ഷാജിയണ്ണൻ പറഞ്ഞതുകൊണ്ടാണ് രാവിലെത്തന്നെ ഈ ഓണംകേറാമൂലയിലേക്ക് പുറപ്പെട്ടത്. ഒരുദിവസത്തെ പണിയേ കാണൂ എന്നാണങ്ങേര് വിളിച്ചുപറഞ്ഞത്. എങ്കിലും വെളുപ്പാൻകാലത്ത് ഫോൺവിളിച്ചു പറയാതെ ഒരുദിവസംമുന്നേ പറയാമായിരുന്നു.
ടാർ ഇട്ടിരുന്നുവെന്നത് വെറും ഓർമ്മമാത്രമായ റോഡിൽകൂടി ശ്രദ്ധയോടെ ബൈക്ക് ഓടിക്കുമ്പോഴും ഒരുറക്കച്ചടവ് മങ്ങിനിന്നു. ആതിരമോളെ എറണാകുളത്തിന് ബസ്കയറ്റിവിടാനുള്ളതുകൊണ്ട് നേരത്തെ എണീറ്റതാണ്.
സിറ്റൗട്ടിലെ പൊട്ടിയ ടൈൽ മാറ്റണം. ഒരു ബാത്ത്റൂമിലെ ഒരു വശത്ത് ഒട്ടിച്ചിരിക്കുന്ന ടൈൽ മാറ്റി പ്ലംബിങ് ലീക്ക് ഉണ്ടോയെന്ന്നോക്കി വാട്ടർപ്രൂഫ് സൊല്യൂഷൻ അടിച്ച് പുതിയ ടൈൽ ഒട്ടിക്കണം. ചാവി വെച്ചിരിക്കുന്ന സ്ഥലവും പറയാൻ ഷാജിയണ്ണൻ മറന്നില്ല.
സഹായിയായിട്ട് ബംഗാളി ചോട്ടുവിനെയും കൂടെകൂട്ടിയിട്ടുണ്ട്. പത്തുപന്ത്രണ്ട് കൊല്ലമായി അവൻ കേരളത്തിലെത്തിയിട്ട്. വെടിപ്പായിട്ടല്ലെങ്കിലും അവൻ മലയാളം പറയും. പണിയും അറിയാം.
കാവിലേക്കുള്ള കവലയിൽച്ചെന്ന് പോണേലിൽക്കാരുടെ വീട് ചോദിച്ചാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
കലങ്ങിയൊഴുകുന്ന തോടിന്റെ മുകളിലൂടെയുള്ള പാലം കടന്നപ്പോഴാണ് പോണേലിൽകാവിന്റെ ചെളിപിടിച്ച് കറുത്തുതുടങ്ങിയ ബോർഡ് ഞാൻ കണ്ടത്.
“പോണേലിൽ കാവ്–ബാലദുർഗ്ഗാ ക്ഷേത്രം”.
ഇടത്തേക്കുള്ള വഴിയിലേക്കു തിരിഞ്ഞു. ടാറിട്ട റോഡാണ്. ചോട്ടു ബൈക്കിന്റെ പുറകിലിരുന്ന് പാൻമസാല ആസ്വദിച്ച് ചവക്കുന്നുണ്ട്.
ഒന്നുരണ്ട് വളവുതിരിഞ്ഞ് ചെന്നുനിന്നത് ചെറിയൊരു കവലയിലേക്കാണ്. വലതുവശത്ത് വെയിറ്റിങ്ഷെഡ്, ഇടതുവശത്ത് പാർട്ടിക്കാരുടെ കൊടിമരത്തിനോട് ചേർന്ന് ഓട്ടോസ്റ്റാൻഡായിരിക്കണം; രണ്ട് ഓട്ടോകൾ കിടപ്പുണ്ട്. വെയിറ്റിങ്ഷെഡിനോട് ചേർന്ന് നാലോയഞ്ചോ മുറികളോടുകൂടിയ ഒരു നരച്ച കെട്ടിടം. ചായക്കട, പലചരക്കുകട, തയ്യൽക്കട…അങ്ങനെ ഒരു ഗ്രാമത്തിന്റെ ശേഷിപ്പുകൾ എന്നിലേക്ക് കയറിവന്നു.
ചായക്കടയോട് ചേർന്നുള്ള പലചരക്കുകടയിലെ ചേട്ടനോട് ചോദിക്കാനാണെനിക്ക് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുള്ള കറുത്തനൈറ്റിയിട്ട ഒരു ചേച്ചി സാധനം വാങ്ങാനാകണം നിൽക്കുന്നുണ്ട്.
“ചേട്ടാ, ഈ പോണേലിൽക്കാരുടെ വീടേതാ? അങ്ങോട്ടെക്കെങ്ങനാ പോണെ?”
പലചരക്കുകടക്കാരൻചേട്ടൻ സാധനമെടുക്കുന്നതിനിടയിൽ ഒന്നുതിരിഞ്ഞുനോക്കി, അത്രമാത്രം. അയാൾ പുറംതിരിഞ്ഞ് നിന്നെന്തോ ചെയ്യുന്നതുതുടർന്നു.
