ഇടനാഴിയുടെ അങ്ങേയറ്റത്തായിരുന്നു ഉണ്ണിയേശുവിനെയും ഒക്കത്തെടുത്തു പുഞ്ചിരിതൂകിനിൽക്കുന്ന കന്യാമറിയത്തിന്റെ രൂപം ചില്ലുകൂടിനുള്ളിൽ പ്രകാശംപരത്തി നിന്നിരുന്നത്.
കുത്തിവെയ്പ്പിന്റെ വേദനയും ക്ഷീണവും ഒന്നൊതുങ്ങുമ്പോൾ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. കടുത്ത എകാന്തയുടെ മടുപ്പും, ആത്മനൊമ്പരങ്ങളുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടും അഴിച്ചു കുടഞ്ഞിട്ട് മനസ്സിനെ ശാന്തമാക്കുന്നത് ആ നടത്തത്തിലൂടെയായിരുന്നു. ഓരോ വട്ടവും ആ രൂപക്കൂടിനുമുന്നിലെത്തുമ്പോൾ അവൾ കണ്ണുനീരോടെ പ്രാർത്ഥിച്ചത്, എനിക്കും ഇതുപോലൊരു മിടുക്കൻ കുഞ്ഞുവാവയെ തരണേയെന്നായിരുന്നു. കാരണം ഗർഭകാല ക്ലേശങ്ങൾക്ക് പുറമെ, ഭർത്താവിൽ നിന്നും അയാളുടെ അമ്മയിൽനിന്നും അനുഭവിച്ചുകൊണ്ടിരുന്ന മാനസിക ശാരീക പീഡനങ്ങൾ എണ്ണമറ്റതായിരുന്നു.
അമ്മമാരുടെ സംഘർഷങ്ങൾ കുഞ്ഞുങ്ങളേക്കൂടി ബാധിക്കുമെന്നുള്ള ഡോക്ടറമ്മയുടെ ഓർമ്മപ്പെടുത്തൽ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അതായിരുന്നു ആ പ്രാർത്ഥനയുടെ കാരണവും.
മാസംതോറുമുള്ള പരിശോധനകൾക്ക് ശേഷം അബോർഷൻ സാധ്യത ഒഴിവാക്കാൻ ഒരു പ്രത്യേക ഇൻജെക്ഷൻ നിർദ്ദേശിച്ചിരുന്നു ഡോക്ടർ. അതിനായി രണ്ടു ദിവസം അഡ്മിറ്റാകുകയും വേണം.
ആ ദിവസങ്ങളിൽ അവൾക്ക് കൂട്ട് നിശബ്ദത ഉറങ്ങിക്കിടക്കുന്ന നീണ്ട ഇടനാഴിയും, മാതാവിന്റെ ആ രൂപവുമായിരുന്നു. കൂട്ടുകാരുമൊത്ത് സിനിമക്കോ, മറ്റെന്തെങ്കിലും ആഘോഷങ്ങൾക്കോ പോകുന്ന “കുഞ്ഞിന്റച്ഛൻ ” അവളുടെ വേദനകളും ഭയപ്പാടുകളും അറിഞ്ഞതേയില്ല.
നീണ്ടുപോകുന്ന പകലുകളും, അതിലേറെ നീളമുള്ള രണ്ടുരാവുകളും കടന്നുകിട്ടാൻ പ്രാർത്ഥനകളിൽ അഭയം തേടും.
രാത്രികളിൽ അച്ഛന്റെ അദൃശ്യരൂപം അരികിൽ വന്ന് നിറുകിൽ തലോടുമ്പോഴും എന്റെ കുഞ്ഞിനെ കാത്തോളണേയെന്ന് കേഴും.
സഹനപർവ്വങ്ങളേറെത്താണ്ടി ഒടുവിലൊരു കുഞ്ഞുകരച്ചിലിലേക്കവൾ കണ്ണുതുറന്നപ്പോൾ ഡോക്ടറമ്മയോട് ആദ്യം ചോദിച്ചതും എന്റെ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു.
