Author: Vishnu K K

മനുഷ്യമനസ്സിനെ , ചിന്തകളെ ഒരു മൂന്നാം കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ആൾ . എഴുത്തുകാരനൊന്നുമല്ല , എഴുതാൻ പഠിച്ചുകൊണ്ടിരിക്കുന്ന , എഴുത്തിനെ സ്നേഹിക്കുന്ന, കഥകളെയും കവിതകളെയും പ്രണയിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒരു മൂവാറ്റുപുഴക്കാരൻ. (കഥ പറയുന്നൊരാൾ in Facebook and Instagram)

•തുടക്കം• #06/05/2012 ഞായർ# നാഗമ്പടം പാലം കഴിഞ്ഞ് ബസിറങ്ങുമ്പോൾ അനുവിന് പുതുമയൊന്നും തോന്നിയില്ല. പൊളിഞ്ഞുതുടങ്ങിയ ടാർറോഡിൽ കറുത്ത മെറ്റൽക്കഷണങ്ങൾ ചിതറിക്കിടന്നു. ഇന്നലെ പെയ്ത ഇടവപ്പാതിയുടെ ശേഷിപ്പുകൾ ചെറിയകുഴികളിൽ നിറഞ്ഞുനിന്നു. ബസിൽനിന്ന് കൂടെയിറങ്ങിയവർ റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി നടന്നുതുടങ്ങി. ഇടത്തേക്കുള്ള വളവുതിരിഞ്ഞ് റെയിൽവേപാളത്തിലേക്ക് ഇറങ്ങാനൊരുങ്ങുമ്പോൾ മൊബൈൽ എടുത്ത് സമയംനോക്കി. അഞ്ചേമുക്കാൽ കഴിഞ്ഞിരിക്കുന്നു. തുരുമ്പിന്റെ നിറമുള്ള റെയിൽവേപാളങ്ങളുടെ മുകൾവശംമാത്രം മൂർച്ചവരുത്തിയ ഇരുതലക്കത്തിയുടെ വായ്ത്തലപോലെ മിന്നിത്തിളങ്ങി. ഇരുവശങ്ങളിലേക്കും ശ്രദ്ധയോടെനോക്കി പാളങ്ങളെകടന്ന് മുന്നോട്ട് നീങ്ങുമ്പോൾ സമയക്കുറവിന്റെ ഓർമ്മയിലാകണം അനു നടപ്പിന്റെ വേഗംകൂട്ടി. ചെരിഞ്ഞ നടപ്പാതയിലൂടെ കാവിനിറമുള്ള തറയോടുകൾ പാകിയ പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോൾ മഴ പെയ്തുതുടങ്ങിയോ എന്ന് സംശയിച്ചു. ഒരു തുള്ളിവെള്ളം കയ്യിൽ പതിച്ചപോലെ. പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് നടന്ന് ഓവർബ്രിഡ്ജ് കയറി ടിക്കറ്റ്കൗണ്ടറിലേക്ക് തിരിയുമ്പോൾ വേണാട് എക്സ്പ്രസ് അൽപസമയത്തിനകം പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുമെന്നുള്ള അറിയിപ്പ് മുഴങ്ങി. കാലിന്റെ മുഴുപ്പുള്ള സ്റ്റീൽപൈപ്പുകൾക്കിടയിൽ വരിനിൽക്കുമ്പോൾ മുന്നിൽനിന്ന ഉയരമുള്ള, കഷണ്ടിത്തലയുള്ളയാളെ അനു ഇഷ്ടത്തോടെനോക്കി. അവന്റെ ഉയരക്കുറവിനെക്കുറിച്ച് എപ്പോഴും തോന്നാറുള്ള വിഷമം തികട്ടിവന്നു. അയാൾ ടിക്കറ്റെടുത്തു മാറിയപ്പോൾ…

