കിടക്കപ്പായേൽ നിന്നെഴുന്നേറ്റു വന്നപ്പോഴേ കണി കാണാൻ പാകത്തിൽ ഗേറ്റിന്റെ അടുത്തു നിൽക്കുന്ന ആളെ കണ്ടതും മുറ്റത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു.
‘ജോഷി ചേട്ടൻ. ‘
“ചേട്ടാ.. എപ്പോഴാ എത്തിയത്?”
“ഇന്നലെ വൈകുന്നേരമായെടാ.. രാവിലെ തന്നെ നിന്നെ കാണാൻ എത്തി”
കുശല പ്രശ്നങ്ങൾക്കൊടുവിൽ ജോഷി ചേട്ടൻ പറഞ്ഞു, “എടാ.. പ്രീതിയുടെ കല്യാണത്തിന് നമുക്കൊരുമിച്ചു പോകാം.”
ഞാൻ തല ചൊറിഞ്ഞു.
“ചേട്ടാ.. ഞാൻ വരണോ? നിങ്ങൾ ബന്ധുക്കളെല്ലാവരും കൂടി പോകുമ്പോൾ ഞാനെങ്ങനാ?”
“അതെന്താടാ? ജ്യോതിച്ചേച്ചി നിന്നെ വിളിച്ചില്ലേ? എന്നോടു പറഞ്ഞത് വിളിച്ചെന്നും നീ തീർച്ചയായും വരുമെന്നുമാണല്ലോ?”
“അയ്യോ അതൊന്നുമല്ല.. ചേച്ചി കാര്യമായി തന്നെ വിളിച്ചു. നിങ്ങളൊക്കെ നേരത്തെ തന്നെ പോകുകേലെ.. ഞാൻ അത്രയും ദിവസം എങ്ങനെ ഇവിടുന്നു മാറി നിൽക്കും?”
“എടാ… വീട്ടിലുള്ളവരെ നേരത്തെ വിട്ടിട്ടു, നമുക്കൊരുമിച്ചു അന്നു വെളുപ്പിനെ ഇവിടെ നിന്നു പോയാലോ?”
അവസാനം ജോഷി ചേട്ടന്റെ നിർബന്ധത്തിന്റെ മുന്നിൽ ഞാൻ വഴങ്ങി.
പിറ്റേന്ന് വെളുപ്പിനു തന്നെ ഞങ്ങൾ ഒരു ഫാസ്റ്റിൽ കയറിപ്പറ്റി.
“പണ്ടത്തെ നമ്മുടെ കല്യാണ ഉത്സവങ്ങൾ നിനക്കോർമ്മയുണ്ടോടാ? അന്യനാട്ടിൽ നമ്മൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ആ ഓർമ്മകൾ ആടാ.” ജോഷിചേട്ടൻ വാചാലനായി.
“ചേട്ടാ… ഇപ്പോൾ ഇവിടെ പഴയ രീതി ഒന്നുമല്ല. ഭക്ഷണം ഏതെങ്കിലും കാറ്ററിംഗ് ഗ്രൂപ്പിനെ എൽപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ പണ്ടത്തെ പോലെ ബന്ധുക്കളും നാട്ടുകാരും ഒക്കെ ചേർന്നു തലേദിവസം ഉറക്കിളച്ചു പാചകം ചെയ്യലും ആഘോഷിക്കലും ഒന്നും ഇല്ല”
“എനിക്കറിയാമെടാ.”
ജോഷി ചേട്ടൻ തുടർന്നു.
“ഏറ്റവും അടുത്ത ബന്ധുക്കൾ അല്ലാതെ ആരും കല്യാണവീട്ടിലേക്കു എത്തി നോക്കാറു പോലുമില്ലെന്നും അറിയാം”
“അതേ ചേട്ടാ.. ആളുകൾ കഴിവതും കൃത്യ സമയത്തു ഹാളിൽ എത്തുകയെ ഉള്ളു. ഒന്നോർത്താൽ കല്യാണം നടത്തുന്നവർക്കും ക്ഷണിക്കപ്പെട്ടവർക്കും അതാണ് സൗകര്യം”
ഒന്നും രണ്ടും പറഞ്ഞിരിക്കുന്ന സമയത്തു ജോഷി ചേട്ടൻ പെട്ടെന്നോർത്ത പോലെ പറഞ്ഞു..
