പി പത്മരാജൻ്റെ 1987 ൽ പുറത്തിറങ്ങിയ ചിത്രമാണ് തൂവാനതുമ്പികൾ. മോഹൻലാൽ, സുമലത, പാർവതി ബാബു നമ്പൂതിരി, ജഗതി ശ്രീകുമാർ, അശോകൻ, എന്നിവർ പ്രധാന വേഷത്തിലെത്തി. കാലം തെറ്റിയെത്തുന്ന മഴയും ഈ ചിത്രത്തിൽ കഥാപാത്രമായി നിറയുന്നു.
കഥാസംഗ്രഹം:
മണ്ണുത്തിയിലെ ഭേദപ്പെട്ടൊരു ഭൂവുടമ ജയകൃഷ്ണൻ, തൻ്റെ ഗ്രാമത്തിൽ മാന്യജീവിതവും ടൗണിൽ അത്യാവശ്യം റൗഡിത്തരങ്ങളും, ധാരാളം സൗഹൃദാഘോഷങ്ങളും ഉള്ളയാളാണ്. തങ്ങൾ, എന്ന സുഹൃത്തു വഴി അയാളൊരു കരുത്തുള്ള പെണ്ണിനെ കണ്ടുമുട്ടുന്നു. മോശപ്പെട്ട ചുറ്റുപാടുകളിൽ നിന്ന് രക്ഷപെടാൻ സെക്സ് വർക്കറാകാൻ തയ്യാറായി വരുന്ന ക്ലാര, ജയകൃഷ്ണന് അഗാധവും അതിതീവ്രവുമായ ലഹരിയായി മാറുന്നു. അവൾക്കൊപ്പം എത്തുന്ന മഴ പോലും മറക്കാനാകാത്ത അനുഭൂതിയാകുന്നു
എന്നാൽ അയാളുടെ നന്മ കാംക്ഷിക്കുന്ന ക്ലാര, അയാളെ വിട്ടുപോകുന്നു. ബന്ധുവായ രാധയോടു സ്‌നേഹം തോന്നിയ ജയകൃഷ്ണൻ അവളുമായി വിവാഹമുറപ്പിക്കുന്നു… ഇതിനിടയിൽ അപ്രതീക്ഷിതമായി ക്ലാര വീണ്ടും കാണാനെത്തുന്നു. രാധയോടുള്ള സ്‌നേഹത്തിനും ക്ലാരയോടുള്ള പ്രണയാഭിനിവേശത്തിനുമിടയിൽ വലയുന്ന ജയകൃഷ്ണനെ വിട്ട് ക്ലാര, എന്നേയ്ക്കുമായി മഴക്കൊപ്പം മടങ്ങുന്നു. മഴയും ഈ കഥയിൽ ഉടനീള സാനിധ്യമുള്ള കഥാപാത്രമാകുന്നു.
ക്ലാര, ജയകൃഷ്ണന് ആരാണെന്നറിഞ്ഞു തന്നെ രാധ അയാളെ വിവാഹം കഴിക്കുന്നു. അയാളുടെ ആസക്തികൾക്കും പ്രണയാതുരമായ മനസിനും ശമനതാളം നൽകി രാധ അയാൾക്കൊപ്പം ജീവിക്കുന്നു. രാധയെന്ന സ്നേഹത്തെ ചേർത്തുപിടിക്കുമ്പോഴും ക്ലാരയെന്ന സ്വപ്നം ഒരിക്കലും ജയകൃഷ്ണനെ വിട്ടൊഴിയുന്നില്ല
മഴയുടെ മകൾ : തൂവാനത്തുമ്പികൾ 2
നീളൻ വരാന്തയുടെ അറ്റത്തിട്ട ചാരുകസേരയിൽ ജയകൃഷ്ണൻ കണ്ണടച്ചു കിടന്നു. ഋതുക്കൾ പലകുറി ഉഴുതുമറിച്ച ശരീരവും മനസ്സും വല്ലാത്തൊരു പാകതയിലെത്തിക്കഴിഞ്ഞു .ആ കണ്ണുകളിലെ അലയടങ്ങാത്ത തിരയിളക്കത്തെ തൊടാൻ മാത്രം കാലത്തിനായിട്ടില്ല.
തൊടിയിൽ കുറേ പണിക്കാരുണ്ട്. എന്തോ എഴുന്നേൽക്കാൻ തോന്നുന്നില്ല. ഈയിടെ അങ്ങനെയാണ്. ദൂരെ, കവടയും പൊള്ളയും ചൊവ്വേരിപ്പുല്ലും ആർത്തു കയറുന്ന പാടത്തേക്കു നോക്കിക്കിടക്കുമ്പോൾ , നിസ്സഹായതയുടെ ഒരു കുഞ്ഞല വന്നു തൊടുമ്പോലെ. കൃഷിയിറക്കിയിട്ടു തന്നെ കൊല്ലം രണ്ടായി.
