“ചേട്ടാ കൊല്ലൂരെത്തി, ഇറങ്ങണില്ലേ?”
അടുത്തിരുന്ന ആൾ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. പുറത്തിറങ്ങി വായും മുഖവും കഴുകി ചുറ്റും ഒന്ന് നോക്കി. പതിവുപോലെ ലളിതാംബിക ഗസ്റ്റ് ഹൗസിന്റെ മുന്നിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. ഞാൻ റൂം ബുക്ക് ചെയ്തിരിക്കുന്നത് അമ്പലത്തിന്റെ കിഴക്കേ നടയിലെ ഒരു ലോഡ്ജിലാണ്. പല്ലൊന്നും തേക്കാതെ തന്നെ ഒരു ചായയും കുടിച്ച് അങ്ങോട്ട് നടന്നു.
അഞ്ച് മണി കഴിഞ്ഞതേയുള്ളൂവെങ്കിലും റോഡിൽ നിറയെ ആളുകളുണ്ട്. കൂടുതലും മലയാളികൾ തന്നെ. കടകളൊക്കെ തുറന്നു വരുന്നതേയുള്ളൂ. സൗപർണികയിലേക്ക് കുളിക്കാൻ പോകുന്നവരും അമ്പലത്തിലേക്ക് തൊഴാൻ പോകുന്നവരും തലങ്ങും വിലങ്ങും പോകുന്നുണ്ട്. ദേവിയുടെ മുന്നിൽ നൃത്തം ചെയ്യാൻ പോകുന്നവരുടെ കാൽച്ചിലങ്കയുടെ ശബ്ദം കേൾക്കാം. വഴിവക്കിൽ ദേവിക്ക് സമർപ്പിക്കാനുള്ള പൂക്കൾ വിൽക്കുന്നവർ. അന്തരീക്ഷത്തിൽ നിറയുന്ന മുല്ലപ്പൂമണവും കലപില ശബ്ദങ്ങളും ഒരുവേള മധുരമീനാക്ഷി കോവിലിനെ ഓർമ്മിപ്പിച്ചു. ദൂരെ ഇരുട്ട് മൂടി കിടക്കുന്ന കുടജാദ്രി മലനിരകളിൽ അല്പം കഴിഞ്ഞാൽ വെളിച്ചം വരാൻ തുടങ്ങും.
റൂമിലെത്തി കുളി കഴിഞ്ഞ് അമ്പലത്തിലേക്ക്. പുറത്തുള്ള ഗണപതിയെ തൊഴുത് അകത്തു കയറി. കൊടിമരത്തിലെ കമ്പട ഗണപതിയെ ക്യൂവിൽ നിന്ന് തന്നെ തൊഴുത് ദേവിയുടെ മുന്നിലേക്ക്. പഞ്ചലോഹ വിഗ്രഹത്തിന് മുന്നിൽ സ്വയംഭൂവാണ് എന്ന് വിശ്വസിക്കപ്പെടുന്ന, സ്വർണനിറമുള്ള ഒരു വര കൊണ്ട് രണ്ടായി പകുത്തിരിക്കുന്ന ഒരു ചെറിയ ശിവലിംഗമുണ്ട്. ഇടതു ഭാഗത്ത് മഹാകാളിയും മഹാലക്ഷ്മിയും സരസ്വതിയും, വലതു ഭാഗത്ത് ത്രിമൂർത്തികളായ ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശിവലിംഗത്തിന് പിന്നിൽ പഞ്ചലോഹത്തിൽ തീർത്ത സിംഹവാഹിനിയായ, ആയുധങ്ങളേന്തി അലങ്കാരങ്ങളണിഞ്ഞ ശക്തിയുടെയും സൗന്ദര്യത്തിന്റെയും പ്രതിരൂപമായി ദേവീവിഗ്രഹം.
കയ്യിൽ വാങ്ങി വെച്ചിരുന്ന കുങ്കുമത്തിന്റെ ഡപ്പി ഒരു പരികർമ്മിയെ ഏൽപ്പിച്ച് ദേവിയെ തൊഴുത് പിന്നെ ദശഭുജ ഗണപതിയെയും നാഗരാജാവിനെയും തൊഴുത് ശ്രീശങ്കരാചാര്യരുടെ നടയുടെ മുന്നിൽ അൽപനേരം ഇരുന്നു. മനസ്സിന് ശാന്തത തരുന്ന സ്ഥലമാണിത്. പൂജിച്ച കുങ്കുമവും വാങ്ങി ദക്ഷിണയും കൊടുത്തു വടക്കേ നടയിലൂടെ നാലമ്പലത്തിന് പുറത്തിറങ്ങി.
