പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് ഉറപ്പായ തോൽവിയും കാത്ത് കഴിയുന്ന കാലം. ജയിക്കുന്നവരേക്കാൾ നാട്ടുകാർക്കും കൂട്ടുകാർക്കും ഇഷ്ടം തോല്ക്കുന്നവരെയായിരുന്നു.
കോളേജിലെ സംഭവബഹുലമായ രണ്ടു വർഷം വളരെ തിരക്കേറിയ സമയമായിരുന്നു. കളി, വായ്നോട്ടം, രാഷ്ട്രീയം, തമ്മിൽ തല്ലിക്കൽ, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണൽ, സിഗരറ്റ് വലി, ചായകുടി തുടങ്ങിയ കലാപരിപാടികൾ കഴിഞ്ഞു മിക്കപ്പോഴും വീട്ടിൽ തിരിച്ചെത്തുന്നത് രാത്രി എട്ടിനും പത്തിനും. വീട്ടിൽ പറയാൻ ഒരു നൂറു കാരണങ്ങൾ നമ്മുടെ കയ്യിൽ എപ്പോഴും സ്റ്റോക്കുണ്ടാകും.
പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പ് എടുത്തു പഠിച്ചാൽ ഡോക്ടർ ആകുമെന്നായിരുന്നു ഏതോ വിവരമുള്ളവർ പാവങ്ങളായ എന്റെ മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. അതുകൊണ്ട് മോൻ കുറച്ച് താമസിച്ചു വീട്ടിൽ വന്നാലും സാരമില്ല ഡോക്ടർ ആകുമല്ലോ എന്ന പ്രതീക്ഷയും അവർക്ക് ഉണ്ടായിരിക്കണം. അത് എന്റെ ഉഴപ്പിന് വേണ്ട ശരിയായ വളം അങ്ങനെ കിട്ടി.
എനിക്ക് മടി തുടങ്ങിയത് അവിടെ നിന്നാണ്. അതുവരെ ഉണ്ടായിരുന്ന കൂട്ടുകാരുടെ അഭാവം. അവരിലേറെയും ദൂരെ ഉള്ളവർ ആയിരുന്നതിനാൽ അവരെല്ലാം നാട്ടിലേക്കോ അവരുടെ തട്ടകങ്ങളിലേക്കോ മടങ്ങിപ്പോയി. തികച്ചും ഒറ്റപ്പെടൽ ഞാൻ അനുഭവിച്ചു തുടങ്ങി. അതുവരെ ഉണ്ടായിരുന്ന കളി ചിരി തമാശകൾ എല്ലാം ഇല്ലാതായി. പുറത്തേക്ക് ഇറങ്ങാൻ മടിയായി. അഥവാ ഒന്ന് പുറത്തേക്ക് പോയാൽ പോകുന്ന കാര്യം മാത്രം സാധിച്ചു വേഗം വീട്ടിലേക്കും കട്ടിലിലേക്കും എത്തും. ഭക്ഷണത്തോട് ഒരു തരം വിരക്തി. ഒന്നിനും ഒരു രുചിയില്ലാത്ത പോലെ. വായിക്കാൻ ഇഷ്ടമായിരുന്നെങ്കിലും ബുക്ക് കയ്യിലെടുത്ത് തുറക്കാൻ വരെ മടി. വീട്ടിൽ ഉണ്ടായിരുന്ന ടേപ്പ് റിക്കോർഡറിലെ പാട്ടുകളും ഉറക്കവും മാത്രം.
ആകെ മൊത്തം മടി. അങ്ങനെ ആഴ്ചകൾ കടന്നു പോയി.
പരീക്ഷ എഴുതി കഴിയുമ്പോൾ എനിക്ക് സാധാരണ ഉണ്ടാകാറുള്ള ടെൻഷൻ ആണെന്ന് വീട്ടിലുള്ളവർ കരുതി. പക്ഷേ എനിക്ക് അങ്ങനെ ഒരു പ്രയാസവുമില്ല. തന്നെയുമല്ല ഇംഗ്ലീഷ് പോയി സബ്ജക്ട് കിട്ടിയതുമില്ല എന്ന് പറയാൻ ഞാൻ എപ്പോഴേ റെഡിയുമായിരുന്നു.
പകലുറക്കം കൂടിയത് കാരണമാകാം രാത്രി ഉറക്കം കുറഞ്ഞു വന്നു. രാത്രി ഉറങ്ങാതിരുന്നാൽ വേണ്ടതും വേണ്ടാത്തതും ആലോചിച്ചു കൂട്ടുന്നത് മനുഷ്യരുടെ ഒരു ശീലമാണ്. ശരീരത്തിന് ആണെങ്കിൽ വലിയ ക്ഷീണവും. ആകെക്കൂടി ഒരു ഭ്രാന്തിൻ്റെ ലക്ഷണം. ഇതൊന്നും പങ്ക് വയ്ക്കാൻ ആരുമില്ല എന്നതാണ് സങ്കടകരം. ജീവിതത്തിൻ്റെ പെട്ടെന്നുള്ള മാറ്റം ഏത് മടിയന്റെയും താളം തെറ്റിക്കും.
