അറ്റെൻഡൻസ് ഒപ്പിടാൻ മാനേജരുടെ റൂമിൽ ചെന്നപ്പോൾ മാനേജർ ശ്രീകുമാർ സാർ പറഞ്ഞു.
“ആ…. ബെന്നി ഞാൻ തന്നെ കാത്തിരിക്കയായിരുന്നു.”
“നമ്മുടെ മാത്തച്ചൻ ചേട്ടൻ ഇപ്പോ വിളിച്ചിരുന്നു. കക്ഷിക്ക് ഒരു നല്ല എമൗണ്ട് ഇന്ന് തന്നെ വേണമെന്ന്…”
“പന്ത്രണ്ടു മണിക്ക് വന്നോളാൻ ഞാൻ പറഞ്ഞു. അപ്പോഴേക്കും അറേഞ്ച് ചെയ്യാമല്ലോ അല്ലേ?”
ഞാൻ തല കുലുക്കി.
“പൈസ അടയ്ക്കാത്ത ഒന്നു രണ്ടു ലോൺ പാർട്ടിക്കാരെ കാണാൻ ഞാൻ ഇറങ്ങുവാ . ചിലപ്പോൾ കുറച്ചു താമസിക്കും.”
“അതിനെന്താ സാർ പൊയ്ക്കോ. ഞാൻ അറേഞ്ച് ചെയ്തോളാം..”
ചെസ്റ്റ് ഇല്ലാത്ത ചെറിയ ബ്രാഞ്ച് ആയതുകൊണ്ട് വലിയ എമൗണ്ട് പിൻവലിക്കാൻ ആരെങ്കിലും വന്നാൽ തൊട്ടടുത്തുള്ള വലിയ ബ്രാഞ്ചിൽ പോയി ക്യാഷ് കൊണ്ട് വരണം.
സീറ്റിൽ വന്നിരുന്നിട്ട് ഒരു ക്ലർക്കിനെയും ക്യാഷ് പ്യൂണിനെയും അതിനായി നിയോഗിച്ചു.
സ്റ്റാൻഡിലേക്ക് വിളിച്ചു ടാക്സി അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അത്ര ആശാവഹമായിരുന്നില്ല. ടാക്സികൾ മുഴുവൻ കല്യാണ ഓട്ടത്തിലാണെന്ന്…
ഇനി എന്തു ചെയ്യും? മാനേജർ പുറത്തേക്കു പോവുകയും ചെയ്തു.
ക്യാഷ് എടുക്കാൻ പോകേണ്ട ബ്രാഞ്ചിൽ വിളിച്ചു വിവരം പറഞ്ഞു. ക്യാഷ് ഇങ്ങോട്ടത്തിക്കാമോ എന്നു റിക്വസ്റ്റ് ചെയ്തപ്പോൾ എത്തിക്കാമെന്നു അവർ സമ്മതിച്ചു. അവിടുത്തെ കാഷ്യർ സുനിലും ഞാനും ഒരുമിച്ചു വർക്ക് ചെയ്തിട്ടുണ്ട് .
മാത്തച്ചൻ ചേട്ടൻ വരുന്നതിനു മുമ്പ് ക്യാഷ് എത്തുമോ എന്നുള്ള ആശങ്കയിൽ ഇരി ക്കുമ്പോൾ സുനിലിന്റെ ഫോൺ വന്നു. ക്യാഷ് കൊടുത്തയക്കാനായി ഒറ്റ ടാക്സി പോലും ജംഗ്ഷനിൽ ഇല്ലെന്ന്…
സുരക്ഷ മുൻനിർത്തി ക്യാഷ് അടച്ചുറപ്പുള്ള വാഹനത്തിലേ കൊണ്ട് വരാവൂ എന്നാണ് ബാങ്കിന്റെ നിയമം. ഡ്രൈവറെ കൂടാതെ മിനിമം രണ്ടുപേരെങ്കിലും വാഹനത്തിൽ ഉണ്ടായിരിക്കണമെന്നും, ക്യാഷ് എടുക്കാൻ പോകണമെന്ന് ഡ്രൈവറോട് മുൻകൂട്ടി പറയാൻ പാടില്ലയെന്നും ബാങ്ക് നിയമം അനുശാസിക്കുന്നു.
