പഠിക്കാൻ മടി തോന്നിയ കുട്ടിക്കാലം മുതൽ തുടങ്ങാം.
സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാൻ മടിയായതുകൊണ്ട് എങ്ങിനെയെങ്കിലും പെട്ടന്ന് വലുതായി വെറുതെ ഇരുന്നാൽ മതി എന്ന് തോന്നിയിട്ടുണ്ട്. വലുതായാൽ സ്കൂളിൽ പോവണ്ട, പഠിക്കേണ്ട, എഴുതേണ്ട, വായിക്കേണ്ട. അങ്ങനെ ഞാൻ വളർന്ന് വലുതായി. പക്ഷേ എന്റെ മടിയും കൂടെ വളർന്നു. എന്റെ മടിക്ക് ഒറ്റയ്ക്ക് നിൽക്കാൻ മടിയായിരുന്നത്രേ😀
ഏതായാലും വളർന്നില്ലേ, എങ്കിൽ ഒന്ന് ജോലിക്ക് പോയേക്കാം. ജോലിക്ക് പോയിത്തുടങ്ങിയപ്പോൾ വീട്ടിൽ വെറുതെ ഇരിക്കാൻ സമയം കിട്ടുന്നില്ലാന്ന്. എന്നാൽ ഞാൻ ജോലിയങ്ങ് നിർത്തിയേക്കാം. അങ്ങനെ വീട്ടിൽ ഇരുന്നു. ഇരുന്നിരുന്ന്… എണീക്കാൻ മടി, ഭക്ഷണം ഉണ്ടാക്കാൻ മടി, ഉണ്ടാക്കിയത് കഴിക്കാനടക്കം മടി.
അങ്ങനെ വീണ്ടും ഞാൻ എന്നെക്കുറിച്ച് തന്നെ ചിന്തിച്ചു. ഈ മടി മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ. ഇങ്ങനെ പോയാൽ ശരിയാവില്ല.
ഗൂഗിളിൽ, ഇൻസ്റ്റഗ്രാമിൽ, ഫെയ്സ്ബുക്കിൽ, യൂട്യൂബിൽ എന്നു വേണ്ട എല്ലായിടങ്ങളിലും ഞാൻ എന്റെ മടി മാറ്റാനുള്ള ടിപ്സ് സെർച്ച് ചെയ്തു.
അവിടെയാണ് എനിക്ക് വീണ്ടും പിഴച്ചത്. എന്താണന്നല്ലേ. ഈ കയറിയ ഇടങ്ങളിൽ നിന്നെല്ലാം ഇറങ്ങാൻ എന്റെ മടിക്ക് മടിയായി.
അപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് .
ഞാനും എന്റെ മടിയും വേർപിരിയാൻ കഴിയാത്ത വിധം അടുത്തിരുന്നുവെന്ന്.😄
ചിലപ്പോഴൊക്കെ എന്റെ മടി മറ്റുള്ളവരുടെ മുഖത്ത് സന്തോഷം വിരിയിച്ചിട്ടുണ്ട്. ചെയ്യാൻ മടിച്ച ജോലികൾ മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ അവർക്ക് അഭിനന്ദനങ്ങൾ ലഭിച്ചു. പറയാൻ മടിച്ച വാക്കുകൾ കൂട്ടുകാരൻ പറഞ്ഞപ്പോൾ അവൻ ശ്രദ്ധിക്കപ്പെട്ടു. മുന്നോട്ടു വരാൻ മടിച്ച നിമിഷങ്ങളിൽ മറ്റൊരാൾക്ക് തന്റെ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിച്ചു.
അന്നൊന്നും ഞാൻ അതേക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഓർത്തുനോക്കുമ്പോൾ, എന്റെ മടിയുടെ നിഴലിൽ മറ്റൊരാളുടെ വിജയത്തിന്റെ വെളിച്ചമുണ്ടായിരുന്നുവെന്ന് മനസ്സിലായി. ഞാൻ ചെയ്യാതെ മാറ്റിവെച്ച ചില കാര്യങ്ങൾ മറ്റുള്ളവർക്ക് പുതിയ അനുഭവങ്ങളായി; ഞാൻ പിന്മാറിയ ചില അവസരങ്ങൾ മറ്റൊരാളുടെ ആത്മവിശ്വാസമായി.
പക്ഷേ, ഒരു ചോദ്യം ഇന്നും എന്നെ അലട്ടുന്നു: മറ്റുള്ളവർക്ക് നേട്ടങ്ങളുണ്ടാക്കാൻ ഞാൻ മടിക്കേണ്ടതുണ്ടോ? ഒരിക്കലുമില്ല! എന്റെ മടി മറ്റൊരാൾക്ക് അവസരമായേക്കാം, പക്ഷേ എന്റെ ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം ശരിയല്ല. മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുമ്പോഴും എന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ എനിക്കു കഴിയണം.
കാരണം, ജീവിതം മറ്റുള്ളവർക്ക് അവസരങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; ലഭിച്ച അവസരങ്ങളെ മനോഹരമായ നേട്ടങ്ങളാക്കി മാറ്റുന്നതും കൂടിയാണ്.
എന്തൊക്കെ പറഞ്ഞാലും ചിലപ്പോഴെങ്കിലും മടി പിടിച്ചിരിക്കുന്നതും ഒരു പ്രത്യേക സുഖമാ🫣