ഉത്രാളിക്കാവു പൂരത്തിന് നിരന്നുനിന്ന മുപ്പത്തിമൂന്നു കരിവീരന്മാർക്കിടയിൽ, തിടമ്പേറ്റിയ കീഴ്പ്പള്ളിൽ അയ്യപ്പൻ്റെ ചേലു കണ്ട്, പാണ്ടിമേളത്തിൻ്റെ ലഹരിയിൽ കൂട്ടുകാരൻ ,ഋഷിയുടെ തോളിൽ കൈവെച്ചു നിൽക്കുമ്പോഴാണ്, നിനച്ചിരിക്കാത്ത അപകടം . കിഴക്കുദിക്കിൽ നിന്ന ചെറുപ്പക്കാർക്കിടയിലൊരു കശപിശ . അവറ്റകൾ അടിച്ചും തല്ലിയും മുന്നോട്ടു വന്ന് കൂട്ടപ്പൊരിച്ചിലായപ്പോൾ, പെട്ടന്നുള്ള തള്ളിൽ പിന്നോട്ടു നീങ്ങിയതാണ്. സദ്യപ്പുര പുതുക്കിപ്പണിയാൻ വാനം തോണ്ടിയിട്ടതിലേക്ക് താൽക്കാലിക വേലിയും തകർത്ത് ജയകൃഷ്ണൻ വീണുപോയി. തുടയെല്ലുനുറുങ്ങി, മാസങ്ങൾ നീണ്ട ചികിത്സ കഴിഞ്ഞെത്തുമ്പോഴേക്കും കൃഷിയിറക്കേണ്ട സമയം കഴിഞ്ഞിരുന്നു. കൃഷിക്കാരൻ വേലായുധനും വയസ്സായി. അയാൾക്കൊരു മകനുള്ളവൻ കുടിച്ചു കൂത്താടി നടക്കുന്നു. അവൻ കൂട്ടിയാലൊന്നും ഇപ്പണി കൂടില്ല. അടുത്ത കൊല്ലത്തേക്കെങ്കിലും എന്തെങ്കിലും നോക്കണം.
അകത്തു നിന്നു രാധയുടെ പതിഞ്ഞ കാലടിശബ്ദം. അവൾക്കു മുന്നേ നാസികത്തുമ്പു തൊട്ട കാപ്പിയുടെ ഹൃദൃഗന്ധം. ഭൂതകാലത്തിൻ്റെ കരിമ്പാറക്കെട്ടുകളിൽ തട്ടിയും തടഞ്ഞും, മെലിഞ്ഞും ഇടക്കിടെ നിറഞ്ഞുമൊഴുകി പാകപ്പെട്ടൊരു പുഴ പോലെ ശാന്തയായിരുന്നു രാധ.
” മഴ വരുന്നല്ലോ., ഇതെന്താ കുംഭ മാസത്തിലിങ്ങനെ ?”
” ങാ, ആകാശത്തിൻ്റെ കണ്ണുനീരല്ലേ രാധേ, ഓർക്കാനേരങ്ങളിൽ ,അതിങ്ങനെ തിരിമുറിയാതെ പെയ്തിറങ്ങും”
അയാൾ ദൂരേക്കു നോക്കിയിരുന്നു രാധ നെടുവീർപ്പൊതുക്കി
”ഇന്ദ്രനെവിടെ ? അയാൾ പുറത്തേക്കൊന്നും ഇറങ്ങുന്നില്ല?” രാധ തലകുനിച്ചു.
”അച്ഛൻ, മിണ്ടാത്തതിൽ അവനു നല്ല ദെണ്ണമുണ്ട്”
ഉം….. കനത്ത മൂളൽ .
”കണ്ട പെങ്കുട്യോളെ തല്ലാനും കൊല്ലാനും നടക്കുമ്പോ ഓർക്കണം “
നാവിൻ തുമ്പിൽ വന്നത് രാധ വിഴുങ്ങി.
ഇന്ദ്രൻ , ചടപടാന്ന് ഇറങ്ങിവന്ന്, ഇരുവരെയും നോക്കാതെ മുറ്റത്തേക്കു ചാടി ബൈക്ക് സ്റ്റാർട്ടാക്കി പാഞ്ഞു പോയി. ബൈക്ക് ഗേറ്റു കടന്നതും, മുറ്റത്തു പൊട്ടിവീണതു പോലൊരു വെള്ളിടിക്കൊപ്പം മഴ ആർത്തലച്ചെത്തി. അത്ഭുതത്തോടവർ പരസ്പരം നോക്കി. ദൂരെദൂരെ ഏതോ കുന്നിൻ മുകളിൽ ഒരു നിമിഷം മുമ്പുമാത്രം ഉരുക്കൂടിയ മഴ ഇത്രപെട്ടന്നിങ്ങെത്തിയോ ! വീശിയടിച്ചു വട്ടം കറക്കി, ക്രൗര്യത്തോടെ ചുറ്റുന്ന കാറ്റിനൊപ്പം മഴ കുതിച്ചിറങ്ങാൻ തുടങ്ങി.
കാരണമില്ലാതെ വന്നെത്താത്ത ഏതോ മഴയുടെ ഓർമ്മപ്പെയ്ത്തിൽ, താനെന്തിനിപ്പോൾ നനഞ്ഞു തുടങ്ങുന്നുവെന്നു മാത്രം ജയകൃഷ്ണനു മനസ്സിലായില്ല.
മഴപ്പാളികൾക്കിടയിലുടെ അടയ്ക്കാത്തോട്ടം ചുറ്റി ഒരു ടാക്സിക്കാർ വന്നു പടികൾക്കരികിൽ നിന്നു. കറുപ്പിൽ വെള്ളപ്പൂക്കളുള്ളാരു കുട, അന്തരീക്ഷത്തിലേക്കു നിവർന്നു. പടിയിലേക്കു നീട്ടിവെച്ച ഇടങ്കാലിലെ ബ്ലാക്മെറ്റൽ കൊലുസ്സാണ് ആദ്യം കണ്ണിൽ പെട്ടത്. ഇളം നീല ലിനൻ സാരിയും മുഴുക്കൈ കോളർ ഹൈനൈക് ബ്ലൗസുമിട്ടൊരു പെൺകുട്ടി ഇറങ്ങിനിന്ന്, അവരെ ആത്മവിശ്വാസത്തോടെ നോക്കി.