അല്ല, ഇനി ഞാൻ ചോദിച്ചത് അങ്ങേര് ശരിക്കും കേട്ടില്ലേ?
നൈറ്റിയിട്ട ചേച്ചി എന്നെയൊന്ന് വിസ്തരിച്ചുനോക്കി.
“പോണേലിലെ ഏത് വീടാ കൊച്ചേ? ഇവിടെ ഒത്തിരി പോണേലിക്കാരുണ്ട്. ചേട്ടനനിയന്മാരൊക്കെയായിട്ട്…”
അവരുടെ പുകയിലത്തിരുപ്പനടിഞ്ഞ പല്ലുകൾക്കിടയിൽ നാക്ക് മാത്രം ചുവന്നുതുടുത്ത് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അതിപ്പോൾ അങ്ങനെ ചോദിച്ചാൽ ഞാനെന്താണ് പറയേണ്ടത്?
“ആ, ഇപ്പോ വിറ്റ ഒരു വീടാ… ഷാജീന്ന് പേരുള്ള ഒരാളാ വാങ്ങിച്ചേക്കണത്. ഞങ്ങളവിടെ പണിക്കുവന്നതാ.” ഞാനങ്ങനെയാണ് പറഞ്ഞത്.
അവരെന്തോ ചിന്തിക്കുന്ന ഭാവത്തിൽനിന്നു.
“ആ, അങ്ങനെ പറ. നമ്മടെ പ്രാക്ക്രുരുക്ക്മിണീടെ വീട്.”
അവർ പറഞ്ഞുനിർത്തി. അമർത്തിച്ചിരിച്ചു.
ഓട്ടോസ്റ്റാൻഡിനോടു ചേർന്നുള്ള ചെറിയ ഇടവഴിയിലേക്കുചൂണ്ടി അവർ പറഞ്ഞു: “ആ വഴിക്ക് പോയാമതി – രണ്ടാമത്തെ വളവ് കഴിഞ്ഞ് ഇടത്തേ വീടാട കൊച്ചനേ.”
“ശരി ചേച്ചി, വല്യ ഉപകാരം!”
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ പലചരക്കുകടക്കാരൻ ചേട്ടൻ വഴിപറഞ്ഞുതന്ന ചേച്ചിക്കുള്ള പൊതിസഞ്ചി ഊക്കോടെ മേശമേൽവെക്കുന്ന ഒച്ചകേട്ടു. ഞാൻ തിരിഞ്ഞുനോക്കി. അങ്ങേരെ കാണാൻകൊള്ളാം. കട്ടിമീശക്കാരൻ. പക്ഷേ മിണ്ടാനുള്ള സൂത്രംമാത്രം ഇല്ലായെന്നുതോന്നുന്നു, ഞാനുള്ളിലൊന്നു പുച്ഛിച്ചു.
എന്നാലും അതെന്തൊരുപേര്? പ്രാക്ക്രുരുക്മിണി!!
കരിമ്പൻകയറി കറുത്തുതുടങ്ങിയ മതിലുചുറ്റി ഇരുമ്പുഗേറ്റിൻ്റെ മുന്നിൽ ബൈക്ക് നിർത്തി. ഒന്നുംപറയാതെതന്നെ ചോട്ടു ചാടിയിറങ്ങി ഗേറ്റ് തള്ളിത്തുറന്നു. പൂട്ടിയിട്ടില്ല. വെറുതേ ചാരിയിട്ടേയുള്ളു. പല്ലുപുളിച്ചുപോവുന്നമാതിരി ഗേറ്റ് കരഞ്ഞു. ഇരുവശത്തും ചെമ്പരത്തിയും ബന്ദിപ്പൂക്കളും തുളസിയും നന്ത്യാർവട്ടവുമൊക്കെ
മനുഷ്യരെക്കണ്ട കൊതിയോടെ കുണുങ്ങിനിൽപ്പുണ്ട്.
ബൈക്ക് പോർച്ചിൽ കയറ്റിവച്ചു. ഷാജിയണ്ണൻ പണിസാമഗ്രികളൊക്കെ നേരത്തെത്തന്നെ പോർച്ചിൽ ഇറക്കിവച്ചിട്ടുണ്ട്.
വീടിൻ്റെ കിഴക്കോട്ടുനോക്കിയാൽ കാവ് കാണാം. തിങ്ങിനിറഞ്ഞുനിൽക്കുന്ന പച്ചപ്പിൻ്റെ ഇടയിൽകൂടി ശ്രീകോവിലിൻ്റെ താഴികക്കുടം തിളങ്ങിനിൽപ്പുണ്ട്. ഇടതൂർന്നുകിടക്കുന്ന കാവിനും വീടിൻ്റെ പറമ്പിനുമിടക്ക് തേയ്ക്കാത്ത വെട്ടുകൽമതിൽ.
