റബേക്ക
ഒന്ന്
ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കോടുന്നത് കണ്ട് അയാൾക്ക് മതിയായി. എട്ടുമണിക്കൂർ ഡ്യൂട്ടിക്കിടയിൽ പലവട്ടം കയറിയിറങ്ങിപ്പോകുന്ന ചില മുഖങ്ങൾ; മറ്റു ചിലർ തികച്ചും അപരിചിതർ. അവർക്കു നേരെ നോക്കി ഒന്ന് പുഞ്ചിരിക്കണമെന്നുണ്ടെങ്കിലും അതിന് കഴിയാതെ ലിഫ്റ്റിലെ അക്കങ്ങളുമായി മൽപ്പിടിത്തം തുടർന്നു കൊണ്ടേയിരുന്നു.
വാച്ചിലെ സമയം ഒമ്പതര പിന്നിട്ടിരിക്കുന്നു. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ നഴ്സുമാർ വഴി മാറുന്നത് കണ്ടാണ് തറയിൽ നിന്നും നോട്ടം ഉയർത്തിയത്. റബേക്ക മാഡമാണ്! ആദരവോടെ പ്ലാസ്റ്റിക് കസേരയിൽ നിന്നെഴുന്നേറ്റു. നൽകിയ ‘ഗുഡ് മോർണിങ്ങി’ന് ഒരു ചെറു മന്ദഹാസം പകരമേകി അവർ ലിഫ്റ്റിന്റെ മൂലയിൽ ഒതുങ്ങി നിന്നു. മറ്റാരുടെയും മുഖത്ത് നോക്കാതെ, അയാളുടെ കാതുകൾ ഫ്ലോറുകളുടെ നമ്പറുകൾ ഒപ്പിയെടുക്കുകയും വിരലുകൾ ആ ബട്ടണുകളിൽ പതിപ്പിക്കുകയും ചെയ്തു.
ലിഫ്റ്റിലുള്ളവരുടെ പാദങ്ങളിലേക്ക് തലകുനിച്ച് കണ്ണുകൾ തറച്ചിരുന്ന അയാൾ, റബേക്ക മാഡത്തിന്റെ ഇടത്തെ കാലിലെ സാധാരണയിലധികം വിടർന്ന ചെറുവിരലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചിലരുടെ ചില വിരലുകൾ അങ്ങനെയാണ്—കൂട്ടത്തിൽ കൂടാതെ കുറച്ച് അകന്നേ നിൽക്കൂ, ചില മനുഷ്യരെപ്പോലെ. രണ്ടാം നിലയിൽ ലിഫ്റ്റിന്റെ തിളങ്ങുന്ന ലോഹച്ചുമരുകൾക്കിടയിൽ നിന്ന് ചുവന്ന റബ്ബർ മാറ്റ് താണ്ടി മാഡം നടന്നു പോകുന്നത് അയാൾ നോക്കി നിന്നു. അലസമായി ധരിച്ച അവരുടെ ഒഴുകിക്കിടക്കുന്ന സാരിയും പകുതിയിലധികം നരച്ച മുടിയിഴകളും ഒരു ഡോക്ടർ എന്നതിലുപരി ഒരു വയോധികയുടെ പരിവേഷമാണ് അവർക്കു നൽകിയിരുന്നത്.
ഇന്നത്തെ അയാളുടെ ചിന്തകൾക്ക് റബേക്ക മാഡം നല്ലൊരു തുടക്കം നൽകി. മുപ്പതു വർഷങ്ങൾക്ക് മുമ്പ് അവരെ ആദ്യമായി കാണുമ്പോഴും ആ മുടി നരച്ചു തുടങ്ങിയിരുന്നു. അന്നും ഇന്നത്തേപ്പോലെ അലസമായി ധരിച്ചിരുന്ന സാരി ഓർമ്മയിലുണ്ട്. അന്നൊക്കെ ആശുപത്രിയുടെ സ്റ്റയർകേസുകൾ എത്ര വേഗത്തിലായിരുന്നു അവർ കയറിപ്പോയിരുന്നത്!
ഫിഫ്ത് ഫ്ലോറിൽ ലിഫ്റ്റ് ഒഴിഞ്ഞപ്പോൾ ഗ്രൗണ്ട് ഫ്ലോറിന്റെ ബട്ടൺ അമർത്തി. അവിടെ നിന്നു കയറിയ മെലിഞ്ഞ, വെളുത്ത, നന്നായി സാരിയുടുത്ത മാനേജ്‌മെന്റ് സ്റ്റാഫിന്റെ യൗവനം തുടിക്കുന്ന മിഴികളിലേക്ക് ‘ശരിയല്ലേ?’ എന്നു ധ്വനിപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞു; ഉത്തരം കാക്കാതെ മിഴികൾ പുറത്തേക്ക് നീട്ടിയെറിഞ്ഞു. ഡോറുകൾ കൂട്ടിമുട്ടുന്നതിനിടയിലെ വിടവിലൂടെ മാനേജ്‌മെന്റ് റൂമിന്റെ ഭിത്തിയിൽ റബേക്ക മാഡത്തിന്റേയും ചന്ദ്രസാറിന്റേയും സ്വർണലിപികളിൽ ആലേഖിതമായ പേരുകൾ വെറുതേ ഒന്നു കൂടി വായിച്ചു; വീണ്ടും ആ പഴയ കസേരയിൽ ഇരിപ്പുറപ്പിച്ചു.
റബേക്ക മാഡത്തിന്റെ കുട്ടിയുടെ ഒന്നാം ജന്മദിനാഘോഷത്തിന് പോയ കാര്യം മനസ്സിലേക്ക് ഓടിയെത്തി. അവരുടെ പടുകൂറ്റൻ ബംഗ്ലാവിൽ പോയി മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു തരം അസൂയയും അപകർഷതയും ദിവസങ്ങളോളം പിന്തുടർന്നത് ഒരു ചെറുചിരിയോടെ ഓർത്തു. പിന്നീട് എപ്പോഴോ അവരുടെ വൈദഗ്ധ്യത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും കൂടുതലറിഞ്ഞപ്പോൾ ആ വികാരങ്ങൾ ബഹുമാനമായി പരിവർത്തനം ചെയ്യപ്പെട്ടു.
