ഇഡലിക്ക് ഒരു ദിനം, പുഞ്ചിരിക്ക് ഒരു ദിനം ഒക്കെയുള്ള ഈ നാളുകളിൽ ‘ഒക്ടോബർ 1 – അന്താരാഷ്ട്ര വയോജന ദിനം’ ആണ് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. പക്ഷെ ആ ദിനത്തിനു വേണ്ടി ഒരു രചന എഴുതാൻ ചില ഓൺലൈൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ ശരീരത്തിൻ്റെ പല ഭാഗങ്ങളും പഴയതുപോലെ ഞാൻ പറയുന്നത് അനുസരിക്കാൻ മടി കാണിക്കുമെങ്കിലും ഞാനും ആ വിഭാഗത്തിലാണല്ലോ ഇപ്പോഴെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
എൻ്റെ മനസ്സിലെ ‘ വയോജനങ്ങൾ ‘ പിതാവും മാതാവും അവരുടെ സഹോദരീസഹോദരന്മാരും ആയിരുന്നു. അവരെല്ലാം പതുക്കെ എൻ്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷരായി.
അവർ വെറും മനുഷ്യർ മാത്രമായിരുന്നില്ല
ഒരു ജീവിതരീതി
ഒരു സംസ്കാരം.
ഒരു കൂട്ടം മൂല്യങ്ങൾ.
ഒരിക്കലും പൂർണ്ണമായി പകരംവയ്ക്കാനാകാത്ത മനോഹരമായ ഒരു ലോകം എനിക്ക് സമ്മാനിച്ചാണ് യാത്രയായത്.
1928 മുതൽ 1945 വരെ ജനിച്ചവരെ അഥവാ 2026ൽ 81 മുതൽ 98 വയസ്സുള്ള വരെ നിശബ്ദതലമുറക്കാർ എന്നു പറയുന്നു. പാരമ്പര്യ തലമുറക്കാരെന്നും രാജ്യവും കുടുംബവും കെട്ടിപ്പടുത്തവരെന്നും അവരെ വിളിക്കാറുണ്ട്.
മനുഷ്യചരിത്രത്തിൽ മഹാമാന്ദ്യം(great depression) സംഭവിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നു വ്യാപാര സ്ഥാപനങ്ങൾ ഒന്നൊന്നായി നശിച്ചു. ബാങ്കുകൾ പാപ്പരായി. ആ സമയത്തു തന്നെ രണ്ടാം ലോകമഹായുദ്ധവും ഉണ്ടായി. അവയുടെ ദോഷഫലങ്ങൾ അനുഭവിച്ചവരാണവർ. അത്രയും പ്രയാസങ്ങളെ അതിജീവിച്ച ഒരു തലമുറ അടുത്തു തന്നെ നാമാവശേഷമാകുന്നു.
60നു മുകളിലുള്ളവർ 48 ലക്ഷം.
80നു മുകളിൽ 7 ലക്ഷം.
ഈയിടെ ഇരിഞ്ഞാലക്കുട ചന്തയെകുറിച്ച് ഒരു ലേഖനം തയ്യാറാക്കാൻ ഒരു ചരിത്ര അധ്യാപകൻ എന്നെ സമീപിക്കുകയുണ്ടായി. അതിനായി ഞാൻ ചെറിയൊരു ഗവേഷണം തന്നെ നടത്തി. 1900 കളിൽ ചെറിയൊരു വെള്ളിനാണയം ആയി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് കച്ചവടം ചെയ്യാൻ ഇറങ്ങിയ കൗമാരക്കാരനായ സാഹസികൻ ആയിരുന്നു എൻ്റെ പിതാവ് ടി. കെ. റപ്പായി. ആ സാഹസമാണോ, 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ മിക്കവാറും എല്ലാ പ്രോജക്ടുകളിലും, വ്യത്യസ്ത തരത്തിലുള്ള 13 അണക്കെട്ടുകൾ, എട്ട് ടണലുകൾ, ഒമ്പത് പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞത്? കെ. എസ്. ഇ. ബി. യിലെയോ മറ്റേതെങ്കിലും വകുപ്പിലെയോ വളരെ കുറച്ച് എഞ്ചിനീയർമാർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമായിരുന്നത്.