സിറ്റൗട്ടിൽ നിന്നും പോർച്ചിലേക്കിറങ്ങുന്ന നടക്കുമുകളിലെ ഗ്രാനൈറ്റ് പോലിരിക്കുന്ന ടൈലാണ് പൊട്ടിയേക്കുന്നത്. വീട്ടുസാധനങ്ങൾ കയറ്റിയിറക്കിയപ്പോൾ പൊട്ടിയതാകും. ചോട്ടുവിനോട് ഒട്ടിച്ചുവച്ചിരിക്കുന്ന ടൈൽ സൂക്ഷിച്ച് ചുറ്റികകൊണ്ട് പൊട്ടിച്ചെടുക്കാൻ പറഞ്ഞു.
ചോട്ടു ഗേറ്റുതുറക്കാനിറങ്ങിയ നേരത്ത് സ്കൂൾബസ് നിരങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഓർത്തതാണ് മോളെയൊന്ന് വിളിക്കണമെന്ന്. പിന്നെ മറന്നു. മൊബൈലെടുത്ത് ആതിരമോളെ വിളിച്ച് കോളേജിൽ എത്തിയോയെന്ന് തിരക്കി. കൃത്യസമയത്ത്തന്നെ എത്തിയെന്നറിഞ്ഞു. രാവിലെ നേരത്തേയെണീറ്റ് പോയതല്ലേ? അതിൻ്റെ ക്ഷീണമവൾക്കുള്ളപോലെ. ഒരൂർജ്ജമില്ലാതെയാണ് സംസാരിച്ചത്.
വേഷംമാറിവന്നിട്ട് ടൈൽ പാക്കറ്റിൻ്റെ കെട്ടുപൊട്ടിച്ചു. കൊള്ളാം. വക്കുപൊട്ടിപ്പോയ ടൈലുപോലത്തെ ടൈലുതന്നെയാണ്. മിക്കവാറും ഇടങ്ങളിൽ ഇങ്ങനെ ഒത്തുകിട്ടാറില്ല.
“ചേട്ടാ, രമേശ് ചേട്ടാ, ഇവിടെ വാ.”
ചോട്ടുവിൻ്റെ വിളികേട്ടാണ് സിറ്റൗട്ടിലേക്ക് നോക്കിയത്.
“എന്താടാ?” അതുംചോദിച്ചാണ് അവൻ ടൈൽ അടിച്ചുപൊട്ടിച്ചിരിക്കുന്നത് നോക്കിയത്.
“ബാലദുർഗ്ഗ.”
സിമൻ്റ്ചാന്തിൽ എഴുതിവച്ചിരിക്കുന്നത് വൃത്തിയായിവായിക്കാം. കൂടെ രണ്ട് കാൽപ്പാദങ്ങളും പതിഞ്ഞുകിടപ്പുണ്ട്. ഒന്ന് അൽപ്പം വലുതും മറ്റേത് ചെറുതും. ചെറിയ കാൽപ്പാദം – ലക്ഷണമൊത്തയൊന്നുതന്നെ.
ഇത് കൊള്ളാല്ലോ!
കുനിഞ്ഞിരുന്ന് ഒന്നുകൂടിനോക്കി. ചോട്ടു അരികത്ത് കണ്ണുമിഴിച്ചുനിൽപ്പുണ്ട്. അവന് മലയാളം പറയാനല്ലേ അറിയൂ, വായിക്കാനറിയില്ലല്ലോ. അവനിതെന്ത് കൂത്തെന്ന് ഓർക്കുകയാവും.
ഞാൻ ആ കാൽപ്പാദങ്ങളെ ഒന്നുതഴുകി. ഒന്ന് പെൺകുട്ടിയുടേതുതന്നെ. വിരലിൽ മിഞ്ചിയുടേതാണെന്ന് തോന്നിക്കുന്ന വളയം.
ഇവിടെ താമസിച്ചിരുന്നവർ വലിയ ഭക്തിടീംസ് ആയിരിക്കണം. കാവിലെ പ്രതിഷ്ഠയുടെ പേരല്ലേ എഴുതിവച്ചിരിക്കുന്നത്? ഈ കാൽപ്പാദമെന്തിനാണാവോ പതിപ്പിച്ചേക്കുന്നത്? വല്ല പിള്ളേരും രസത്തിനുചെയ്തതാകും. പണിക്കാർ ടൈലൊട്ടിച്ചതിൻ്റെ ഇടക്കൊരു കുസൃതി!
പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ക്യാമറയിൽ ഫോട്ടോയെടുത്തിട്ടു. ചുണ്ടിൽ അറിയാതെ ഒരു ചിരിവന്നു. തണുത്ത ഒരു കാറ്റ് കാവിൽനിന്നുള്ള ചന്ദനത്തിരിഗന്ധത്തെയുംകൊണ്ട് ഞങ്ങളെ കടന്നുപോയി. കാറ്റിനെന്തോ പറയാനുണ്ടോ?
“അതെന്തേലുമാകട്ടെ. നീ ചാന്ത് സെറ്റാക്ക്. ഞാനിതിൻ്റെ അളവൊന്നുനേരെയാക്കട്ടെ.”