മാസം തികയാതെ പിറന്ന മൂത്ത മകൻ ഗോവിന്ദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് റബേക്ക മാഡം ആയിരുന്നു. “നിങ്ങളിനി എന്തു പേടിക്കാൻ, റബേക്ക ഡോക്ടറുള്ളപ്പോൾ,” എന്ന നാട്ടുകാരുടെ വാക്ക് വെറുമൊരു വാക്കല്ല; അതൊരു വിശ്വാസമായിരുന്നു. ആ നഗരത്തിലെ ശിശുക്കളുള്ള മാതാപിതാക്കൾക്കൊക്കെ ലഭിച്ച വലിയൊരു ഉറപ്പ്.
ഈ ആശുപത്രിയുടെ ചരിത്രം അവരുടേതു കൂടിയാണെന്നും ചന്ദ്രസാറും റബേക്ക മാഡവും ആണ് ഈ കെട്ടിടത്തിന്റെ യഥാർത്ഥ തൂണുകളെന്നും ആ ലിഫ്റ്റ് ഓപ്പറേറ്റർ തിരിച്ചറിഞ്ഞു. ലിഫ്റ്റിന്റെ ഉയർച്ചതാഴ്ചകൾക്കിടയിലെ സംസാരശകലങ്ങളിൽ നിന്ന് അപഗ്രഥിച്ചെടുത്ത സത്യമാണത്. ഓർമ്മകൾ അലക്ഷ്യമായി ചിതറി ഓടിക്കൊണ്ടിരുന്നു. ലിഫ്റ്റ് മുകളിലേക്കും താഴേക്കും മാത്രവും.
രണ്ട്
പതിവുപോലെ ഒ.പി. റൂമിൽ കയറാതെ , ചന്ദ്ര ഡോക്ടറുടെ മുറിയിലേക്ക് കടക്കുമ്പോൾ, ചില്ലുവാതിലിന്റെ സുതാര്യമായ ചതുരക്കളങ്ങളിൽ റബേക്ക മാഡം ഇടത്തെ കണ്ണ് ചേർക്കാൻ മറന്നില്ല. പുറത്തെ കസേരകൾ രോഗികളെ കാത്തുകിടക്കുന്നു.
വാതിൽ പതിയെ തുറന്ന് അകത്തേക്ക് വരുന്ന റബേക്ക മാഡത്തിന്, സീറ്റിൽ നിന്ന് ചെറുതായി ഒന്നുയർന്ന് ചന്ദ്ര ഡോക്ടർ ബഹുമാനം കൊടുത്തു. കൈകൾ കൂട്ടിത്തിരുമ്മി രോഗിയുടെ കസേരയിൽ ഇരുന്ന റബേക്ക മാഡത്തെ സംസാരം തുടങ്ങാൻ അനുവദിച്ച്, ചന്ദ്ര ഡോക്ടർ കണ്ണടയ്ക്കിടയിലൂടെ മിഴികളെ ഭിത്തിയിലെ കലണ്ടറിലേക്ക് പറിച്ചെറിഞ്ഞു. കലണ്ടറിലെ ഗർഭിണിയുടെ ചിത്രത്തിന് താഴെയുള്ള ചതുരക്കളങ്ങളിൽ മിഴികൾ വിശ്രമിച്ചു.
മുന്നിലെ ഗ്ലാസ് ടേബിളിൽ കൈകൾ ഊന്നി റബേക്ക മാഡം മുന്നോട്ടാഞ്ഞിരുന്നു. ടേബിളിൽ വച്ചിരുന്ന ഗർഭപാത്രത്തിന്റെ ക്രിസ്റ്റൽ മാതൃക റബേക്ക മാഡം അല്പം നീക്കിവച്ചു; ചന്ദ്ര ഡോക്ടർക്ക് ഏതെങ്കിലും മെഡിക്കൽ റെപ്പ് സമ്മാനിച്ചതാകണം.
“ചന്ദ്ര… നാളെയാ ഡേറ്റ്… എന്താ ചെയ്യാ നമ്മൾ?” റബേക്ക മാഡം പറഞ്ഞു തുടങ്ങി.
“മം… ഞാനത് കണക്കുകൂട്ടുവാരുന്നു.” കലണ്ടറിലെ മിഴികൾ പിൻവലിച്ച് ചന്ദ്ര ഡോക്ടർ റബേക്ക മാഡത്തിന്റെ മുഖത്തേക്ക് നോക്കി. “നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെയല്ലേ?”
ആ ചോദ്യത്തിന് മറുപടി മൗനമായിരുന്നു.
“എന്ത് പറ്റി, റബേക്ക?” ചന്ദ്ര ഡോക്ടർ അല്പം ആഞ്ഞിരുന്നു.
“അത് നടക്കൂന്ന് തോന്നണില്ല, ചന്ദ്ര. ഇന്നവൾക്ക് ചെറിയ ബ്ലീഡിംഗ് വന്നു… രാവിലെ… എനിക്കു പേടിയുണ്ട്.” അവർ ഒന്നു നിർത്തി വീണ്ടും തുടങ്ങി.
“നമ്മൾ വലിയൊരു റിസ്കാണ് എടുക്കാൻ പോണത്. അറിയാം, വേറെ വഴിയില്ല. പക്ഷേ എന്തെങ്കിലും സംഭവിച്ചാൽ… നമുക്ക് വീട്ടിൽ വച്ചു വേണ്ട, ചന്ദ്ര. ഇങ്ങോട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാം.”
“എന്താ റബേക്കാ ഈ പറയണേ? ആരെങ്കിലും അറിഞ്ഞാൽ… നിനക്കറിയാല്ലോ. ആളുകളുടെ മുഖത്ത്…?” ചന്ദ്ര ഡോക്ടറുടെ ശബ്ദം കനത്തു. ഇടതുകൈ കൊണ്ട് നരകയറിത്തുടങ്ങിയ കഷണ്ടി ഭൂരിഭാഗവും കൈയേറിയ തലയിൽ ചൊറിഞ്ഞു.
