“ഡാ ചെറുക്കാ, ഡാ ജോബിനെ ഇങ്ങ് വന്നേടാ,” അയന ഉറക്കെ വിളിച്ചു. ജോബിൻ അത് കേട്ടോ ആവോ. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിൽ പട്ടം പറത്തി കളിക്കുകയാണ് അവൻ.
“നിനക്ക് നാണമാവില്ലേടാ ജോബിനെ, ഇങ്ങോട്ടുവാ,” അനുവും കൂടെ കൂടി.
“മറ്റേ കൊരങ്ങൻ എന്തിയെടി?” അവർ ആൽബിനെ തപ്പി. ആൽബിൻ — ആൽ എന്നു അവർ ചുരുക്കി വിളിക്കും. അവൻ കടലിലേക്ക് നീണ്ടുകിടക്കുന്ന കടൽപ്പാലത്തിൽ ഇൻസ്റ്റയിൽ ചാർത്താൻ സെൽഫി എടുത്തുകൊണ്ടിരിക്കുകയാണ്.
അനു, അയന, ആൽബിൻ, പിന്നെ ജോബിൻ — നാലുപേരും ടൗണിലെ എഞ്ചിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളാണ്. അനുവും അയനയും ഹോസ്റ്റൽ റൂംമേറ്റ്സും ബെസ്റ്റീസുമാണ്.
ബീച്ചിന്റെ ഓരത്ത് മോതിരം വിൽക്കുന്ന കച്ചവടക്കാരന്റെ അടുത്ത് നിൽക്കുകയാണ് അനുവും അയനയും. കറുത്ത ഫൈബർ മോതിരത്തിൽ പറയുന്ന ആളിന്റെ പേര് എഴുതി കിട്ടും. മൂന്നാലു കപ്പിൾസും അവിടെ കൂടിയിട്ടുണ്ട്.
ആൽബിൻ അങ്ങോട്ടേക്ക് നടന്നെത്തി. അവന്റെ മേൽ അവിടവിടെ കടൽവെള്ളം വീണ് നനഞ്ഞിരിക്കുന്നു.
“ആ, നല്ല പരിപാടി,” ആൽബിൻ.
“ഡാ, ഞങ്ങൾ ഇത് വാങ്ങുവാ, നിനക്ക് വേണ്ടേ?” അനു.
“ചേട്ടാ, അതിൽ ‘അനു’ എന്നാട്ടോ എഴുതണ്ടേ,” അവൾ വിൽപ്പനക്കാരനോട് പറഞ്ഞു.
“‘അനു ❤️ ആൽബിൻ’ എന്ന് എഴുതൂ, ചേട്ടാ,” ആൽബിൻ പറഞ്ഞത് കേട്ട് അനുവും അയനയും ഞെട്ടി.
“ഒന്ന് പോടെർക്കാ,” അനു കളിയാക്കി.
“അല്ലാടി, ഞാൻ കാര്യമായി പറഞ്ഞതാ,” ആൽബിൻ. അവന്റെ മുഖം തുടുത്തു. അനുവിന്റെ മുഖത്തുനിന്ന് ഒന്നും വായിക്കാൻ പറ്റിയില്ല. അയന അവളുടെ ഷോൾഡർ ബാഗിൽ കൈ താഴ്ത്തി അനുവിന്റെ പിന്നിൽ ഒളിച്ചു.
.
.
തിരിച്ചുള്ള യാത്രയിൽ ആൽബിൻ മനസ്സറിഞ്ഞ് സന്തോഷിച്ചു. ജോബിന്റെ കൂടെ കെ.എസ്.ആർ.ടി.സി. ബസിൽ തിരിച്ചു പോകുമ്പോൾ അവൻ ഓർത്തോർത്തു ചിരിച്ചു. അനുവിന്റെ അത്ഭുതം ഓർക്കുന്തോറും അവന് കുളിർ കോരി.
“എന്തിയെടാ ചെറുക്കാ, ഒരിളക്കം?” ജോബിൻ ചോദിച്ചു.
“ഒന്നുമില്ലെന്റേ പൊന്നേ,” ആൽബിൻ അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങ് കൊടുത്തു.
“ഡാ ഡാ, എന്താ ഈ കാണിക്കണേ? ബസാടാ!” ജോബിൻ ഒഴിഞ്ഞുമാറി.
ജോബിന്റെ മൊബൈൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം ഉണ്ടാക്കി. അവൻ മൊബൈൽ എടുത്തു.
“പണി കിട്ടിയില്ല, ചേട്ടാ… പിന്നെ ലോൺ എങ്ങനെ എടുക്കും?” അവൻ ആത്മഗതം ചെയ്തു. ഏതോ ലോൺ ആപ്പിന്റെ എസ്.എം.എസ് ആണ്.