“എടാ, ഇന്നിപ്പോൾ അളിയൻ പരിചയമുള്ള ഒരു വെപ്പുകാരനെ വിളിച്ചു ഹാളിന്റെ സൈഡിൽ പ്രത്യേകം സൗകര്യം ഒക്കെ ശരിയാക്കിയാണ് മട്ടൺ ബിരിയാണി ഉണ്ടാക്കിയ്ക്കുന്നത്”
“ഏ… അതെന്താ?”
‘ഓ… അളിയൻ തമിഴ്നാട് ബോർഡറിൽ കുറച്ചുകാലമുണ്ടായിരുന്നു. അപ്പോൾ നല്ല ഇനം ആടുകളെ കിട്ടുന്നിടമൊക്ക അറിയാം”
“അങ്ങനെ വെപ്പുകാരനെയും കൂട്ടി പോയി ഏതോ നല്ല ഇനം ആടിനെ തെരഞ്ഞു പിടിച്ചു കൊണ്ടു വന്നാണ് സ്പെഷ്യൽ മട്ടൺ ബിരിയാണി ഉണ്ടാക്കിക്കുന്നത്.”
“ആഹാ.. കൊള്ളാമല്ലോ.. ഒരു ‘പിടി’ പിടിക്കണം.. സ്പെഷ്യൽ മട്ടൺ ബിരിയാണി… ഉം. കേൾക്കാൻ നല്ല സുഖം.” ഞാൻ പറഞ്ഞു.
ഞങ്ങൾ ഒന്നു മയങ്ങി ഉണർന്നപ്പോഴേക്കും ബസ് ബസ്സ്സ്റ്റേഷനിൽ എത്തിയിരുന്നു. ഒരു ഓട്ടോയിൽ ഞങ്ങൾ കല്യാണവീട്ടിലേക്കു തിരിച്ചു.
“ഇന്നലേ പുറപ്പെട്ടവരൊന്നും എണീറ്റിട്ടു പോലുമില്ലന്നാ തോന്നുന്നത്. മുൻവശത്തൊന്നും ആരെയും കാണുന്നില്ലല്ലോടാ”
“അല്ല.. ഇതൊരു കല്യാണവീടല്ലേ.. ആളും അനക്കവും ഒന്നുമില്ലല്ലോ” ജോഷി ചേട്ടൻ ആശങ്കപ്പെട്ടു.
പ്രസന്നവതിയായി ഇറങ്ങി വന്ന ജ്യോതി ചേച്ചിയിൽ നിന്നും അപ്പോൾ തന്നെ കൃത്യം മറുപടി എത്തി.
“ഒരേ ഒരു അമ്മാച്ചൻ ഉള്ളതിന്റെ മുഖം പോലും ഇപ്പോഴാ കണ്ടത്… പിന്നെ എങ്ങനാടാ ഇതൊരു കല്യാണവീടാന്നു തോന്നുന്നേ?”
“വിജുവേ… നീയും ഇപ്പോഴാണോ എത്തിയേ?” ചേച്ചി എന്നെയും വെറുതെ വിട്ടില്ല.
ഞാൻ ഒന്നു മന്ദഹസിച്ചു.
“അത് പിന്നെ അളിയൻ അല്ലേ പറഞ്ഞേ എല്ലാം സെറ്റാക്കി വെച്ചേക്കുവാന്ന്. ഇന്നലേം ചോദിച്ചതല്ലേ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ നേരത്തേ എത്താമെന്ന്..”
ജോഷി ചേട്ടന്റെ മറുപടിയിൽ ജ്യോതി ചേച്ചി ഒന്നു പുഞ്ചിരിച്ചു.
“ചേച്ചീ… വീട്ടിൽ നിന്നും കാലേ കൂട്ടി പുറപ്പെട്ടവരൊന്നും ഇവിടെത്തിയില്ലേ?അവരേം കാണുന്നില്ലല്ലോ?'”