“അറിയാം, ചന്ദ്ര… അറിയ്യാ… പക്ഷേ എന്റെ നിമ്മി—അവളുടെ വയറ്റിലുള്ള കുഞ്ഞ്—രണ്ടും വേണം, രണ്ടും രക്ഷപ്പെടണം.” റബേക്ക മാഡത്തിന്റെ ശബ്ദം ചിലമ്പിച്ചു.
“ഞാൻ അന്നു പറഞ്ഞതല്ലേ അബോർഷൻ ചെയ്യാന്ന്. റബേക്കയല്ലേ തടസ്സം പിടിച്ചത്? നിമ്മിയും അന്ന് സമ്മതിച്ചില്ലേ? ഇന്നീ വൈകിയ സമയത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടരാൻ പറ്റുമോ?” ചന്ദ്ര ഡോക്ടറുടെ ശബ്ദത്തിൽ ദേഷ്യത്തിന്റെയും നീരസത്തിന്റെയും രുചി പടർന്നു തുടങ്ങി. നിമിഷാർദ്ധത്തിനും താഴെയുള്ള ചോദ്യശരങ്ങളുടെ പ്രവാഹം അതിന് കാഠിന്യം പകർന്നു.
“സി ചന്ദ്രാ, ഞാൻ ഒരു പീഡിയാട്രീഷ്യൻ ആണ്. എനിക്കു കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയും. …..കൊല്ലാൻ കൂട്ടുനിൽക്കാൻ… പറ്റില്ല… എനിക്കു കഴിയില്ല… അത് നീ എന്ത് പറഞ്ഞാലും എന്നെക്കൊണ്ട് പറ്റില്ല.’” അവരുടെ ശബ്ദം അപ്പോൾ ഉറച്ചതായിരുന്നു.
“മ്മം… എനിക്കു മനസ്സിലാകും. ബട്ട് ഇവിടെ കൊണ്ടോന്നാൽ എന്ത് ചെയ്യും? അതിനെയെങ്ങനെ മാറ്റും? നീ ആലോചിച്ചിട്ടുണ്ടോ?” ചന്ദ്ര ഡോക്ടറുടെ കണ്ണുകൾ റബേക്ക മാഡത്തിന്റെ കണ്ണുകളിൽ കൊരുത്തു.
“എനിക്കറിയില്ല, ചന്ദ്ര.” അവർ തലകുനിച്ചു. നിലത്തെ തിളങ്ങുന്ന ടൈലുകൾക്ക് മുകളിൽ ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം ഒഴുകി പടർന്നത് അവർ വെറുതെ നോക്കിക്കൊണ്ടിരുന്നു.
“എന്നാലും അവളോട് ആരിത് ചെയ്തു? മഹാപാപി……. അവളാണെങ്കിൽ അത് കൊന്നാലും പറയില്ലെന്ന് വാശി…” അവർ പുലമ്പി. കണ്ണീർ പക്ഷേ പുറത്തുവന്നില്ല. അത് വാക്കുകളിൽ കുതിർന്നുവീണു കഴിഞ്ഞതിനാലാകണം. ഒരു ഡോക്ടറിൽ നിന്ന് അവർ ഒരമ്മയിലെത്തി.
“നിന്നോട് പറഞ്ഞിട്ടില്ലേ ആരാണ് ആ ദ്രോഹിയെന്ന്? ”…..നിന്നോടല്ലേ അവൾ എല്ലാം പറയാറ്…” വാക്കുകൾ ചിതറി വീണുകൊണ്ടിരുന്നു. അവർ ഇടതു കൈയിലെ മോതിരവിരലിലെ കട്ടി കൂടിയ വിവാഹമോതിരം വൃത്താകൃതിയിൽ തിരിച്ചു കൊണ്ടിരുന്നു.
ചന്ദ്ര ഡോക്ടർ റബേക്ക മാഡം ഒന്നടങ്ങുവാൻ കാത്തു. അവർക്കിടയിൽ നിശ്ശബ്ദത ചിറകുവിടർത്തി. എന്നും കാണുന്നതെങ്കിലും റിവോൾവിംഗ് ചെയറിന് പിന്നിലെ ബുക്ക് റാക്കിലെ മെഡിക്കൽ പുസ്തകങ്ങളുടെ നിരകളിലേക്ക് ചന്ദ്ര ഡോക്ടർ വെറുതെ കണ്ണോടിച്ചു.
നിശ്ശബ്ദതയെ കീറിമുറിച്ച് റബേക്ക മാഡത്തിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ഫോണിന്റെ തിളങ്ങുന്ന സ്ക്രീനിൽ നിമ്മിയുടെ മുഖവും പേരും തെളിഞ്ഞു. ചന്ദ്ര ഡോക്ടറുടെ നോട്ടത്തെ അവഗണിച്ച് റബേക്ക മാഡം ഫോൺ ചെവിയോടു ചേർത്തു. നേർത്ത മൂളലുകൾ മാത്രമാണ് ഫോണിലൂടെ മറുതലക്കെത്തിയത്. ചന്ദ്ര ഡോക്ടർ സീറ്റിലേക്കു ചാഞ്ഞു. ഒരു നിമിഷത്തിന്റെ പാതി പിന്നിടുന്നതിന് മുൻപേ ഫോൺ കട്ടായി.
“നിമ്മിയാണ്. അവൾക്ക് പേടിയാണെന്ന്… പെയിൻ പോലെ തോന്നുന്നുവെന്ന്.”
ഒരു നിമിഷം നിർത്തി അവർ തുടർന്നു:
“ഇന്ന് വൈകിട്ടെങ്കിലും നമ്മൾ അവളെ ഇവിടെ—ഈ ഹോസ്പിറ്റലിൽ—കൊണ്ടുവരും. നീ എന്തെങ്കിലും അറേഞ്ച് ചെയ്യൂ, ചന്ദ്രാ.” ആ വാക്കുകൾക്ക് ഒരു ആജ്ഞയുടെ സ്വരമുണ്ടായിരുന്നു.