ജയകൃഷ്ണൻ മുന്നോട്ടാഞ്ഞു. നെഞ്ചിൽ ശ്വാസം വിലങ്ങി. സതംഭിച്ചു പോയ രാധ , വിശ്വാസം വരാതവളെ തുറിച്ചുനോക്കി. ജയകൃഷ്ണൻ്റെ കയ്യിൽ മുറുകെ പിടിച്ചു.
മഴനൂലുകൾക്കിടയിലൂടെ, ആരോ എഴുതാൻ ബാക്കിവെച്ചൊരു കവിതയുടെ നുറുങ്ങു പോലവൾ അരികിലേക്കടുക്കുമ്പോൾ കാലം അവർക്കിടയിൽ അടർന്നുവീണു.
”വർഷ” , നെഞ്ചിൽ കൈചേർത്തവൾ ജയകൃഷ്ണൻ്റെ മുഖത്തേക്കു നോക്കി. അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ ഒരായിരം മഴമേഘങ്ങളുടെ അഴൽ, അയാൾ തിരിച്ചറിഞ്ഞു. പതിഞ്ഞ കാലടിയിൽ കഴിഞ്ഞ 27 വർഷത്തെ ഹൃദയതാളങ്ങളുടെ മൃദുമന്ത്രണം. കാലം കൈവെക്കാൻ മടിച്ച ചിത്രമായൊരുവൾ, ഉള്ളിലെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി മുന്നിലെത്തിയ പോലെ!
ഉലഞ്ഞു നിൽക്കുന്ന ജയകൃഷ്ണനെ ഒന്നു നോക്കി, രാധ അവളെ ചേർത്തുപിടിച്ചു.
”അമ്മ പറയുമായിരുന്നു, എന്നെങ്കിലും നിൻ്റെ മുന്നിലെ വഴികളെല്ലാം അവസാനിച്ചാൽ അന്ന്, മഴമേഘങ്ങൾ നിനക്കു മണ്ണാറത്തൊടിയിലേക്കു വഴികാട്ടുമെന്ന് .അവിടെ വിളക്കായി രാധയാൻ്റി ഉണ്ടാകുമെന്ന്. ഏതു കൊടുങ്കാറ്റിനെയും പിടിച്ചുകെട്ടാൻ കരുത്തുള്ളൊരാൾ നിനക്കു തുണയാകുമെന്ന്.”
”മകളേ!,” അയാൾ കൈകൾ വിടർത്തി
മണ്ണുത്തിയുടെ മാടമ്പി, തൃശൂർ ടൗണിലെ റൗഡി അയാളിൽ നിന്നലിഞ്ഞു പോയി. അയാളിലെ അച്ഛൻ, ഭൂതകാലത്തിൽ നിന്നു വിരുന്നുവന്ന കിനാവിൻ്റെ കുരുന്നിനെ നെഞ്ചോടമർത്തി.
രാത്രിയെത്തി . മഴയുടെ ശമനതാളത്തിനൊപ്പം, ചീവിടും തവളയും മണ്ണട്ടയും ചേർന്നൊരുക്കുന്ന ഫ്യൂഷൻ സംഗീതത്തിൽ ലയിച്ച്, പിന്നാമ്പുറത്തെ മരയഴിയിൽ പിടിച്ചു വർഷ നിന്നു. നങ്കൂരം പോലുമില്ലാതലഞ്ഞ യാനം ,ഒടുവിൽ തീരമണഞ്ഞുവോ ! ആകാശച്ചരിവിലെങ്ങോ നിന്ന് അമ്മ കാണുന്നുണ്ടാവുമോ , ഈ പ്രിയ ഭൂമിയിൽ താൻ തൊട്ടുനിൽക്കുന്നത്. ഒരുവേള , മരയഴികളിൽ പിടിച്ചുനിൽക്കുന്നത് താനല്ലെന്നും ജയകൃഷ്ണൻ്റെ ക്ലാരയാണതെന്നും അവൾക്കു തോന്നി.
തിരക്കിട്ട പണിയിലാണ് രാധ. പൊടിച്ച ഏലക്ക ചേർത്ത് പായസം ഇളക്കി വാങ്ങുമ്പോൾ പിന്നിൽ വർഷയെത്തി. കുട്ടിക്കുള്ള സ്പെഷൽ ആണെന്നു പറഞ്ഞവർ ,ചിരിയോടതു പകർന്നു നീട്ടി. ചുടുപായസം ഊതിക്കുടിക്കുന്ന വർഷയെ കണ്ണു ചിമ്മാതവർ നോക്കിനിന്നു. അജ്റക് പ്രിൻ്റിൽ ചൈനീസ് കോളേർഡ് ഷർട്ടും ഹാരം പാൻ്റ്സുമിട്ടപ്പോൾ അവൾ തീരെ ചെറിയ കുട്ടിയെപ്പോലെ തോന്നിച്ചു.
വർഷ , കൗതുകത്തോടെ രാധയെ നോക്കി. ചലിക്കുന്ന ഓയിൽ പെയിൻ്റിങ്ങു പോലൊരാൾ . എന്തൊരു ശാന്തതയാണിത് !