ചോട്ടുവിനോടു പറഞ്ഞ് ഞാൻ ടൈൽ അളവെടുത്തു. താൽക്കാലികമായുണ്ടാക്കിയ സെറ്റപ്പിൽ കട്ടർ വച്ചുമുറിച്ചെടുത്തു.
സിറ്റൗട്ടിലെ ടൈൽ പെട്ടെന്നുതന്നെ പതിപ്പിക്കാൻപറ്റി. ഒരേയൊരു ടൈലല്ലേ പൊട്ടിയിരുന്നുള്ളൂ.
ഏത് മുറിയിലെ ബാത്ത്റൂമിലാണാവോ ടൈൽ പറിച്ചൊട്ടിക്കേണ്ടത്? മൂന്ന് മുറിയുണ്ട്. രണ്ടെണ്ണത്തിലാണ് ബാത്ത്റൂമുള്ളത്. ഡൈനിംഗ്ഹാളിൽനിന്ന് വലത്തേക്ക് തുറക്കുന്ന മുറിയിലേക്കാണ് ആദ്യം കയറിയത്.
ബാത്ത്റൂമിന്റെ വാതിൽ തുറക്കാതെതന്നെ മുറിയുടെ വശത്തെ ഭിത്തികണ്ടപ്പോഴേ മനസ്സിലായി, അവിടെത്തന്നെയാണ് പ്രശ്നമെന്ന്. ഭിത്തി നനഞ്ഞുണങ്ങി കറുപ്പ് പിടിച്ചുകിടക്കുന്നു.
നിലവും യൂറോപ്യൻക്ലോസറ്റുമൊക്കെ വൃത്തിയായികിടക്കുന്നുണ്ട്. അത്രയും സമാധാനം. സമയമെടുത്ത് കുനിഞ്ഞിരുന്നും നിവർന്നുനിന്നും ടൈലിൻ്റെ അളവെടുത്തുതീർത്തു.
ചോട്ടുവിനോട് ടൈൽ സൂക്ഷിച്ച് പൊട്ടിച്ചുമാറ്റുവാൻ പറഞ്ഞിട്ട് ഞാൻ പോർച്ചിലേക്കിറങ്ങി ടൈൽ മുറിക്കാൻതുടങ്ങി.
“ചേട്ടാ, ഒന്ന് വാ.”
കട്ടർ ഒന്നുനിർത്തിയപ്പോഴാണ് ചോട്ടുവിൻ്റെ വിളികേട്ടത്. ഇവനിതെന്തിനാണാവോ വിളിക്കണെ? ദൈവമേ, ഇവനിനി വല്ല പൈപ്പും തല്ലിപ്പൊട്ടിച്ചോ? സംശയിച്ചാണ് അങ്ങോട്ടേക്ക് ചെന്നത്. ചുറ്റികതട്ടുന്ന ഒച്ചകേൾക്കാനില്ല.
എൻ്റെ കണ്ണുകൾ ചെന്നുവീണത് ചോട്ടു ടൈൽ പൊട്ടിച്ചുമാറ്റിയ ഭിത്തിയിലേക്കാണ്.
“ബാലദുർഗ്ഗ.”
വീണ്ടും അതേ എഴുത്ത്. എഴുതിയിരിക്കുന്നതിൻ്റെ ഇടത്തും വലത്തും ഒരു കൈപ്പത്തിയുടെ മുകളിൽ മറ്റൊരു കൈപ്പത്തി വച്ചിരിക്കുന്നതുപോലെ പതിഞ്ഞുകിടപ്പുണ്ട്. അടിയിൽ പതിഞ്ഞുകിടക്കുന്നത് നീണ്ടുമെലിഞ്ഞ കൈവിരലുകൾ. അതൊരു പെൺകുട്ടിയുടേതുതന്നെ. മറ്റേത് ഒരാണിൻ്റെയാകാം. ഞാൻ കൈയ്യുയർത്തി അതിൻ്റെ മേലെയുള്ള പൊടിയൊന്നുതൂത്തു.
കൊള്ളാം. അപ്പോൾ ഇത് ദൈവത്തിൻ്റെ പേരല്ല!
സ്നേഹത്തിൻ്റെ സ്മാരകങ്ങളാണ്. എന്നാലും ഇങ്ങനെയൊരു പേര്?
മൊബൈലിലെ ക്യാമറയിൽ ഞാനതും പകർത്തിയെടുത്തു. എവിടെനിന്നോ ഒരു തണുത്ത കാറ്റ് വീണ്ടും ഞങ്ങൾക്കിടയിലേക്കിറങ്ങിവന്നു.
ചോട്ടുവിന് ചെറിയ പേടി തോന്നിത്തുടങ്ങിയോ? ആകെയൊരങ്കലാപ്പ് അവൻ്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.
മണി പത്തര കഴിഞ്ഞിരിക്കണം.