മുറിയുടെ വാതിൽ യാന്ത്രികമായി അടയുന്നതും റബേക്ക മാഡം നടന്നു നീങ്ങുന്നതും ചന്ദ്ര ഡോക്ടർ നോക്കി നിന്നു. അദ്ദേഹത്തിന്റെ ചിന്തകൾക്ക് തീപിടിച്ചു. ടേബിളിലെ ഉരുണ്ട പേപ്പർവെയ്റ്റിൽ അദ്ദേഹം ചിന്തകളെ കറക്കിത്തുടങ്ങി.
വാതിൽ തുറന്ന് അകത്തു കയറിയ ജൂനിയർ ഡോക്ടർ, ചന്ദ്ര ഡോക്ടറുടെ ചിന്തകളിലൂന്നിയ ഇരിപ്പ് കണ്ട് ഒന്ന് അന്ധാളിക്കാതിരുന്നില്ല. ഡോക്ടറുടെ മുന്നിലെ കസേര നീക്കി ഇരിപ്പുറപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും ചന്ദ്ര ഡോക്ടറുടെ ഉറച്ച ശബ്ദം അവരെ തേടിയെത്തി.
“കുട്ടീ, എനിക്കിന്ന് തീയേറ്റർ ഡ്യൂട്ടി സ്റ്റാഫിന്റെ ലിസ്റ്റ് വേണം. ഇന്ന് പ്ലാൻ ചെയ്തിരിക്കുന്ന ഡെലിവറി കേസ് വല്ലതും ഉണ്ടോ എന്നറിയണം.”
പതിവില്ലാത്ത ആവശ്യത്തിന്റെ ലക്ഷ്യമറിയാതെ അവർ ഒന്നു പകച്ചു. മുന്നിലെ കറുത്ത നിറമുള്ള ഓഫീസ് ഫോണിലെ വെളുത്ത അക്ഷരങ്ങളിൽ മൂന്നക്കമുള്ള നമ്പറുകൾ അവർ മാറിമാറി ഡയൽ ചെയ്തു, ചന്ദ്ര ഡോക്ടറുടെ ആവശ്യങ്ങൾ അക്ഷരംപ്രതി നേടി.
ഇന്ന് വേറെ ഡെലിവറി കേസുകൾ ഒന്നുമില്ലെന്നും, ലേബർ റൂമിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഗർഭിണികൾ ഇല്ലെന്നും ചന്ദ്ര ഡോക്ടർക്ക് കുറച്ചൊരു സമാധാനം കിട്ടി. ഒ.പി. പേഷ്യന്റ്സിനെ വിളിക്കാൻ കുറച്ച് കഴിയട്ടെ എന്ന് ജൂനിയർ ഡോക്ടറിനോട് പറഞ്ഞു, ചന്ദ്ര ഡോക്ടർ പുറത്തിറങ്ങി തന്റെ സ്ഥിരം സ്മോക്കിംഗ് സോൺ ഭാഗത്തേക്ക് തിരിഞ്ഞു. നിലത്തെ വെളുത്ത മാർബിൾ ചതുരങ്ങളെ പിന്നിലാക്കി അദ്ദേഹം വശങ്ങളിൽ ഊഴം കാത്തിരിക്കുന്ന ഔട്ട് പേഷ്യന്റ്സിന് മുഖം കൊടുക്കാതെ ചിന്തകളിൽ ഊളിയിട്ട് പതിയെ വിജനതയുടെ കോൺക്രീറ്റ് നിർമ്മിതിയെ ലക്ഷ്യമാക്കി നടന്നു.
അത് ഒരു തുറന്ന ടെറസിന്റെ ഭാഗമായിരുന്നു. നീളൻ മാൾബറോ സിഗരറ്റിൽ തീ കൊളുത്തുമ്പോൾ വെയിൽ പടർന്നു തുടങ്ങിയിരുന്നു. ഭിത്തിയുടെ തണലിൽ നിന്ന് അദ്ദേഹം മനസ്സിൽ ചിത്രം വരച്ചു തുടങ്ങി. അത് കൃത്യതയാർന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തോട് കിടപിടിക്കുന്ന പ്ലാനിംഗ് തന്നെയായിരുന്നു. ഡോക്ടറുടെ മൊബൈൽ നിർത്താതെ ജോലി ചെയ്തു. അത് നിരവധി മനുഷ്യരിലേക്ക് വ്യക്തവും കൃത്യവുമായ നിർദ്ദേശങ്ങളായി പടർന്നിറങ്ങി. പക്ഷേ അവരാരും ചന്ദ്ര ഡോക്ടറുടെ ക്യാൻവാസിലെ മുഴുവൻ ചിത്രത്തെയും കാണാനോ വിലയിരുത്താനോ അനുവദിക്കപ്പെട്ടില്ല. ഓരോരുത്തരും ചായങ്ങളും ബ്രഷുകളും ആയി ഉപയോഗിക്കപ്പെടുവാൻ മാത്രമായി ചിത്രകാരൻ നിയോഗിച്ചു.
ടെറസിൽ നിന്ന് പിൻവാങ്ങുമ്പോൾ നിലത്ത് നാല് സിഗരറ്റ് കുറ്റികൾ അധികമായി സ്ഥാനം പിടിച്ചു. ഒന്ന് അപ്പോഴും പുകയുന്നുണ്ടായിരുന്നു. അത് പടർന്ന തീ ചന്ദ്ര ഡോക്ടർ കൂടെ കൊണ്ടുപോയിരിക്കണം.
മൂന്ന്
ലേബർ റൂമിലെ ഒബ്സർവേഷൻ ബെഡിൽ നീല ഗൗൺ മാത്രം ധരിച്ചു കിടക്കുമ്പോൾ നിമ്മിയുടെ പല്ലുകൾ തണുത്ത് കൂട്ടിയിടിച്ചു. ചന്ദ്ര ഡോക്ടർ നിമ്മിയുടെ വയറിൽ ചെറുതായി അമർത്തുകയും നാവ് പരിശോധിക്കുകയും ചെയ്തു.