”ആൻ്റീ, ഈ വീടിനു മേൽ അമ്മ പടർത്തിയ കരിനിഴലിൻ്റെ ആഴം എനിക്കൂഹിക്കാം. അമ്മയോട് ദേഷ്യമാണോ?”
”മനുഷ്യരെ നമുക്കു മനസ്സിലാകാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാകുക. ക്ലാരയെ എനിക്കു മനസ്സിലായി. അവൾ നിഴലായിരുന്നില്ല. മഴയായിരുന്നു. പെട്ടന്നു വന്നു പെയ്തു പോകുന്ന ചേലുള്ളൊരു മഴ ! അതു വരും , നനയ്ക്കും , മടങ്ങും. ജയേട്ടൻ്റെ ആത്മാവിൽ പെയ്തിറങ്ങിയ മഴകളോടെനിക്ക് യാതൊരു നീരസവുമില്ല. എല്ലാ പെയ്ത്തിനുമൊടുവിൽ, കാറ്റും കോളുമടങ്ങുമ്പോൾ , വന്മരങ്ങളെ പിടിച്ചു നിർത്തുന്നത് പച്ചമണ്ണാണ്, വന്നുപോകുന്ന മഴകളല്ല.”
അവർ മുഖം തിരിച്ചു.
” പിന്നെ ,എന്നോ പെയ്ത മഴയുടെ ലഹരിയിൽ മാത്രം ജീവിതത്തിൻ്റെ കടലാഴങ്ങൾ താണ്ടാൻ തക്ക കരുത്തൊന്നും ഇവിടെ ഒരു ജയകൃഷ്ണനിലും ഞാൻ കണ്ടിട്ടുമില്ല”.
ഒഴുകിയെത്തുന്ന താരാട്ടു പോലെ മൃദുവെങ്കിലും, ആ ശബ്ദത്തിലെ നീറ്റൽ വർഷയെ ഉരുക്കി. കനമുള്ളൊരു നീർത്തുള്ളി കപ്പിൽ വീണു ചിതറി.
”ആൻ്റീ, അവസാന ശ്വാസം വരെ അമ്മ നിങ്ങളെ സ്‌നേഹിച്ചിരുന്നു. ഒറ്റ ഇടിമുഴക്കത്തിൽ , കാറ്റൊച്ചയിൽ അവർ നിങ്ങളിലേക്കു മടങ്ങുമായിരുന്നു. തൻ്റെ ആത്മാവിൻ്റെ അവകാശിയെ കാക്കുന്ന സ്ത്രീയാണവർ , അവർക്കായി പ്രാർത്ഥിക്കൂ എന്നെപ്പോഴും പറയുമായിരുന്നു”.
”എനിക്കറിയാം ക്ലാരയുടെ മനസ്”
രാധ അലിവോടവളുടെ കൈ തലോടി.
”ആൻ്റീ, വഴക്കു പറയരുതേ. ഞാനൊരുത്തനെ കുത്തി വീഴ്ത്തിയിട്ടാണ് ഓടിപ്പോന്നത്”
രാധ , സ്തബ്ധയായി.
”അമ്മയുടെ രണ്ടാം ഭർത്താവിൻ്റെ മകൻ ! ശല്യം സഹിക്കാഞ്ഞിട്ടാണ് ചെയ്തുപോയി. അവൻ ചത്തിട്ടൊന്നുമില്ല. പക്ഷേ ഇനി എനിക്കവിടെ ജീവിക്കാൻ പറ്റില്ല
അച്ഛനു ഹാർട്ടറ്റാക്കായിരുന്നു. എനിക്കന്നു പതിനൊന്നു വയസ്. അച്ഛൻ്റെ വീട്ടുകാർ, ഹോസ്പിറ്റലീന്ന് തന്നെ ബോഡി കൊണ്ടുപോയി .അമ്മയുടെ പാസ്റ്റ് അവർക്കറിയാം . എവിടെയും അടുപ്പിച്ചില്ല. താമസിക്കുന്ന വീടും കുറച്ച് ആഭരണങ്ങളും ഇത്തിരി ബാങ്ക്ബാലൻസുമായി ജീവിച്ചു തുടങ്ങി. എത്രസൂക്ഷിച്ചിട്ടും രണ്ടു വർഷത്തിനുള്ളിൽ, സ്ക്കൂൾ ഫീസടക്കാൻ പോലും ബുദ്ധിമുട്ടായി . അമ്മയ്ക്കു വീണ്ടും പഴയപോലെ പോകേണ്ടി വന്നു”. അവൾ തലകുനിച്ചു
” പിന്നെയും രണ്ടു കൊല്ലം കൂടി കഴിഞ്ഞാണ് , ആ ദുഷ്ടൻ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നത്. തനി ഫ്രോഡായിരുന്നു. എന്തിനയാളെ അമ്മ വിവാഹം കഴിച്ചെന്ന് ഇന്നുമെനിക്കറിയില്ല . ഒരാഴ്ചക്കുള്ളിൽ തന്നെ ആ ബന്ധം തകർന്നു. മക്കളില്ലെന്നു പറഞ്ഞയാളുടെ രണ്ടു ടോക്‌സിക് ചെക്കന്മാർ കൂടും കൂടുക്കയുമെടുത്തു കയറി വന്നു. അമ്മക്ക് അപ്പോൾ തന്നെ അബദ്ധം മനസ്സിലായെങ്കിലും മരണം വരെ അതിൽ നിന്നു മോചനം കിട്ടിയില്ല. അവന്മാർ എൻ്റെ സാധനങ്ങൾ നശിപ്പിക്കാനും ചവിട്ടാനും തൊഴിക്കാനും തുടങ്ങിയതോടെ എന്നെ ബോർഡിങ്ങിലാക്കി. അയാളെത്തേടി ക്രിമിനലുകളും പോലീസും ഒരുപോലെ കയറിയിറക്കമായി. ഒടുവിൽ അമ്മയെ പലതിനും നിർബ്ബന്ധിക്കാൻ തുടങ്ങിയതോടെ വീടു വിട്ടിറങ്ങേണ്ടിയും വന്നു. തോറ്റു കൊടുക്കാനോ, ചൊല്പടിക്കു നിൽക്കാനോ തയ്യാറില്ലാത്ത അമ്മ , വളരെ ഇൻഫ്ലുവെൻഷ്യലായൊരു ക്ലയിൻ്റു വഴി രഹസ്യമായി വീടുവിറ്റു.