“ഒരു കുഴപ്പവുമില്ല. അവനവിടെക്കിടന്ന് അടിച്ചുപൊളിച്ച് കരയുന്നു “എന്ന മറുപടിതന്ന ആശ്വാസം കുറച്ചൊന്നുമല്ലായിരുന്നു.
സ്വപ്നത്തിൽപ്പോലും വിചാരിക്കാത്തത്ര ഓമനത്തമുള്ള, ചുവന്നുതുടുത്ത ഒരു കുഞ്ഞുവാവയെ കയ്യിൽ കിട്ടിയപ്പോൾ അതുവരെ അനുഭവിച്ച എല്ലാ വേദനകളും യാതനകളും മറവിയുടെ ആഴങ്ങളിലേക്ക് ഒളിച്ചിരിക്കാൻ പോയി.
ഓളൊരു ഭാഗ്യവതിതന്നെ. നല്ലൊരു മോനെക്കിട്ടി. അസുഖങ്ങളൊന്നുമില്ലാതിരിക്കുന്നത് മഹാഭാഗ്യം തന്നെ.
എന്റെ മോളുണ്ടായപ്പോ തൂക്കമില്ലായിരുന്നു. എന്റെ മോന് ജനിച്ചകാലംതൊട്ട് കഫക്കെട്ടായിരുന്നു. എന്തോരം ആശുപത്രികൾ കേറിയിറങ്ങി.
അയൽക്കാരും, ബന്ധുക്കളും അഭിപ്രായപ്രകടനങ്ങളിലൂടെ ഒരു പെണ്ണിന്റെ ഭാഗ്യത്തെച്ചൊല്ലി രാപകൽ നിദ്രാവിഹീനരായി.
അവരുടെ ഉറക്കംകെടുത്തിയതിന്റെ ശിക്ഷയാകണം, മൂന്നാം വയസ്സിൽ ആ കുഞ്ഞുജീവന്റെ അവസാനമിടിപ്പും കയ്യിൽപ്പിടിച്ചുകൊണ്ടൊരു ആംബുലൻസ് നഗരത്തിലെ മെഡിക്കൽകോളേജിലേക്ക് മരണപ്പാച്ചിൽ നടത്തിയത്.
പിന്നെയങ്ങോട്ട് അവിടുത്തെ കുട്ടികളുടെ വാർഡ് കുടുംബസ്വത്തായി എഴുതിക്കിട്ടിയ നാളുകളായിരുന്നു. മാസത്തിൽ നാലോ അഞ്ചോ ദിവസം സ്വന്തം വീട്ടിലേക്ക് വിരുന്നുകാരായെത്തുന്ന ഒരമ്മയും കുഞ്ഞും. വിരുന്ന് തീരുമ്പോൾ വീണ്ടും മൂന്നാം വാർഡിലെ മൂട്ടകൾ പെറ്റുപെരുകിയ തുരുമ്പുപിടിച്ച ഇരുമ്പു കട്ടിലിലേക്ക്.
മടുപ്പിന്റെ അവസാനപടവിൽ നിൽക്കുമ്പോഴൊക്കെയും, അമ്മേയോന്നൊരു വിളി, കണ്ണിറുക്കി ഒരു പാൽപ്പുഞ്ചിരി, ഒരു കുഞ്ഞുമ്മ വീണ്ടും വീണ്ടും ആ അമ്മയെ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
പക്ഷേ “എന്നെക്കൊണ്ട് മേലാ” എന്നൊരൊറ്റ വാക്കുകൊണ്ട് സ്വന്തം കുഞ്ഞിനെ, ഭാര്യ സ്ത്രീധനമായി കൊണ്ടുവന്ന സ്വത്തുവകകളുടെ കൂട്ടത്തിൽപ്പെടുത്തി, അവഗണനയുടെ കാരമുള്ളുകൾകൊണ്ട് ഹൃദയം കുത്തിക്കീറിയും, ഉത്തരവാദിത്തങ്ങളിൽ നിന്നോടിയൊളിച്ചും ഒരു “പിതൃശൂന്യൻ “ആ കുഞ്ഞിനേയും പിതൃശൂന്യനാക്കിക്കളഞ്ഞു.
