പാരമ്പര്യത്തിന്റെയും ആധുനീകതയുടേയും ചട്ടക്കൂട്ടിൽ സ്വകാര്യതയുടെ നിമിഷങ്ങളും പേറി കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകളും അയവിറക്കി മുരടിച്ചുപോയ വാർദ്ധക്യകാലത്തിന്റെ പേരാണോ”ഏകാന്തത”?
നമുക്ക് ചുറ്റുമുള്ള ലോകത്തെ തികഞ്ഞ ഗൗരവത്തോടെ നോക്കി കാണുന്ന, അല്ലെങ്കിൽ അതിനെ ശൂന്യമായ നോട്ടം കൊണ്ട് അളക്കുന്ന ആ നിമിഷത്തേയും ” ഏകാന്തത” എന്ന് വിളിച്ചുകൂടേ?
എന്തോ എനിക്കറിയില്ല. ഏകാന്തതക്ക് ചിറകുകളുണ്ട്, നിറമുണ്ട്, ഭാവമുണ്ട്, പരിമളമുണ്ട്, ജീവനുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. സാഹിത്യകാരന്മാർക്ക് അങ്ങിനെയൊക്കെ പറയാം.
“ഞാനില്ലാതെ ആസ്തിയില്ല” എന്നു പറഞ്ഞിരുന്ന ജീവിതസഖി എവിടേയോ പോയ്മറഞ്ഞു. അവശതകൾ ഏറെയുണ്ടെങ്കിലും ആ അദൃശ്യ സാന്നിദ്ധ്യം നുകർന്നുകൊണ്ട് ഓരോ ദിവസങ്ങളും തള്ളി നീക്കുമ്പോൾ ഇടയിൽ പെട്ടെന്നുണ്ടാകുന്ന ഒരു നിമിഷത്തെ വികാരമാണോ ” ഏകാന്തത” ? അതോ വൃദ്ധസദനത്തിൽ തള്ളാനുള്ള നിശ്ചയം വേണ്ടപ്പെട്ടവരെന്ന് നടിക്കുന്നവരിൽ നിന്ന് കേട്ടപ്പോൾ ഉണ്ടായ ചേതോവികാരമാണോ അത്? എന്നാൽ ആ തീരുമാനം നടപ്പിലാക്കുന്നതിന് അല്പം മുൻപ് ജീവിതസഖിയുടെ അദൃശ്യമായ വിലാപം ശ്രവിച്ച് , തന്നോട് ചേർത്തു നിർത്തുവാനുള്ള ആ കരങ്ങളുടെ ശക്തിയിൽ വലയം പ്രാപിച്ച് ആറടിമണ്ണിൽ വെറും ചാരമായി കൈലാസപാദം പൂകാനുള്ള വെമ്പലിൽ തന്റെ ഊഴവും കാത്തു കിടക്കുന്ന ഈ അവസ്ഥക്കാണോ “ ഏകാന്തത” എന്നു പറയുക? എന്തോ എനിക്കറിയില്ല.
അമ്മയുടെ ഗർഭപാത്രത്തിൽ കഴിയവെ ചില നേരങ്ങളിൽ ഏകാന്തത അനുഭവിച്ചിട്ടുണ്ടാകാം. പക്ഷെ ആ വാത്സല്യത്തിന്റെ ആ മനസ്സിന്റെ മധുരം പൊക്കിൾകൊടിയിലൂടെ ലഭിക്കുന്ന ആ നിമിഷങ്ങളിൽ ഏകാന്തത എവിടേയോ പോയി ഒളിച്ചിട്ടുണ്ടായിരിക്കാം. തീർച്ച. പൂർണ്ണവളർച്ചയെത്തി അമ്മയുടെ കരങ്ങളുടെ സ്നേഹവും സൗന്ദര്യവും തലോടലും അനുഭവിക്കാനും, അതൊന്ന് കാണാനും വേണ്ടിയുള്ള വെമ്പലിൽ ഏകാന്തത ചോർന്നു പോയിട്ടുണ്ടാകാം. ആ നിമിഷങ്ങളെ ” ഏകാന്തത” എന്നു വിളിക്കാൻ പറ്റില്ല, തീർച്ച.