മാനേജർ പോയിരിക്കുന്ന കടയിലേക്കു വിളിച്ചപ്പോൾ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിയല്ലോ എന്നാണ് കടയുടമസ്ഥൻ പറഞ്ഞത് .
പറഞ്ഞ സമയത്തു പണം കൊടുത്തില്ലെങ്കിൽ മാത്തച്ചന് ഇഷ്ടക്കേടാവും. മാത്തച്ചനാണ് ഈ ജില്ലയിലെ ഏറ്റവും വലിയ എൻ ആ ർ ഐ…
അദ്ദേഹത്തിന്റെ ഒരു അക്കൗണ്ട് എങ്കിലും കിട്ടാൻ സകല ബാങ്കുകളും പുറകേ നടക്കുമ്പോൾ ഒരു ചെറിയ പിഴ കൊണ്ട് അദ്ദേഹത്തെ മുഷിപ്പിച്ചാൽ തന്റെ ഭാവിയും മാനേജരുടെ ഭാവിയും ബ്രാഞ്ചിന്റെ ഭാവിയും തുലാസിലാവും.
ഇനി ഒന്നും നോക്കാനില്ല. എന്തും വരട്ടെ. ക്യാഷ് പ്യൂൺ സുദർശൻ ചേട്ടനെ വിളിച്ചിട്ട് ചോദിച്ചു.
“ചേട്ടാ… ക്യാഷ് കൊണ്ടു വരാൻ എന്റെ കൂടെ ഒന്നു ബുള്ളറ്റിൽ വരാമോ? ടാക്സി ഒന്നും കിട്ടുന്നില്ല.”
“അതിനെന്താ സാറെ.. സാർ വന്ന അന്നു മുതൽ ആ ബുള്ളറ്റിൽ ഒന്നു കേറണമെന്നു മോഹിച്ചിരുന്ന ആളാ ഈ ഞാൻ. അതെന്റെ ഒരു സ്വപ്നം ആയിരുന്നു.ഞാൻ ദാ വരുന്നു. ബാഗ് എടുക്കണമല്ലോ.”
സീനിയർ ക്ലർക്കിനോട് മാത്രം കാര്യം പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി.
സുദർശൻ ചേട്ടൻ വലിയ ഉത്സാഹത്തിലായിരുന്നു. പോകുന്ന വഴി ബുള്ളറ്റിനെ കുറിച്ച് മാത്രമായിരുന്നു സംസാരം.
“സാറെ.. എത്ര രാജകീയമാണ് ഇതിലെ യാത്ര. ആ… പേരു തന്നെ റോയൽ എൻഫീൽട് എന്നല്ലേ? എനിക്കിതൊന്നു ഓടിച്ചാൽ കൊള്ളാമായിരുന്നു. ഒരിക്കലെങ്കിലും… അല്ല… സാറിന് ഇഷ്ടമുണ്ടെങ്കിൽ മാത്രം മതി.”
“അതിനെന്നാ.. ചേട്ടൻ ഓടിച്ചു നോക്കിക്കോ..”
ഞാൻ അത് പറഞ്ഞു തീർന്നില്ല.. ഒരു പൂച്ച കുറുകെ ഒറ്റ ചാട്ടം. പൂച്ചയെ തട്ടാതിരിക്കാൻ ഞാൻ ഇടത്തോട്ടൊന്നു വെട്ടിച്ചതും വണ്ടി ടാർ റോഡിൽ നിന്നും മണ്ണുറോഡിലേക്ക് നീങ്ങി ചരിഞ്ഞതും ഒറ്റ നിമിഷത്തിലായിരുന്നു.
ഉള്ളിലൊരു ആന്തലോടെ തിരിഞ്ഞു നോക്കി. സുദർശൻ ചേട്ടൻ മണ്ണുറോഡിൽ കമന്നുകിടക്കുന്നു. വേഗം ചെന്ന് എഴുന്നേൽപ്പിച്ചിരുത്തി.