“എല്ലാരും കൂടി ബ്യൂട്ടി പാർലറിൽ പോയേക്കുവാടാ.. ‘
“നിങ്ങൾ വാ.. വന്നു കാപ്പി കഴിച്ചിട്ട് തയ്യാറാക്”
പള്ളിയിലേക്ക് ജോഷി ചേട്ടന്റെ വണ്ടിയിൽ ആണ് പോയത്. മിന്നു കെട്ടു കഴിഞ്ഞതും എന്നെയും വിളിച്ചു ജോഷി ചേട്ടൻ ഹാളിലെ ഒരുക്കങ്ങൾ നോക്കാനായി അങ്ങോട്ടേക്ക് പാഞ്ഞു. അളിയന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആണ് സ്റ്റേജ് ഡെക്കറേഷനും മറ്റും ഏറ്റിരുന്നത്. എല്ലാം ഭംഗിയായി സെറ്റ് ചെയ്തിരിക്കുന്നു. അടുത്തും അകലെയും നിന്നു എല്ലാം നോക്കി ഞങ്ങളും തൃപ്തിപ്പെട്ടു.
അപ്പോഴേക്കും പെണ്ണും ചെറുക്കനും ഹാളിലേക്ക് ആനയിക്കപ്പെട്ടു. അവർ സ്റ്റേജിലേക്കു കയറാൻ തുടങ്ങുമ്പോൾ ജോഷി ചേട്ടൻ എന്റെ തോളിൽ തട്ടി വെപ്രാളത്തോടെ പറഞ്ഞു.
“എടാ… കേക്ക് മുറിക്കാൻ ഉള്ള കത്തി കാണുന്നില്ലെന്നു ചേച്ചി പറയുന്നു. എന്തു ചെയ്യുമെടാ?”
മുഖമുയർത്തി സ്റ്റേജിലേക്കു നോക്കി. ചേച്ചി വിറങ്ങലിച്ചു നില്കുന്നു. പെട്ടെന്ന് ഒരാശയം തോന്നി.
വേഗം വെപ്പുകാരന്റെ അടുത്തേക്കു ചെന്നു. ഒന്നോടിച്ചു നോക്കിയപ്പോൾ സാമാന്യം ഭംഗിയുള്ള ഒരു കത്തി കണ്ടു. അവരോടു പറഞ്ഞിട്ട് അതുമായി പുറത്തുകടന്നു.
വരുന്ന വഴി അലങ്കാരത്തിനു വെച്ചിരുന്ന പൂക്കളുടെ തണ്ടിൽ ചേർത്തു വെച്ചിരിക്കുന്ന ചുമന്ന ലേസ് പൊട്ടിച്ചെടുത്തു കത്തിയുടെ പിടിയിൽ ചേർത്തു കെട്ടി ഭംഗിയാക്കി ചേച്ചിയെ ഏൽപ്പിച്ചു.
വിടർന്ന കണ്ണുകളോടെ നന്ദി സൂചകമായി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ചേച്ചി കത്തിയുമായി പോയി.
ജോഷി ചേട്ടൻ എന്റെ തോളിൽ മൃദുവായിഒന്നു തട്ടി.
ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്ന ഒരു മധ്യ വയസ്കൻ എന്നെ ചൂണ്ടി “ഇതാരാ” എന്നു ജോഷി ചേട്ടനോടു ചോദിച്ചു.
ഒഴുക്കൻ മട്ടിൽ “ഞങ്ങളുടെ ഒരു ബന്ധുവാ” എന്നു പറഞ്ഞ ജോഷി ചേട്ടൻ എന്നെ പിടിച്ചു കൊണ്ടു അവിടെ നിന്നും മാറി നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഞങ്ങളുടെ പുറകിൽ വന്നിട്ട് എന്നോടു പറഞ്ഞു..
“മോനെ നീ മിടുക്കനാ. നീ എന്നെ പോലാ.. ഞാനും നിന്റെ പ്രായത്തിൽ ഇങ്ങനായിരുന്നു. നല്ല ചുറു ചുറുക്ക്.. നീ ആടാ ആൺകുട്ടി”.
