“നിനക്ക് അന്ധവിശ്വാസം ഉണ്ടോ?” ടി.വിയിലെ പ്രേതപ്പടത്തിൽ കണ്ണുംനട്ടിരിക്കുമ്പോഴാണ് കെട്ട്യോൻ്റെ ചോദ്യം.
“കല്യാണത്തിന് മുമ്പ് നല്ലോണം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞതോടെ അത് പോയി. നിങ്ങൾക്കോ?”
ഇങ്ങോട്ട് ചോദ്യം ചോദിച്ചാ അങ്ങോട്ടും ഒരെണ്ണം കൊടുക്കണമല്ലോ.
“എനിക്കും അതെ. കല്യാണത്തിന് മുമ്പ് ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അത് മാറി”
ഹോ ആ മുഖത്ത് എന്തൊരു ശാന്തത.
“അതെന്താ മാറാൻ കാരണം?” റിമോട്ടിൽ കുത്തി പ്രേതപ്പടത്തെ നിശബ്ദമാക്കിയിട്ട് കണവനെ നോക്കി.
“നീ പറയ്. നീയല്ലേ ആദ്യം പറഞ്ഞത്.”
“അതെന്താന്നോ… നിങ്ങൾ വീട്ടുകാരുമായി കല്യാണം ഉറപ്പിയ്ക്കാൻ എൻ്റെ വീട്ടിൽ വന്നില്ലേ. അന്ന് നിങ്ങളെല്ലാരും പോയി കഴിഞ്ഞപ്പോൾ കാർന്നോന്മാർ എല്ലാം കൂടിയിരുന്നു പറഞ്ഞു
നല്ല ചെക്കനാ.
നല്ല സ്വഭാവം ആണ്.
അവൾക്ക് അവിടെ ഒന്നിനും ഒരു കുറവുണ്ടാവില്ല അവളെ പൊന്നുപോലെ നോക്കും എന്നൊക്കെ.
ഉടനെ വാതിലിന് മുകളിലിരുന്ന് ഒരു പല്ലി ചിൽചിൽന്ന് ചിലച്ചു.
അതു കേട്ടപ്പോൾ ഞാൻ വിചാരിച്ചു എല്ലാം സത്യമാണെന്ന്.
കല്യാണം കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത് പല്ലി ചതിച്ചതാ എന്ന്.
പിന്നെങ്ങനെ എനിക്ക് വിശ്വാസം വരും?
ഇനി നിങ്ങൾ പറയ്. എന്താ നിങ്ങടെ വിശ്വാസം പോയത്?”
“നിൻ്റെ വീട്ടിൽ ചിൽചിൽന്ന് അന്ന് ചെലച്ച ആ പല്ലിയില്ലേ അതിൻ്റെ ഒരു ബന്ധു എൻ്റെ വീട്ടിലും ഉണ്ടായിരുന്നു.
നിങ്ങളുടെ വീട്ടീന്ന് വന്നു കഴിഞ്ഞ് എൻ്റെ വീട്ടിലെ കാരണവന്മാരും ഇരുന്നു പറഞ്ഞു
നല്ല പെൺകുട്ടിയാണ്.
നല്ല പെരുമാറ്റമൊക്കെയുള്ള പാവം കുട്ടിയാണ്.
അവന് നല്ല ചേർച്ചയാന്നൊക്കെ.
അപ്പോഴും ഉത്തരത്തിലിരുന്ന് പല്ലി ചിലച്ചു. അതു കേട്ട് ഞാനും വിചാരിച്ചു എല്ലാം സത്യമാണെന്ന്.
കല്യാണം കഴിഞ്ഞപ്പോഴല്ലേ പല്ലീടെ ചതി മനസ്സിലായത്.
ഇപ്പോൾ മിക്ക ദിവസവും പല്ലിയെ സ്വപ്നം കണ്ടു ഞാൻ ഞെട്ടി ഉണരാറുണ്ട്.”
കെട്ട്യോൻ പറഞ്ഞു നിർത്തിയപ്പോ ടി വി ഓഫ് ചെയ്ത് ഒരു നെടുവീർപ്പോടെ എഴുന്നേറ്റു.
“എന്താല്ലേ ഈ പല്ലികളൊക്കെ ഇങ്ങനെ നുണയൻമാരായത്.
എനിക്കിഷ്ടല്ല ഇങ്ങനെ പറ്റിക്കണത്. ഞാൻ പോയി പല്ലിയെ ഓടിയ്ക്കാനുള്ള വഴി നോക്കട്ടെ. ഒറ്റയെണ്ണത്തിനെ വീട്ടിൽ കേറ്റരുത്. ചിലച്ച് പറ്റിയ്ക്കുന്ന വഞ്ചകൻമാർ…..”