ക്ഷേത്രത്തിന്റെ മുന്നിലേക്ക് നടക്കുമ്പോൾ വീരഭദ്രസ്വാമിയുടെ സന്നിധിയുണ്ട്. പൊതുവേ എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും വീരഭദ്രന്റെ സാന്നിധ്യം ഉണ്ടാവും. ശിവന്റെ ഏറ്റവും ദേഷ്യമുള്ള ഭാവമാണ് വീരഭദ്രൻ. ദക്ഷയാഗം നടക്കുന്ന സമയത്ത് അപമാനിതയായ തന്റെ ഭാര്യ സതി ആത്മഹത്യ ചെയ്തു എന്നറിയുന്ന ശിവൻ എല്ലാ ദേഷ്യത്തോടെയും തന്റെ ജട എടുത്ത് നിലത്തടിച്ചപ്പോൾ ഉണ്ടായ രൂപമാണ് വീരഭദ്രൻ എന്നാണ് വിശ്വാസം. വീരഭദ്രനെയും പിന്നെ സുബ്രഹ്മണ്യസ്വാമിയേയും തൊഴുത് പ്രദക്ഷിണം തുടരുമ്പോൾ സരസ്വതി മണ്ഡപമുണ്ട്. കുഞ്ഞുകുട്ടികളെ എഴുത്തിനിരുത്തുന്ന തിരക്കാണ് ഇപ്പോഴവിടെ. വൈകിട്ടായാൽ പാട്ടും നൃത്തവും അരങ്ങുവാഴുന്ന സ്ഥലം. യേശുദാസിനെയും ചിത്രയെയും പോലെയുള്ള ലജന്റുകളുടെ ഇഷ്ടസ്ഥലം കൂടിയാണ് മൂകാംബിക ക്ഷേത്രം.
ഇപ്പോൾ കലാപരിപാടികൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള സ്റ്റേജിലേക്ക് മാറ്റി എന്ന് തോന്നുന്നു. സരസ്വതി മണ്ഡപത്തിന് പുറകിൽ കുറെ പൂജാരിമാർ ഒരു ഹോമകുണ്ഡത്തിന് ചുറ്റും ഇരുന്ന് മന്ത്രം ജപിക്കുന്നു.
രാവിലത്തെ ബലി ഉത്സവവും മംഗളാരതിയും തൊഴുത് പുറത്തുകടന്നു. കൊല്ലൂർ നഗരം മൊത്തത്തിൽ ഉണർന്നു കഴിഞ്ഞിരിക്കുന്നു ഒരു ചെറിയ ഹോട്ടലിൽ നിന്നും ആഹാരവും കഴിച്ച് കുടജാദ്രിയിലേക്ക്…..
പണ്ട് പോലീസ് സ്റ്റേഷന്റെ മുമ്പിൽ നിന്നും യാത്ര തുടങ്ങിയിരുന്ന ജീപ്പുകൾ ഇപ്പോൾ കുറെ മാറി പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. അമ്പലത്തിന്റെ ഏകദേശം തെക്ക് കിഴക്കേ ഭാഗത്ത് ആയിട്ടാണ് കുടജാദ്രി. ഏരിയൽ ഡിസ്റ്റൻസ് വെറും ആറ് കിലോമീറ്റർ മാത്രമേ ഉള്ളൂ കുടജാദ്രിയിലേക്ക് എങ്കിലും റോഡ് മാർഗ്ഗം ചുറ്റിക്കറങ്ങി ചെല്ലുമ്പോൾ നാല്പത് കിലോമീറ്ററോളം ദൂരമുണ്ട്.