ഡോക്ടറുടെ കണ്ണുകൾ നിമ്മിയുടെ കണ്ണുകളുമായി കൂട്ടിമുട്ടാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ കൊടുത്തു. നിമ്മിയുടെ കണ്ണുകൾ അവൾ ഇറുകെ അടച്ചു തന്നെ പിടിച്ചു. അടിവയറ്റിലെ പൊട്ടിപ്പിളരുന്ന വേദന കണ്ണുകളെ ഇറുകി ചേർത്ത് തന്നെ പിടിക്കാൻ അവളെ നിർബന്ധിതയാക്കി. ചന്ദ്ര ഡോക്ടറുടെ മുഴക്കമുള്ള ശബ്ദം അവളുടെ വേദനകളെ അതിന്റെ ഉച്ചസ്ഥായിയിൽ കൊണ്ടു ചെന്നെത്തിച്ചു. നിരാശയും ദേഷ്യവും പകയും നിസ്സഹായതയും അവൾ കണ്ണുകളിലൂടെ പെയ്തൊഴുക്കി.
“വൈറ്റൽസും ടെസ്റ്റുമൊക്കെ നോർമൽ അല്ലേ?” ഡോക്ടറുടെ ചോദ്യത്തിന് സോഫി സിസ്റ്റർ മറുപടി പറഞ്ഞു.
“അതെ സാർ, എല്ലാം നോർമൽ ആണ്.”
അദ്ദേഹം സുതാര്യമായ ഫയലിലെ വെളുത്ത പേപ്പറുകളിലൂടെ കയറിയിറങ്ങി വന്നു.
“ഓക്കേ, ഞാൻ മെഡിസിൻ ഇടാം. പെയിൻ അഗ്രിവേറ്റ് ആകുമ്പോൾ ഡെലിവറി സോണിലേക്ക് മാറ്റാം.”
അദ്ദേഹത്തിന്റെ കണ്ണുകൾ വെളുത്ത പെയിന്റടിച്ച ഭിത്തിയിലെ കറങ്ങുന്ന ക്ലോക്കിൽ ചെന്നു തറച്ചു.
“ഇപ്പോൾ ഫോർ തേർട്ടി… ഫൈവ് തേർട്ടി കഴിയുമായിരിക്കും.”
“ശരി സാർ.”
“തീയേറ്ററിൽ എല്ലാം സെറ്റ് അല്ലേ?”
“അതെ സാർ… പക്ഷേ…”
“മം?”
“നമ്മൾ രണ്ട് പേർ മാത്രം… എങ്ങനെ? സി-സെക്ഷൻ ആണെങ്കിൽ…” അവർ തല ചൊറിഞ്ഞു.
“സോഫീ, എന്തേ? നിനക്ക് എന്നെ അറിയില്ലേ? എന്നിൽ വിശ്വാസമില്ലേ?”
സോഫി സിസ്റ്ററിന്റെ മുഖം തുടുക്കുകയും കുനിയുകയും ചെയ്തു.
“സി-സെക്ഷൻ വേണ്ടിവരില്ല. പേടിക്കണ്ട.”
ആ വാക്കുകളിൽ സോഫി സിസ്റ്ററിന്റെ സംശയങ്ങൾ കുറച്ചധികം ഒലിച്ചു പോയി.
“ഞാൻ റൂമിലുണ്ടാകും. പെയിൻ അഗ്രിവേറ്റ് ആകുമ്പോൾ വിളിക്കൂ. ആ പിന്നെ, റബേക്ക മാഡം അപ്പുറത്തുണ്ട്. ഡെലിവറി സോണിലേക്ക് മാറ്റുമ്പോൾ മാഡത്തേയും കൂട്ടണം. എൻ.ഐ.സി.യു.-വിൽ അറിയിച്ചിട്ടില്ലേ?”
“ഓക്കേ സാർ, പറഞ്ഞിട്ടുണ്ട്.”
നീളൻ നീല കുപ്പായമണിഞ്ഞ് തുണിക്കർട്ടൻ ഭിത്തികൾക്കിടയിലൂടെ ചന്ദ്ര ഡോക്ടർ പതിയെ നടന്നു നീങ്ങി. നിമ്മിയുടെ മുഷ്ടി ചുരുളുകയും കണ്ണുകൾ ചിമ്മുകയും ചെയ്തു കൊണ്ടിരുന്നു. കണ്ണീരിനിടയിലും കത്തുന്ന ഒരു നോട്ടം സോഫി സിസ്റ്ററിന്റെ മുതുകിൽ തട്ടി തിരിഞ്ഞിറങ്ങി.
നിമ്മിയുടെ തലക്കു മുകളിലെ ചെറിയ സ്ക്രീനിൽ ഹൃദയസ്പന്ദനമാപിനികൾ തിളങ്ങി നിന്നു. ഇടയ്ക്കിടെ അത് “ബീപ്-ബീപ്” ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
ഒ. പി. റൂമിലെ ചെയറിൽ ചിന്തകളിൽ ആഴ്ന്നിരുന്ന ചന്ദ്ര ഡോക്ടറുടെ കണ്ണുകൾ മൊബൈലിലൂടെ കറങ്ങി നടന്നു. യാന്ത്രികമായ ചലനങ്ങൾ മാത്രമായി അത് അവശേഷിച്ചു. പ്രക്ഷുബ്ധമായ മനസ്സ് ചിന്തകളിൽ തൂങ്ങിയാടി.
മുന്നിലെ കറുത്ത ലാൻഡ്‌ലൈൻ ഫോണിന്റെ ശബ്ദം ചന്ദ്ര ഡോക്ടറെ ചിന്തകളിൽ നിന്നുയർത്തി. ലേബർ റൂമിൽ നിന്നാകുമെന്നു കരുതി അദ്ദേഹം എഴുന്നേറ്റു. റിസീവറിലൂടെ സോഫി സിസ്റ്ററിന്റെ ഭയം നിഴലിച്ച ശബ്ദം അദ്ദേഹത്തിലും ആകുലതയുടെ വിത്തുകൾ പാകാൻ പര്യാപ്തമായിരുന്നു.
“ഡോക്ടർ… ആകെ കുഴപ്പമാകുമല്ലോ? ആശയെ കാഷ്വാലിറ്റിയിൽ നിന്ന് ഡെലിവറിക്കു കൊണ്ടുവന്നിട്ടുണ്ട്.”
“ങ്ഹേ… ആശയോ? ഏത്? തേർഡ് പ്രഗ്നൻസി ഉള്ളതോ?”
