നാല് പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങളയായിരുന്നു അവൻ. അസീസിന്റെയും ആയിഷയുടെയും അഞ്ചു മക്കളിലെ, ഏക ആൺതരിയായ അനസ് മോൻ.
പെങ്ങന്മാരുടെ, അനിയൻ പ്രാവായി അനസ് പാറി പറന്നു.
ഏക ആൺതരിയായത് കൊണ്ട് തന്നെ വളരെ ലാളിച്ചാണ് അവനെ അവർ വളർത്തിയത്.
കഷ്ടപ്പാടുകളോ സങ്കടങ്ങളോ അവൻ അറിഞ്ഞിട്ടില്ല. സമ്പന്നനായ ഉപ്പ മക്കളേ വിഷമങ്ങൾ അറിയിച്ചിട്ടില്ല. അത്കൊണ്ട് തന്നെയാണ് അവൻ മടിയനായത്.
കടയിൽ പോയി സാധനങ്ങൾ വാങ്ങില്ല. കറണ്ട് ബില്ല്അടക്കാനോ റേഷൻ കടയിൽ പോകാനോ ഉമ്മയോ പെങ്ങന്മാരോ അല്ലെങ്കിൽ ഉപ്പ തന്നെയോ പോകും.
ഉച്ചവരെ കിടന്നുറങ്ങുക, ഉമ്മയും പെങ്ങന്മാരും വെച്ചുവിളമ്പുന്നത് തിന്നുക, കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക, ഇതൊക്കെയാണ് അവന്റെ ഹോബി.
ഉമ്മ ചീത്ത പറഞ്ഞാൽ അലാറം വെച്ച് കിടക്കും. പക്ഷേ രാവിലെ അലാറം അടിഞ്ഞാൽ അത് ഓഫ് ചെയ്ത് വീണ്ടും snooze ചെയ്ത്, കിടന്നുറങ്ങും. അവസാനം പതിവ് പോലെ ഉച്ചയാകും എഴുന്നേൽക്കാൻ.
ഇങ്ങനെ ഒക്കെ ആണെങ്കിലും അവന് താല്പര്യം ഉള്ള വിഷയമാണെങ്കിൽ ഒരു മടിയും ഇല്ല. എവിടേക്ക് എങ്കിലും ടൂർ പോകാനോ, ഫുട്ബോൾ കളിക്കാനോ, സിനിമ കാണാനോ, അവന്റെ കൂട്ടുകാർ വന്ന് വിളിച്ചാൽ അവൻ ഒരു മടിയും ഇല്ലാതെ അതിരാവിലെ എഴുന്നേൽക്കും.
വർഷങ്ങൾ കടന്നു പോയി. പെങ്ങന്മാർ എല്ലാം കല്യാണം കഴിഞ്ഞു പോയി. ഇപ്പോൾ വീട്ടിൽ അനസും ഇളയ പെങ്ങളും മാത്രമേ ഉള്ളൂ. കുട്ടികാലത്ത് ഒന്നിച്ചു കളിച്ചു വളർന്ന സമപ്രായക്കാരിൽ പലരും ഗൾഫിൽ പോയി തിരിച്ചു വന്ന് കല്യാണം കഴിഞ്ഞു കുട്ടികളായി.
ഇപ്പോൾ അനസിനും ഗൾഫിൽ പോകണം എന്നുണ്ട്. കാത്തിരിപ്പിന് ഒടുവിൽ അനസിന് ദുബായിലേക്ക് ഒരു വിസ കിട്ടി. അവൻ ദുബായിൽ എത്തി.
അന്ന് ഫോൺ ഉണ്ടെങ്കിലും കത്ത് എഴുത്തുകളും നിലവിൽ ഉണ്ടായിരുന്നു.
അവൻ അവിടുന്ന് വീട്ടിലേക്ക് കത്തെഴുതി.
പ്രിയപ്പെട്ട ഉമ്മയും ഉപ്പയും പെങ്ങന്മാരും അറിയാൻ, ഞാൻ ഇവിടെ എത്തി സുഖം തന്നെ, എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ കത്തായിരുന്നു അത്.