അന്നു തുടങ്ങിയ വേട്ടയാടലാണ്, പണത്തിനു വേണ്ടി .അടുത്ത നാലു കൊല്ലം ഓർക്കാൻ വയ്യ. അമ്മക്ക് വയ്യാതായി. ഹെപ്പറ്റിറ്റിസ് സി. ആശുപത്രിയിൽ വന്നുവരെ ഭീഷണിപ്പെടുത്തുമായിരുന്നു. എന്നെയോർത്ത് നീറിനീറിയാണ് അമ്മ പോയത് വീട് വിറ്റ പൈസയുണ്ടായിരുന്നതു കൊണ്ട് പിടിച്ചുനിന്നു. അമ്മയ്‌ക്കൊരു കമലക്കയുണ്ട്. സോഷ്യൽ വർക്കറാണ്. അവരായിരുന്നു പിന്നെൻ്റെ ഗാർഡിയൻ. 70 വയസ്സുണ്ട്. പണം ചോദിച്ചു ഹോസ്റ്റലിൽ കയറി അച്ഛനും മക്കളും ബഹളമായപ്പോ, അക്ക എന്നെ കൂടെ കൂട്ടി. അതിലൊരുത്തൻ വീട്ടിൽക്കയറി വന്ന് അവരുടെ കഴുത്തു പിടിച്ചു ഞെരിക്കുന്ന കണ്ടപ്പോ, സഹിച്ചില്ല. പിടിച്ചു മാറ്റാനാ നോക്കിയത്. അന്നേരം എൻ്റെ അമ്മയെ പറ്റി അവനൊരു വൃത്തികേട് പറഞ്ഞു. കയ്യിൽ കിട്ടിയ കത്രികയെടുത്തു കുത്തിപ്പോയി “അവൾ പൊട്ടിക്കരഞ്ഞു.
”മതി ഇനി ഒന്നും പറയണ്ട. ഇവിടെ, നിന്നെത്തേടി ഒരാളും വരില്ല. മണ്ണാറത്തൊടിയുടെ മകളെ , ഇനിയാരും തൊടുകയുമില്ല”
രാധ അവളെ ചേർത്തണച്ചു. അവർക്കിടയിൽ, സ്‌നേഹം മഴനൂൽ കൊണ്ടൊരു കൂടു നെയ്തു.
അവൾ മുറിയിലേക്കു പോയപ്പോൾ രാധ ഇന്ദ്രനെ ഓർത്തു . അവൻ മടങ്ങിയെത്തിയില്ലല്ലോ. എങ്ങോട്ടാവും പോയത് . ഒന്നരമാസത്തോളമായി വീട്ടിൽ അടച്ചിരുപ്പായിരുന്നു. വർക് ഫ്രെം ഹോം ആണെങ്കിലും ജോലി കഴിഞ്ഞാലുടൻ ഊരുചുറ്റാനിറങ്ങുന്നവൻ. അച്ഛൻ്റെ ശരീരവും മനസ്സും പകുത്തെടുത്ത മകൻ. മാധവേട്ടൻ്റെ മകളെ വിവാഹം കഴിക്കണമെന്നവൻ ചിന്തിക്കുമെന്നു പോലും കരുതിയില്ല . പഴയ കാലമല്ലല്ലോ. കസിനെ കല്യാണം കഴിക്കാനൊക്കെ ഏതെങ്കിലും കുട്ടി നിൽക്കുമോ ? അവളെ തല്ലാൻ ഇവൻ്റെ കൈ പൊങ്ങിയല്ലോ ദൈവമേ! അത്രയൊക്കെ മാധവേട്ടൻ ക്ഷമിച്ചേനേ. പക്ഷേ അവൾക്കു നേരേ ബൈക്ക് ഓടിച്ചു കയറ്റിയാൽ ഏട്ടനും ഏട്ടത്തിയമ്മയും സഹിക്കുമോ? എന്താണോ കുട്ടിക്കു പറ്റിയത് !
മുറ്റത്തു ബൈക്കു വന്നു നിൽക്കുന്ന ശബ്‌ദം. ആശ്വാസത്തോടവർ പുതിയ വിശേഷം പറയാൻ ഓടി.
ഇന്ദ്രൻ , ആകെ അസ്വസ്ഥനായിരുന്നു.
”എവിടുന്നാണവൾ വന്നു കയറിയതെന്നാർക്കറിയാം? അമ്മേ, അച്ഛൻ്റ വീരകഥകളെല്ലാം ഇംഗ്ലണ്ടിൽ വരെ വടക്കൻ പാട്ടാ !”
”ഓഹോ, നീയവിടായിരുന്നപ്പോ, ഏതേലും പാണന്മാരു പാടിനടക്കുന്നതു കേട്ടോ ?