വിശാലമായ ഈ ലോകത്തേക്ക് പിറന്നുവീണ നിമിഷത്തിൽ ഏതോ ഗർത്തത്തിൽ പെട്ട് ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോഴും ഏകാന്തത അനുഭവിച്ചിട്ടുണ്ടാകാം. എന്നാൽ പിന്നീട് ശൈശവം, ബാല്യം എന്നീ കാലഘട്ടങ്ങളിൽ ഏകാന്തതക്ക് സ്ഥാനമില്ല. എന്നാൽ കൗമാരദശയിൽ വീണ്ടും ശക്തിയോടെ തിരിച്ചു വരുന്ന ഏകാന്തത യൗവനകാലത്ത് കൂടുതൽ തീവ്രതയോടെ മനസ്സിനെ ആക്രമിക്കുന്നു.
ആഴവും ശക്തിയുമുള്ള മനസ്സിന്റെ ഇടനാഴികളെ അന്വേഷിച്ചു കൊണ്ടുള്ള ഒരു ത്വരയാണോ അക്കാലത്തെ ഏകാന്തത? എന്തോ എനിക്കറിയില്ല.
യൗവനകാലത്ത് ജീവിതരീതിക്ക് വ്യതിയാനം വരുകയും ജീവിതപങ്കാളിയോടൊത്ത് ദിവസങ്ങൾ പിന്നിടുകയും ചെയ്യുമ്പോൾ വീണ്ടും ഏകാന്തത എവിടേയോ പോയിയൊളിച്ചു. എങ്കിലും ചില നേരത്ത് പോയ്പോയ ആ അനുഭവം തിരിച്ചു വന്നിരുന്നുവോ? ജീവിതത്തിന്റെ കർത്തവ്യങ്ങളെല്ലാം നിറവേറ്റി ഇനി വിശ്രമിക്കാം എന്നു തോന്നിയ നേരത്ത് അനുഭവിച്ച ശൂന്യതക്കും ” ഏകാന്തത” എന്നു പറയാം.
“ഞാൻ ഒറ്റക്കാണ്, എനിക്കാരുമില്ല “എന്ന തോന്നലല്ല, ഏകാന്തത, മറിച്ച് “ഞാൻ ഒറ്റക്കാവാം, മറ്റാരും എനിക്ക് വേണ്ട ” എന്ന തോന്നലാണ് ഏകാന്തതയുടെ നിർവ്വചനം” എന്ന് മഹദ് വാക്യം. എന്തോ എനിക്കറിയില്ല.
ഞാൻ ജീവിക്കുന്ന ഈ ലോകം തണുത്ത് മരവിച്ചതാണ്. അത് എന്നെ മറ്റുള്ളവരിൽ നിന്ന് വെട്ടി മാറ്റി എന്റെ മാനസീകാവസ്ഥയെ വേദനപ്പെടുത്തി കൊണ്ടേയിരുന്നു. ഏകാന്തയുടെ ആഴം മനസ്സിലാക്കിയിരുന്ന ദിനങ്ങളാണ് പോയ്കൊണ്ടിരുന്നത്. “ഏകാന്തത” എന്ന മുഖംമൂടി സ്വയം അണിഞ്ഞ് തികച്ചും വേദനാജനകങ്ങളായ ഓർമ്മകളെ ആലിംഗനം ചെയ്ത് ഏതോ ഒരു ഗുഹക്കുള്ളിൽ കഴിഞ്ഞിരുന്ന ആ അവസ്ഥക്കാണോ “ഏകാന്തത” എന്ന പേർ യോജിക്കുക. എന്തോ എനിക്കറിയില്ല.
” നാം ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും ഒറ്റക്കാണ്. അതിനാൽ ഇനിയുള്ള കാലം സ്നേഹത്തിന്റേയും പങ്കുചേരലിന്റേയും കൂട്ടായ്മയിലൂടേയും മാത്രമെ നമുക്ക് ഏകാന്തത ഒഴിവാക്കാനാകൂ. ” എന്ന് നൂറു വട്ടം മരണശയ്യയിൽ ചെവിയിലോതിയ ആ സ്വരത്തിന്റെ ഉടമ ഇന്നെവിടെ? ജീവിച്ചിരിക്കുന്നവരെ ഏകാന്തതയിലാക്കി സ്വയം മറഞ്ഞ ആ ശക്തിയെ തിരഞ്ഞുകൊണ്ടിരിക്കുന്ന ഈ വികാരം ഏകാന്തത തന്നെ. തീർച്ച.