“അതെ സാർ. ലാസ്റ്റ് രണ്ടും സ്റ്റിൽബർത്ത് ആരുന്നു.”
“മം… എനിക്കറിയാം. പക്ഷേ അവരുടെ ഡേറ്റ് ആയില്ലല്ലോ.”
“എന്താ ചെയ്യേണ്ടത്, സാർ? അവർക്ക് പെയിൻ നല്ല പോലെ ഉണ്ട്. പ്ലാനിങ് ഒക്കെ ഫ്ലോപ് ആകൂല്ലേ?”
“നോക്കാ… വൈറ്റൽസ് ഒക്കെ ചെക്ക് ചെയ്യ്. കൺസെന്റ് എടുക്കൂ. ലാസ്റ്റ് വിസിറ്റിൽ ബേബിയുടെ ഹാർട്ട്ബീറ്റ് മൈനർ ഡ്രോപ്പ് ആരുന്നു. നമുക്ക് നോക്കാം. ഞാൻ ഇപ്പോ തന്നെ വരാം.”
അദ്ദേഹം ഫോൺ കട്ട് ചെയ്തു.
ചന്ദ്ര ഡോക്ടർ മുന്നിലെ കമ്പ്യൂട്ടർ സ്ക്രീനിൽ ആശയുടെ ഫയൽ തിരഞ്ഞു. വിസിറ്റ് ഹിസ്റ്ററിയും പേഷ്യന്റ് ഹിസ്റ്ററിയും നോക്കി അദ്ദേഹം താടിക്ക് കൈ കൊടുത്തു.
ലേബർ റൂമിന്റെ തണുപ്പിലേക്ക് നടന്നുകയറുമ്പോൾ അദ്ദേഹത്തിന്റെ കാതുകളെ സ്വാഗതം ചെയ്തത് രണ്ടു സ്ത്രീകളുടെയും വേദനാകൂജനങ്ങളായിരുന്നു. നീല കർട്ടനുകൾ മാത്രം അതിരു പങ്കിട്ട രണ്ടു ബെഡുകളിൽ രണ്ടു ഗർഭിണികൾ വേദന കൊണ്ട് പുളഞ്ഞു.
ആശയുടെ ബെഡിനരികിൽ സോഫിയുടെ മുഖത്തേക്ക് നോക്കുമ്പോഴും ആശയുടെ കരച്ചിൽ അദ്ദേഹത്തിന്റെ കാതുപിളർന്നു.
“രണ്ടാക്കും പെയിൻ ഉണ്ട്, സാർ. ഡെലിവറി സോണിലേക്ക് മാറ്റാന്നു തോന്നുന്നു.”
“ആശയുടെ പേപ്പേഴ്സ് ഒക്കെ സൈൻ ചെയ്തില്ലേ?”
“ഉവ്വ്, ഡോക്ടർ.”
അവരുടെ കണ്ണുകൾ ചന്ദ്ര ഡോക്ടറുടെ കണ്ണുകളുമായി സംസാരിച്ചു. ചന്ദ്ര ഡോക്ടറുടെ കണ്ണിലെ ആത്മവിശ്വാസം അവർക്കു അല്പം ധൈര്യമേകി.
“ഓക്കേ, മാറ്റാം. ബെഡിലെല്ലാം സെറ്റല്ലേ?”
“അതെ, ഡോക്ടർ.”
പിൻതിരിയാനൊരുങ്ങിയ ഡോക്ടറുടെ ഇടതുകൈ വേദനക്കിടയിലും ആശ പിടിച്ചു. “ഡോക്ടർ, ഇത്തവണയെങ്കിലും…” അവരുടെ കണ്ണുകൾ യാചിച്ചു.
“നമുക്ക് നോക്കാം, ആശ. പേടിക്കല്ലേ. എല്ലാം ഓക്കേയായി വരും.” ചന്ദ്ര ഡോക്ടർ സമാധാനിപ്പിച്ചു.
രണ്ട് ഒബ്സർവേഷൻ ബെഡുകളും സോഫി സിസ്റ്റർ ഡെലിവറി സോണിലേക്ക് ഉരുട്ടിനീക്കി. രണ്ടു കർട്ടനുകൾക്കപ്പുറവും ഇപ്പുറവും രണ്ട് സ്ത്രീകൾ സൃഷ്ടിയുടെ വേദന അനുഭവിച്ചു—ഒരാൾ പ്രതീക്ഷയുടെ തീരത്തും മറ്റൊരാൾ നിസ്സഹായതയുടെ തീരത്തും ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി.
നിർവികാരതയോടെ ഡെലിവറി സോണിന്റെ മൂലയിൽ റബേക്ക മാഡം ചാരി നിന്നു. എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അവർക്കു അറിവുണ്ടായിരുന്നില്ല.
“ഡോക്ടർ!” സോഫി സിസ്റ്ററിന്റെ വിളിയിൽ ആശയുടെ ബെഡിലേക്കു ചന്ദ്ര ഡോക്ടർ ധ്രുതഗതിയിൽ കടന്നു ചെന്നു.
“വന്നു തുടങ്ങി.”
നേർത്ത ബെഡ് ഷീറ്റിനടിയിലൂടെ ചന്ദ്ര ഡോക്ടർ ആശയിലേക്ക് കടന്നു ചെന്നു. അദ്ദേഹത്തിന്റെ ഇടത് കൈ ആശയുടെ അടിവയറ്റിൽ അമരുകയും ഉയരുകയും ചെയ്തു. ഒരു ഉച്ചത്തിലുള്ള രോദനത്തിന്റെ അന്ത്യത്തിൽ ആശയുടെ അടിവയറ്റിൽ നിന്ന് ചോര പുരണ്ട കുഞ്ഞിനെ ചന്ദ്ര ഡോക്ടർ വലിച്ചെടുത്തു. ആശയുടെ ബോധമണ്ഡലങ്ങൾ അവൾക്കു കൈമോശപ്പെട്ടു.
നീലച്ച, കരയാത്ത, ഹൃദയസ്പന്ദനങ്ങൾ നിലച്ച ആ കുഞ്ഞിനെ നോക്കി സോഫി സിസ്റ്ററും ചന്ദ്ര ഡോക്ടറും ഒരു നിമിഷാർദ്ധം സ്തബ്ധമായി.