Read More

“എടാ, ഇറങ്ങ്. സ്റ്റോപ്പെത്തി.” പരിചയക്കാരനായ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ചെറുമയക്കത്തിൽനിന്നുണർന്നത്. കണ്ണുതുറന്ന് പുറത്തേക്കുനോക്കിയപ്പോൾ കണ്ടത് മമ്മദിക്കായുടെ പലചരക്കുകടയുടെ ബോർഡാണ്. മൊബൈൽകമ്പനിയുടെ ചുവന്നനിറത്തിലുള്ള പരസ്യബോർഡിന്റെ താഴെയെന്റെ നാടിന്റെ പേര്. മനസ്സൊന്നുകുളിർന്നു. മടിയിൽവച്ചിരുന്ന ബാഗെടുത്ത് തോളിലിട്ട് പുറകിലത്തെ ഡോറിലൂടെ പെട്ടെന്ന് പുറത്തിറങ്ങി. ബസിൽനിന്ന് ഡബിൾബെല്ലിന്റെ ശബ്ദം. ചെറുതല്ലാത്ത അളവിൽ പുകതുപ്പി, എന്റെ നാട്ടിലേക്കും പുറത്തേക്കും എന്നെ യാത്രയാക്കാറുള്ള പഴകിയ ആ ബസ് മുന്നോട്ടുപോയി. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കരിയിലകൾ റോഡിൽ നനഞ്ഞുകിടപ്പുണ്ട്. “ഡാ, നിന്നേ.” തിരിഞ്ഞുനോക്കിയപ്പോൾ ബീവിത്തായാണ്. “നീ വന്നവഴിയാ?” നടപ്പുനിർത്തിയ എന്റെ പിറകേ വേഗത്തിൽനടന്നെത്തി അവർ വെളുക്കെച്ചിരിച്ചു. “പിന്നല്ലാതെ, ഈ വെളുപ്പാൻകാലത്ത് ഞാനെങ്ങോട്ട് പോയിട്ട് വരാനാ. നിങ്ങളീ ബസിലൊണ്ടായിരുന്നോ? ഞാൻ കണ്ടില്ലല്ലോ.” അവരിൽനിന്ന് കുറച്ചുമാറിനിന്നാണ് ഞാൻ ചോദിച്ചത്. എനിക്ക് ചെറുതല്ലാത്ത വായ്നാറ്റം ഉണ്ടാകും. ഇന്നലെ തിരുവനന്തപുരത്തുനിന്ന് കേറിയപ്പോൾമുതൽ ഉറക്കമായിരുന്നു. ടൗണിലിറങ്ങിയപ്പോൾ വൈകാതെതന്നെ എന്റെ നാട്ടിലേക്കുള്ള ബസുംവന്നു. കൈയുംവായും കഴുകാൻകൂടി സമയംകിട്ടിയില്ല. “എന്റെ പൊന്നെടാ, ഞാനൊരു കുശലം ചോദിച്ചതല്ലേ. എനിക്കറിയാൻ പാടില്ലാത്തോണ്ടാണോ?” അവർ കിറികോട്ടി.…

Read More

കഥ: *കരിഓയിൽ *കരിഓയിൽ: വില കുറഞ്ഞ വീര്യം കൂടിയ കടുംനിറത്തിലുള്ള ലോക്കൽ മദ്യം. എന്തൊരു ഒച്ചയാണ്! ആ പെണ്ണ് എന്തൊരു കാറിച്ചയാണ്. കാവീന്ന് വീട്ടിക്കേറിയിട്ടും രക്ഷയില്ല. അതെങ്ങനാ, ആ മൈക്ക് സെറ്റുകാര് കോളാമ്പി ഇങ്ങോട്ട് തിരിച്ചല്ലേ ഞങ്ങടെ മഹാഗണിത്തൈയ്യേല് കെട്ടിയേക്കണെ. വീട്ടിലേക്കുള്ള വെട്ടുകല്ല് തെളിഞ്ഞ വഴി ചവിട്ടിക്കേറുമ്പോൾ പീക്കിരി മമ്മദ് കയ്യാലേൽ ചാരി കാജാ ബീഡി വലിച്ചു കേറ്റണ്ട്. അതെ, കാജാ ബീഡി തന്നെയാ. വെകിടന്റെ വീട്ടിൽ ക്രിക്കറ്റ് കളി കാണാൻ പോകുമ്പോ ടി.വി.ടെ മുന്നീന്ന് മനസ്സില്ലാമനസ്സോടെ കാജാ ബീഡി മേടിക്കാൻ ഓടാറുള്ളതാണ്; അല്ല, വെകിടൻ ഓടിക്കാറുള്ളതാണ്. ആ പൊളിഞ്ഞു വീഴാറായ കയ്യാലേന്ന് വല്ല പാമ്പും അങ്ങേരെ കടിക്കാതിരുന്നാൽ മതിയാരുന്നു. കാവീന്ന് ഇങ്ങോട്ടു നടക്കുമ്പോഴാണ് പീക്കിരീടെ പെണ്ണുമ്പിള്ളേം പത്തിൽ പഠിക്കണ പെങ്കൊച്ചും പെട്ടിക്കടേൽ വെലപേശണത് കണ്ടത്. വെകിടൻ നാസറെവിടെ? വേതാളമുണ്ടെങ്കിൽ വിക്രമാദിത്യനും കാണാണ്ടിരിക്കില്ലല്ലോ? തോന്നൽ തെറ്റിയില്ല. ലൈറ്റ് വെട്ടമില്ലാത്ത വീടിന്റെ ഇറയത്ത് കിടക്കണ നീളൻ മേശേടെ മൂലയിൽ അപ്പന്റെ ഓരം ചേർന്ന്…