ഇന്ന് ഈ ശരശയ്യയിൽ ശിവപാദം പൂകാനുള്ള വെമ്പലിലും അനുഭവിക്കുന്ന ഈ ഏകാന്തത എത്ര നേരത്തേക്കാണ്? ഏറിയാൽ ഒന്നോ രണ്ടോ മണിക്കൂർ. അതു കഴിഞ്ഞാൽ ചാരമാവാനുള്ള ശരീരം. മനസ്സിന് പിന്നെ പ്രസക്തിയില്ല. ഏതായാലും ഒന്ന് മനസ്സിലായി. നമ്മുടേതല്ലാത്ത അഥവാ നമ്മെ തൊട്ടു തഴുകാത്ത കൈകളിൽ ഒരിക്കലും നമ്മുടെ മനസ്സിനെ തളച്ചിടരുത്. സ്മരണകളെ പങ്കു വക്കാൻ ഒരു അത്താണിയില്ലാതെ അവയെ സ്വയം നെഞ്ചിലേറ്റി വിങ്ങി പൊട്ടുന്ന അവസ്ഥയെ എന്തു വിളിക്കും ? അതും ഒരുതരത്തിൽ ഏകാന്തത തന്നെ. എന്തൊ എനിക്കറിയില്ല. കാരണം ആ അവസ്ഥ എനിക്കുണ്ടായിട്ടില്ല. എന്നും എപ്പോഴും നിഴൽ പൊലെ ആ മനസ്സുണ്ടായിരുന്നു. മനസ്സിന്റെ വിചിത്ര രീതികൾ അത്ഭുതപ്പെടുത്തുന്നതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവരാവും ഏറ്റവുമധികം ഏകാന്തത അനുഭവിക്കുന്നത്. എല്ലാം മറന്ന് സ്വയം ഉൾവലിഞ്ഞ് ഒരു നിമിഷം കരയാൻ തോന്നിപ്പോയ സമയവുമുണ്ടായിട്ടുണ്ട്. ആ നിമിഷങ്ങളിൽ കൂട്ടായത് ” ഏകാന്തത” മാത്രം. എന്നാൽ ആ ഏകാന്തതയെപ്പറ്റി ആരോടും പറയാൻ തോന്നിയിട്ടില്ല. കാരണം അത് അവർ സ്വയം മനസ്സിലാക്കേണ്ടതാണ്. ആ അനുഭവം വാക്കുകൾക്ക് അതീതമാണ്.
ചുറ്റും ആരുമില്ലാത്ത നിമിഷങ്ങളല്ല ഏകാന്തത, മറിച്ച് ചുറ്റുമുള്ളവർ നമ്മെ മനസ്സിലാക്കാതിരിക്കുന്ന നിമിഷങ്ങളിലാണ് ഏകാന്തതയുടെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കുന്നത്. അത്തരം നിമിഷങ്ങളിൽ മനസ്സിന് ഒരു നുള്ള് വേദനതരുന്നത് നമ്മുടെ വേണ്ടപ്പെട്ടവർ തന്നെയാകുമ്പോൾ ഏകാന്തത യിലേക്ക് നാം ഊഴിയിട്ട് പോകില്ലേ? എന്തോ എനിക്കറിയില്ല.
രണ്ടു സാദ്ധ്യതകൾ തുറന്നു കാട്ടുവാനുള്ള വെമ്പലോടെ നമുക്ക് നമ്മുടെ ഏകാന്തതയിലേക്ക് ആഴ്ന്നിറങ്ങാം. എന്നിട്ട് ഏകാന്തത എന്ന വികാരത്തെ വേരോടെ പറിച്ചു കളയാം.
ഒന്നുകിൽ ഈ ഭൂമിയിൽ സ്വയം മറന്ന് സ്വന്തം വികാരങ്ങളെ മാത്രം മാനിച്ച് ജീവിതം തുടരുക. അല്ലെങ്കിൽ, സാഹചര്യങ്ങൾക്ക് അടിമയായി സ്വയം ഏകാന്തത എന്ന വികാരത്തെ കീഴ്പ്പെടുത്തി മുക്തി നേടാം.
ഏതാണ് ശരി? ഏതാണ് തെറ്റ്? എന്തോ എനിക്കറിയില്ല. ഏതായാലും ഈ കാത്തിരുപ്പിന്നൊടുവിൽ ശിവപാദത്തിലെത്തുമ്പോൾ അവിടെയുള്ളവരോട് ചോദിക്കാനുള്ള ഒരു ചോദ്യം തയ്യാറാക്കാനുള്ള ശ്രമത്തിൽ എന്റെ ഏകാന്തതയിലേക്ക് ഞാൻ മടങ്ങട്ടെ!!!
*******************************
രചന:- രമ ഉണ്ണികൃഷ്ണൻ


