രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഭാഗ്യലക്ഷ്മി, റീമ കല്ലിങ്കൽ തുടങ്ങിയ പ്രശസ്തരായ കുറേ സ്ത്രീകളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വായിച്ചു. എന്നെ ഞെട്ടിച്ചത്, ആ പോസ്റ്റുകൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകളാണ്.
സോഷ്യൽ മീഡിയ ഇന്ന് ആർക്കും സ്വതന്ത്രമായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വിശാലമായൊരു ഇടമാണ്. എന്നാൽ, ഈ സ്വാതന്ത്ര്യത്തിന്റെ മറവിൽ സ്ത്രീകളെ അപമാനിക്കാനും അവരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനും ശരീരത്തെ പരിഹസിക്കാനും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്താനും വലിയൊരു കൂട്ടം ആളുകൾക്ക് സ്ത്രീകളെ നിർദാക്ഷീണ്യം കല്ലെറിയാനും സൗജന്യമായി കിട്ടുന്ന അവസരമായി മാറുന്നുണ്ടോ എന്നത് ഗൗരവത്തോടെ കാണേണ്ട യാഥാർത്ഥ്യമാണ്.
സോഷ്യൽ മീഡിയയിൽ സാധാരണക്കാരിയോ സെലിബ്രിറ്റിയോ ആയ ഒരു സ്ത്രീ തന്റെ ചിത്രം പങ്കുവെച്ചാലും, യാത്രാവിശേഷങ്ങൾ എഴുതിയാലും, സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞാലും അവളുടെ വസ്ത്രധാരണത്തെയും ശരീരപ്രകൃതിയെയും പ്രായത്തെയും സൗന്ദര്യത്തെയും വ്യക്തിജീവിതത്തെയും വിലയിരുത്താനും മാർക്കിടാനും ഒരു കൂട്ടം ആളുകൾ സദാ ജാഗരൂഗരാണ്. പ്രശസ്തയായ ഒരു സ്ത്രീയാണെങ്കിൽ വിമർശനങ്ങളുടെ സ്വഭാവം പലപ്പോഴും അതിരുവിടും. അവരുടെ കഴിവുകളെക്കാളും, നേട്ടങ്ങളേക്കാളും ശരീരവും വസ്ത്രവും സ്വകാര്യജീവിതവുമാണ് ചിലരുടെയൊക്കെ ചർച്ചാവിഷയം. അവർ പറയുന്ന വാക്കുകളേക്കാൾ അവർ ധരിച്ച വസ്ത്രത്തിനാകും കൂടുതൽ സ്വീകാര്യത ലഭിക്കുക. വ്യക്തിജീവിതത്തിലെ തിക്തമായ അനുഭവങ്ങളുടെ അളവുകോലുകൾ കൊണ്ട് അവരുടെ വാക്കുകൾ അളന്ന് മാർക്കിടും. അവളുടെ അതുവരെയുള്ള നേട്ടങ്ങളെയെല്ലാം റദ്ദ് ചെയ്യാനുള്ള മൃഗീയമായ ഒരു ത്വര അധിക്ഷേപങ്ങളിൽ രഹസ്യമായി മൂർച്ചയിട്ട് വെക്കും.
ഇവിടെ ഉയരേണ്ടുന്ന ചോദ്യം ഇതാണ്: ഒരു സ്ത്രീയുടെ ചിത്രം കാണുമ്പോഴോ അവളുടെ അഭിപ്രായങ്ങൾ വായിക്കുമ്പോഴോ അവളെ അപമാനിക്കാനുള്ള അവകാശം ആര് ആർക്കാണ് നൽകിയിട്ടുള്ളത്?
സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ സ്വന്തം ചിത്രം പങ്കുവയ്ക്കുമ്പോൾ അവൾ പൊതുസ്വത്തായി മാറുന്നില്ല. അവളുടെ സൗന്ദര്യം ആസ്വദിക്കാനോ വിമർശിക്കാനോ ഉള്ള പേരിൽ അവളെ അപമാനിക്കാനുള്ള അവകാശവും ആർക്കും ലഭിക്കുന്നില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റൊരാളുടെ ആത്മാഭിമാനത്തെ ചവിട്ടിമെതിക്കാനുള്ള ലൈസൻസല്ല.