Read More

വീട്ടിലെ പൂച്ച പ്രസവിച്ചു. നാലാം നാൾ-ഞാനതുങ്ങളെ പുഴക്കക്കരേക്ക് നാടുകടത്തി. തിരിച്ചു കേറുമ്പോൾ ഉമ്മറപ്പടിയിൽ കത്തുന്ന കണ്ണുകൾ. ഞാനത് കണ്ടില്ല. രാത്രി എന്റെ കുഞ്ഞിന്റെ തൊട്ടിലിനരികെ വീണ്ടും തിളങ്ങുന്ന കണ്ണുകൾ. ഞാനതു കണ്ടു, ഞാനുറങ്ങിയില്ല. ഞാനിപ്പോൾ നാടുകടത്തപ്പെട്ടവരെ തിരയുകയാണ്.

Read More

ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ആദ്യം മനസ്സിലേക്കെത്തുന്ന പേര് പലപ്പോഴും ഖസാക്കിന്റെ ഇതിഹാസം ആയിരിക്കും. മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലാണ് എന്റെയും പ്രിയപ്പെട്ട പുസ്തകം. ഒ. വി. വിജയൻ മാഷ് രചിച്ച ഈ പുസ്തകം പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഖസാക്ക് എന്ന സാങ്കൽപികഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. കരിമ്പനകൾ നിറഞ്ഞ, ചെതലിമലയും കൂമൻകാവും അതിരിടുന്ന, റാവുത്തന്മാരും തീയ്യന്മാരും ജീവിക്കുന്ന ആ ഗ്രാമത്തിലേക്ക് സർക്കാർ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകനായി രവി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. “കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.” ഈ ഒരൊറ്റഖണ്ഡിക മതി വായനക്കാരനെ രവിയോടൊപ്പം ഖസാക്കിലേക്കുള്ള യാത്രയിൽ പങ്കാളിയാക്കാൻ. തുടക്കം മുതൽ തന്നെ ഒരു സ്വപ്നസദൃശമായ ലോകത്തിലേക്കാണ് വിജയൻ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഖസാക്കിലെ ജീവിതത്തിനിടയിൽ മാധവൻ നായർ, അപ്പുക്കിളി, നൈജാമലി, മൈമുന, കുപ്പുവച്ചൻ, കുട്ടാടൻ…