”അമ്മ ചൂടാകണ്ട .ആരേലും മനഃപൂർവം വേഷം കെട്ടിച്ചു വിട്ടതാവും. തറവാട്ടിൽ തന്നെ ഒണ്ടല്ലോ ശത്രുക്കൾ “
”ഇതങ്ങനെയല്ല, അവളെ എനിക്കറിയാം”
അവർ തിരിഞ്ഞു നടന്നു. ഇന്ദ്രൻ വെരുകിനെപ്പോലെ ഉഴറി.
ആഴ്ചകളും മാസങ്ങളും കടന്നുപോയി. പണ്ടെന്നോ പാടിമറന്നൊരു പാട്ടു പോലെ, വർഷ ആ വീട്ടിൽ അലിഞ്ഞു. ഇന്ദ്രൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി. അവളിൽ നിന്നകലം കാക്കാൻ ശ്രമിക്കുന്തോറും ആ ഭ്രമണപഥത്തിൻ്റെ ചുഴിക്കുത്തിലേക്ക് വലിച്ചടുപ്പിക്കുന്നൊരു കാന്തികശക്തി കീഴ്പ്പെടുത്തുന്നത് വേവലാതിയോടവൻ തിരിച്ചറിഞ്ഞു. നേർക്കുനേർ കണ്ടാലുള്ള ഹലോക്ക് അപ്പുറം അവർക്കിടയിൽ സൗഹൃദം മുളച്ചിരുന്നില്ല
അവൾ യഥാർത്ഥത്തിൽ ആരാണെന്നു ചിന്തിച്ചു തുടങ്ങുമ്പോഴേക്കും , അവനു വട്ടുപിടിക്കും. അച്ഛൻ്റെ മെരുക്കാനാകാത്ത, ഐതിഹാസിക പ്രണയകഥയിലെ നായികയുടെ മകൾ, റിയൽ ലൈഫിൽ ഇങ്ങനെ മുന്നിൽ വന്നുനിൽക്കണമെങ്കിൽ ! അമ്മ പോലും അവൾക്കൊപ്പമെങ്കിൽ ! അവനു ഭയം തോന്നി.
അമ്മാവൻ്റെ മകളെയല്ലാതെ മറ്റൊരു പെണ്ണിനെയും കണ്ടില്ലേന്നു ചോദിച്ചവർ, ഇതറിയുമ്പോൾ എന്താവും പറയുക! സത്യത്തിൽ തനിക്കു വല്ല കുഴപ്പവുമുണ്ടോ ! മാളൂനെ ബൈക്കിടിപ്പിക്കാൻ ശ്രമിച്ചതല്ലെന്നു പറഞ്ഞുമടുത്തു. അവളോടു തനിക്കു പ്രണയമായിരുന്നോ? എങ്കിലതിത്ര വേഗം ആവിയാകുമോ , അതും ജയകൃഷ്ണൻ്റെ മകന് ? മാളു , തന്നെയിങ്ങനെ ഹോണ്ട് ചെയ്തിട്ടേയില്ല. നിനവിലും കനവിലും നിറയുന്ന വർഷയെന്ന ഉന്മാദം അതുപോലല്ല. ഇവൾ തന്നെയും കൊണ്ടേ പോകൂ !.
ഓർത്തോർത്തു കിടന്നപ്പോൾ തോന്നി, താൻ പ്രായപൂർത്തിയായ പുരുഷനാണ്. സ്വന്തം കാലിൽ നിൽക്കുന്നവൻ. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ അവളുടെ സമ്മതം മാത്രം മതി. അവളോടു ചോദിച്ചാലോ ! വേണ്ട , മനസ്സാക്ഷി അവനെ വിലക്കി. ഇവിടുത്തെ പ്രണയസിംഹത്തോടു തന്നെ ആദ്യം ചോദിക്കാം. കുറേ നാളായി പരസ്പരം സംസാരിച്ചിട്ട്. എന്തു ചോദിക്കും , വർഷ അച്ഛൻ്റെ മകളാണോന്നോ ? സ്വപ്നത്തിലെന്ന പോലവൻ അവരുടെ മുറിക്കു നേരേ നടന്നു.
ബെഡ്റൂം ലാമ്പിൻ്റെ നരച്ച വെളിച്ചത്തിൽ രാധ ജനലുകൾ വലിച്ചടച്ചു.
”നശിച്ച മഴ, ഇതെപ്പോ തൊടങ്ങി, ജനാലവിരിയെല്ലാം നനഞ്ഞു”
മുറുകിയ മുഖത്തോടവർ ജയകൃഷ്ണനെ നോക്കി .
”നിങ്ങൾ നമ്മുടെ മകനെ കാണുന്നില്ലേ? ഇന്ദ്രൻ ഉരുകിത്തീരുകയാണു ജയേട്ടാ.”
”അവനെന്തു പറ്റി?”
”അവനാ കുട്ടിയെ ഇഷ്ടമാ , വർഷയെ”
ജയകൃഷ്ണൻ ചാടിയെഴുന്നേറ്റു.
”ഇല്ല അതൊരിക്കലും നടക്കില്ല, സമ്മതിക്കില്ല ഞാൻ. അവനെന്താ കാസിനോയോ ? ഒരെണ്ണത്തിൻ്റെ നാണക്കേടു മാറി വരുന്നേയുള്ളൂ. ആ കുട്ടിക്ക് ഈ വീട്ടിൽ ഒരു ബുദ്ധിമുട്ടുമുണ്ടാകരുത്. കേട്ടല്ലോ”
രാധ അയാളോടു ചേർന്നു നിന്നു . കണ്ണിൽകണ്ണു കോർത്തവർ ഭർത്താവിനു നേരേ വിരൽ ചൂണ്ടി.