കത്ത് പോസ്റ്റ് ചെയ്ത്, പിറ്റേന്ന് ആണ് അവൻ ജോലിയിൽ പ്രവേശിച്ചത്. മടിഞ്ഞു കിടന്നുറങ്ങി ശീലിച്ച അവന് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ജോലിക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടായി തോന്നി. എങ്ങനെ എങ്കിലും നാട്ടിൽ തിരിച്ചെത്തിയാൽ മതി എന്നായി അവന്.
ജീവിതത്തിന്റെ പ്രാരാബ്ദങ്ങൾ ഒന്നും അനുവഭവിച്ചിട്ടിലാത്ത അവൻ നാട്ടിൽ തിരിച്ചെത്തി. നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് പോസ്റ്റുമാൻ ഒരു കത്തുമായി വന്നു.
അവൻ തന്നെ ദുബായിൽ നിന്നും അയച്ച കത്താണ്. കത്ത് നാട്ടിൽ എത്തും മുമ്പേ അവൻ നാട്ടിൽ എത്തിയിരുന്നു.
അവൻ ദുബായിൽ നിന്ന് അയച്ച കത്ത് അവൻ തന്നെ നാട്ടിൽ നിന്ന് കവർ തുറന്നു വായിച്ചു. ഞാൻ ദുബായിൽ എത്തി ഇവിടെ സുഖം തന്നെ എന്ന് തുടങ്ങുന്ന, അവൻ തന്നെ എഴുതിയ കത്ത് കവർ തുറന്നു വായിച്ചപ്പോൾ അവൻ മനസ്സിൽ പറഞ്ഞു. എന്ത് സുഖം. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയപ്പോളാണ് സുഖം. അത് ജോലിയിൽ പ്രവേശിക്കും മുമ്പ് എഴുതിയ കത്താണ്. ജോലി തുടങ്ങിയ ശേഷം ഒരു സുഖവും ഉണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞാൽ ഉത്തരവാദിത്തങ്ങൾ ഒക്കെ വരുമ്പോൾ മടി മാറും എന്ന് കരുതി, അനസിനെ കൊണ്ട് പെണ്ണ്കെട്ടിച്ചു. അനസിന്റെയും കല്യാണം കഴിക്കാത്ത ഇളയ സഹോദരിയുടെയും വിവാഹം ഒരേദിവസമായിരുന്നു.
നാല് സഹോദരിമാരുടെ അനിയൻ പ്രാവിന്, ജീവിതപങ്കാളിയായി വന്നത് നാല് ആങ്ങളമാരുടെ ഒരേ ഒരു അനിയത്തിപ്രാവ് ആണ്. പക്ഷേ വിവാഹം കഴിഞ്ഞിട്ടും അവന്റെ മുടിഞ്ഞ മടി മാറിയില്ല. അവനൊരു ആൺകുഞ്ഞ് ജനിച്ചു. അതിന് മാത്രം അവന് മടിയുണ്ടായിരുന്നില്ല.
പെട്ടെന്നായിരുന്നു അനസിന്റെ ഉപ്പാന്റെ മരണം. അതുവരെ താങ്ങും തണലുമായി ഉണ്ടായിരുന്ന ഉപ്പാന്റെ വേർപാട് അനസിനെ തളർത്തി. ഉമ്മാക്കും ഭാര്യക്കും മകനും ഇനി ഞാനേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ അനസ് പല ജോലികൾക്കും പോയി. പക്ഷേ ഒരു ജോലിയും ഒരാഴ്ചയിൽ കൂടുതൽ തുടരാൻ അവന്റെ മടി അനുവദിച്ചില്ല.
വീട്ടിൽ നിന്ന് ശകാരമോ ചീത്ത വിളിയോ കേട്ടിട്ടില്ലാത്ത അവന് ജോലി സ്ഥലത്തെ ശകാരം ഒന്ന് കേട്ട് നിക്കാൻ ഉള്ള മനസ്സിലായിരുന്നു. ഉപ്പാന്റെ അതുവരെയുള്ള സമ്പാദ്യം കൊണ്ടാണ് അപ്പോഴും ജീവിതം മുമ്പോട്ട് പോയ്കൊണ്ടിരുന്നത്.
അതിനിടയിൽ വീട് ഭാഗം വെക്കാൻ പെങ്ങന്മാർ ഉമ്മാനെ വിളിച്ചു കൊണ്ടിരുന്നു. അവർക്കൊക്കെ വീടും നല്ല ജീവിതവും ഒക്കെ ആയെങ്കിലും ഉപ്പാന്റെ തറവാട് ഒരേ ഒരു ആങ്ങളക്ക് വെറുതെ വിട്ട് കൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു.