Read More

മെയ്മാസത്തിലെ പകലിൻ്റെ യൗവ്വനത്തിലും നാട്ടുപാത തണൽമൂടിക്കിടന്നു. അയൽപക്കക്കാർ കാവിൻ്റെ കയ്യേറിയതെന്നു പറഞ്ഞുപോരുന്ന പറമ്പിലെ റബ്ബർമരങ്ങൾക്കും സർപ്പകാവിനുമിടയിൽ, കരിയില പുതഞ്ഞ നാട്ടുപാത പുഴയിലേക്കു നീണ്ടുകിടന്നു. പരസ്പരം ഒന്നായിരുന്നവർ വീണ്ടുമൊന്നിക്കാൻ ശ്രമിക്കുന്നതുപോലെ കാവിലെ കാട്ടുമരങ്ങളിൽ നിന്ന് വള്ളിപ്പടർപ്പുകൾ മൺപാതക്കു മുകളിലൂടെ റബ്ബർമരത്തിൻ്റെ ശിഖരങ്ങളിലേക്കു നീളുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാറ്റ് വീശിയപ്പോൾ തവിട്ടുനിറമുള്ള മണ്ണിൽ, കാവിൽ നിന്നും പടർപ്പ് തേടി പുറത്തിറങ്ങിയ കാട്ടുചെടികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ നൃത്തമാടുവാൻ വെറുതെ ശ്രമിച്ച് പിൻവലിഞ്ഞു. നാട്ടുപാതയും കാവും അതിർത്തി പങ്കിടുന്ന, പകുതിയോളം പൊളിഞ്ഞു വീണ കയ്യാലക്കല്ലുകൾക്കിടയിൽ ചെറിയ ഇഴജന്തുക്കൾ ഉണ്ടായിരിക്കണം. കാവിനുള്ളിലെ ചെറിയ കോവിലുകൾ അടഞ്ഞുകിടന്നു. പണ്ടെപ്പോഴോ അഗ്നിക്കിരയായ മഹാക്ഷേത്രമാണിതെന്നു വല്യപ്പമ്മാർ പറഞ്ഞവൻ കേട്ടിട്ടുണ്ട്. കാവിനു താഴെ ഒഴുകുന്ന പുഴയിൽ നിന്നും കിട്ടിയ നാഗയക്ഷിവിഗ്രഹങ്ങൾ അവർ തെളിവായി കാട്ടിയതും ഓർമ്മയിലുണ്ട്. വെള്ളിയാഴ്ചകളിലും സംക്രാന്തിക്കും കാവിലെ പ്രഭാതപൂജയ്ക്ക് അക്കരെ നിന്നും ഒരു നമ്പൂരി വരും. ആ ദിവസങ്ങളിൽ കാവിലെ തൊഴൽ അവൻ മുടക്കാറില്ല. ദേവദാസ് – ആയില്ല്യം —സ്വന്തം പേരും നാളും പറഞ്ഞു…

Read More

റബേക്ക ഒന്ന് ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കോടുന്നത് കണ്ട് അയാൾക്ക് മതിയായി. എട്ടുമണിക്കൂർ ഡ്യൂട്ടിക്കിടയിൽ പലവട്ടം കയറിയിറങ്ങിപ്പോകുന്ന ചില മുഖങ്ങൾ; മറ്റു ചിലർ തികച്ചും അപരിചിതർ. അവർക്കു നേരെ നോക്കി ഒന്ന് പുഞ്ചിരിക്കണമെന്നുണ്ടെങ്കിലും അതിന് കഴിയാതെ ലിഫ്റ്റിലെ അക്കങ്ങളുമായി മൽപ്പിടിത്തം തുടർന്നു കൊണ്ടേയിരുന്നു. വാച്ചിലെ സമയം ഒമ്പതര പിന്നിട്ടിരിക്കുന്നു. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ നഴ്സുമാർ വഴി മാറുന്നത് കണ്ടാണ് തറയിൽ നിന്നും നോട്ടം ഉയർത്തിയത്. റബേക്ക മാഡമാണ്! ആദരവോടെ പ്ലാസ്റ്റിക് കസേരയിൽ നിന്നെഴുന്നേറ്റു. നൽകിയ ‘ഗുഡ് മോർണിങ്ങി’ന് ഒരു ചെറു മന്ദഹാസം പകരമേകി അവർ ലിഫ്റ്റിന്റെ മൂലയിൽ ഒതുങ്ങി നിന്നു. മറ്റാരുടെയും മുഖത്ത് നോക്കാതെ, അയാളുടെ കാതുകൾ ഫ്ലോറുകളുടെ നമ്പറുകൾ ഒപ്പിയെടുക്കുകയും വിരലുകൾ ആ ബട്ടണുകളിൽ പതിപ്പിക്കുകയും ചെയ്തു. ലിഫ്റ്റിലുള്ളവരുടെ പാദങ്ങളിലേക്ക് തലകുനിച്ച് കണ്ണുകൾ തറച്ചിരുന്ന അയാൾ, റബേക്ക…

