നിങ്ങളോട് എനിയ്ക്ക് കടുത്ത അസൂയയാണ്. ഒരുപക്ഷേ ജീവിതത്തിന്റെ സമസ്തമേഖലയിലും നിങ്ങൾ വിജയിക്കുന്നതിന്റെ കെറുവാകാം, അതല്ലെങ്കിൽ നിങ്ങളെപ്പോലെ ആകാൻ എനിക്കാകുന്നില്ലല്ലോ എന്ന നിരാശയിൽ നിന്നും വളരുന്നതാകാം. അതുമല്ലെങ്കിൽ നിങ്ങളെ എന്റെ വരുതിയിൽ നിർത്താൻ എനിക്ക് കഴിയാത്തതിന്റെ വിഷമവും ആകാം.
നിങ്ങൾ നിങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചു, അതിന്റെ ലക്ഷ്യബോധങ്ങളിലൂടെ, മറ്റെന്ത് സംഭവിച്ചാലും തനിക്കത് ബാധകമല്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നേറുമ്പോൾ അസൂയയല്ലാതെ മറ്റെന്താണ് തോന്നുക.
നിങ്ങളെ പ്രണയിക്കുക എന്നത് ഒരു തെറ്റൊന്നുമല്ലല്ലോ. നല്ലതിനെ ആരാണ് ആഗ്രഹിക്കാത്തത്. പ്രണയിക്കുക എന്ന് ഞാൻ പറയുമ്പോൾ നിങ്ങളായിത്തീരുക എന്ന ഒരു ആഗ്രഹംകൂടിയായിരിക്കാം അത്. എല്ലാ മനുഷ്യരും കൂടുതൽ ക്രിയാത്മകവും ആവേശം നിറഞ്ഞതുമായ ജീവിതം പകർത്താനല്ലേ എപ്പോഴും ശ്രമിക്കുന്നത്.
ചിലപ്പോഴെങ്കിലും അത്തരം അസൂയകൾ നല്ലതാണ് എന്നാണ് എന്റെ അനുഭവങ്ങൾ. എന്റെ അലസതകൾ തട്ടിത്തെറിപ്പിച്ചു കൂടുതൽ ജീവിതം നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾ സൃഷ്ടിക്കാമല്ലോ.
എല്ലാം നേടിയെടുത്തും നിങ്ങൾ മറച്ചുവെയ്ക്കുന്ന അതിനായി സഹിച്ച ആ കഷ്ടതകൾ ഉണ്ടല്ലോ, അതിലേയ്ക്ക് ഇറങ്ങി നടക്കാനാണ് എനിക്കിഷ്ടം. ആ കഷ്ടതകളുടെ, ആ സഹനങ്ങളുടെ ഒരു ലാഞ്ചനപോലും നിങ്ങൾ പുറത്തുകാണിക്കാറില്ല. മറ്റുള്ളവർ നിങ്ങളെ തഴയുമ്പോഴും നിങ്ങൾ അതിൽ നിരാശയില്ലാതെ എങ്ങനെയാണ് നിങ്ങൾക്ക് നടന്നു നീങ്ങാൻ കഴിയുന്നത്.
ഒരു മനുഷ്യൻ എന്താകണം എന്നത് നിങ്ങൾ വളരെ നേരത്തെ കുറിച്ചുവെച്ചിരുന്നു അല്ലേ? നിങ്ങൾക്ക് അതിലേയ്ക്ക് നടന്നിറങ്ങിയാൽ മാത്രം മതിയായിരുന്നു. പിറകിൽ എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ തിരിഞ്ഞു നോക്കാറില്ല. പിറകിലെ കോലാഹലങ്ങൾ നിങ്ങൾ ഗൗനിച്ചതേയില്ല, മുന്നോട്ടുള്ള പ്രയാണം അതിൽ മാത്രമായിരുന്നു നിങ്ങളുടെ ശ്രദ്ധ.
ജീവിതം നമ്മളെ ഒരേയൊരു ലക്ഷ്യത്തിലേയ്ക്ക് മാത്രമല്ലല്ലോ നയിക്കുന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക്, അങ്ങനെ ഒരായിരം നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ ചക്രവാളങ്ങളിൽ ഒരുപാട് മഴവില്ലുകൾ വിരിഞ്ഞു നിൽക്കുന്നതായി തോന്നും.
അതാണ് ജീവിത സാഫല്യം. വളരെ കുറച്ചുപേർ മാത്രം ജീവിതത്തിൽ സ്വന്തമാക്കുന്നതും സ്വകാര്യമായി ആഹ്ലാദിക്കുന്നതും ആയ നിമിഷങ്ങൾ.