അഞ്ചാംമാസത്തിൽ, വീർത്തുന്തിയ വയറിനുനേരെ ഉയർന്നുവന്ന അയാളുടെ കാലുകൾക്കിടയിൽപ്പെട്ട് ജീവനറ്റുപോകേണ്ടിയിരുന്ന ആ കുഞ്ഞിന് മറ്റൊന്നുംതന്നെ പ്രതീക്ഷിക്കാനുമുണ്ടായിരുന്നില്ല.
നിരന്തരമായ ആശുപത്രിവാസം ജീവിത സ്വപ്‌നങ്ങളെ അപ്പാടെ കരിയിച്ചു കളഞ്ഞെങ്കിലും, എന്റെ മോൻ എന്നുമെന്റെകൂടെ വേണമെന്ന അവളുടെ ആർത്തി അഗ്നിപരീക്ഷണങ്ങളെ നിഷ്പ്രഭമാക്കി.
എന്നിട്ടും തളർന്നുവീണുപോയ ഒരു നിമിഷത്തിൽ മകനോടൊപ്പം, ഒരിക്കലും കാണാത്ത ആകാശക്കൊട്ടാരത്തിലേക്കൊരു യാത്രപോകാൻ തുനിഞ്ഞെങ്കിലും പെറ്റവയറിന്റെ നോവ് അവളെയതിനു സമ്മതിച്ചില്ല.
എല്ലാം ശരിയാകും. എന്റെ മോൻ മിടുക്കനാകും. വയ്യാത്തകാലത്ത് അമ്മക്കവൻ തുണയാകും.
പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരം വാനോളം ഉയർന്നു നിന്നു.
വർഷങ്ങൾക്കു ശേഷം, ഒരിക്കൽക്കൂടി പരിശുദ്ധകന്യാമറിയത്തിന്റെ തിരുരൂപത്തെക്കടന്ന് ആരോ തള്ളിക്കൊണ്ട് പോകുന്ന സ്‌ട്രെച്ചറിൽ നീണ്ടുനിവർന്നുകിടക്കെ അവളുടെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു.
മാതാവേ അന്നത്തെ എന്റെ പ്രാർത്ഥന ശുദ്ധപോഴത്തമായിരുന്നു ല്ലേ. നിന്റെ കൈകളിലിരിക്കുന്ന കുഞ്ഞ് അനുഭവിച്ച വേദനകൾ ഓർക്കാതെ, അവൻ കാരണം നീയനുഭവിച്ച മാനസിക പീഡകൾ ഓർക്കാതെ, അതുപോലൊരു പൊന്നുമോനെ ആഗ്രഹിച്ച ഞാനൊരു മരമണ്ടി തന്നെ.
അതുകൊണ്ടാണല്ലോ കടന്നുവന്ന നാളുകളിലെ കഷ്ടപ്പാടുകളൊന്നുമോർക്കാതെ കൗമാരത്തിന്റെ തിളപ്പിൽ, അമ്മയെ മറന്ന് കൂട്ടുകാരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുത്ത്, വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വെച്ചുപുലർത്തി ഞാനാഗ്രഹിക്കുന്നപോലൊരു ജീവിതം തരാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാടി എന്നെ ജനിപ്പിച്ചത് എന്ന ക്രൂര വാക്കുകളെ ചവച്ചു തുപ്പാൻ അവന് കഴിഞ്ഞത്.
പഴങ്കഥകളുടെ ഓർമ്മചെപ്പ് അറിയാതൊന്നു തുറന്നുപോയാൽ, നിങ്ങളെന്ത്യേ എനിക്കിച്ചിരി വിഷം തന്ന് കൊല്ലാതിരുന്നു എന്നലറാൻ കഴിഞ്ഞത്.