ഈ രീതി തുടർന്നു പോയാൽ ഞാനൊരു രോഗിയാകും എന്നെനിക്കു തന്നെ ബോധ്യമായി. മാസം മൂന്നാകുന്നു ആകെ മടി പിടിച്ചിട്ട്… നഷ്ടപ്പെട്ട കൂട്ടുകാരെ ഇനി തിരിച്ചു കിട്ടില്ലെന്നും ബോധ്യമായി. അങ്ങനെ ഒരു രാത്രിയിലെ ആലോചനയിൽ ഞാനൊരു തീരുമാനമെടുത്തു.
പിറ്റേ ദിവസം രാവിലെ തന്നെ ഉണർന്ന് എന്റെ പഴയ രണ്ട് സുഹൃത്തുക്കളെ കാണാൻ പോയി. അവർ മുമ്പത്തെ വർഷം പ്രീഡിഗ്രി തോറ്റ് ലക്ഷ്യമില്ലാതെ കറങ്ങി നടക്കുകയായിരുന്നു. എന്റെ സീനിയർ ആയിരുന്നതു കൊണ്ട് കഴിഞ്ഞ രണ്ട് വർഷവും അവരോട് അധികം ബന്ധം ഇല്ലാതിരിരുന്നത് കൊണ്ട് കുറച്ചൊരു അകൽച്ച ആദ്യം ഫീല് ചെയ്തു. എങ്കിലും അവരോടുള്ള ബന്ധം ഊഷ്മളമാക്കി. സിനിമയ്ക്ക് പോയി. ചായ കുടിച്ചു. തുടർന്ന് തൊട്ടടുത്തു വരുന്ന സെപ്റ്റംബറിൽ ഇംഗ്ലീഷ് എഴുതി എടുക്കാൻ അവരെക്കൂടി ഞാൻ പ്രേരിപ്പിച്ചു. തോറ്റ പ്രീഡിഗ്രി കളഞ്ഞ് വഴി മാറി സഞ്ചരിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. എന്റെ ആശയം അവർക്ക് നന്നെ ബോധിച്ചു.
ഓരോ വീട്ടിലും മാറി മാറി കമ്പയിൻ സ്റ്റഡിയും സമയവും തീരുമാനിച്ചു. പിന്നെ നന്നായി കോച്ചിംഗ് കൊടുക്കുന്ന ഞങ്ങളുടെ നാട്ടിലെ ഒരു ട്യൂഷൻ സെൻ്ററിൽ പോയി അഡ്മിഷൻ എടുത്തു. ഫീസ് കൊടുക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എങ്കിലും ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് അതിനുള്ള പണവും കണ്ടെത്തി. റിസൾട്ട് വരുന്നതിന് മുൻപ് തന്നെ ക്ലാസും തുടങ്ങി. വൈകുന്നേരങ്ങളിൽ കമ്പയിൻ സ്റ്റഡിയുമായി രംഗം സജീവമായി.
പുതിയ കൂട്ടുകാർ. പുതിയ അന്തരീക്ഷം. പുതിയ കളി തമാശകൾ. അതിജീവനത്തിൻ്റെ പുതിയ പ്രഭാതങ്ങളും പ്രദോഷങ്ങളും.. മടി പതിയെ പമ്പ കടന്നു.
പ്രീഡിഗ്രി റിസൾട്ട് വന്നു. പ്രതീക്ഷ പോലെ എട്ടുനിലയിൽ തോറ്റു. സന്തോഷമായി. പക്ഷേ പുതിയ ലക്ഷ്യത്തിൽ നന്നായി പരിശ്രമിച്ചു. സെപ്റ്റംബറിൽ ഇംഗ്ലീഷ് എഴുതിയെടുത്തു. തൊട്ടടുത്ത മാർച്ചിൽ സബ്ജക്ടും എഴുതി ജയിച്ചു. ശേഷം പുതിയ മേച്ചിൽ പുറങ്ങൾ തേടി.
മടി പൂർണമായും എന്നിൽ നിന്ന് ഒഴിഞ്ഞു പോയി എന്ന് കരുതാൻ വരട്ടെ. ഇപ്പോഴും മടി എന്നെ മാടി വിളിക്കാറുണ്ട്. കുറച്ചൊക്കെ മടിയാകാം മനുഷ്യന് എന്ന സിദ്ധാന്തം നെഞ്ചിലേറ്റി അങ്ങനെ കാലം കഴിച്ചു പോകുന്നു.
– നിസാർ.
#എന്റെരചന ബ്ലോഗ് മത്സരം – മടി