ഒരു സ്ത്രീ, അഭിപ്രായം പ്രകടിപ്പിക്കുന്നതിലൂടെ, അവളെ പൊതുസമൂഹത്തിന്റെ വിചാരണയ്ക്ക് സ്വയം വിട്ടുകൊടുക്കുകയല്ല. അവൾക്ക് ധാരണയുള്ളതായ വിഷയങ്ങളിൽ അവൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ അവളുടെ സ്വാതന്ത്ര്യമാണ്. അവളുടെ ശരീരം അവളുടെ സ്വകാര്യതയുടെ ഭാഗമാണ്. ഇതിലൊന്നും അശ്ലീലമായ കമന്റുകൾ എഴുതാനുള്ള അനുമതിപത്രം ഒളിഞ്ഞിരിക്കുന്നില്ല. ഒരാൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട് അയാളുടെ അഭിമാനത്തിന് വിലയില്ലാതാകുന്നില്ല.
പ്രശസ്തരായ സ്ത്രീകളുടെ കാര്യത്തിൽ മറ്റൊരു ഇരട്ടത്താപ്പും കാണാം. അവരുടെ പ്രശസ്തിയും ജനശ്രദ്ധയും ആസ്വദിക്കുമ്പോൾ തന്നെ, അവരെ അപമാനിക്കാനുള്ള അധികാരവും ചിലർ സ്വയം ഏറ്റെടുക്കുന്നു. മഞ്ജു വാര്യർ, റീമ കല്ലിങ്കൽ, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രശസ്തരായ സ്ത്രീകളെ ബന്ധപ്പെട്ടുള്ള പോസ്റ്റുകൾക്ക് താഴെ വരുന്ന കമെന്റുകൾ ശ്രദ്ധിച്ചാൽ അറിയാം, എന്തൊരു അശ്ലീലമാണ്. മഞ്ജു വാര്യർ, നവ്യ നായർ, ദിവ്യ ഉണ്ണി ഇവരൊക്കെ സിനിമ നടികൾ എന്നതിലുപരി കഴിവുറ്റ നർത്തകികളാണ്. അവരുടെ മനോഹരമായ ചിത്രങ്ങൾക്ക് താഴെ “കിളവി ലുക്ക്” എന്നൊരു പരിഹാസ കമന്റ് ഇടുമ്പോൾ എന്ത് നിർവൃതിയാണ് ലഭിക്കുക? മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ വിജയിയായ വെറും പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള കെസിയ എന്ന പെൺകുട്ടിയുടെ ചിത്രത്തിന് താഴെ വന്ന ചില കമെന്റുകൾ വായിച്ചപ്പോൾ പുരുഷൻമാരുടെ സാംസ്‌കാരിക അധഃപതനമോർത്ത് സഹതാപം തോന്നിപ്പോയി. കാലങ്ങളായി അടക്കി വെച്ചതോ അടച്ചു വെച്ചതോ ആയ ദുർഗന്ധം വമിക്കുന്ന അസൂയ, ആഗ്രഹിച്ചാലും അപ്രാപ്യമായ ഒന്നിനോടുള്ള അടങ്ങാത്ത ദാഹം ഒക്കെയാണ് കമന്റുകളായി പുറത്ത് ചാടുന്നത്. സെപ്റ്റിക് ടാങ്കിൽ ഫ്ലഷ് ചെയ്തു കളയേണ്ട മാലിന്യം, ഒരു ഫേക്ക് ഐഡിയുടെ പിറകിൽ ഇരുന്ന് സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പോസ്റ്റുകളിൽ കൊണ്ട് വിസർജിക്കുന്നവന്റെ മനോനില എന്തായിരിക്കും?
പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം, ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് പറയുമ്പോൾ, അല്ലെങ്കിൽ ഒരു സ്ത്രീ വിവാഹമോചനം നേടി എന്ന് കേൾക്കുമ്പോൾ, പല പാത്രത്തിലെ രുചിയറിയാനാണ് എന്ന കമന്റിടുന്നവന്റെയും അതിനെ അനുകൂലിച്ചു ഇമോജികൾ ഇടുന്നവന്റെയും മനോനില ഏത് മാപിനി കൊണ്ടളക്കാൻ കഴിയും? ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി ജീവിക്കാമെന്നിരിക്കെ, ആരുമല്ലാത്ത ആരോടൊക്കെയോ answerable ആകണം എന്നൊരു ചിന്താഗതി എന്തൊരു ആഭാസമാണ്. ആരൊക്കെയോ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച്, ആരൊക്കെയോ വരച്ചിടുന്ന സദാചാര ഫ്രെയിമിനുള്ളിൽ സ്ത്രീകൾ സർക്കസ് കളിക്കണം എന്ന നിർബന്ധബുദ്ധി എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക?