അന്യന്റെ അടുക്കളയിൽ എച്ചിൽപ്പാത്രം കഴുകിക്കിട്ടുന്നതായിട്ടുപോലും അവന് കിട്ടുന്ന പോക്കറ്റ്മണി, ഐ ഫോണും, ലക്ഷങ്ങൾ വിലവരുന്ന ബൈക്കും, പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും വാങ്ങാൻ തികയുന്നില്ല എന്ന പരാതി കേൾക്കേണ്ടി വന്നത്
കൂട്ടുകാർക്കൊപ്പം സിനിമക്ക് പോകാനുള്ള കാശിനു വേണ്ടി കാത്തിരുന്ന് മുഷിഞ്ഞ കലിപ്പിൽ കുടുംബശ്രീക്കാരുടെ കൂടെ കാറ്ററിംഗ് ജോലിക്ക് പോയി വന്നപ്പോൾ, അവനായി പൊതിഞ്ഞുകെട്ടികൊണ്ടുവന്ന ആഹാരം തട്ടിത്തെറുപ്പിച്ച് നിന്റെച്ചന് കൊണ്ടോയി കൊടുക്കെടി പട്ടിടെ മോളെ എന്നലറി നെഞ്ചിൽ ചവിട്ടിയതും, തലയിടിച്ചു മുറ്റത്തേക്കു വീണ് അമ്മയെ അത്യാസന്ന നിലയിൽ ആക്കിയതും.
ബോധബോധങ്ങളുടെ നൂൽപ്പാലത്തിലൂടെ ആടിയാടി കടന്നുപോകുമ്പോൾ, അമ്മേ എന്നോട് ക്ഷമിക്കൂ എന്നൊരു കരച്ചിൽ വ്യക്തമായും കേട്ടിരുന്നു.
നോക്കു, പോലീസിനോട് ഇതൊന്നും പറയണ്ടട്ടോ. കാല് വഴുതി വീണു എന്നേപറയാവൂ എന്ന ഉപദേശവും ആരൊക്കെയോ കാതിൽ ഓതുന്നുണ്ടായിരുന്നു.
പോലീസ് കൊണ്ടുപോകുമെന്ന ഭയമായിരിക്കാം ആ മാപ്പുപറച്ചിലിന്റെ അടിസ്ഥാനം എന്ന് തോന്നി.
മുടിയനായ പുത്രനെ സ്വീകരിക്കാൻ കാളയെ കൊന്ന് വിരുന്ന് നടത്തിയ കഥകൾ പഴങ്കഥകളായിത്തന്നെ തുടരട്ടെ.
മക്കളുടെ ഏതൊരു തെറ്റും പൊറുക്കുന്ന സർവ്വം സഹയായ അമ്മജന്മങ്ങളും വിസ്‌മൃതിയിൽ മറയട്ടെ.
ഹൃദയം കീറിമുറിച്ച ഒരുവന് മാപ്പുകൊടുക്കാൻ കഴിയാതെപോയ ഒരുവളെ ആളുകൾ പഴിച്ചോട്ടെ.
എന്നാലും നിനക്ക് മാപ്പില്ല
അതുകൊണ്ടുതന്നെ കീറിമുറിഞ്ഞ ഒരു ഹൃദയവുമായി ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇഷ്ടമില്ലാത്ത ഒരുവളെ ഇനിയും പരീക്ഷണങ്ങളുടെ തീച്ചൂടിലെക്ക് തിരികെ കൊണ്ടുവരരുതേ എന്നൊരു അപേക്ഷയായിരുന്നു അന്നവൾക്ക് മാതാവിനു മുന്നിൽ സമർപ്പിക്കാനുണ്ടായിരുന്നത്…
#എന്റെരചന
#മാപ്പ് മുറിവുണക്കുമോ

