ഞാനും മാധവി അമ്മയും.
എന്നെ ഒരുപാട് എടുത്തുകൊണ്ടു നടന്നിട്ടുള്ള ആളാണ്, ഇപ്പോൾ മാധവി അമ്മയേക്കാൾ പൊക്കം എനിക്കുണ്ട്. പൊക്കം മാത്രം.
കുറച്ചു നാൾ മുമ്പ്, ഈ ചിത്രം എടുക്കുന്നതിനൊക്കെ ഒരുപാട് മുമ്പ്, ഒരിക്കൽ എന്നോട് ചോദിച്ചു.
കൊച്ചെ, അച്ഛൻ മരിച്ചപ്പോൾ നീ എന്തൊക്കെയോ ഞങ്ങളെ കുറിച്ച് എഴുതി എന്ന്, പിള്ളേരൊക്കെ പറയുന്നത് കേട്ടല്ലോ. നേരാണോ ?
നേരാണ്, ഞാൻ പിന്നെ ആരെ കുറിച്ച്, എന്ത് എഴുതുവാനാണ്. ബാല്യ കാല ഓർമ്മകളിൽ മാത്രമല്ലെ സത്യം ഉള്ളു. പിന്നുള്ളതെല്ലാം കള്ളം അല്ലെ.
കള്ളം എഴുതിയാൽ.
എന്നാലും കുഞ്ഞേ, നിനക്ക് അതിനൊക്കെ ഉള്ള കഴിവും പ്രാപ്തിയും ഒക്കെ ഉണ്ടോ, എനിക്ക് അത്ര വിശ്വാസം പോരാ. ഇനി അവളെങ്ങാനും നീ പറഞ്ഞു കൊടുത്തിട്ട്?
ഈ കാലത്തു അക്ഷരം വായിക്കാൻ മാത്രം അറിയാവുന്ന ആർക്കും എഴുതാൻ കഴിയും എന്ന്, എന്തോ ഞാൻ പറഞ്ഞില്ല. ഞാൻ എന്ത് പറഞ്ഞാലും അവരാരും വിശ്വസിക്കില്ല. എനിക്ക് മാത്രം കാണാൻ പറ്റാതെ എന്റെ നെറ്റിയിൽ എന്തോ, എഴുതിയിട്ടുണ്ട്, വള്ളിക്കെട്ടാണെന്നു.
ഈ മാധവി അമ്മയുടെ മൂത്ത മരുമകൾ സരസമ്മ ആന്റി, ഇപ്പോൾ കല്ലറയിൽ ആണ് താമസം. കുറച്ചു നാൾ മുമ്പ് നിറയെ ആളെയും കയറ്റി കല്ലറ കുരിശുപള്ളിയിൽ വണ്ടി ചവുട്ടി, എതിർ വശത്തു നിന്നു, എടാ കൊച്ചെ, നോക്കി സൂക്ഷിച്ചു ഓടിക്കണേ കല്ലും മണ്ണും അല്ല. വണ്ടി നിറച്ചു ആളുകളാണ്, അതും എന്റെ നാട്ടുകാർ.
നല്ല ഒച്ചയിൽ. നോക്കുമ്പോൾ സരസമ്മ ആന്റി. ഞങ്ങൾ അങ്ങനൊക്കെ ആണ്. ഉള്ളത് ഉള്ളത് പോലെ പറയും.
എന്നെ നല്ല വിശ്വാസം ആണ് എന്റെ അയൽക്കാർക്ക്. വന്നാൽ വന്നു, പോയാൽ പോയി ഇതാണ് എന്റെ ഒരു ലൈൻ. എന്നാണ് ഇവരൊക്കെ പറയുന്നത്.
ഞാൻ വിളിച്ചു വാ ഫ്രീ ആയി പാലായിക്ക് പോകാം, അവിടെ പോയി ഒരു ചായ കുടിച്ചിട്ട് തിരിച്ചു പോരാം.
ഏതോ ഒരു അമ്മാവന്റെ ശവദാഹത്തിന് പോകാൻ നിൽക്കുവാ,
വിളിച്ചു പറഞ്ഞു അത് നീട്ടി വെക്കു.
ജീവിച്ചു ഇരുന്ന കാലത്തോളം ഒരു ഉപകാരവും ഉണ്ടായിട്ടില്ല, അവസാനമായി ഒന്ന് കണ്ടേക്കാം, അത് കൊണ്ട്.
ഇത്രയും ആയപ്പോൾ, നന്ദു (കണക്കപ്പിള്ള )ആളിനിടയിലൂടെ നുഴഞ്ഞു കയറി വന്നു, ഒന്നുകൂടി പറഞ്ഞു 8. 15 പ്രാവട്ടം, 8. 30,ഏറ്റുമാനൂർ, 8. 45 കിടങ്ങൂർ 8. 55 ചേർപ്പുങ്കൽ ഒറ്റ ശ്വാസത്തിൽ. രാവിലെ മുതൽ എന്നെ ഓർമിപ്പിക്കുന്നുണ്ട്. സംസാരം മൂത്താൽ, അവനറിയാം പുറകെ വരുന്ന വണ്ടിയുമായി. അവൻ തന്നെ പട വെട്ടണം.
സംസാരം പിന്നെ അധികം നീട്ടിയില്ല.
ഇതൊക്കെ ആണ് എന്റെ ഓരോ ദിവസങ്ങളും. കാഴ്ചകളും, അനുഭവങ്ങളും.
ഇന്ന് ഓണം ആണ്.
എന്തോ രാവിലെ വണ്ടിയിൽ പോകാൻ തോന്നിയില്ല. ചുമ്മാ ഫോണിൽ നോക്കിയപ്പോൾ മാധവി അമ്മയുടെ ഫോട്ടോ കണ്ടു. ഇളയ മരുമകൾ എടുത്തതാണ്, കഴിഞ്ഞ പെരുന്നാളിന് ചെന്നപ്പോൾ.
ഇവരെ ഒക്കെ നേരിട്ട് കാണുമ്പോൾ ആണ് ഞാൻ കുറെ പൊക്കം വച്ചു എന്നെ ഉള്ളു, ഇപ്പോളും ആ മൂന്നും നാലും വയസുള്ള കൊച്ചു കുട്ടിയാണ് എന്ന് എന്നെ ഓർമിപ്പിക്കുന്നത്,
കാരണം ഇവരാരും കള്ളം പറയാറില്ല. ഉള്ളത് ഉള്ളത് പോലെ പറയും.
അത് കൊണ്ട് ഞാനും ഇപ്പോൾ വലിയ അഭ്യാസങ്ങൾ ഒന്നും കാണിക്കാറില്ല.
എന്നെ അറിയാവുന്നവർക്കറിയാം, പിന്നെ ഒരു കുഞ്ഞു ജീവിതം അല്ലെ. അത് ആടി തീർക്കുവാൻ ഒരുപാട് അഭ്യാസങ്ങൾ ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് ഇങ്ങനെ ഒക്കെ അങ്ങു.
എല്ലാവർക്കും ഓണാശംസകൾ ❤️❤️
താങ്ക്സ്.