“ഏയ്.. എനിക്കൊന്നും പറ്റിയില്ല.’ ചേട്ടൻ പറഞ്ഞു.
വണ്ടി മറിയുന്ന കണ്ട മൂന്നാലു ചെറുപ്പക്കാർ ഓടി വന്നു. ബുള്ളെറ്റ് എടുത്തു നേരെ വെച്ചിട്ട് അവർ അതിലെ പോയ ഒരു വണ്ടിയിൽ ഞങ്ങളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
പോകുന്ന വഴിയിൽ ഞാൻ സുദർശൻ ചേട്ടനോട് സംസാരിച്ചു കൊണ്ടിരുന്നു. ചോദിക്കുന്നതിനെല്ലാം ശരിയായി തന്നെ ചേട്ടൻ മറുപടി പറഞ്ഞു.
ആശുപത്രിയിൽ എത്തി ഡോക്ടറോട് ഞാൻ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്ന സമയത്തു സുദർശൻ ചേട്ടനെ കൈകാലുകളിലെ മുറിവുകൾ തുടച്ചു വൃത്തിയാക്കാനായി നഴ്സിംഗ് റൂമിലേക്ക് കൊണ്ടു പോയി.
ഇതിനിടയിൽ പെട്ടെന്ന് ചേട്ടൻ അബോധാവസ്ഥയിലായെന്നുള്ള വിവരം അറിഞ്ഞു ഡോക്ടറും ഞാനും ഒരു പോലെ പരിഭ്രമിച്ചു.
വിശദമായ പരിശോധനകൾക്കു ശേഷം പുറത്തു വന്ന ഡോക്ടർ പറഞ്ഞു.
“പരിഭ്രമിക്കാനൊന്നുമില്ല. പേടിച്ചു പോയതാണ്. ഉച്ച വരെ ഒബ്സെർവഷനിൽ ഇരിക്കട്ടെ. എന്നിട്ടു പോയാൽ മതി.”
“ആട്ടെ താങ്കൾക്ക് എന്തങ്കിലും പറ്റിയോ? അതു ചോദിക്കാൻ മറന്നു. ”
ഡോക്ടർ സൗഹൃദ ഭാവത്തിൽ ആരാഞ്ഞു..
“ഇല്ല ഡോക്ടർ.. ഞാൻ ബൈക്കേൽ നിന്നു പിടി വിട്ടില്ലായിരുന്നു. പതുക്കെ എഴുന്നേറ്റു പോന്നു.”
ഒബ്സെർവഷൻ റൂമിന്റെ പുറത്തിരിക്കുമ്പോൾ ഓരോരോ ചിന്തകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
ഇതിനിടയിൽ ബ്രാഞ്ചിലേക്കു വിളിച്ചു കാര്യങ്ങൾ പറയാനും മറന്നില്ല.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സിസ്റ്റർ സുദർശൻ ചേട്ടന്റെ ഷർട്ടും വാച്ചും പേഴ്സും ഒരു സ്വർണ മാലയും എന്റെ കയ്യിൽ കൊണ്ടു വന്നു തന്നു.
അവയെല്ലാം കയ്യിൽ വാങ്ങി വീണ്ടും അവി ടിരുന്നപ്പോൾ സിസ്റ്റർ വന്നു പറഞ്ഞു. “കക്ഷിക്കു ബോധം വന്നിട്ടുണ്ട്.”
ഉദ്വേഗത്തോടെ അകത്തോട്ടു പാഞ്ഞ എന്നെ കണ്ടിട്ട് ഒരു പരിചയ ഭാവം പോലുമില്ലാതിരുന്ന ചേട്ടൻ എന്നിൽ ഒരു ഭീതി ജനിപ്പിച്ചു.
എന്തോ ഒരു പന്തിയില്ലായ്ക…. മൊത്തത്തിൽ റിലേ പോയ പോലെ ഇരിക്കുന്നു .