വയറെരിഞ്ഞുതുടങ്ങി. എട്ട് മണിയായപ്പോൾ വന്നുകേറിയതാണ്. ചോട്ടുവിനെയും വിളിച്ച് ആതിരമോള് പൊതിഞ്ഞെടുത്തുവച്ചത് കഴിക്കാനിരിക്കുമ്പോഴും ചിന്തകൾ ‘ബാലദുർഗ്ഗ’യിലായിരുന്നു. ഈ കഥയൊന്നറിയണമല്ലോ. അറിഞ്ഞിടത്തോളം രസമുണ്ട്.
ഭക്ഷണംകഴിച്ചിട്ട് ബൈക്കിൽനിന്നും കാലിയായ വെള്ളക്കുപ്പിയുമെടുത്ത് ഗേറ്റുകടന്ന് വലത്തേക്കുനടന്നു. രാവിലെ വന്നപ്പോൾ വലതുവശത്ത് ഓടിട്ടവീട് കണ്ടതാണ്.
നീണ്ടഇറയമുള്ള വീടിൻ്റെ വാതിൽ തുറന്നുകിടപ്പുണ്ട്. ഞാൻ ഉറക്കെവിളിച്ചതുകേട്ടിട്ടാണ് അയാൾ ഇറങ്ങിവന്നത്. അല്ല, ഇത് നമ്മുടെ പാർട്ടിയിലുള്ള പ്രഭാകരൻ സഖാവാണല്ലോ!
ആളിവിടായിരുന്നോ താമസം? ഞാൻ ചിരിച്ചു. അദ്ദേഹവും.
“എടാ രമേശാ നീയെന്തായിവിടെ?” എന്നെക്കണ്ട അമ്പരപ്പ് ചോദ്യത്തിലുണ്ട്.
“ദേ അപ്പുറത്തെ വീട്ടിൽ കുറച്ച് ടൈലിൻ്റെ പണിയുണ്ടായിരുന്നു. ഇടക്ക് കുറച്ചു വെള്ളം എടുക്കാൻ വന്നതാ.”
ഞാൻ കുപ്പി പൊക്കിക്കാണിച്ചു. അദ്ദേഹമെൻ്റെ കൈയിൽനിന്നും കുപ്പിവാങ്ങി അകത്തേക്കുപോയി വെള്ളം നിറച്ചുവന്നു.
“രാവിലെത്തന്നെ തട്ടുംമുട്ടും കേട്ടപ്പോ ഒന്നവിടെ വന്നു നോക്കാനാരിക്കയായിരുന്നു…”
പ്രഭാകരൻചേട്ടൻ ഞാൻ പണിയെടുക്കുന്ന വീട്ടിലേക്കുനോക്കി പറഞ്ഞു.
ചില്ലറ കുശലവർത്തമാനത്തിനുശേഷം ഞാനെൻ്റെ ശരിക്കുമുള്ള വരവിൻ്റെ ലക്ഷ്യം തുറന്നുവച്ചു.
“ശരിക്കും അതാരുടെ വീടാരുന്നു ചേട്ടാ. അവിടാരാരുന്നു താമസം?”
“അതാ കാവിലെ ശാന്തിക്കാരൻ്റെ വീടല്ലാർന്നോ. പോണേലിലെ ഇളയതിരുമേനി… അവർ പോയിട്ടിപ്പോ കൊല്ലം ഒന്നുരണ്ടായി… എന്തിയേടാ?”
ഞാൻ മൊബൈലിൽ രാവിലെ എടുത്ത ഫോട്ടോകൾ കാണിച്ചുകൊടുത്തു.
ഒരു ദീർഘനിശ്വാസമെനിക്ക് പകരംകിട്ടി.
“അപ്പോ അതന്വേഷിച്ചിറങ്ങിയതാല്ലേ?”
ഞാൻ തലചൊറിഞ്ഞു. ചിരിച്ചു.
“അവിടത്തെ ദുർഗ്ഗക്കൊച്ചിന് ഒരു പ്രേമമുണ്ടായിരുന്നെടാ… ബാലൻ – ബാലചന്ദ്രൻ.
നമ്മുടെ ഒരു സഖാവായിരുന്നു…. നീ ചിലപ്പോ അറിയുവാരിക്കും.”
ഇല്ല. അങ്ങനെയൊരു സഖാവിനെ എനിക്ക് പരിചയമില്ല. ഞാനൊന്നോർത്തുനോക്കി. ഞാൻ ഇല്ലെന്നഭാവത്തിൽ തലയാട്ടി.
“അവരത് കോളേജ് കാലംമുതലേ രഹസ്യായിട്ട് കൊണ്ടു നടന്നതാ… അങ്ങനെയിരിക്കയാണ് ബാലൻ ടൈലുപണിക്ക് ആ വീട് പണിയണ സമയത്ത് അവിടെ വരണെ…”
അതോർത്തെടുക്കുകയാണെന്ന് തോന്നുന്നു. അദ്ദേഹം കണ്ണുകൾ പതിയെ ചിമ്മിത്തുറന്നു.