ജോഷി ചേട്ടൻ എന്റെ ചെവിയിൽ മൊഴിഞ്ഞു.
“എടാ തല വെച്ചു കൊടുക്കല്ലേ… അളിയന്റെ ഒരു കൊച്ചപ്പനായിട്ട് വരും.. നല്ല വെള്ളമാ… പുള്ളിയുടെ വീരകൃത്യങ്ങൾ മുഴുവൻ പാടിയിട്ടേ ഇന്നു നിന്നെ വിടുകയുള്ളു”
കൊച്ചപ്പന്റെ പിടിയിൽ നിന്നും എന്നെ രക്ഷിച്ചു കൊണ്ടു ജോഷി ചേട്ടൻ സ്റ്റേജിന്റെ അടുത്തോട്ടു പോയി.
സ്റ്റേജിലെ ചടങ്ങുകൾ അവസാനിച്ചപ്പോൾ ജോഷി ചേട്ടൻ പറഞ്ഞു.
“എടാ… എളുപ്പം ഭക്ഷണം കഴിഞ്ഞിട്ടു നമുക്കു ചേച്ചിയുടെ വീട്ടിലോട്ടു പോണം. കെട്ടി കേറീട്ടു വരനും കൂട്ടർക്കും പെണ്ണിനേയും കൊണ്ടു നേരത്തേ പോകണമെന്ന് പറയുന്നു. വൈകുന്നേരം അവരുടെ നാട്ടിൽ റിസപ്ഷൻ ഒരുക്കിയിട്ടുണ്ടെന്ന്… അവർ എത്തുന്നതിനു മുമ്പുള്ള ചില ഒരുക്കങ്ങൾ വീട്ടിൽ നടത്താനുണ്ട്.
ഞാൻ സമ്മതിച്ചു “ചേട്ടൻ എവിടേലും ഇരുന്നോ.. ഞാൻ കൈ കഴുകീട്ടു വരാമെന്നു” പറഞ്ഞു മുന്നോട്ടു പോയ എന്റെ മുന്നിൽ പെട്ടെന്നു ജ്യോതി ചേച്ചി പ്രത്യക്ഷപ്പെട്ടു.
“എടാ.. ജോഷി എവിടെ പ്പോയി? അച്ചനെ ഒന്നു കൊണ്ടു വിടണമായിരുന്നു. അദ്ദേഹത്തിന് എന്തോ അത്യാവശ്യമുണ്ടെന്ന്.”
“അതിനെന്താ ചേച്ചി ഞാൻ കൊണ്ട് വിട്ടിട്ടു വരാം. ജോഷിചേട്ടനോടൊന്നു പറഞ്ഞേക്കണേ”
അച്ചനെ കൊണ്ടു വിട്ടിട്ടു വന്നപ്പോൾ അവസാന പന്തി തുടങ്ങിയിരുന്നു. കൈ കഴുകി ചെന്നപ്പോൾ ഒരു സപ്ലൈർ വന്നു പറഞ്ഞു ” ചേട്ടാ.. ബിരിയാണി തീർന്നു പോയി.. ചോറിരിപ്പുണ്ട്. അതെടുക്കട്ടെ.”
സത്യത്തിൽ വെയിലത്തുള്ള അലച്ചിലു കാരണം വിശപ്പു കെട്ടു പോയിരുന്നു. എന്തെങ്കിലും കുറച്ചു കഴിച്ചിട്ടു വീട് പറ്റാം എന്നോർത്ത് പറഞ്ഞു..
“മതി.. എടുത്തോളൂ”
ചോറു കഴിച്ചു പകുതിയായപ്പോഴേക്കും എന്റെ പ്ലേറ്റിലൊരു പിടി വീണു.
നോക്കിയപ്പോൾ അളിയന്റെ ചിറ്റപ്പൻ.. നല്ല ഫോമിലാണ്..
