ഒന്നാം ക്ലാസിൽ വെച്ചാണ് ഞാനും അബിനും പരിചയപ്പെടുന്നത്.
പരിചയപ്പെട്ട അന്ന് മുതൽ
ഏഴാം ക്ലാസ് വരെ
ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്ന് പഠിച്ചു.
മൂന്നാം ക്ലാസ് മുതൽ, എട്ടാം ക്ലാസ്
വരെ ഒരേ ട്യൂഷൻ സെൻ്ററിൽ
ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു.
ഒരുമിച്ച് സ്കൂളിൽ പോയി.
ഒരുമിച്ച് കഴിച്ചു.
ഒരുമിച്ച് കളിച്ചു.
ഒരുമിച്ച്, ഒരുമിച്ച്,
ഒരുമിച്ച്.
എൻ്റെ വീട്ടിലേക്ക് അവനും,
അവൻ്റെ വീട്ടിലേക്ക് ഞാനും
എന്നും പോയി.
എല്ലാ ക്ലാസിലും
സ്കൂൾ പൂട്ടുമ്പോൾ ഒരേ പോലത്തെ ക്രിക്കറ്റ്
ബാറ്റും ബോളും വാങ്ങി.
ഒരേ പോലത്തെ സൈക്കിൾ വാങ്ങി.
ഒരേ പോലെ പാൻ്റും ഷർട്ടും തുന്നി.
ഒരേപോലെ, ഒരേപോലെ,
ഒരേപോലെ.
എല്ലാ ക്ലാസിലും എല്ലാ ബെഞ്ചിലും
അവൻ്റെയും എൻ്റെയും പേരിൻ്റെ
ആദ്യാക്ഷരങ്ങൾ കൂട്ടി
എസ് എന്ന് എഴുതി വെച്ചു.
ബെഞ്ചിൽ, ഡെസ്കിൽ,
സൈക്കിൾ പാർക്കിങ്ങിൽ,
ബാറ്റിൽ, ബുക്കിൽ,
ടോയ്‌ലറ്റിൽ,
സൈക്കിളിൽ,
പേനയിൽ, പെൻസിലിൽ,
ബോക്സിൽ,
അങ്ങിനെ എല്ലായിടത്തും.
എല്ലായിടത്തും, എല്ലായിടത്തും, എല്ലായിടത്തും.
ടീച്ചർമാരും, സാറുമാരും,
പിയൂണും,
സ്കൂളിലെ പല പിള്ളേരും
ട്യൂഷൻ ടീച്ചറും
ഞങ്ങളുടെ വീട്ടുകാരും
ബന്ധുക്കളും
കസിൻസും
നാട്ടിൽ ഞങ്ങളെ അറിയുന്ന എല്ലാവരും
ഞങ്ങളെ ഇരട്ട കുട്ടികൾ എന്ന് വിളിച്ചു.
ഈ അടുപ്പത്തിൻ്റെ പേരിൽ
പലരും ഞങ്ങളെ കൂട്ട് കൂട്ടിയില്ല.
ഞങ്ങള് അതൊന്നും കാര്യം ആക്കിയില്ല.
ഞങ്ങള് ഞങ്ങളുടെ ലോകത്തിൽ
ജീവിച്ചു.
ജീവിച്ചു.
ജീവിച്ചു.
ജീവിച്ചു.
ഒരേ ദിവസം ഞങ്ങള് സ്വയംഭോഗം
തുടങ്ങി.
അവൻ്റെ വീട്ടിൽ വെച്ച്
എൻ്റെ വീട്ടിൽ വെച്ച്.
ഒരു ദിവസം ഞങ്ങള് ട്യൂഷൻ ക്ലാസ്സിൽ വെച്ച് ഉമ്മ വെച്ചു.
പിന്നെ അവൻ്റെ വീട്ടിൽ വെച്ച്.
എൻ്റെ വീട്ടിൽ വെച്ച്.
ക്ലാസിൽ വെച്ച് .
ടോയ്‌ലറ്റിൽ വെച്ച്.
ഉമ്മ,
ഉമ്മ,
ഉമ്മ.
ഒരു ദിവസം എൻ്റെ വീട്ടിൽ
ഒരു ഇംഗ്ലീഷ് മൂവി
കണ്ട് കെട്ടിപിടിച്ച് ഉമ്മ വെച്ച്
കിടക്കുമ്പോൾ,
എൻ്റെ കസിൻ ജനലിലൂടെ കണ്ടു.