സ്വന്തമായി ഒരു കുടുംബമായാൽ എത്ര പ്രിയപ്പെട്ട സഹോദരനും രണ്ടാം സ്ഥാനത്തേക്ക് പോകും എന്ന് അനസ് മനസ്സിലാക്കി. ഇനി മടിഞ്ഞിരിക്കാൻ പറ്റില്ല എന്ന് അവന് മനസ്സിലായി. ഭാര്യയും ഇടക്കിടക്ക് പിണങ്ങി പോകുന്നത് പതിവായിട്ടുണ്ട്. ഉമ്മാന്റെ സങ്കടം മുഴുവൻ തന്നെ കുറിച്ചാണ്.
അവസാനം അനസ് ഉപ്പാന്റെ ബിസിനസ് നോക്കി നടത്താൻ തുടങ്ങി. ഉപ്പാന്റെ മരണശേഷം സഹോദരി ഭർത്താവ് ആണ് ആ ബിസിനസ്സ് ഒക്കെ നോക്കി നടത്തുന്നത്. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും, സ്വന്തം ബിസിനസ് ആയത് കൊണ്ട് ശകാരിക്കാനോ ചീത്ത പറയാനോ ആരും ഇല്ലാത്തത് അനസിന് വലിയ ആശ്വാസമായി.
പതിയെപതിയെ അവൻ ബിസിനസിന്റെ ഐഡിയകൾ പഠിച്ചു വന്നു.
അനസിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറി തുടങ്ങി. പെങ്ങന്മാർക്ക് എല്ലാം അവരുടെ ഓഹരി കൊടുത്ത് അനസ് വീട് സ്വന്തമാക്കി. ഇപ്പോൾ ആ വീട്ടിൽ അവനും ഉമ്മയും ഭാര്യയും അവന്റെ മകനും മാത്രമേ ഉള്ളൂ.
ഏക മകനെ ലാളിച്ചാണ് അവർ വളർത്തിയത്. അനസിന്റെ കുട്ടിക്കാലം പോലെ, അവന്റെ മകനും ഉച്ച വരെ ഉറങ്ങുക. തിന്നുക കുടിക്കുക, എന്നല്ലാതെ വേറൊരു ജോലിയും ചെയ്യാതെ മടിയനായി വളർന്നു. ദിവസങ്ങൾ കടന്നു പോയി.
ഉപ്പയെ കുറിച്ച് ഏറെ ഓർത്ത് കിടന്ന ഒരു രാത്രിയിൽ, അനസ് അവന്റെ ഉപ്പയെ സ്വപ്നം കണ്ടു.
ഉപ്പ എന്തൊക്കെയോ പറയുന്നുണ്ട്. അവസാനം ഉറക്കത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു.
കുറച്ചു നേരം അവൻ മുകളിലെ സീലിംഗ് നോക്കി കിടന്നു. ഉപ്പ എന്തൊക്കെയാ സ്വപ്നത്തിൽ വന്ന് പറഞ്ഞത് എന്ന് അനസ് ഓർമിച്ചെടുത്തു.
മോനേ അനസേ, ഞാൻ നിന്നെ ലാളിച്ചു വളർത്തിയ പോലെ നീ നിന്റെ മകനെ ലാളിച്ചു വളർത്തരുത്. നിന്നെ പോലെ അവനും മടിയനാകും.
അത്രയേ ഓർമ്മയുള്ളൂ. പിന്നെ എന്താ പറഞ്ഞത് എന്ന് ഓർമ്മയില്ല.
ശരിയാ ഉപ്പ എന്നെ ഒരു വിഷമവും അറിയിക്കാതെ വളർത്തിയത് കൊണ്ടാ ഞാൻ ഒരു മടിയനായി പോയത്. പെട്ടെന്ന് ഒരു ദിവസം ഉപ്പ പോയപ്പോൾ, കുടുംബ ഭാരം ചുമലിലായപ്പോൾ, ആകെ തളർന്നു പോയി. ഇപ്പോഴാണ് ഒന്ന് നേരെയായത്. എന്റെ മോനും അത്പോലെ ആകരുത്.