“മോനെ നീ എന്താ ബിരിയാണി കഴിക്കാത്തേ? ഇത്രയും നല്ല മട്ടൺ ബിരിയാണി എന്റെ ഇത്രേം നാളത്തെ ജീവിതത്തിൽ ഞാൻ കഴിച്ചിട്ടില്ല. എന്റെ ചേട്ടന്റെ മോൻ ആരാ… അവൻ പുലിയല്ല്യോ… എന്നിട്ടു നീ അതു കഴിക്കാതിരിക്കാനോ?… ഞാൻ സമ്മതിക്കൂല്ല”
“എടാ… കൊച്ചനേ.. ഒരു പ്ലേറ്റ് ബിരിയാണി ഇവിടെ കൊടുക്ക്”
സപ്ലൈർ പയ്യൻ വിനയാന്വിതനായി മൊഴിഞ്ഞു.
“ചേട്ടൻ ക്ഷമിക്കണം.. ബിരിയാണി കഴിഞ്ഞു”
“താനെന്തുവാടോ പറയുന്നത്? എവിടെ നിന്റെ മുതലാളി? അവനെ വിളിക്ക്.. എനിക്കൊന്നു ചോദിക്കണം”
കൊച്ചപ്പൻ കത്തിക്കയറുകയാണ്.. അവിടെയും ഇവിടെയും നിന്നിരുന്ന കുറച്ചുപേർ അങ്ങോട്ടേക്കു വരുന്നതുകണ്ട ഞാൻ സൂത്രത്തിൽ സ്ഥലം കാലി യാക്കാനായി എഴുന്നേറ്റു. പെട്ടെന്നു കയ്യിൽ ഒരു പിടി വീണു.
“മോൻ കഴിക്കാതെ പോകാനോ? ജ്യോതിയുടെ അടുത്ത ബന്ധുവിനെ അപമാനിച്ചു വിടാൻ ഈ ഞാൻ സമ്മതിക്കുമോ?”
ആളുകളുടെ കുശുക്കലുകളുടെയും പ്രധാന പാചകക്കാരന്റെ ഇടപെടലുകളുടെയും ഇടയിൽ എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്റെ മുമ്പിലേക്ക് ഒരു പ്ലേറ്റ് ബിരിയാണിയും മറ്റു ഉപ വിഭവങ്ങളും ആ ഘോഷപൂർവം കടന്നു വന്നു.
പാചകക്കാർ അവർക്കു കഴിക്കാനായി എടുത്തു വെച്ചതിൽ നിന്നും കൊണ്ടു വന്നതാണെന്ന് ആരോ പറയുന്നതു കേട്ടു.
ആകെ കൂടി ബിരിയാണി കഴിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നെകിലും അവിടെ നിന്നും തലയൂരാനുള്ള വെപ്രാളത്തിൽ കുറച്ചു ബിരിയാണി കഴിച്ചെന്നു വരുത്തി ഞാൻ പുറത്തു കടന്നു.
ജ്യോതി ചേച്ചിയുടെ വീട്ടിലേക്കു ചെന്നപ്പോൾ. കല്യാണപാർട്ടി ഇറങ്ങാൻ തുടങ്ങുന്നു. ജോഷി ചേട്ടൻ ഓടി വന്നു.
” എടാ നീ വല്ലതും കഴിച്ചോടാ.”
“കഴിച്ചു ചേട്ടാ. ഇവരിറങ്ങി കഴിഞ്ഞു നമുക്കും വിട്ടാലോ. ഒത്തിരി ദൂരം പോകാനുള്ളതല്ലേ”
“പോകാമെടാ.”
തിരിച്ചു പോരുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഞാനായിരുന്നു.
എടാ.. ബിരിയാണി എങ്ങനെയുണ്ടായിരുന്നു? ഇഷ്ടപ്പെട്ടോ.. ജോഷി ചേട്ടന്റെ അന്വേഷണം കേട്ടപ്പോൾ എന്തെക്കെയോ മനസ്സിൽ തികട്ടി വന്നെങ്കിലും പറഞ്ഞത് ഇങ്ങനെയാണ്..
“നല്ലതായിരുന്നു..”