”നിങ്ങളെതിർത്താലും അവർക്കിഷ്ടമാണെങ്കിലതു നടക്കും. കാലം അതാണ്. പിന്നെ നിങ്ങളുടെ അതേ ഭ്രാന്തമായ ആസക്തിയാണ് മകനും. മറക്കണ്ട. അതു പിന്നെ അങ്ങനല്ലേ വരൂ! കൂടുതൽ എതിർത്താൽ ഇതു പുറത്തറിയും. അവൾ, നിങ്ങളുടെ മകളായതു കൊണ്ടാണു സമ്മതിക്കാത്തതെന്നു ജനം സംശയിക്കും , ചിലപ്പോ ഞാനും. രാവുണ്യേട്ടനേ കിടപ്പായിട്ടുള്ളൂ. വേറെ ഒരു കൂട്ടം നാരദന്മാർ ചുറ്റുമുണ്ട്. കഥ പരത്താൻ .
പാതി ചാരിയ വാതിലിനു പിന്നിൽ ഇന്ദ്രൻ , തടഞ്ഞു നിന്നു. അച്ഛൻ്റെ മറുപടി തന്നെ തീർത്തുകളയുമെന്നവൻ ഭയന്നു.
ജയകൃഷ്ണൻ ഭാര്യയെ പകച്ചു നോക്കി. മണ്ണുത്തിയിലെ പഴയ ഭൂവുടമയുടെ അഹന്ത അയാളിൽ നിന്നിറങ്ങിപ്പോയി. തൻ്റെ കുടുംബത്തെ അണച്ചു നിർത്താൻ വെമ്പുന്ന വെറുമൊരച്ഛനായി, അയാൾ ഭാര്യയുടെ കൈകൾ ചേർത്തുപിടിച്ചു.
”ഇല്ല രാധേ , കാലം തെറ്റിയെത്തുന്ന ആ മഴയാണെ സത്യം, അവളെൻ്റെ മകളല്ല. ക്ലാര വിട്ടു പോയശേഷം ഞങ്ങളുടെ ലോകങ്ങൾ എത്രയോ അകലങ്ങളിലായിരുന്നപ്പോഴാണ് അവൾ ജനിച്ചത് . വർഷ നിൻ്റെ മകളാകുന്നതുപോലെ മാത്രമേ, എൻ്റെയും മകളാകുന്നുള്ളൂ.. വിശ്വസിക്കാം. “
”എനിക്കറിയാം” രാധ വിതുമ്പലോടെ അയാളുടെ വിരൽത്തുമ്പിൽ ചുണ്ടമർത്തി.
”പിന്നേ, ആ കുട്ടിക്കും അവനെ ഇഷ്ടമാ”.
”ങേ , അതു താനെങ്ങനെയറിഞ്ഞു”
”അതറിയാൻ വാഴ്ത്തപ്പെട്ട പ്രണയനായികയൊന്നും ആവണ്ട, അലിവുള്ളാരു മനസ്സുമതി. പ്രണയത്തിൻ്റെ ആഴമളക്കാനും, അതിൻ്റെ ഭാരം ചുമക്കാനും “
ജയകൃഷ്ണൻ നിശബ്ദനായി.
ഇന്ദ്രന്, ഒന്നലറി വിളിക്കാൻ തോന്നി. ഒച്ചയുണ്ടാക്കാതെ പിൻവാങ്ങുമ്പോൾ, എന്തു ചെയ്യണമെന്നറിയാതവൻ കുഴങ്ങി.
ജോലിക്കിടയിൽ , ലാപ്പും തുറന്നുവെച്ച് രാത്രി 10 മണി മുതൽ മല്ലിടുന്നൊരു കോഡ് എറർ , വെളുപ്പിന് മൂന്നുമണിക്ക് താനേ ഫിക്സ് ആയ പോലവൻ ഉന്മത്തനായി
കാലുകൾ നിലത്തുറക്കാത്ത പോലെ . ഒരു ഫുൾ ബോട്ടിൽ ബ്ലാക് ലേബൽ, അന്നനാളത്തിലൂടെ നീന്തി, തന്നെയും കൊണ്ട് നടുക്കടലിലേക്കു മുങ്ങുമ്പോലൊരു ഭ്രാന്ത്. ഹൃദയം തുള്ളിയാർക്കുന്നു .വാതിൽ തുറന്നവൻ വരാന്തയിലേക്കിറങ്ങി.
വരാന്തയുടെ അങ്ങേക്കോണിൽ, മഴയിലേക്ക് മുഖം നീട്ടി തൂവാനം ഏറ്റുവാങ്ങുന്ന വർഷ. ആദ്യം കാണുമ്പോലെ അവനവളെ നോക്കി. അവൾ കയ്യാട്ടി വിളിച്ചപ്പോൾ അവൻ മടിയോടെ അരികിലെത്തി. അവളുടെ ആ ദൂരക്കാഴ്ച അവനു മതിയായിരുന്നില്ല .പെട്ടന്ന് മഴയ്ക്ക് കരുത്തേറി . വരാന്തയുടെ പാതിയും നനച്ചു മഴമുത്തുകൾ പാറിവീണുടഞ്ഞു.