എൻ്റെ വീട്ടിലറിഞ്ഞു.
എന്നെ അച്ഛനും, അമ്മയും, കസിനും
മാമനും, അമ്മായിയും,
അച്ഛാച്ചനും പല പല
നേരത്തായി,
പല പല ദിവസങ്ങളിലായി എന്നെ അടിച്ചു.
അവൻ്റെ അപ്പനും, അമ്മയും
ചേട്ടനും ചേച്ചിയും
അവനെ പല പല നേരത്തായി
പല പല ദിവസങ്ങളിലായി അടിച്ചു.
അടി, അടി, അടി.
അവനും വീട്ടുകാരും അവിടം
വിട്ട് പോയി.
ഞാനും വീട്ടുകാരും അവിടം വിട്ട് പോയി.
എനിക്ക് പുതിയ സ്കൂളിൽ, നാട്ടിൽ
പുതിയ ഇടങ്ങളിൽ ഒന്നിലും
കൂട്ടുകാരുണ്ടായില്ല.
ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വരും.
കളി ഇല്ല.
മറ്റൊന്നുമില്ല.
ഞാൻ മാത്രം,
ഞാൻ,
ഞാൻ,
ഞാൻ.
ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോൾ
ഞാൻ അമ്മയുടെ ബ്ലൗസും സാരിയും ഉടുത്ത് നോക്കി.
പൊട്ട് ഇട്ടു.
കണ്ണെഴുതി.
ലിപ്സ്റ്റിക്ക് ഇട്ടു.
വളകൾ, മാലകൾ,
മോതിരങ്ങൾ.
മാറ്റാരും വീട്ടിൽ
ഇല്ലാത്തപ്പോൾ
ഞാൻ എന്നും അണിഞ്ഞൊരുങ്ങി.
എൻ്റെ ലോകം
എൻ്റെ മാത്രം ലോകം.
എൻ്റെ,
എൻ്റെ,
എൻ്റെ.
ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തപ്പോൾ
എന്നാല് പതിവ് അണിഞ്ഞൊരുങ്ങൽ
ഇല്ലാതെ,
ചെറിയ പനി കാരണം
മൂടി പുതച്ച് കിടക്കുമ്പോൾ
അച്ഛൻ വന്നു.
എന്നെ റൂമിലേക്ക് വിളിപ്പിച്ചു.
പുതിയ സാരി,
കുറച്ച് ആഭരണങ്ങൾ നീട്ടി.
നിനക്ക് ഇതൊക്കെ ആണല്ലോ
ഇഷ്ടം.
നിനക്ക് വേണ്ടി വാങ്ങിയത്.
ആരോടും പറയണ്ട .
ഞാൻ സന്തോഷത്തോടെ വാങ്ങി.
എന്നോട് എല്ലാം ഇട്ട് വരാൻ
പറഞ്ഞു.
ഞാൻ ഉടുത്തൊരുങ്ങി ചെന്നു.
അച്ഛൻ എന്നെ മടിയിൽ പിടിച്ചിരുത്തി.
എൻ്റെ കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങി
ബലം പിടിച്ച്.
വയറിൽ അമർത്തി പിടിച്ചു.
ചെസ്റ്റിൽ.
അച്ഛൻ്റെ മടിയിലേക്ക് ചേർത്ത് വെച്ചു.
കഴുത്തിൽ കടിച്ചു.
കവിളിൽ,
ചുണ്ടിൽ.
കടിച്ചു, കടിച്ചു കടിച്ചു.
ആരോടേലും പറഞ്ഞാൽ
എന്നെ കുറിച്ച് സ്കൂളിൽ പാട്ടാക്കും,
ബന്ധുക്കൾക്ക് ഇടയിൽ പാട്ടാക്കും,
നാട്ടിൽ പാട്ടാക്കും,
മനോരോഗമാണ് പറഞ്ഞ്
ഹോസ്പിറ്റലിലാക്കും
കൊന്ന് കളയും
എന്നൊക്കെ ഭീഷണിപ്പെടുത്തി.
ഞാൻ വീണ്ടും അച്ഛന് വേണ്ടി
ഉടുത്തൊരുങ്ങി.