ഒരു നിമിഷം എന്തോ ഓർത്ത പോലെ ശരീരത്തിൽ തപ്പി കൊണ്ട് ചേട്ടൻ ചോദിച്ചു.
“എന്റെ മാല എവിടെ? പേഴ്സ്, വാച്ച്. ഒന്നും കാണുന്നില്ലല്ലോ.”
“ദേ.. എല്ലാം ഈ സാറിന്റെ കയ്യിൽ ഉണ്ട്.” സിസ്റ്റർ പറഞ്ഞു.
“ആ ചേട്ടാ.. എന്റെ കയ്യിൽ തന്നിട്ടുണ്ട്.” ഞാൻ മുന്നോട്ടു നീങ്ങി നിന്നു.
“നിങ്ങളാരാ?”≠
ഞാൻ പെട്ടെന്ന് വല്ലാതായി.
“ചേട്ടാ ഇതു ഞാനാ..”
“നിങ്ങളാരാ? എനിക്കു നിങ്ങളെ അറിയില്ല.”
സിസ്റ്റർ വല്ലാത്ത ഒരു ഭാവത്തോടെ എന്നെ നോക്കുന്നതു ശ്രദ്ധിച്ച ഞാൻ ഐഡന്റിറ്റി കാർഡിനായി എന്റെ പോക്കറ്റ് പരിശോധിച്ചു.
കാണുന്നില്ല. ബൈക്ക് മറിഞ്ഞിടത്തു കാണുമായിരിക്കും.
ഞാൻ ഉടനെ തന്നെ സിസ്റ്റർ എന്നെ എല്പിച്ച വസ്തുക്കൾ സുദർശൻ ചേട്ടനെ ഏൽപ്പിച്ചു.
അവയെല്ലാം പരിശോധിച്ചിട്ട് ചേട്ടൻ ഒരു കരച്ചിൽ.
“ഇയ്യോ എന്റെ ബാഗ് കാണുന്നില്ല . അതിലല്ലേ പണം.. അതെവിടെ പോയി? ഞാൻ ഇനി എന്തു ചെയ്യും?”
അതോടു കൂടി സിസ്റ്റർ ഒരു കള്ളനെ എന്ന പോലെ എന്നെ ഒന്നു നോക്കിയിട്ട് പെട്ടെന്നു മുറിയിൽ നിന്നും ഇറങ്ങി പോയി.
ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ആരോ തോളിൽ പിടിച്ചു.
“ബെന്നി… എന്താ ഉണ്ടായത്?”
ആശ്വാസത്തോടെ തിരിഞ്ഞു നോക്കി. മാനേജർ..
“സാർ ഇപ്പോൾ എത്തിയത് നന്നായി. അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോലിസ് സ്റ്റേഷനിൽ ആയേനെ. എന്റെ ഐഡന്റിറ്റി തെളിയിക്കാൻ ഐഡി കാർഡും കളഞ്ഞു പോയി.”
മാനേജർ ശ്രീകുമാർ സാറിനോട് എല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോൾ ഡോക്ടറെയും കൂട്ടി സിസ്റ്റർ മുറിയിൽ എത്തിയിരുന്നു.
ശ്രീകുമാർ സാറിനു ഡോക്ടറെ നല്ല പരിചയമുണ്ടെന്നു എനിക്കു മനസ്സിലായി. സുദർശൻ ചേട്ടന്റെ കാര്യങ്ങൾ ഡോക്ടർ ശ്രീകുമാർ സാറിനെ ധരിപ്പിച്ചു.
അതിനിടയിൽ സാർ എന്നെ ഡോക്ടർക്ക് പരിചയപ്പെടുത്തി.. ബെന്നിക്കു ഇവിടൊന്നും പരിചയമില്ലെന്നും വന്നിട്ട് മൂന്നാഴ്ചയെ ആയുള്ളുവെന്നും ഒക്കെ ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ തമാശയായി പറഞ്ഞു..
