കിച്ചുവും കുഞ്ഞിയും കുഞ്ഞായിരുന്നപ്പോൾ ഒരു video ഞങ്ങൾ FB യിൽ കണ്ടിരുന്നു, ഒരു പെങ്കൊച്ചു അത്യാവശ്യത്തിനു ഒരു സ്ത്രീയുടെ കൈയിൽ നിന്ന് മൊബൈൽ മേടിച്ച് വിളിക്കുന്നു, ഫോൺ തിരികെ ഏൽപ്പിക്കുന്നു. ആ സ്ത്രീ ആ നമ്പർ ഉപയോഗിച്ച് ആ കുട്ടിയുടെ വീട്ടിൽ തെറ്റായ ഒരു വാർത്ത കൊടുക്കുന്നതും ഒക്കെയാണ് ആ വിഡിയോയിൽ പറയുന്നത്. ഗുണപാഠമായി പറയുന്നു, നമ്മൾ വിളിച്ച ഉടനെ ആ നമ്പർ delete ചെയ്യണമെന്ന്. അങ്ങനെ അന്ന് ഞാൻ പിള്ളേരോട് പറഞ്ഞ കാര്യമാണ് നമ്പർ delete ചെയ്യണമെന്നുള്ളത്.
ഇനി ഞാൻ എഴുതുന്ന സംഭവം വളരെ നിസ്സാരമായി തോന്നാം. പക്ഷെ കാലം ഇതായത് കൊണ്ട് ആരെയും കുറ്റം പറയാനും പറ്റില്ല.
സംഭവം ഇങ്ങനെയാ: ഈ വർഷത്തെ ഓണം പരീക്ഷ നടക്കുന്നു. എറണാകുളത്തെ പ്രസിദ്ധമായ ഒരു സ്കൂൾ. പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ. എന്റെ മോൾ ഈ വർഷമാണ് അവിടെ ചേർന്നത്. അത് കൊണ്ട് ചിട്ടവട്ടങ്ങൾ ഒക്കെ മനസ്സിലായി വരുന്നതേയുള്ളൂ. ക്ലാസ് അന്നുച്ച വരെയുള്ളൂ, കാരണം അന്നൊരു പരീക്ഷയേയുള്ളൂ. അപ്പോൾ അതിന് മുൻപത്തെ ഒരു ദിവസം ഇത് പോലെ ഒരു പരീക്ഷ മാത്രമുള്ള ദിവസം 12:30 വരെ ആയിരുന്നു. അത് കൊണ്ട് കുഞ്ഞിയോട് ഞാൻ പറഞ്ഞു, ഞാൻ കൂട്ടാൻ വരാം, എന്നിട്ട് നമുക്ക് സിപ് അപ് ഒക്കെ മേടിച്ചു ആടി പാടി വരാമെന്ന്. അവൾ സമ്മതിച്ചു. അതിന്റെ പിറ്റേന്ന് ഓണാഘോഷമാണെന്നുള്ള സന്തോഷം വേറെ.
ഞാൻ ക്ലാസ്സ് ടീച്ചറിന് വാട്സാപ്പ് മെസ്സേജ് എഴുതി ചോദിച്ചു, മിസ്സേ 12:30 വരെ അല്ലേ പരീക്ഷയെന്ന്. മറുപടി ഒന്നും വന്നില്ല. വീട്ടിൽ നിന്ന് കാറിൽ 10 മിനിറ്റ് എടുക്കുകയുള്ളൂ സ്കൂളിലെത്താൻ. എന്നാലും ഞാൻ 11:45 ആയപ്പോൾ തന്നെ പോകാൻ തയ്യാറാവാൻ തുടങ്ങി. 12:05 ആയപ്പോഴേക്കും ബാഗ് എടുക്കാൻ കൈ നീട്ടലും ഒരു ഫോൺ വരലും ഒപ്പം. പരിചയമില്ലാത്ത നമ്പർ. എടുത്തപ്പോൾ കുഞ്ഞി. അമ്മ എവിടെയാണെന്ന്. ഞാൻ പറഞ്ഞു ഞാൻ 10 മിനിറ്റിൽ എത്തുമെന്ന്. അവൾ ഓക്കെ പറഞ്ഞു ഫോൺ വെച്ചു. ഞാൻ ചെന്നു, അവളെ കൂട്ടി, രണ്ട് പേരും കൂടി സിപ് അപ് ഒക്കെ മേടിച്ച് ഇങ്ങ് പോന്നു.
വീട്ടിലെത്തിയപ്പോഴാ അവൾ പറഞ്ഞത് ഒരു കൊച്ചിന്റെ അമ്മയുടെ കൈയിൽ നിന്ന് ഫോൺ മേടിച്ചാണ് അവൾ വിളിച്ചതെന്നും, വിളിച്ചു കഴിഞ്ഞയുടനെ പതിവ് പോലെ ആ ഫോണിൽ നിന്ന് നമ്പർ delete ചെയ്തെന്നും, കുറച്ച് കഴിഞ്ഞപ്പോൾ ആ അമ്മ വന്ന് അതിനെ കുറിച്ച് ചോദ്യം ചെയ്തെന്നും. ഞാൻ ചോദിച്ചു എന്താ ചോദിച്ചതെന്ന്. ആർക്കാണ് ഫോൺ ചെയ്തത്, അമ്മയ്ക്ക് തന്നെയാണോ, എന്തിനാ നമ്പർ delete ചെയ്തത്, അതിൽ ഒരു കള്ളത്തരമുണ്ടല്ലോ എന്ന് അവർ പറഞ്ഞു. കുഞ്ഞി ഇതൊക്കെ കേട്ടു അന്തംവിട്ടിരുന്നു.
ഈ സംഭവത്തിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. കുഞ്ഞി ചെയ്തതിലും തെറ്റില്ല, ആ അമ്മ ചോദിച്ചതിലും തെറ്റില്ല.
രണ്ട് പേരും ശരിയാണ്, അല്ലേ?