ഒരുങ്ങി, ഒരുങ്ങി,
ഒരുങ്ങി.
ഒരു രാത്രി
അമ്മയുള്ള രാത്രി
അമ്മ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി,
അച്ഛൻ റൂമിലേക്ക് വന്നു.
അന്നത്തെ കടിയൊക്കെ കഴിഞ്ഞ് തിരികെ
പോയപ്പോൾ
ഞാൻ വീട് വിട്ട് ഓടി .
ഓടി, ഓടി,
ഓടി.
വർഷങ്ങൾ കുറേ കഴിഞ്ഞു.
ഒരു രാത്രി ഒരു കസ്റ്റമർ
എന്നെ കാറിൽ കയറ്റി കൊണ്ടു പോയി.
അയാളെ അച്ഛനെന്ന് വിളിച്ച്,
വായിൽ എടുത്തും,
കയ്യിൽ പിടിച്ചും
കളഞ്ഞ് കൊടുക്കാൻ പറഞ്ഞു.
മക്കളെ അത്രയും ഇഷ്ടമുള്ള
ആളാണോ ചോദിച്ചപ്പോൾ
വാങ്ങിയ കാശിനുള്ള
പണിയെടുക്ക്,
കൂടുതൽ ചോദ്യം വേണ്ടെന്ന് പറഞ്ഞ്
അയാള് എന്നെ മുഖത്തടിച്ചു.
തുപ്പി.
ചവിട്ടി.
കയ്യിൽ കിട്ടിയ സ്പാനർ എടുത്ത്
ഞാൻ അയാൾക്ക് ബോധം പോകും
വരെ തല്ലി.
തല്ലി, തല്ലി, തല്ലി.
ഒരു ദിവസം രാത്രി,
ട്രയിനിൽ ഉടുത്തൊരുങ്ങി,
പാട്ട് പാടി
കാശ് വാങ്ങി നടക്കുമ്പോൾ
ഒരു ബോഗിയിൽ അബിൻ.
അബിൻ്റെ ഭാര്യ,
ആറ് വയസ് തോന്നിപ്പിക്കുന്ന കുഞ്ഞ്.
അവന് എന്നെ മനസ്സിലായി.
എനിക്ക് അവനേം.
പക്ഷെ രണ്ട് പേരും അത് പ്രകടിപ്പിച്ചില്ല.
ജീവിതമല്ലേ,
മനുഷ്യരല്ലേ.
മനുഷ്യർ, മനുഷ്യർ,
മനുഷ്യർ.
ഞാൻ കയ്യിലടിച്ച്
കാശ് ചോദിച്ചു.
അവൻ പത്ത് രൂപയെടുത്ത്
കുഞ്ഞിൻ്റെ കയ്യിൽ കൊടുത്തു.
കുഞ്ഞ് എന്നെ കണ്ട് പേടിച്ച്
അത് നീട്ടാതെ ഇരിക്കുമ്പോൾ
അവൻ്റെ ഭാര്യ
പേടിക്കണ്ട.
ഒന്നും ചെയ്യില്ല
പാവമാണ് പറഞ്ഞ്
കുട്ടിയെ കൊണ്ട് കാശ് നീട്ടി.
ഞാൻ കാശ് വാങ്ങി.
കുഞ്ഞിൻ്റെ നെറുകയിൽ,
ഭാര്യയുടെ നെറുകയിൽ
അബിൻറെ നെറുകയിൽ
തൊട്ട് അനുഗ്രഹിച്ചു.
എല്ലാർക്കും
നല്ലത് വരട്ടെ.
നല്ലത്, നല്ലത്,
നല്ലത്.
പുറത്തിറങ്ങുമ്പോൾ
ഞാൻ അവനെ തിരിഞ്ഞ് നോക്കി.
എനിക്ക് കരച്ചിൽ വരുന്നുണ്ട്.
ഞാൻ കരയുന്നുണ്ട്.
പ്രണയം കൊണ്ടല്ല.
വേദന കൊണ്ട്
മാത്രം.
എന്തുകൊണ്ടുള്ള വേദനയാണ്.
അറിയില്ല.
അവൻ കരയുന്നുണ്ടാകോ.
Aug 10 2024
Vineeth Valsala Vijayan