“അന്നേരമെങ്ങാണ്ടാ അവിടത്തെ രുക്മിണിചേച്ചി ഇവരു തമ്മിലുള്ള എന്തോകണ്ടെന്നും പറഞ്ഞ് കശപിശയായെ…”
അദ്ദേഹം പറഞ്ഞുനിർത്തി.അല്ല, നിർത്തിയതല്ല. ഒരു ചുമവന്ന് വിലങ്ങനെനിന്നതാണ്. അതിനെ മുറ്റത്തേക്ക് നീട്ടിത്തുപ്പി പ്രഭാകരൻചേട്ടൻ തുടർന്നു.
“ബാലനതിനെ കെട്ടുമെന്നു കട്ടായം പറഞ്ഞു.”
ഞാനൊന്നുമൂളി. ചേട്ടൻ്റെ മുടി മുഴുവനും നരച്ചല്ലോയെന്ന് മനസ്സിൽകരുതി.
“രുക്മിണിചേച്ചി അറിഞ്ഞൊന്നു പ്രാകി. പുള്ളിക്കാരിയും അത്രക്കും വിചാരിച്ചുകാണില്ല.”
“എന്തോന്ന്?”
രാവിലെകേട്ട ‘പ്രാക്ക്രുരുക്മിണി’ യുടെ കൗതുകം ഞാനറിയാതെ വായവഴി പുറത്തെത്തി.
“ഓർമ്മവച്ച കാലംതൊട്ട് കാവിലെ ദേവീനെ പൂജിക്കണോരാന്നും താണജാതിക്കാര് കേറി നെഗളിക്കാൻ വന്നാ വരണോരുടെ കൈ ദേവി വെട്ടൂന്നും അവര് പറഞ്ഞന്നെ.”
“എന്നിട്ട്?”
എൻ്റെ ആകാംക്ഷ അടങ്ങിയില്ല.
“ബാലൻ ബൈക്കിൽ തിരിച്ചു പോണവഴിയേ കാവിൻ്റെ മുന്നി വച്ച് ഒരോട്ടോ വന്നുകേറി അവൻ്റെ കൈരണ്ടും ടയറിൻ്റെ അടീൽകേറി… പിന്നെ മുറിക്കണ്ടിവന്നു…”
ആ ഓർമ്മകളിൽ ആ മനുഷ്യനും ഒന്നുപിടഞ്ഞിരിക്കണം.
“ഓഹ്…അതാണല്ലേ പ്രാക്ക്രുരുക്മിണി.” ഞാനറിയാതെ പറഞ്ഞുപോയി.
അദ്ദേഹം ഇറയത്തിരുന്നു. അടുത്ത് ഞാനും.
ഞാനെൻ്റെ കൈവിരലുകൾ കൂട്ടിത്തിരുമ്മി.
“ആ… നീയും അത് കേട്ടല്ലേ?”
“ആം.”
തൊടിയിലെ മാവ് പൂത്തിരിക്കുന്നു. മാമ്പൂവ് മുറ്റത്ത് കരിഞ്ഞുണങ്ങികിടപ്പുണ്ട്, കാലംതെറ്റിപ്പെയ്ത മഴകാരണമായിരിക്കും. അല്ലെങ്കിലും പൂവെല്ലാം കായാവുകയില്ലല്ലോ?
“എന്നിട്ടെന്തായി?”
“അവര് ദുർഗ്ഗക്കൊച്ചിനെ തല്ലിപ്പഴുപ്പിച്ച് മുറച്ചെറുക്കനെക്കൊണ്ട് കെട്ടിച്ചു. അത് കൊറേ പിടിച്ചുനിന്നു… പിന്നെ നിന്നുകൊടുത്തു…”
“ബാലൻ സഖാവ്?”
“രണ്ടും കൈയുംമില്ലാണ്ടെ അവനെന്തു ചെയ്യാനാടാ. ഇപ്പോഴും ഒറ്റത്തടിയായിട്ടു നടപ്പുണ്ട്…” വീണ്ടും ഓർമ്മകളിലെന്തോ ചികഞ്ഞുതിരിച്ചുവന്ന് അദ്ദേഹം തുടർന്നു.
“ഞങ്ങൾ നാട്ടുകാരെല്ലാം ചേർന്ന് കവലയിലൊരു പലചരക്കുകട ഇട്ടുകൊടുത്തിട്ടുണ്ട്.”
“ഈ കവലേലൊ?”
“അതേടാ അവടൊരു പലചരക്കുകടയേ ഉള്ളൂ.”
അതെന്നെയാന്നമ്പരപ്പിച്ചു. വെറുതെയല്ല, രാവിലെ വഴിചോദിച്ചപ്പോൾ ആ ചേട്ടൻ ഒന്നുംമിണ്ടാതെനിന്നത്. മുറുക്കിച്ചുവന്ന നാക്കുള്ള ചേച്ചിയുടെ ചിരിയുടെ പൊരുളും എനിക്ക് മുന്നിൽ തുറന്നുവന്നു.
“ഇളയതിരുമേനി മരിച്ചപ്പോ രുക്മിണിചേച്ചി മോൻ്റെ അടുത്തേക്കുപോയി. പിന്നെ ഇതങ്ങ് വിറ്റു.”
“അപ്പോ അവരോ?”