അധിക്ഷേപ കമന്റുകൾ എഴുതുന്ന എല്ലാവരെയും ഒരേ അളവുകോലിൽ അളക്കാനാവില്ലെങ്കിലും, അവയിൽ പലതും സ്ത്രീകളെ തുല്യവ്യക്തികളായി കാണാൻ കഴിയാത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കണം എന്ന ധാരണയും, അവൾ എങ്ങനെ ജീവിക്കണം, എന്തു ധരിക്കണം, പൊതു ഇടങ്ങളിൽ എങ്ങനെ സംസാരിക്കണം, എവിടെയൊക്കെ അഭിപ്രായം പറയണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന തെറ്റായ അവകാശബോധമാണ് അതിൽ അസഹിഷ്ണുതയുള്ള പലരുടെയും പെരുമാറ്റങ്ങളിൽ പ്രകടമാകുന്നത്.
അതിലും സങ്കടകരമായ കാര്യം, ഇത്തരം അധിക്ഷേപങ്ങളെ തമാശയെന്നോ പുരുഷന്മാരുടെ സ്വാഭാവികമായ സംസാരശൈലിയെന്നോ നോർമലൈസ് ചെയ്തു ന്യായീകരിക്കുന്നവരുമുണ്ട് എന്നതാണ്. ഒരു സ്ത്രീയെ കരയിപ്പിക്കുന്നതോ അപമാനിക്കുന്നതോ അവളുടെ ആത്മവിശ്വാസം തകർക്കുന്നതോ എങ്ങനെയാണ് തമാശയാകുന്നത്? മറ്റൊരാളുടെ വേദനയിൽ ചിരിക്കാൻ കഴിയുന്നതിനെ നർമ്മബോധമെന്ന് വിളിക്കാനാവുമോ? ഒരു കമന്റ് എഴുതുന്നതിന് ഏതാനും നിമിഷങ്ങൾ മതി. എന്നാൽ അതു വായിക്കുന്ന വ്യക്തിയുടെ മനസ്സിൽ ആ വാക്കുകൾ ഏൽപ്പിക്കുന്ന മുറിവ് എത്രകാലം നിലനിൽക്കുമെന്ന് എഴുതുന്നയാൾക്ക് അറിയണമെന്നില്ല.
ഇവിടെ പുരുഷന്മാരെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന, അവരുടെ സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുന്ന, ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ ശബ്ദിക്കുന്ന അനേകം പുരുഷന്മാരുണ്ട്. വിമർശനം ലക്ഷ്യമിടുന്നത് സ്ത്രീകളെ അപമാനിക്കുന്ന മനോഭാവത്തെയും അതിന് ന്യായീകരണം കണ്ടെത്തുന്ന സംസ്കാരത്തെയുമാണ്. അതേസമയം, ഇത്തരം പെരുമാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും അതിന് വളമിട്ട് കൊടുക്കലാണ്. അധിക്ഷേപിക്കുന്നവനെ മാത്രം ചോദ്യം ചെയ്താൽ പോരാ; അധിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും അതിൽ വിനോദം കണ്ടെത്തുന്നവരെയും ചോദ്യം ചെയ്യണം.
ഒരു സ്ത്രീയുടെ ചിത്രത്തിന് താഴെ മോശം കമന്റ് എഴുതുന്നതിനു മുമ്പ് സ്വന്തം വീട്ടിലെ സ്ത്രീകളെ ഓർക്കണമെന്ന ഉപദേശം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സ്ത്രീകളെ ബഹുമാനിക്കേണ്ടത് അവർ ആരുടെയെങ്കിലും അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആയതുകൊണ്ടല്ല. അവരും തുല്യ അവകാശങ്ങളുള്ള മനുഷ്യരായതുകൊണ്ടാണ്. ഓരോ സ്ത്രീയെയും മറ്റൊരാളുമായുള്ള ബന്ധത്തിലൂടെ മാത്രം നിർവചിക്കേണ്ടതില്ല. അവൾക്ക് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ട്. അതിനെ അംഗീകരിക്കാനുള്ള സംസ്കാരമാണ് മറ്റ് മനുഷ്യർക്ക് വേണ്ടത്.
ഒളിഞ്ഞും തെളിഞ്ഞും സോഷ്യൽ മീഡിയയിൽ ഇടുന്ന ഓരോ കമന്റും അത് എഴുതുന്ന വ്യക്തിയുടെ സംസ്കാരത്തിന്റെ അടയാളമാണ്. മറ്റുള്ളവരെ അപമാനിച്ചുകൊണ്ട് ലഭിക്കുന്ന ലൈക്കുകൾക്കും ചിരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾക്കും മുന്നിൽ ഒരാളുടെ മാനുഷികമൂല്യങ്ങൾ ചെറുതാകരുത്. ഡിജിറ്റൽ ലോകത്ത് വ്യാജപ്പേരുകൾക്കു പിന്നിൽ ഒളിച്ചിരിക്കാം; പക്ഷേ ഒരാളുടെ പെരുമാറ്റത്തിന്റെ ധാർമികതയെ അങ്ങനെ മറച്ചുവയ്ക്കാനാവില്ല.