ജീവിതത്തിന്റെ അനുഭവസമ്പത്തും അറിവും പകർന്നുതരുന്നവരാണ് നമ്മുടെ വയോജനങ്ങൾ എന്നാണ് പൊതുവെയുള്ള ധാരണ. ‘ടെക്നോളജി’, ‘പിടിച്ചാൽ കിട്ടാത്ത കുതിരയെ പോലെ പായുമ്പോൾ’ എനിക്ക് എൻ്റെ കൊച്ചു മക്കളുടെ അടുത്ത് അവരുടെ പകുതി പ്രായക്കാരനായി മാറേണ്ടി വരാറുണ്ട്. സാങ്കേതിക വിദ്യയെ കൂട്ടു പിടിച്ചതു കൊണ്ടാണോ എന്നറിയില്ല പലപ്പോഴും സ്വയം പലതരം തിരക്കുകളിൽ മുഴുകുവാൻ സാധിക്കുന്നത്.
ഭക്തിയുടെയും പരസ്പര ബഹുമാനത്തിന്റെയും അച്ചടക്കത്തിന്റെയും അന്തരീക്ഷത്തിലാണ് വളർന്നതു്. ഒരു മാലാഖ എപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്നുള്ള വിശ്വാസവും പകർന്നു തന്നു. അതു ശരിയോ തെറ്റോ ആകാം. എന്നാൽ ഒറ്റപ്പെടുമ്പോളും അള മുട്ടുമ്പോളും അതു നൽകുന്ന ആത്മവിശ്വാസം അളവറ്റതാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ജനസംഖ്യയിൽ വളരെയധികം പേർ സൂപ്പർ സീനിയർ സിറ്റിസൺസ് ( 80 കഴിഞ്ഞവർ ) ആണ്. പലതരം ചികിൽസയുടെ ചെലവു ഭീമമാണ്. മക്കൾ കൂടെയില്ല. അവരിൽ പലരും വിദേശത്താണ്. ഒറ്റക്കു കഴിയണം. അതുകൊണ്ടു വിഷാദരോഗം പിടികൂടുന്നു. വീഴ്ച, പരാശ്രയത്വം, അവഗണന…… അവരുടെ പ്രശ്നങ്ങളുടെ നിര നീണ്ടു കിടക്കുന്നു. പ്രായം കൂടുന്നതോടെ കൂടുതൽ കരുതലും സ്നേഹവും ബഹുമാനവുമാണ് അവർക്കാവശ്യം. അവരുടെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ഒറ്റപ്പെടലിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
“നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. ” എന്നു പറയുന്നതു പോലെയാണ് ഞങ്ങളുടെ അനുഭവങ്ങൾ. ആ അനുഭവങ്ങളിൽ നിന്ന് പുതിയ തലമുറയ്ക്ക് ഏറെ പഠിക്കാനുണ്ട്. വൃദ്ധരായവർവെറും കുടുംബത്തിലെ അംഗങ്ങൾ മാത്രമല്ല.
അവർ നമ്മുടെ വേരുകളാണ്.
അവർ നമ്മുടെ ചരിത്രമാണ്.
അവർ നമ്മുടെ വ്യക്തിത്വമാണ്.
നമ്മൾ എവിടെ നിന്നാണ് വന്നതെന്നു പറയുന്ന വിലാസമാണ് അവർ.
വേരുകളെ മറന്നുതുടങ്ങുമ്പോൾ…
നമ്മൾ ആരാണെന്നതും പതുക്കെ മറന്നുതുടങ്ങും. 🙏❤️
ഈയൊരു ദിവസത്തിനായി കാത്തിരിക്കാതെ കുടുംബത്തിലെ അവരെ എന്നും ചേർത്തു പിടിക്കാം.
ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട നോർത്ത് P. 0.
Thrissur 680 125,
കേരളം, ഇന്ത്യ.
trjohny@gmail.com
[ എന്റെ പിതാവ് ശ്രീ ജോണി തെക്കേത്തല (Former Chief Engineer, KSEB ) വയോജനദിനത്തോടാനുബന്ധിച്ച് എഴുതിയ ലേഖനമാണിത് ]—മേരി ജോസി മലയിൽ.