“ആര് ദുർഗ്ഗയോ? അതൊരു പാവംപിടിച്ച കൊച്ചാർന്നടാ. മുറച്ചെറുക്കനും ഓർത്തുകാണില്ല. അത്രക്ക് എല്ലേൽ പിടിച്ചപ്രേമാന്ന്. ഈയടുത്താ കൊച്ച് കൈമുറിച്ചൂന്നു കേട്ടു.. മരിച്ചില്ല.”
പ്രഭാകരൻചേട്ടൻ തോളിൽകിടന്ന തോർത്തെടുത്ത് മുഖമൊന്നുതുടച്ചു.
മനസ്സിനുള്ളിൽ ചെറിയൊരുവിങ്ങൽ. ഒന്നുരണ്ട് നിമിഷം ഒന്നുംമിണ്ടാതെ ചിന്തകളിൽകൊരുത്ത് അങ്ങനെനിന്നു. ഞങ്ങൾ രണ്ടാളും.
ചേട്ടൻ്റെ പശുക്കൾ വെള്ളം കിട്ടാനാകണം തൊഴുത്തിൽനിന്നും കരഞ്ഞുതുടങ്ങി. നേരമുച്ചയായില്ലെങ്കിലും നല്ല ചൂട്തന്നെ.
“എടാ ഞാനീ ക്ടാവിനും പശൂനും ഇച്ചിരി കാടി കൊടുക്കട്ടെ”. ഇറയത്തിൻ്റെ മൂലയിലിരുന്ന വെളുത്ത പെയിൻറ്ബക്കറ്റ് നോക്കിയാണത് പറഞ്ഞത്. ചേട്ടൻ അകത്തുപോയിവന്ന് ചോറുവാർത്ത കലത്തിൽനിന്നും കഞ്ഞിവെള്ളമതിലേക്കൊഴിച്ചു. ബക്കറ്റിനടിയിൽകിടന്ന പഴത്തൊലി കഞ്ഞിവെള്ളത്തിൻ്റെ മുകളിലെത്തി എന്നെച്ചിരിച്ചുകാണിച്ചു.
എന്നാൽ ഞാനങ്ങ് ചെല്ലട്ടെയെന്നും പറഞ്ഞ് തിരിഞ്ഞുനടന്നു. ക്ടാവ് തള്ളപ്പശുവിൻ്റെ അകിടിൽ പാലുകിട്ടാൻ കിടന്നുവലിക്കുന്ന ഒച്ച തൊഴുത്തിൽനിന്നുകേട്ടു.
തിരിച്ചുചൊല്ലുമ്പോഴേക്കും ചോട്ടു വീണ്ടും ടൈൽ പൊട്ടിക്കാൻതുടങ്ങിയിരുന്നു.
ഇത് ദുർഗ്ഗയുടെ മുറിയായിരുന്നിരിക്കും. തറയിൽ നിറയെ പൊടിയും ടൈലുകഷണങ്ങളും. ഭിത്തിയിലെ കൈപ്പത്തികൾക്കു മുകളിലെൻ്റെ കൈവച്ചു. അതിൽനിന്ന് നഷ്ടപ്രണയത്തിൻ്റെ അളന്നുപറയാനാകാത്ത ഭാരമെന്നിലേക്കൊഴുകിയോ?
എൻ്റെ മനസ്സിനാകെയൊരു കനംവച്ചപോലെ.
ഞാൻ ചെയ്യുന്നതുകണ്ട് ചോട്ടു എന്നെ നോക്കി. ‘ദേവദാസ്’ -ൻ്റെ കഥ അവനറിയുമായിരിക്കും; ബംഗാളിക്ക് അതറിയാതിരിക്കാൻ വഴിയില്ലല്ലോ. ഈ കഥയറിഞ്ഞാൽ അവനും മനസ്സിലാകും, പ്രണയമെല്ലായിടത്തും ഒന്നുതന്നെയാണെന്ന്. പക്ഷേ അതെങ്ങനെ പറഞ്ഞൊപ്പിക്കുമെന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.
ബാലനും ദുർഗ്ഗയും—ബാലദുർഗ്ഗ.
അങ്ങനെയൊരർത്ഥമിതിന് ചിന്തിക്കാൻപോലും തനിക്കുകഴിഞ്ഞില്ലല്ലോ. ഈ പതിഞ്ഞുകിടക്കുന്ന കൈകളിൽനിന്നും രക്തമിറ്റുന്നുണ്ടോ? കാവിൽനിന്നും ദീർഘനിശ്വാസങ്ങളുയരുന്നുണ്ടോ? മനുഷ്യൻ കൽപിച്ചുനൽകിയ കളങ്കം കാവിലെ ദേവിയെങ്ങനെ കഴുകിക്കളയും?
മറ്റു ടൈലൊക്കെ ഒട്ടിച്ചിട്ട് ഏറ്റവും അവസാനമാണ് ബാത്ത്റൂമിലെ പ്രണയസ്മാരകത്തെ പുതിയ ടൈൽ വച്ച് മായ്ച്ചുകളയാൻ എനിക്കുതോന്നിയത്.