“വെറുതെയല്ല സുദർശൻ ചേട്ടൻ ബെന്നിയെ തള്ളി പറഞ്ഞത്. ചിലർക്ക് വീഴ്ചയിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതു നോക്കാനായിട്ടാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്.”
“സുദർശനു ഹെൽമെറ്റ് ഇല്ലായിരുന്നു. വേറെ പരിശോധന വല്ലതും നടത്തണോ ഡോക്ടറെ?”
മാനേജരുടെ ചോദ്യത്തിന് ഡോക്ടർ മറുപടി പറഞ്ഞു..
“വേണ്ട പരിശോധനകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ നോർമൽ ആണല്ലോ. ഉച്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്തേക്കാം.”
“ചേട്ടാ… ഇങ്ങോട്ടു നോക്കിയേ.. ഈ സാറിനെ അറിയാമോന്ന് നോക്കിക്കേ…..”
ശ്രീകുമാർ സാറിനെ കാണിച്ചു കൊണ്ടു ഡോക്ടർ ചോദിച്ചു.
സുദർശൻ ചേട്ടന്റെ മുഖം ഒരു നിമിഷം വിടർന്നു.
പെട്ടെന്നു തന്നെ മുഖത്ത് ജാള്യത പടർന്നു.
“ബുള്ളറ്റിന്റെ കൊതി തീർന്നോ സുദർശാ?” മാനേജർ ചോദിച്ചു.
എന്നിട്ട് തിരിഞ്ഞ് എന്നോടായി പറഞ്ഞു. “ടാക്സി കിട്ടിയിട്ടുണ്ട്.. ക്യാഷ് എടുക്കാൻ ആളെ വിടുകയും. മാത്തച്ചനെ വിളിച്ചു പറയുകയും ചെയ്തിട്ടാ ഞങ്ങൾ പോന്നത്.
“നിങ്ങൾ പുറപ്പെട്ടതും ആക്‌സിഡന്റ് ഉണ്ടായതും ഒന്നും ഇനി ആരോടും പറയേണ്ട.റിപ്പോർട്ട് ചെയ്താൽ വിശദീകരണം കൊടുക്കണം.. മറ്റു പൊല്ലാപ്പുകൾ വേറെ..
“പിന്നെ വ്യക്തിപരമായി പറഞ്ഞാൽ ഇത്രയ്ക്കു റിസ്ക് ഒന്നും എടുക്കേണ്ട എന്നേ ഞാൻ പറയൂ. നിങ്ങൾ ക്യാഷും കൊണ്ടു വരുന്ന വഴിക്കായിരുന്നു ആക്‌സിഡന്റ് എങ്കിലോ… കളി മാറിയേലായിരുന്നോ?”
“ശരി സാർ.. ഞാൻ ശ്രദ്ധിച്ചോളാം. ”
” സാറെ ബൈക്ക് വർക്ക്‌ഷോപ്പിൽ കൊടുക്കണമല്ലോ. എന്നെ സാർ ഏതെങ്കിലും വർക്ക് ഷോപ്പിലേക്കു വിട്ടേക്കണേ.”
ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു സ്വരം.. പുറകിൽനിന്നും..
“സാറെ.. ശരിക്കും എനിക്കു ബുള്ളെറ്റ് ഓടിക്കാൻ കൊതിയാ. വണ്ടി ഒന്നു തരണേ..” സുദർശൻ ചേട്ടൻ..
“ഞാൻ ഒന്നാലോചിക്കട്ടെ… ” ഞാൻ കുസൃതിയോടെ പറഞ്ഞു കൊണ്ടു പുറത്തേക്കിറങ്ങി.
“ഡ്രിപ് തീരുന്ന വരെ ഒന്നു ക്ഷമിക്കണേ ചേട്ടാ. എന്നിട്ടു ബുള്ളെറ്റ് ഓടിക്കാം.. എന്തു പറയുന്നു?” സിസ്റ്റർ റൂമിലേക്കു കടന്നു വന്നു.
“സിസ്റ്റർ ഗോൾ അടിച്ചല്ലോ” മാനേജർ എന്നെ നോക്കി പുഞ്ചിരിച്ചു.