സ്ത്രീകളുടെ വസ്ത്രധാരണത്തെയും ശരീരത്തെയും ജീവിതത്തെയും നിരന്തരം വിചാരണ ചെയ്യുന്നവർ ആദ്യം പരിശോധിക്കേണ്ടത് സ്വന്തം കാഴ്ചപ്പാടുകളെയാണ്. ഒരു സ്ത്രീ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കാൾ, അവളെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പലപ്പോഴും സമൂഹത്തിന്റെ സംസ്കാരം വെളിപ്പെടുത്തുന്നത്.
സ്ത്രീകൾക്ക് സോഷ്യൽ മീഡിയയിൽ ഇടം നൽകുന്നതുകൊണ്ടു മാത്രം സമൂഹം പുരോഗമിക്കുന്നില്ല. അവിടെ അവർക്ക് ഭയമില്ലാതെ സംസാരിക്കാനും സ്വന്തം ചിത്രങ്ങൾ പങ്കുവയ്ക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും കഴിയുമ്പോഴാണ് ആ പുരോഗതിക്ക് അർഥമുണ്ടാകുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും അഭിപ്രായത്തെയും അംഗീകരിക്കാത്ത ഡിജിറ്റൽ ലോകം എത്ര ആധുനികമായാലും അതിന്റെ ചിന്തകൾ പഴഞ്ചൻ തന്നെയാണ്.
വിമർശനവും അധിക്ഷേപവും രണ്ടാണ്. അഭിപ്രായസ്വാതന്ത്ര്യവും മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യവും രണ്ടാണ്. ഒരു ആശയത്തോട് വിയോജിക്കാം. ഒരു നിലപാടിനെ വിമർശിക്കാം. എന്നാൽ അതിനായി ഒരാളുടെ ശരീരത്തെയോ സ്ത്രീത്വത്തെയോ വ്യക്തിത്വത്തെയോ അപമാനിക്കേണ്ടതില്ല. ആശയങ്ങളെ നേരിടാൻ കഴിയാത്തവർ വ്യക്തികളെ ആക്രമിക്കുന്നതാണോ തങ്ങളുടെ ശക്തിയെന്ന് സ്വയം ചോദിക്കണം.
കമ്മെന്റുകളിലൂടെ പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ്ടങ്ങൾ, അഭിപ്രായസ്വാതന്ത്ര്യമാണെന്ന് വാദിക്കുമ്പോൾ, അത് മറ്റൊരാളുടെ അഭിമാനത്തെ മുറിവേൽപ്പിക്കാനുള്ള ലൈസൻസല്ല എന്ന് ഇനിയെങ്കിലും ഓർക്കുക. ആർക്കും ആരുടെ അഭിപ്രായങ്ങളോടും വിയോജിക്കാം, വിമർശിക്കാം; പക്ഷേ അപമാനിക്കരുത്.
ഒരു സ്ത്രീയെ അപമാനിക്കുന്ന കമന്റ് എഴുതാൻ വിരലുകൾ ചലിപ്പിക്കുന്നതിന് മുമ്പ്, സ്വന്തം മനസ്സാക്ഷിയോട് ഒരു ചോദ്യം ചോദിക്കുക. താൻ എഴുതാൻ പോകുന്ന വാക്കുകൾ തന്റെ വ്യക്തിത്വത്തെയാണോ വെളിപ്പെടുത്തുന്നത്, അതോ താൻ അപമാനിക്കാൻ ശ്രമിക്കുന്ന സ്ത്രീയുടേതിനെയാണോ?
മറക്കരുതാത്ത ഒന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷരാകുന്ന സ്ത്രീകൾ പൊതുസ്വത്തല്ല. അവർക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്, അഭിപ്രായസ്വാതന്ത്ര്യമുണ്ട്, രാഷ്ട്രീയ വിശ്വാസങ്ങളുണ്ട്, മതപരമായ വിശ്വാസങ്ങളുണ്ട്, ആത്മാഭിമാനമുണ്ട്, ഭരണഘടനപരമായ അവകാശങ്ങളുമുണ്ട്. അതിനെ ബഹുമാനിക്കുക എന്നത് ആരുടേയും ഔദാര്യമല്ല, അടിസ്ഥാന മര്യാദയാണ്.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