എൻ്റെയുള്ളിലും മായാതെകിടക്കുന്ന ഒന്നുള്ളതുകൊണ്ടായിരിക്കാം.
പണികഴിഞ്ഞിറങ്ങി ബൈക്കിൽ കവലയിലെത്തിയപ്പോൾ ബാലൻസഖാവിൻ്റെ കടയിലേക്കൊന്ന് പാളിനോക്കി. ഇടതുതുടയിൽവച്ച് എന്തോ അയാൾ ചണനൂലുകൊണ്ട് കെട്ടുകയാണ്. കൈപ്പത്തിയില്ലാത്ത കൈകൾകൊണ്ടത് ചെയ്യുന്നതുകണ്ടപ്പോൾ നോട്ടംമാറ്റി. രാവിലെ കാണാതിരുന്ന കടയുടെ ബോർഡ് ഇപ്പോഴാണ് ശ്രദ്ധിച്ചത്.
“ബാലദുർഗ്ഗ.”
ആ സ്നേഹാക്ഷരങ്ങളെയും കാലം മറച്ചുമായ്ച്ചുകളയുമായിരിക്കും. ആർക്കറിയാം.
ഈ നാട്ടിലെല്ലായിടത്തുമൊരു വിഷാദം തങ്ങിനിൽക്കുന്നപോലെ.
കാവിൻ്റെ ബോർഡും കടന്ന് ബൈക്ക് തോടിൻ്റെ പാലംകയറിയപ്പോഴാണ് മൊബൈലടിച്ചത്. ബൈക്ക് ഞാൻ ബ്രേക്ക്ചവിട്ടിനിർത്തി. അളിയനാണ്. ഇതെന്താണാവോ? ഇങ്ങനെ വിളിക്കാറില്ലാത്തതാണ്. എന്തെങ്കിലുമുണ്ടെങ്കിൽ പെങ്ങളാണ് വിളിക്കാറുള്ളത്.
ബൈക്കിൻ്റെ ഇടത്തേ ഇൻഡിക്കേറ്റർ മിന്നിമാഞ്ഞുകൊണ്ടിരുന്നു. നേർത്ത കരച്ചിലെന്നോണം ചെറിയ ബീപ് ശബ്ദം – തുളച്ചുകയറുന്നതുകൊണ്ടായിരിക്കും, ചെവി വണ്ടി ഓഫ്ചെയ്യാൻ പറയാതെപറഞ്ഞു.
“രമേശാ നീയെവിടാ?”
“ഞാൻ പണികഴിഞ്ഞ് വരുവാ. എന്താരുന്നു?”
എൻ്റെ കണ്ണുകളെ തോട്ടിലെ കലക്കവെള്ളത്തിൽ ഒഴുകാൻവിട്ടു.
“ബൈക്ക് നിർത്തിയേക്കുവാണോ? അല്ലേൽ ഒന്നുനിർത്തിക്കെ.”
ഞാൻ ബൈക്ക് അരികുചേർത്തുനിർത്തി. ചോട്ടു താഴെയിറങ്ങി ഒതുങ്ങിനിന്നു.
അളിയൻ പറഞ്ഞതുകേട്ട് ഞാനൊരുനിമിഷം തരിച്ചുപോയി.
“അതൊരു പ്രശ്നക്കാരൻ പയ്യനൊന്നുമല്ലന്നേ. നീ ടെൻഷനാകണ്ട. ഞങ്ങളിവിടെ പോലീസ്സ്സ്റ്റേഷനിലുണ്ട്. ആതിരേം അവനും ഉറപ്പിച്ചാ. അവരു കെട്ടുംന്നാ പറയണത്.”
“ഏതാ അവൻ?” എനിക്ക് കലിച്ചുവന്നു.
എന്തോ വലിയ കുഴപ്പംപിടിച്ച സംഗതിയാണെന്ന് ചോട്ടുവിന് മനസ്സിലായിക്കാണണം. അതവൻ്റെ മുഖത്തുണ്ട്.
അളിയൻ അവനെക്കുറിച്ച് പറഞ്ഞ നല്ലതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.
അളിയൻ പറഞ്ഞുതീരുന്നതുവരെയെനിക്ക് കാത്തുനിൽക്കാനും കഴിഞ്ഞില്ല. ഞാനിടക്കുകയറി.
“അവനേതാ ജാതി?”
മറുപടികേട്ട് എൻ്റെ കണ്ണിലിരുട്ട്കയറി.
“കൊല്ലും രണ്ടിനേം… ചാവാനൊണ്ടായതുങ്ങള്…” ഞാൻ നിന്നുതിളച്ചു.
മൊബൈൽ എൻ്റെ കയ്യിലിരുന്നുഞെരിഞ്ഞു.
പാലത്തിനുതാഴെ കലങ്ങിയൊഴുകുന്ന ചെളിവെള്ളം എന്നെനോക്കി കൊഞ്ഞനംകുത്തിയോ ?
-കഥ പറയുന്നൊരാൾ