ജോബിൻ വാട്ട്സ്ആപ്പ് തുറന്നു. അവർ നാലുപേരുമുള്ള ഫ്രണ്ട്സ് ഗ്രൂപ്പിന്റെ പ്രൊഫൈൽ പിക് അയന മാറ്റിയിരിക്കുന്നു. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്ന് വാങ്ങിയ മോതിരം അവൾ പിക് ആക്കിയിരിക്കുന്നു. “അനു ❤️ ആൽബിൻ” എന്ന് എഴുതിയ ആ മോതിരം സ്ക്രീനിൽ ജോബിനെ പുഞ്ചിരിച്ചു കാട്ടി.
“ആഹ്, വെറുതെയല്ല ഇരുന്നു ഇളിക്കണേ അല്ലേ,” ജോബിൻ ആൽബിനെ നോക്കി ചിരിച്ചു.
“ഇതൊക്കെ എപ്പോ നടന്നെടാ?” ജോബിൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു.
“പട്ടം പറത്തി നടക്കുവല്ലാരുന്നോ നീ?” ആൽബിൻ പുച്ഛിച്ചു.
“ദേ, അയന എന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി,” ജോബിൻ.
“ങേ?” ആൽബിൻ അവന്റെ മൊബൈൽ എടുത്ത് വാട്ട്സ്ആപ്പ് തുറന്നു. അവരുടെ ഫ്രണ്ട്സ് ഗ്രൂപ്പ് നോക്കി.
“അപ്പൊ ലവേഴ്സ് പ്രണയിച്ചാട്ടെ,” എന്ന് അവസാന മെസ്സേജ് ഇട്ട് അയനയും ലെഫ്റ്റ് ആയിരിക്കുന്നു.
ആൽബിൻ കണ്ണ് മിഴിച്ചു ജോബിനെ നോക്കി.
.
.
.
തുടർന്നുള്ള രാത്രികളിൽ അവരുടെ ഫോണുകളിൽ വാട്ട്സ്ആപ്പ് ഉറങ്ങിയില്ല; അത് അനുവിനും ആൽബിനും വേണ്ടി ഓവർടൈം പണിയെടുത്തു. ചുംബന സ്മൈലികൾ, ഓഡിയോ ചുംബനങ്ങൾ.. പറന്നു നടന്നു. വീഡിയോ കോളുകളിൽ, പാർക്കിന്റെ ആളൊഴിഞ്ഞ തണലുകളിൽ, അനുവിന്റെയും ആൽബിന്റെയും പ്രണയം പടർന്നു പന്തലിച്ചു. അയന അനുവിന് കൂട്ടുവന്നു; അവളെ കാവൽ നിർത്തി അനുവും ആൽബിനും പ്രണയം പങ്കിട്ടെടുത്തു.
ജോബിൻ പുതിയ കൂട്ടുകൾ തേടി ഇൻസ്റ്റാ പേജുകൾ തോറും വെറുതെ പരതി നടന്നു.
അവസാന സെമസ്റ്റർ എക്സാം കഴിഞ്ഞ് ജോബിന് പ്ലേസ്‌മെന്റ് കിട്ടി ചെന്നൈക്ക് പോകുന്നതിനുമുമ്പ്, അയന എം.ടെക്കിന് വെള്ളൂരിലേക്ക് പോകുന്നതിനും മുമ്പ്, അവർ ഒരിക്കൽ കൂടി ഫോർട്ട് കൊച്ചി ബീച്ചിൽ പോയിരുന്നു. കടൽപ്പാലത്തിലെ ആ നാലുപേരും ചേർന്നുള്ള ഫോട്ടോ ഇൻസ്റ്റയിലെ ഡി.പി. ആയി ഇപ്പോഴും കിടപ്പുണ്ട് — നാലുപേരുടേയും.
രണ്ട് വർഷങ്ങൾക്ക് ശേഷം
“ആലേ, ഇന്നാണ് അയന കാനഡക്ക് പോകുന്നത്. നമുക്ക് അവളെ പോകുന്നതിന് മുമ്പേ കാണണം. ഞാൻ നേരത്തെ പറഞ്ഞതല്ലേ,” അനു പരിഭവിച്ചു.
അനു മൊബൈൽ കോൾ കട്ട് ചെയ്തു. അവൾ അയനയെ ഡയൽ ചെയ്തു.
അനു രണ്ടുദിവസം മുമ്പ് രാത്രി കിടക്കാൻ നേരം പറഞ്ഞതാണ്. ശരിയാണ് — മറന്നതാണ്, ആൽബിൻ തല ചൊറിഞ്ഞു.