“സിസ്റ്റർ!” നിമ്മിയുടെ ഉച്ചത്തിലുള്ള വിളി ചന്ദ്ര ഡോക്ടറെ നിമ്മിയുടെ ബെഡിലേക്കെത്തിച്ചു.
നേർത്ത ഇളംപച്ച ബെഡ് ഷീറ്റിനിടയിലൂടെ നിമ്മിയുടെ അടിവയറ്റിനടിയിലേക്ക് നീങ്ങാൻ തുടങ്ങിയ ചന്ദ്ര ഡോക്ടറുടെ കൈയിൽ നിമ്മി കടന്നു പിടിച്ചു. അവൾ നേർത്ത ശബ്ദത്തിൽ മുരണ്ടു:
“നിങ്ങളതിനെ…… കൊല്ലരുത്……”
അത് ഒരു വിചിത്രമായ ഭാവത്തോടെ അവഗണിച്ച അദ്ദേഹം അവളിലേക്ക് കുനിഞ്ഞു.
നേരിയ ശബ്ദത്തിൽ കരയുന്ന, ചോര പൊതിഞ്ഞ കുഞ്ഞുമായി ചന്ദ്ര ഡോക്ടർ തലയുയർത്തി. നിമ്മി ഒരു ദീർഘനിശ്വാസമുതിർത്തു.
ചന്ദ്ര ഡോക്ടർ ആ നവജാതശിശുവുമായി കർട്ടനു പുറത്തേക്ക് വന്നു. റബേക്ക മാഡത്തിന്റെ കണ്ണുകളിലേക്ക് ഒരു നോട്ടമെയ്ത്, സമ്മതം കാത്തുനിൽക്കാതെ ആശയുടെ ബെഡിലെ ചലനമറ്റ കുഞ്ഞിനെ മാറ്റി, കരയുന്ന കുഞ്ഞിനെ ആശയുടെ നെഞ്ചിൽ കിടത്തി.
നിർജീവമായ കുഞ്ഞിനെ നിമ്മിക്ക് പകരം നൽകി, അദ്ദേഹം രണ്ടു കൈകളും എളിയ്ക്ക് കൊടുത്തു ദീർഘനിശ്വാസമുതിർത്തു.
റബേക്ക മാഡത്തിന്റെയും സോഫി സിസ്റ്ററുടെയും നിമ്മിയുടെയും കണ്ണുകൾ അദ്ദേഹത്തിൽ തറച്ചു.
റബേക്ക മാഡം നിർവികാരതയോടെ പതിയെ ലേബർ റൂമിന്റെ വാതിൽ നോക്കി നടന്നുതുടങ്ങി.
“സോഫി, വേഗം കുഞ്ഞിനെ എൻ.ഐ.സി.യു -ലേക്ക് എടുത്തോ” ചന്ദ്ര ഡോക്ടർ സോഫി സിസ്റ്ററിനോടായി പറഞ്ഞു.
“മനുഷ്യനാണോ താൻ! തന്റെ ചോരയല്ലേ അത്, ചെറ്റേ!” നിമ്മി അലറി. അതിന്റെ ശക്തിയിൽ അവളുടെ അടിവയറ്റിനടിയിൽ നിന്ന് ചോര പടർന്നൊഴുകി.
ചന്ദ്ര ഡോക്ടർ അത് പാടേ അവഗണിച്ചു. റബേക്ക മാഡം റൂമിൽ നിന്ന് ഇറങ്ങി വാതിൽ അടഞ്ഞുവോ എന്നത് മാത്രം ശ്രദ്ധിച്ചു.
കുഞ്ഞിന്റെ കയ്യിലെ റിസ്റ്റ് ബാൻഡിൽ ആശയുടെ പേര് എഴുതുമ്പോൾ സോഫി സിസ്റ്ററുടെ കൈ വിറച്ചു. അത് കണ്ടിട്ടാകണം പതിഞ്ഞ ശബ്ദത്തിൽ സോഫി സിസ്റ്ററിന്റെ ചെവിയിൽ ചന്ദ്ര ഡോക്ടർ മന്ത്രിച്ചു:
“പേടിക്കേണ്ടടോ ഒരു കുഴപ്പോമില്ല. ഇവിടുന്നു മാറ്റാൻ മാത്രം എൻ.ഐ.സി.യു -ലേക്ക് എടുക്കണു, അത്രേയുള്ളൂ.”
അദ്ദേഹത്തിന്റെ പരിചിതമായ ഗന്ധം സോഫി സിസ്റ്റർ അനവസരത്തിലും പിടിച്ചെടുത്തു.
“ആശയെ ഉണർത്താൻ നോക്ക്. അവൾ ജസ്റ്റ് ഫെയിന്റ് ആയതാണ്.” ചോര പുരണ്ട ഗ്ലൗസ് അഴിച്ചുമാറ്റുന്നതിനിടയിൽ അദ്ദേഹം സോഫി സിസ്റ്ററിനോട് നിർദ്ദേശിച്ചു.
“ഞാൻ ആശയുടെ റിലേറ്റീവ്സിനെ ഒന്നു കാണട്ടെ,” ചന്ദ്ര ഡോക്ടർ തുടർന്നു.
നിമ്മി അപ്പോൾ തെല്ല് അടങ്ങിയിരുന്നു. കുഞ്ഞിനെ അയാൾ കൊല്ലാതെ വിട്ടതിൽ അവൾ സമാധാനിച്ചു. ചേതനയറ്റ നവജാത ശിശുവിന്റെ ചോര പടർന്ന ദേഹത്തേക്ക് ദൃഷ്ടികൾ പതിപ്പിക്കുമ്പോൾ നിമ്മിയുടെ കിതപ്പും ഹൃദയസ്പന്ദനങ്ങളും സാധാരണ നിലയിലെത്തിയിരുന്നു. നിർവികാരതയോടെ അവൾ അതിനെ നോക്കിക്കൊണ്ടിരുന്നു.