“എല്ലാവരും അളിയനെ വാനോളം പുകഴ്ത്തുന്നത് കേട്ടു. പുള്ളി ആനന്ദ സാഗ രത്തിൽ ആറാടുകയല്ലായിരുന്നോ? ” ജോഷി ചേട്ടൻ പറഞ്ഞു.
ഞാൻ പ്രത്യേകിച്ചൊന്നും പറയാഞ്ഞതുകൊണ്ടാവും ആ വിഷയം ആരും സംസാരിച്ചില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ജോഷിചേട്ടനുൾപ്പടെ എല്ലാവരും നല്ല ഉറക്കം.
ഉറങ്ങിക്കോട്ടെ… ഞാനും വിചാരിച്ചു..
വീട്ടുമുറ്റത്തേക്ക് വണ്ടി നിർത്തി എല്ലാവരെയും വിളിച്ചെണീപ്പിച്ചു.
“ഏ… വീടെത്തിയോ?”ജോഷി ചേട്ടൻ..
” ഇരുട്ടിയല്ലോ… നിന്നെ ഞാൻ കൊണ്ടു വിടാ മെടാ..”
എല്ലാവരെയും വീട്ടിൽ ഇറക്കിയിട്ട് എന്നെ കൊണ്ടു വിടാനായി ജോഷിചേട്ടൻ വീണ്ടും വണ്ടിയിൽ കയറി..
പോകുന്ന വഴി ഒരു പാക്കറ്റ് എന്നെ ഏൽപ്പിച്ചു.
“ഇതെന്താ ചേട്ടാ?”
“തുറന്നു നോക്ക്”
എനിക്കു സന്തോഷം അടക്കാൻ പറ്റിയില്ല. ഒരു പുതിയ ഫോൺ.. ലീൻ&എലഗൻറ്.. എന്താ ഭംഗി..
“നീ ഫീച്ചേർസ് ഒക്കെ നോക്ക്.. ഇഷ്ടപ്പെട്ടോ.”
“ഉം.. ചേട്ടാ… ഇഷ്ട്ടായി”
“ഈ കമ്പനി യുടെ ഫ്ലാഗ്ഷിപ് മോഡൽ ആണ്. രണ്ടെണ്ണം വാങ്ങിച്ചു. ഒന്നു നിനക്കും ഒന്നെനിക്കും”
“എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി…”
“എന്തിനാ ചേട്ടാ ഇത്രയും വിലയുള്ള ഗിഫ്റ്റ്?”
ഒന്നും മിണ്ടാതെ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയിട്ട് ചേട്ടൻ വണ്ടി വിട്ടു പോയി
ഞാൻ സന്തോഷത്തോടെ വീട്ടിൽ കയറി.
ഗേറ്റ് അടച്ചേക്കാം എന്നു കരുതി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വയറ്റിൽ എന്തോ ഒന്നു ഉരുണ്ടുകയറുന്ന പോലെ തോന്നി. അടുത്ത സെക്കൻഡിൽ വലിയ ശബ്ദത്തോടെ ഒന്ന് ഓക്കാനി ച്ചു.. ഉടനെ തന്നെ ശർദ്ദിൽ തുടങ്ങി.
മുറ്റത്തെ ഒച്ച കേട്ടിറങ്ങി വന്ന അമ്മ കരഞ്ഞുകൊണ്ട് എന്റെ പുറം തടവാൻ തുടങ്ങി.
എന്തൊക്കെയോ എന്നോടു ചോദിക്കുകയും കരയുകയും ചെയ്യുന്ന അമ്മയോട് സംസാരിക്കാൻ പോലും സാധിക്കാതെ ശർദ്ദിക്കുന്ന ഞാൻ ഒരു വിധത്തിൽ കുഴപ്പമില്ല എന്നു ആംഗ്യം കാണിക്കുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
അമ്മ പെട്ടെന്നു നാരങ്ങാ വെള്ളം ഉണ്ടാക്കി എന്നെ കുടിപ്പിച്ചു.
വയറ്റിൽ ഉള്ളതെല്ലാം പുറത്തുപോയപ്പോൾ വലിയ ആശ്വാസം തോന്നി.