”താൻ പെൺകുട്ടികളെ വണ്ടിയിടിച്ചു കൊല്ലാനൊക്കെ നോക്കും അല്ലേ?”
”ചിലപ്പോ നോക്കും”
”അതേ , പള്ളക്കു കത്തികേറ്റുന്ന പെണ്ണുങ്ങളെ കാണാഞ്ഞിട്ടാ”
”എന്നാ നീ കത്തിയെടുത്തോണ്ടുവാ, ഞാൻ വണ്ടിയുമിറക്കാം.”
”എന്നിട്ട്?”
”എന്നിട്ട് , ദേ , ആ മഴയിലേക്ക് നമുക്കങ്ങു പറക്കാം. അതിനിടക്കു നീ വേണേൽ കത്തിയെടുത്ത് ചെറുതായിട്ടൊന്നു കുത്തിക്കോ. ഞാൻ സഹിച്ചു”.
”പോടാ”
”എടീ, നമ്മൾ രണ്ട് ഐക്കോണിക് ലവേഴ്‌സിൻ്റെ മക്കളാ . ഇങ്ങനൊന്നും പ്രേമിച്ചാൽ പോര”
”എങ്ങനായാൽ പറ്റും”
”അതിനു നീയാദ്യം ഈ മഴയാകണം. പിന്നെ പുഴയാകണം. മറ്റു ചിലപ്പോൾ മണ്ണുമാകണം”
”ഇന്ദ്രാ, നിനക്കുവേണ്ടി ഇതെല്ലാമാകാനെനിക്കു കഴിയും . മഴയായി മാത്രം ഒരു പെണ്ണിനും പുലരാനാവില്ലെന്ന് നന്നായറിയാം. പക്ഷേ അതിനു മുമ്പെനിക്കു ബോധ്യപ്പെടണം , വെയിലിൽ തണലാകാനും, മഴയിൽ കുടയാകാനും പറ്റുന്നൊരു മരമാണു നീയെന്ന്. അത്തരമൊരു മനസ്സ് നിനക്കുണ്ടെന്ന്”.
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിയെ തലയാട്ടി. അവളൊന്നു നിറഞ്ഞു ചിരിച്ചു. ചിരിക്കുന്ന കണ്ണുകളിൽ, നൃത്തം വെയ്ക്കുന്ന ഒരായിരം മഴത്തുമ്പികളെ കണ്ടവൻ പ്രണയപരവശനായി.
”അങ്ങനെയെങ്കിൽ ഇപ്പോ നമ്മളെന്തു ചെയ്യും ?”
”0TT ൽ നല്ല രണ്ടു മൂവി വന്നിട്ടുണ്ട്. ഞാൻ കാണാൻ പോകുകാ . വന്നാൽ ഒന്നിച്ചുകാണാം”
ചിരിയോടെ അകത്തേക്കു പോകുന്ന കുട്ടികളെ നോക്കി തുടിക്കുന്ന നെഞ്ചോടെ ജയകൃഷ്ണൻ വരാന്തയിലേക്കിറങ്ങി നിന്നു . മഴ പതിയെ അടങ്ങി പിൻവാങ്ങുന്നത് നിറകൺചിരിയോടയാൾ കണ്ടു നിന്നു. മെല്ലെ മുറ്റത്തേക്കിറങ്ങി . സുഖമുള്ള തണുത്ത കാറ്റിൽ ആലസ്യത്തിലാണ്ടു നിൽക്കുന്ന ഭൂമി. ഉരുണ്ടുരുണ്ട് ദൂരേക്ക് പായുന്ന മഴമേഘങ്ങൾ!
ആകാശത്തിലേക്കു കണ്ണുകളുയർത്തി , മൂളിപ്പറക്കുന്ന കാറ്റിലേക്കയാൾ ഒച്ചയുയർത്തി വിളിച്ചു.
’എടോ തങ്ങളേ, താനെവിടെയാ? അവൾ, ഒടുവിലീ മണ്ണാറത്തൊടിയിൽ തന്നെ വന്നെടോ . ഒരു പെണ്ണിനോട് ചെയ്തു പോയ അപരാധത്തിന് ജയകൃഷ്ണൻ പരിഹാരക്രിയ ചെയ്തെടോ. കേട്ടോടോ പന്നത്തങ്ങളേ”.
മുരളുന്ന കാറ്റിലെവിടെയോ, തങ്ങളുടെ അടക്കിച്ചിരി കേട്ടോ ? അകന്നു പോയ മഴമേഘങ്ങളെ നോക്കി, വളർന്നു പന്തലിച്ച മരമുല്ലയുടെ ചുവട്ടിലെ കൽക്കെട്ടിൽ അയാളിരുന്നു. ഒരു പിടി വെള്ളപ്പൂക്കൾക്കൊപ്പം ഒരു ചെറുതുടം വെള്ളവും മരം കനിവോടെ തൂകി. പുത്തൻ പ്രണയകാവ്യങ്ങൾക്കു മണ്ണൊരുങ്ങുന്ന മണ്ണാറത്തൊടിയിലേക്കയാൾ, ആസക്തികളും ആശങ്കകളും ഒഴിഞ്ഞ മനസോടെ നോക്കിയിരുന്നു
എല്ലാ മേഘങ്ങളുമകന്നാലും, ആത്മാവിൽ പെയ്യുന്ന ആ ഒരു തുടം തീർത്ഥത്തിൽ ശുദ്ധനാകാൻ ജയകൃഷ്ണൻ അവിടെത്തന്നെ കാത്തിരുന്നു
* താര സുഭാഷ്