Read More

മീനവെയിലിന്റെ ചൂടാറിത്തുടങ്ങിയിരിക്കുന്നു. പൊരിവെയിലത്ത് ടൗണിലെ കടകളൊക്കെയും കയറിയിറങ്ങി കണിയൊരുക്കാനും വിഷുസദ്യക്കുമുള്ള സാധനങ്ങളൊക്കെയും സംഘടിപ്പിച്ച് അവൻ വീട്ടിലെത്തിയിട്ട് അധികനേരമായിട്ടില്ല. ടൗണിലെ വഴിയോരക്കടയിൽനിന്ന് ഒന്നുരണ്ട് കണിക്കൊന്നക്കെട്ട് വാങ്ങിയതുമാണ്. സാധനങ്ങൾ ഓരോന്നായി പെറുക്കിയടുക്കിവെക്കുമ്പോൾ ഗോപിക മുഖം കറുപ്പിച്ചു. “ഡാ, ഇത് അപ്പിടി വാടിയതാണല്ലോ… നാളേക്ക് ഇനി മൊത്തം അടർന്നുവീഴേം ചെയ്യും.” അവൾ ഇടുപ്പിൽ കൈ കൊടുത്തു. അവൾ വാട്സാപ്പ് ചെയ്ത ലിസ്റ്റിലെ മൂന്നാലു സാധനങ്ങൾ വാങ്ങാൻ മറന്നത് അവൾ കണ്ടുപിടിച്ചു. “അല്ലേലും ഞാനില്ലാതെ നിന്നെ സാധനം മേടിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ!” അവൾ ആത്മഗതമെന്നോണം പറഞ്ഞു. പക്ഷേ, അതവനോടുള്ള പരിഭവമാണെന്ന് ആ ആത്മഗതത്തിന്റെ ഉച്ചസ്ഥായി പറയാതെ പറഞ്ഞു. “ഈ മൂന്നാം മാസത്തിൽ ഇനി നിന്നേയും കൂട്ടി സ്കൂട്ടറിൽ ടൗണിൽ പോകാത്തോണ്ടാ, മിണ്ടാതിരി പെണ്ണേ!” “ഡോക്ടർ എന്താ പറഞ്ഞേന്ന് ഓർമ്മയുണ്ടല്ലോ അല്ലെ?” അവൻ അവൾക്കുനേരെ കണ്ണുരുട്ടി. ഗോപികയുടെ വെളുത്തുമെലിഞ്ഞ കൈകൾ അവളുടെ കനംവെക്കാൻ തുടങ്ങിയ വയറിലേക്കും കണ്ണുകൾ പ്രാർത്ഥനയോടെ മുകളിലേക്കും നീണ്ടു. അവൻ ഗോപിച്ചേട്ടന്റെ വീട്…

Read More

1 അവൻ തന്റെ തോർത്ത് മുണ്ടിന്റെ കുറിയ വശം കഴുത്തിൽ കൂട്ടിക്കെട്ടി. മറ്റേ വശം കൊണ്ട് അവൻ പുഴയുടെ അരികിലെ ചപ്പുകൾക്കിടയിൽ കോരാൻ തുടങ്ങി. ചെറു മീനുകളെയും ചെറിയ കൊഞ്ചുകളെയും കോരിയെടുക്കാനുള്ള ശ്രമമാണ്. തോർത്ത് കൊണ്ട് കോരുന്നതിനിടെ ഇടങ്കാലുകൊണ്ട് അവൻ ചപ്പുകൾ ചവിട്ടി ഇളക്കി. കിട്ടിയ മൂന്ന് കറുത്ത കൊഞ്ചുകളെയും രണ്ട് ചെറിയ വെളുത്ത കൊഞ്ചുകളെയും അവൻ തന്റെ പിഞ്ഞിത്തുടങ്ങിയ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. തോർത്ത് മുണ്ട് വെള്ളത്തിൽ ഉലച്ച് കഴുകി. അവൻ തോർത്ത് മണത്തു നോക്കി. ചെളിമണം മാറിയിട്ടില്ല. നീണ്ട ചൂണ്ടക്കണ എടുത്ത് അവൻ തൊമ്മൻകുത്തിന്റെ മരങ്ങൾ കുടപിടിച്ചു നിൽക്കുന്ന വളവിലേക്കു നടന്നു. ആ കാടിന്റെ ഓരോ നടപ്പാതയും അവനു കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ്. “ഡാ, നിനക്കിന്ന് എസ്.എസ്.എൽ.സി പരീക്ഷ അല്ലേ, എന്തോന്നാടാ?” പോകുന്ന വഴിക്ക് അപ്പുറത്തെ രമചേച്ചി തലയിൽ വിറകുകെട്ടുമായി ചോദ്യമെറിഞ്ഞു. “അത് ഉച്ച കഴിഞ്ഞല്ലേ?” നേരെ നോക്കാതെ പറഞ്ഞു പോകുന്ന അവനെ നോക്കി അവർ ഒരു…

Read More

യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.

Read More