“ജോഷിയെ വിളിച്ചാലോടാ.. മോനെ. എന്തായാലും ഒന്നു ആശുപത്രിയിൽ പോകാം.. എന്തൊരു ശർദ്ദിലായിരുന്നു”
അമ്മ ആശങ്കപ്പെട്ടു.
“വേണ്ടമ്മേ. ഇപ്പോൾ ആശ്വാസം ഉണ്ട്.. ഞാൻ ഒന്നു കിടക്കട്ടെ”
കിടക്കുമ്പോൾ അന്നത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിൽ വന്നു.. എവിടെയോ എന്തോ ഒരരുതായ്ക.. ആരോ ഒരു “പണിതന്നതല്ലേ “ന്നൊരു ശങ്ക മനസ്സിൽ മുള പൊട്ടി.
ഒരു വലിയ സന്തോഷം മൊബൈലിന്റെ രൂപത്തിൽ വന്നതു പോലും നിഷ്പ്രഭമായതു പോലെ…
ഓരോരോ ചിന്തകളിൽ മുഴുകി ഉറക്കത്തിലേക്ക് വീണു.
രാവിലെ തട്ടിയുണർത്തിയത് ജോഷി ചേട്ടനായിരുന്നു.
“എന്താടാ? എന്താ പറ്റിയത്?”
ഞാൻ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു.
ചിന്താകുലനായി ഇരുന്ന ജോഷി ചേട്ടൻ പറഞ്ഞു..
“എനിക്കും അങ്ങനാ തോന്നുന്നെ. ജ്യോതി ചേച്ചി തന്നയച്ച ബിരിയാണി ഇന്നലെ രാത്രിയിലും കൂടി ഞങ്ങൾ കഴിച്ചതാ. ആർക്കും ഒരു പ്രശ്നവും ഇല്ല”
“ഞാൻ ജ്യോതി ചേച്ചിയെ വിളിച്ചൊന്നു ചോദിക്കട്ടെ…”
“വേണ്ട.. ചേട്ടാ.. എന്തിനാ? പറ്റാനുള്ളത് പറ്റി. ഇനി ചോദ്യവും പറച്ചിലും ഒന്നും വേണ്ട”
“ആരെയും കുറ്റം പറയാൻ ഒക്കില്ല”
“പിന്നെ കൊച്ചപ്പന്റെ ഇന്നലത്തെ പെർഫോമൻസിൽ ബിരിയാണിയിൽ വിം ഇടാൻ പോലും തോന്നിപ്പോകും.. അത്ര ഗംഭീരമായിരുന്നു”
ജോഷിചേട്ടൻ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
ഞാൻ വീണ്ടും പറഞ്ഞു..
“ഭംഗിയായി കല്യാണം നടത്തിയതിന്റെ ചാരിതാർത്ഥത്തിൽ ഇരിക്കുന്നവരുടെ മനസ്സ് നമ്മളായി തകർക്കരുത്”
“ഓക്കേ… നീ പറഞ്ഞ പോലെ തന്നെ” ജോഷി ചേട്ടൻ ഒന്നടങ്ങി.
കുശല പ്രശ്നങ്ങൾക്കൊടുവിൽ ജോഷി ചേട്ടൻ യാത്ര പറഞ്ഞു പോകുമ്പോൾ പറഞ്ഞു..
” അടുത്ത പ്രാവശ്യം കാണാമെടാ.”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.”ജോഷിചേട്ടന്റെ ബന്ധത്തിലോ പരിചയത്തിലോ ഉള്ള ഏതെങ്കിലും കല്യാണം അടുത്തെങ്ങാനും ഉണ്ടോ?”
എന്നെ കെട്ടിപിടിച്ചുകൊണ്ടു ജോഷി ചേട്ടൻ പുഞ്ചിരിച്ചു.
“എന്തായാലും നീ ഇല്ലാതെ ഉള്ള കല്യാണം കൂടലിനു ഞാൻ ഇല്ലെടാ”
“എന്റെ വിധി.. അല്ലാതെന്താ?” ഞാനും വിട്ടില്ല.