ഞാൻ മനസ്സിലാക്കിയിടത്തോളം നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് മറ്റുള്ളവർ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് നിങ്ങളെ നൂറ് ശതമാനം അറിയാം, പക്ഷേ നിങ്ങളത് പുറത്തുകാണിക്കില്ല. ഒരു അന്തർമുഖത്വം മുഖാവരണമായി നിങ്ങൾ എപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. അതാണ് കൂടുതൽ നല്ലത് എന്ന് നിങ്ങൾത്തന്നെ തിരഞ്ഞെടുത്തതാണ്. നിങ്ങൾക്ക് ആരുടെയും സഹതാപമോ ഔദാര്യമോ വേണ്ട.
വേദനകളെ ലഹരിയായാണ് നിങ്ങൾ കൂടുതൽ ആസ്വദിക്കുന്നത്. നിങ്ങൾ അത് വളർത്തിയെടുത്ത രീതികളോടാണ് എന്റെ ഇഷ്ടം. മാനസികമായ വിങ്ങലുകളും ശാരീരികമായ വേദനകളും കൂട്ടിക്കലർത്തി വേദനകളുടെ ജുഗൽബന്ദികളിൽ പലപ്പോഴും നിങ്ങൾ അഭയം തേടുന്നു. വേദനകളും വേദനകളും കൂടിച്ചേരുമ്പോൾ അതെങ്ങനെയാണ് ആശ്വാസമായിത്തീരുന്നതെന്ന് നിങ്ങൾ ഒന്ന് പഠിപ്പിച്ചുതരണം.
ചിലപ്പോഴെങ്കിലും മനുഷ്യർക്ക് ജീവിതം ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുപോലെ തോന്നുന്നു. നമ്മൾ ആരുമല്ല എന്ന തോന്നലിൽ ജീവിതം അഴിഞ്ഞുപോകുന്നതായുള്ള ഒരു അവസ്ഥ. ആ നിമിഷങ്ങളിൽ നമ്മുടെ അവയവങ്ങൾ വേർപ്പെട്ടുപോയി താൻ ഇല്ലാതാകുന്ന ഒരു സ്ഥിതി മുന്നിൽ കാണുന്നു, അതേ സമയംതന്നെ ഞാൻ എന്ന അസ്തിത്വം മറഞ്ഞുപോകുന്നു എന്ന ഭയവും ഉള്ളിൽ ഉടലെടുക്കുന്നു. ഞാനില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ നമുക്കാർക്കും ആകാറില്ലല്ലോ, എല്ലാം സഹിച്ചും മനുഷ്യർ ചിരഞ്ജീവിയായിരിക്കും എന്ന് മനസ്സിനെ ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എന്തൊരു മനുഷ്യനാണ് നിങ്ങൾ? എല്ലാത്തരം ഇല്ലായ്മകൾക്കും രൗദ്രഭാവങ്ങൾക്കിടയിലും ജീവിതത്തോടുള്ള പ്രണയം വളരെ മനോഹരമായി നിങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ഒരിക്കലും തകരില്ല എന്നത് ഒരു മനഃസാന്നിധ്യം മാത്രമാണോ, അതല്ല ഒന്നും ലഭിച്ചില്ലെങ്കിലും എനിക്കതൊരു പ്രശ്നമല്ല എന്ന തോന്നലാണോ നിങ്ങളെ നിലനിർത്തുന്നത്?
നിങ്ങളിലേയ്ക്ക് കയറിവരാനുള്ള ഏണിപ്പടികൾ നിങ്ങൾ എന്നേ എടുത്തുമാറ്റിക്കഴിഞ്ഞു. എങ്കിലും നിങ്ങളെ പിന്തുടരുക എന്നത് എനിക്ക് ആവേശം നൽകുന്നു. ഇല്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുക എന്നതും ഒരു കലയാണല്ലോ. തോറ്റു പിന്മാറാനുള്ളതല്ല ജീവിതം എന്ന് എന്നെ പഠിപ്പിച്ചത് നിങ്ങൾ തന്നെയല്ലേ, പിന്നെയെങ്ങനെയാണ് എനിക്ക് ശ്രമിക്കാതിരിക്കാനാവുക. ഞാൻ നിങ്ങളിലേയ്ക്കുള്ള വാതിലുകൾ കണ്ടെത്തി, നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് ആത്മാവിലേക്ക് ഇരച്ചുകയറുകതന്നെ ചെയ്യും.
@കാവല്ലൂർ മുരളീധരൻ

