുന്നതിനും, ഉണരുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും, എന്തിന് ശ്വാസം എടുക്കുന്നതു പോലും മക്കൾക്കുവേണ്ടി മാത്രമേ ആകാൻ പാടുള്ളൂ എന്നാണ് പലരുടെയും തിയറി. അതായത് അവർക്ക് വേണ്ടി മാത്രം ജീവിക്കണം. എല്ലാ തിരക്കിനുമിടയിൽ തങ്ങൾക്ക് വേണ്ടി സ്വല്പം സമയം കണ്ടെത്തുന്നവരൊക്കെ സെൽഫിഷ് ആണ്. എനിക്ക് ആ ആശയത്തോട് യാതൊരു യോജിപ്പും ഇല്ല. ശരിയാണ്, കുഞ്ഞുങ്ങൾ ആയാൽ അവർ തന്നെയാണ് നമ്മുടെ ഫസ്റ്റ് പ്രയോരിറ്റി. അവരുടെ കാര്യങ്ങൾക്കാണ് കൂടുതൽ ഇമ്പോർട്ടന്റ്സ് കൊടുക്കേണ്ടതും. അവരോടുള്ള സ്നേഹവും ഉത്തരവാദിത്തവും ഒന്നും മറക്കാൻ പാടില്ല. എന്നുവച്ച് ഭാര്യക്കും ഭർത്താവിനും പരസ്പരം സ്നേഹിക്കാനും, അവനവനു വേണ്ടി അല്പം സമയം ചിലവഴിക്കാനും അവകാശം ഇല്ലേ?… അച്ഛനും അമ്മയും ഹാപ്പി ആണെങ്കിൽ അല്ലേ കുഞ്ഞുങ്ങൾക്കും സന്തോഷം ഉണ്ടാകൂ. ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ മാത്രമായി യാത്ര പോകുമ്പോഴാണ് പരാതിയും പരിഭവുമൊക്കെ പറഞ്ഞ് തീർക്കുക. അതുകൊണ്ട് സ്വഭാവികമായി എല്ലാ യാത്രകളുടെയും ആദ്യദിവസം നല്ല വഴക്കായിരിക്കും. അങ്ങനെ ഓരോ ദമ്പതികൾക്കും പലതും പറയാനും ചോദിക്കാനും ഉണ്ടാകും അവരുടേത് മാത്രമായ സമയങ്ങളിൽ. . അതൊക്കെ തെറ്റായി കാണേണ്ട ആവശ്യമുണ്ടോ?. ഇനി കുഞ്ഞുങ്ങൾ വലുതാൽ അവർ അവരുടേതായ ജീവിതങ്ങളിലേയ്ക്ക് പോകില്ലേ. അപ്പോൾ എല്ലായിടത്തും പേരെന്റ്സിന് അവരുടെ പുറകെ നടക്കാൻ പറ്റുമോ?. കുഞ്ഞുങ്ങളോട് സ്നേഹം വേണം, അത് ഒബ്സെഷൻ ആകുമ്പോൾ ആണ് കല്യാണം കഴിഞ്ഞ മക്കളുടെ പ്രൈവസിയിൽ പോലും തലയിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പേരെന്റ്സ് ഉണ്ടാകുന്നത്. അതവിടെ നിൽക്കട്ടെ…
വളരെ പോസിറ്റീവ് ആയിട്ടാണ്, ഞാനെന്റെ സുഹൃത്തിനോട് അങ്ങനെയൊരു അഭിപ്രായം പറഞ്ഞത് , അവർക്കതിനോട് താല്പര്യമുണ്ടായില്ല.
ചിലർക്ക് മക്കൾ ഇല്ലാത്ത ഒരു ദിവസം പോലും ഒരു “ഗിൽറ്റ് ട്രിപ്പ്” ആണ്. പക്ഷേ ഇവിടെ ഒരു കാര്യം കൂടി പറയാൻ തോന്നുന്നു….
വിവാഹം കഴിഞ്ഞ്, കുട്ടികൾ വന്നതിന് ശേഷം നമ്മൾ “അച്ഛൻ-അമ്മ” എന്ന റോളിലേക്ക് മാത്രം മാറിപ്പോവാറുണ്ട്. കൂട്ടുകാരി, കൂട്ടുകാരൻ, ഭാര്യ, ഭർത്താവ്… ആ ബന്ധമൊക്കെ എവിടെയോ വച്ച് മറന്നുപോകുന്നു. കപ്പിൾ ടൈം എന്ന് പറയുന്നത് ആഡംബരമല്ല. അത് അത്യാവശ്യമാണ്.
ഇടക്ക് ഒന്നോ രണ്ടോ ദിവസം, റെസ്പോൺസിബിലിറ്റീസ് ഒക്കെ ഒന്ന് മാറ്റിവെച്ച്, പരസ്പരം കണ്ണിൽ നോക്കി സംസാരിക്കാനും, ചിരിക്കാനും, വഴക്കിടാനും, ഒരുമിച്ച് ഒരു ചായ കുടിക്കാനും ഉള്ള സമയം. അതാണ് ഒരു ബന്ധത്തെ പുതുമയോടെയും കരുത്തോടെയും നിർത്തുന്നത്. നമ്മൾ സന്തോഷത്തോടെ ഇരുന്നാൽ മാത്രമേ വീടും കുട്ടികളും കൂടുതൽ സന്തോഷത്തോടെ ഇരിക്കൂ.
മക്കളെ സ്നേഹിക്കുക, അവർക്ക് വേണ്ടി ജീവിക്കുക . അതേസമയം “നമ്മൾ രണ്ടുപേരും” എന്നൊരു ലോകം കൂടി ബാക്കി വെയ്ക്കുക. അതിൽ വലിയ കുറ്റബോധം തോന്നേണ്ട ആവശ്യമൊന്നുമില്ല. ഒരുപക്ഷേ രണ്ടുദിവസം അകന്നു നിന്ന് തിരികെ വരുമ്പോൾ, മക്കളെ കൂടുതൽ സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ നമുക്ക് പറ്റിയെന്നും വരാം…
#Parenting #CoupleTime #FamilyFirst #Marriage
Aswathy Joy Arakkal

