എടാ ചെനെ,
കൂട്ടക്ഷരങ്ങൾ എന്ന കൂട്ടായ്മയിൽ, പ്രിയപ്പെട്ടവർക്ക് എഴുത്തെഴുതാൻ ഒരു അവസരം വന്നപ്പോൾ, ആദ്യം ഓർത്തത് നിന്നെയാണ്.
നമ്മൾ കളിക്കൂട്ടുകാർ ആയിരുന്നെങ്കിലും കാലം മാറുന്നതിനനുസരിച്ച് നമ്മളിൽ മാറ്റങ്ങൾ ഒത്തിരി ഏറെ വന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ നീ എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്താണ് എന്നത് ഞാൻ മറന്നു കഴിഞ്ഞിരുന്നു,..!
പക്ഷേ സന്തോഷം എന്തെന്നാൽ പ്രിയപ്പെട്ട സുഹൃത്തിന് എഴുത്ത് എഴുതാൻ ഒരു അവസരം ലഭിച്ചപ്പോൾ ഞാൻ ആലോചിച്ച കൂട്ടുകാരിൽ ഏറ്റവും ആദ്യത്തെ ആൾ നീ തന്നെയാണ്.
കാലം സംസാരവും, ഇടപെടലുകളും, എന്തിനേറെ നമ്മളുടെ ചിരി തന്നെ മാറ്റിക്കളഞ്ഞിരിക്കാം, എന്നാലും ഉള്ളിന്റെ ഉള്ളിൽ കോറിയിട്ട സ്നേഹത്തിന്റെ ലിഖിതങ്ങൾ ഒരു പുരാവസ്തു ശേഷിപ്പ് എന്നപോലെ ഏറ്റവും വിലപ്പെട്ടതായി,നിന്റെ പേരായി തെളിഞ്ഞു വന്നപ്പോൾ അറിയാതെ എന്റെ ഉള്ളം സ്നേഹത്താൽ തളിർത്തു.
പെട്ടെന്ന് ഞാൻ എന്റെ പഴയകാല ഓർമ്മകളിൽ നിന്റെയും കൈപിടിച്ച് ഒത്തിരി ഏറെ നടന്നു….
ആ കാലം…!!
മനോഹരമായ ആ കാലം ഇനിയും തിരിച്ചുവരുമെങ്കിൽ, ചൂണ്ടയിടാനും ആടുമേയ്ക്കാനും, ചെരുപ്പുകൊണ്ട് ടയർ വെട്ടി വണ്ടി ഉണ്ടാക്കി കളിക്കാനും, ക്രിക്കറ്റ് കളിക്കാനും, മുങ്ങി നീന്താനും അങ്ങനെ എല്ലാത്തിനും ഞാൻ നിന്റെ കൈ ആയിരിക്കും പിടിക്കുക.
നീ ശരിക്കും എത്ര പാവമായിരുന്നു..!! എന്റെ കുരുത്തംകെട്ട മറ്റു കൂട്ടുകാരിൽ നിന്നും നീ എന്നും വ്യത്യസ്തനായിരുന്നു.
ഞങ്ങൾ ഇപ്പോഴും പറയാറുണ്ട് നമ്മളുടെ കൂട്ടത്തിൽ ഏറ്റവും പാവം പിടിച്ച
നീ മാത്രം ഇതെങ്ങനെ മാറിപ്പോയി എന്ന്.
ഒരിക്കലും അത് നിന്റെ തെറ്റായിരിക്കില്ല പക്ഷേ അതുകൊണ്ടല്ലാമായിരിക്കാം ഞങ്ങൾക്ക് നിന്നെ നഷ്ടമായത്.
നിന്റെ കഷ്ടപ്പാട് കൊണ്ട് നീ നേടിയെടുത്തതെല്ലാം നീ നഷ്ടപ്പെടുത്തി. ജീവിതം ആസ്വദിച്ച് ആഘോഷിച്ച്
ജീവിക്കാവുന്ന നീ ലക്ഷ്യമില്ലാതെ പൊട്ടിയ പട്ടം പോലെ ഇങ്ങനെ പറക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല ഡാ.
എടാ ചെനെ….
നിന്നെ ഞങ്ങൾക്ക് ഞങ്ങളുടെ കൂട്ടത്തിൽ വേണമെടാ
ആ പഴയ നല്ല ചെക്കനായി.
എന്തു പറ്റിയെടാ നിനക്ക്…?
നമ്മളെല്ലാവരും മദ്യം ഉപയോഗിക്കുന്നവരാണ്, പക്ഷേ ഇതുപോലെ ആസക്തിക്ക് അടിമപ്പെട്ട് ജീവിതം നശിപ്പിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നട.
നിന്റെ ഈ അവസ്ഥയിൽ നിന്റെ വീട്ടുകാർക്ക് മാത്രമല്ല നമ്മുടെ നാട് മുഴുവനും വിഷമിക്കുന്നുണ്ട്, പക്ഷേ ആർക്കും അത് നിന്നോട് പറഞ്ഞു തിരുത്തുവാനുള്ള ധൈര്യം ഇല്ല.
അത് നിന്നെ പേടിച്ചിട്ടല്ല അതിനായി ഉള്ള ഉപദേശം പോലും നിന്നെ വേദനിപ്പിക്കും എന്നോർത്തിട്ടാണ്.
ഞങ്ങൾക്ക് എല്ലാവർക്കും നിന്നെ അത്രമാത്രം ഇഷ്ടമാണ്.
നീ ഈ മദ്യാസക്തി ഉപേക്ഷിച്ച് പഴയ മിടുക്കനായി ഞങ്ങളിലേക്ക് വാടാ…
ഞങ്ങളെല്ലാവരും നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്,
അങ്ങനെ നഷ്ടപ്പെടുത്തി കളയേണ്ട ഒരു ബന്ധം ആണോടാ നമ്മളുടെ…?
അപ്പച്ചന്റെ സൈക്കിളിൾ ഹെഡ് ലൈറ്റിന്റെ വയർ, എന്റെ ഇൻസ്ട്രുമെന്റ് ബോക്സിൽ ഫിറ്റ് ചെയ്ത്, എന്റെ വീട്ടിൽ ഫോൺ കിട്ടി എന്ന് പറഞ്ഞ് പ്ലഗ്ഗിൽ കുത്തി നിന്റെ കയ്യിൽ തന്നതും, നീ ചെവിയിലേക്ക് വച്ചപ്പോൾ ഞാൻ സ്വിച്ച് ഓൺ ചെയ്തതും, നിന്നെ കരണ്ട് അടിച്ചത് കൊണ്ട് എന്നെ തല്ലാൻ ഓടിച്ചതും.. അങ്ങനെ ഒത്തിരി ഓർമ്മകൾ പങ്കുവയ്ക്കാൻ ഇനിയും നീ വരുമെന്ന് പ്രതീക്ഷയിൽ നിർത്തട്ടെ.
എന്ന് നിന്റെ ചങ്ക് ഞൊണ്ടൻ.


1 Comment
നല്ലെഴുത്ത്.👌👏♥️