അവൻ ഇൻഫോപാർക്കിലെ തപസ്യ ബിൽഡിംഗിന്റെ മൂന്നാം നിലയിൽ നിന്ന് മുന്നിലെ ലാപ്ടോപ്പിലേക്കു തുറിച്ചു നോക്കി. വരാമെന്ന് പറയുമ്പോഴും എങ്ങനെ ചെല്ലും എന്ന് ആൽബിന് തീർച്ചയില്ലായിരുന്നു. അനുവിനെ തിരിച്ചു വിളിച്ചാലോ എന്ന് അവൻ വിചാരിച്ചു. പിന്നെ അനു കോളേജിൽ ക്ലാസ് എടുക്കുകയാവാം എന്ന് കരുതി വേണ്ടെന്നുവച്ചു.
.
.
.
ആൽബിൻ കാർ വേഗം ഓടിച്ചു. അനു ഇടതു വശത്തെ സീറ്റിലിരുന്നു വാച്ച് നോക്കി. അവർ എയർപോർട്ടിൽ എത്തിയിരുന്നു. ചെന്നപ്പോൾ ബാഗുകളുമായി നിൽക്കുന്ന അയനയെ കണ്ടു.
“സമയം ആയി അല്ലേടി?” എന്ന് ചോദിച്ചു അനു അയനയുടെ അടുത്തേക്ക് ചെന്നു. ആൽബിനും അനുഗമിച്ചു.
അവർ കലപിലാന്ന് എന്തൊക്കെയോ സംസാരിച്ചു. ജോബിനെ അവർ മിസ്സ് ചെയ്തു. ഫ്ലൈറ്റിന് സമയമായി എന്ന് ആൽബിൻ ഓർമ്മിപ്പിച്ചു.
“ആലേ, അയനക്ക് നിന്നോട് എന്തോ പറയണമെന്ന്,” അനു.
അയന ആൽബിനെ കണ്ണുകൊണ്ട് വിളിച്ചു. അവർ അനുവിൽ നിന്ന് അല്പം മാറി നിന്നു. ആൽബിന് ഒന്നും മനസ്സിലായില്ല.
അയന തന്റെ ചുരുട്ടിയ കൈ ആൽബിന്റെ കൈയിൽ വച്ചു. അയനയുടെ കൈ പിൻവലിച്ചപ്പോൾ ആൽബിന്റെ കയ്യിൽ ഒരു കറുത്ത, പഴകിയ ഫൈബർ മോതിരം. അതിൽ “അയന ❤️ ആൽബിൻ” എന്ന് എഴുതിയിരുന്നു.
അയന ആൽബിന്റെ കണ്ണിൽ നോക്കി. ആ കണ്ണിലെ വികാരം ആൽബിന് മനസ്സിലായില്ല.
അയന ആൽബിന്റെ ചുണ്ടുകളിൽ അമർത്തി ഒരു ചുംബനം നൽകി ട്രോളിയുമായി തിരിഞ്ഞുനോക്കാതെ മുന്നോട്ട് നടന്നു.
ആൽബിൻ ഞെട്ടിത്തരിച്ച് നിന്നു.
കുറച്ചു മാറി അനു ആൽബിനെ നോക്കി പുഞ്ചിരിച്ചു. അവൾ രണ്ട് കൈയും നീട്ടി ആൽബിനെ അവളിലേക്ക് ക്ഷണിച്ചു.
എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള മോതിരം ആൽബിന്റെ ഇടത് കൈയിൽ ഇരുന്നു ചിരി തൂകി. മോതിരവിരലിൽ “അനു” എന്ന് എഴുതിയ സ്വർണമോതിരവും കൂടെ ചിരിച്ചു.
.
.
.
തിരിഞ്ഞു നടന്ന അയന ഒരു ദീർഘ നിശ്വാസമെടുത്തു. അവൾ മൊബൈൽ കയ്യിലെടുത്തു.
” കഴിഞ്ഞോ ആയൂ?” എന്ന വാട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്തു.
“മം” അവൾ മറുപടി കൊടുത്തു.
ബ്ലു ടിക് പെട്ടെന്ന് തന്നെ വന്നു,
“ജോബിൻ മൈ ലവ്” എന്നു സേവ് ചെയ്യപ്പെട്ട ആ വാട്സ്ആപ്പ് പ്രൊഫൈലിന്റെ ഡിപി യിൽ നോക്കി അയന പുഞ്ചിരിച്ചു.
#പ്രണയദിനം2026
#നീയുംഞാനും
#valentinesdaycontest


3 Comments
👍👍
👍
പ്രണയം ഇങ്ങനെയുമാവാം ല്ലേ
👍