ജീപ്പ് ഇറങ്ങുന്ന സ്ഥലത്ത് തന്നെ രണ്ടു ചെറിയ അമ്പലങ്ങളും മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് വിശ്വസിക്കുന്ന മറ്റൊരു അമ്പലവും കൂടാതെ ദേവി മൂകാസുരനെ വധിച്ച ശൂലത്തിന്റെ ഭാഗം എന്ന് വിശ്വസിക്കുന്ന ഒരു ഇരുമ്പ് ദണ്ഡും ഉണ്ട്. ഇവിടെയൊക്കെ തൊഴുതു കഴിഞ്ഞാൽ പിന്നെ മലമുകളിലേക്കുള്ള കാൽനട യാത്രയാണ്. പണ്ട് പോകുന്ന വഴിയിൽ ഒരു ഗണപതിഗുഹയും മറ്റൊരു ചെറിയ അമ്പലവും ഉണ്ടായിരുന്നു. അങ്ങോട്ടുള്ള വഴി വേലികെട്ടി അടച്ചിരിക്കുന്നു. അവിടെയൊക്കെ ഇപ്പോൾ നിറയെ മരങ്ങൾ ആയിട്ടുണ്ടാവും. നടന്നുനടന്നൊടുവിൽ മലമുകളിൽ സർവ്വജ്ഞപീഠം എന്നറിയപ്പെടുന്ന മണ്ഡപത്തിന്റെ മുമ്പിൽ എത്തി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരത്തിൽ ആണ് ഈ സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ കാണപ്പെടുന്ന സ്ഥലമാണ് കുടജാദ്രിയിലെ കാടുകൾ. ചിത്രമൂലയിലേക്ക് പോയപ്പോഴൊക്കെ വഴിയിൽ ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ട്. ഇപ്പോൾ ചിത്രമൂലയിലേക്കുള്ള വഴിയും വേലികെട്ടി അടച്ചിരിക്കുന്നു. പണ്ട് ശങ്കരാചര്യർ തപസ്സു ചെയ്തു എന്ന് വിശ്വസിക്കുന്ന ചിത്രമൂലയിലെ ചെറിയ ഗുഹയിൽ നേരത്തെ പലതവണ പോകാൻ കഴിഞ്ഞത് ഭാഗ്യമായി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവിലാണ് കുടജാദ്രി മലനിരകൾ. ഇവിടെനിന്ന് എങ്ങോട്ട് നോക്കിയാലും കാടാണ്. ഇടതൂർന്നു മരങ്ങൾ നിൽക്കുന്ന നിത്യഹരിത മഴക്കാടുകൾ. ഈ മലനിരകളിൽ തന്നെയാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന അഗുംബേ എന്ന സ്ഥലം. മാൽഗുഡി ഡേയ്സ് എന്ന പ്രശസ്തമായ ടെലിവിഷൻ പരമ്പര ചിത്രീകരിച്ചത് ഇവിടെയാണ് കൊല്ലൂരിൽ നിന്നും 70 – 80 കിലോമീറ്റർ ദൂരമുണ്ടെങ്കിലും അങ്ങോട്ടുള്ള യാത്രയും ആ സ്ഥലവും മറ്റൊരു അനുഭവമായിരിക്കും. സ്വന്തം വാഹനവുമായി വരുന്നവർക്ക് പോകാൻ പറ്റിയ സ്ഥലം. അതിനെക്കുറിച്ച് പിന്നെ ഒരിക്കൽ എഴുതാം.
തിരികെ വന്ന് ആഹാരം കഴിച്ച് അല്പം വിശ്രമിച്ച ശേഷം സൗപർണികയിലെ സ്നാനഘട്ട് കാണാൻ പോയി. മഴയില്ലാത്തതുകൊണ്ട് മെലിഞ്ഞുണങ്ങി ദയനീയമായി ഒഴുകുന്ന സൗപർണിക പക്ഷേ മഴയായാൽ രൗദ്രഭാവം കാട്ടും. പുഴക്കക്കരെ കാടാണ്. കുടജാദ്രി മലനിരകളിൽ നിന്നും തുടങ്ങി ഏകദേശം 60 കിലോമീറ്റർ ഒഴുകി ഗംഗോളി എന്ന സ്ഥലത്ത് വെച്ച് വരാഹി, കേദക, ചക്ര, കുബ്ജ എന്നീ നദികളുമായി ചേർന്ന് പഞ്ചഗംഗാവാലി എന്ന ഒറ്റ നദീപ്രവാഹമായി മാറി അറബിക്കടലിൽ ചേരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സ്റ്റേജിൽ ആളുകൾ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. കുറച്ചു നേരം അത് കണ്ട് നിന്നു. വൈകിട്ട് വീണ്ടും അമ്പലത്തിൽ പോയി ദീപാരാധന തൊഴുതു, മുൻവശത്തെ വലിയ ദീപസ്തംഭം നിറയെ തിരിയിട്ട് കത്തി നിൽക്കുന്ന കാഴ്ച മനോഹരമാണ്. ദേവിയുടെ കഷായവും കുടിച്ച് പെട്ടന്ന് റൂം വെക്കേറ്റ് ചെയ്ത് ആഹാരവും കഴിച്ച് മടക്കയാത്രക്കായി ബസിലേക്ക്.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. കണ്ടുമുട്ടുന്ന മനുഷ്യർ, അവരുടെ ജീവിതങ്ങൾ, പോയ സ്ഥലങ്ങൾ, രുചികൾ, മണങ്ങൾ അങ്ങനെയങ്ങനെ നിരവധി ഓർമ്മകളുടെ മാറാപ്പുമായി തിരികെ വീട്ടിലേക്ക്………