അനസ് അന്ന് മുതൽ മകനെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചു തുടങ്ങി. കടയിൽ പോയി സാധനം വാങ്ങുക. അങ്ങനെ പുറത്ത് പോയി ചെയ്യേണ്ട എല്ലാ പണിയും മകനെ കൊണ്ട് ചെയ്യിപ്പിച്ചു.
ഉപ്പ ഓരോ ജോലിയും ചെയ്യിക്കുമ്പോൾ, അനസിന്റെ മകൻ ഉമ്മാന്റെ “മടി”യിൽ കിടന്നു സങ്കടം പറയും. ഉപ്പ എന്താ ഉമ്മാ എന്നെ കൊണ്ട് ഇങ്ങനെ ജോലി ചെയ്യിപ്പിക്കുന്നത്. ഉപ്പാക്ക് എന്നോട് ഇപ്പോൾ പഴയ സ്നേഹം ഇല്ല ഉമ്മാ.
നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല മോനേ, നീ എല്ലാം മനസ്സിലാക്കാൻ വേണ്ടിയാ. ഇപ്പോൾ നിനക്ക് വിഷമം തോന്നിയാലും പിന്നീട് നിനക്കിതൊക്കെ നല്ലതിനായിരുന്നു എന്ന് മനസ്സിലാകും. ഉപ്പ കഷ്ട്ടപെട്ടത് പോലെ നീ കഷ്ട്ടപെടാതിരിക്കാനാണ് ഉപ്പ നിന്നെ കൊണ്ട് എല്ലാം ചെയ്ത് പഠിപ്പിക്കുന്നത്. നിന്റെ മടിമാറി ഉഷാറാകാൻ. ഉമ്മ മകന്റെ തലമുടിയിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു.
അനസ് മകനെ ഉപദേശിച്ചു കൊണ്ടിരുന്നു.
മോനേ ഉപ്പാക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല. നീ മടിയനായി പോകാതിരിക്കാൻ, പുറത്തിറങ്ങി എല്ലാം ഒറ്റക്ക് ചെയ്യുമ്പോൾ നിന്റെ മടി മാറും. വിവരവും ബുദ്ധിയും വളരും. എന്റെ ഉപ്പ പോയ പോലെ ഞാൻ ഒരു ദിവസം പോയാൽ നിനക്ക് കുടുംബം നോക്കാൻ കഴിയണം.
കഷ്ടപ്പാട് അറിഞ്ഞു ജീവിക്കണം. പണം എങ്ങനെയാ ഉണ്ടാക്കുന്നത് എന്നറിയണം. അല്ലാതെ ഒന്നും അറിയാതെ വെറുതെ ഇരുന്നു തിന്നുകയും കുടിക്കുകയും ചെയ്താൽ, നീ അഹങ്കാരിയായി പോകും. എന്തെങ്കിലും അപകടം വരുത്തിയിട്ട് എന്റെ ബാപ്പ നോക്കിക്കോളും എന്ന വിവരകേട് വിളിച്ചു പറയാതിരിക്കാൻ, മനുഷ്യത്വമുള്ളവനാകാൻ, അങ്ങനെ നന്മയുള്ളവനാകാൻ, നീ എല്ലാം അറിഞ്ഞു വളരണം. അനസ് മകനെ ഉപദേശിച്ചു.
ഉപ്പാന്റെ ഉപദേശം കേട്ട് മകൻ ഓരോ ജോലിയും ചെയ്ത് തുടങ്ങി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും എല്ലാം ശീലിച്ചു വന്നപ്പോൾ, ഇപ്പോൾ ആ മകന് വെറുതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. എല്ലാം സ്വയം ചെയ്യുന്നത് കൊണ്ട് പല അറിവും കിട്ടി. മകനിലുള്ള മാറ്റം അനസിനെ സന്തോഷിപ്പിച്ചു.
അവൻ വളരട്ടെ, എന്നെ പോലെയല്ല. മടിയിലാത്തവനായി. നാളെ ഞാൻ ഇല്ലാതായാൽ നീന്താൻ അറിയാത്തവൻ കുളത്തിൽ വീണത് പോലെ, അവൻ കൈകാലിട്ടടിക്കരുത്. അവൻ ഒറ്റക്ക് ജീവിതം നീന്തി തുഴഞ്ഞു പഠിക്കട്ടെ.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
വിഷയം =മടി.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