നാല്
ലേബർ റൂമിലെ ചില്ലുവാതിൽ തുറന്ന് പുറത്തിറങ്ങിയ റബേക്ക മാഡം, അക്ഷമരായി പ്രാർത്ഥനയോടെ കാത്തുനിൽക്കുന്ന ആശയുടെ ബന്ധുക്കളെ ശ്രദ്ധിച്ചില്ല. അവർക്ക് ഓരോ ചുവടിലും മുന്നോട്ട് പോകാൻ കഴിയാത്ത ഭാരം അനുഭവപ്പെട്ടു. നിമ്മിയുടെ അവസാനത്തെ കരച്ചിലും അലർച്ചയും അവരിൽ ഏൽപ്പിച്ച ഞെട്ടൽ ഇപ്പോഴും നിലച്ചിട്ടില്ല. വീതി കുറഞ്ഞ ഇടനാഴിയിൽ അവർ പതിയെ നടന്നു. ഒ.പി. സമയം കഴിഞ്ഞതിനാലാകണം അവിടം വിജനമാണ്. കറുത്ത ലോഹക്കസേരകളിലെ ചെറിയ സുഷിരങ്ങളിൽ വൈദ്യുത വെളിച്ചം തടസ്സങ്ങളില്ലാതെ മറുപുറത്തെത്തുന്നു. ജനലിനപ്പുറം ഇരുട്ട് പടർന്നു കഴിഞ്ഞിരിക്കുന്നു.
ചന്ദ്ര ഡോക്ടറുടെ റൂമിന് മുന്നിലെ കസേരയിൽ നിമിഷങ്ങൾ തള്ളിനീക്കുമ്പോൾ, അവരുടെ ചിന്തകൾ ശാന്തസ്വഭാവം കൈവരിച്ചു. അവർ ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടതിലും, അതിലുപരി സ്വന്തം മകളുടെ സൗഖ്യത്തിലും തൃപ്തി അനുഭവിച്ചു. അർഹിക്കുന്ന കൈകളിൽ സുരക്ഷിതമായി ആ കുഞ്ഞ് വളരുമെന്നതിലും അവർ ആശ്വാസം കൊണ്ടു. ഇനി നിമ്മിക്ക് വേണ്ടത് വിശ്രമമാണ്. അതുവരെ പിടിച്ചു നിൽക്കണം. അവർ ചിന്തകളിൽ ഒരു ചതുരംഗപ്പലക തന്നെ തീർത്തുകഴിഞ്ഞിരിക്കുന്നു. ഇനി എത്ര നേരം കൂടി ഇവിടെ ഹോസ്പിറ്റലിൽ ഇരിക്കണം എന്ന സംശയം അവരിലുണർന്നു. മൊബൈൽ സ്ക്രീനിലെ സമയം നോക്കുമ്പോൾ, അവരുടെ കണ്ണുകൾ വോൾപേപ്പറിലെ ചിരിച്ചുനിൽക്കുന്ന ഭർത്താവിനെയും, ഇരുവശങ്ങളിലും ചിരിപടർത്തുന്ന മകനെയും നിമ്മിയെയും കൂടെ കടന്നുപോയി.
വിദേശത്ത് ബിസിനസ് നടത്തുന്ന ഭർത്താവിനോടും മകനോടും എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് അവർ ചിന്തിച്ചു. അവർ ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല; ഇനിയും പിടിച്ചു നിൽക്കണം.
“നീയെന്താ ഇവിടെയിരിക്കുന്നത്? അകത്ത് ഇരിക്കായിരുന്നില്ലേ?” — ചന്ദ്ര ഡോക്ടറാണ്.
അദ്ദേഹം തുടർന്നു:
“ഒരു തേർട്ടി മിനിറ്റ്സ് — നിങ്ങക്ക് രണ്ടാൾക്കും വീട്ടിൽ പോകാം. എല്ലാം ഓക്കേയാണ്. നിമ്മി ഒന്ന് കിടക്കട്ടെ… ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം.”
റബേക്ക മാഡം മൗനം തുടർന്നു. ചന്ദ്ര ഡോക്ടർ മറുപടി പ്രതീക്ഷിച്ചു. അതുണ്ടായില്ല. “ഞാൻ ഇപ്പോ വരാം,” എന്ന് പറഞ്ഞ് അദ്ദേഹം പുകവലിക്കുന്നതിന്റെ ആംഗ്യം കാണിച്ചു; അനൗദ്യോഗിക സ്മോക്കിങ് സോണിലേക്ക് നടക്കാൻ തുടങ്ങി.
“ഡോക്ടർ!” — ഒരു പിൻവിളി ചന്ദ്ര ഡോക്ടറെ തടഞ്ഞു. ആശയുടെ ഭർത്താവാണ്. ചിരിച്ചുകൊണ്ട് വന്ന അയാൾ ചന്ദ്ര ഡോക്ടർക്ക് ലഡു നീട്ടി. “നന്ദിയുണ്ട്, ഡോക്ടർ… ഇത്തവണ ദൈവം കാത്തു. നന്ദി, ഡോക്ടർ.” അയാൾ സ്നേഹവും സന്തോഷവും വാക്കുകളിൽ കുതിർത്തു. റബേക്ക മാഡത്തിനും അയാൾ ലഡു നീട്ടി; കൃത്രിമച്ചിരിയോടെ അവർ അത് വാങ്ങി.
“ഓ,ആയിക്കോട്ടെ… കുഞ്ഞിനെ നാളെ മുറിയിലേക്ക് കിട്ടും, കേട്ടോ,” ചന്ദ്ര ഡോക്ടർ അയാൾക്ക് മറുപടി നൽകി. വീണ്ടും ഒരു നന്ദി പറഞ്ഞ് അയാൾ ഇടനാഴിയിലൂടെ തിരിഞ്ഞു നടന്നു. ചന്ദ്ര ഡോക്ടർ മുന്നോട്ടും.
റബേക്ക മാഡത്തിന്റെ കയ്യിലിരുന്ന് ലഡു ഞെരിഞ്ഞു. മഞ്ഞ മധുരത്തരികൾ വെളുത്ത പ്രതലത്തിൽ പൂവുപോലെ തിളങ്ങിക്കിടന്നു. കൂനൻ ഉറുമ്പുകൾ അന്നത്തെ അത്താഴത്തിന്റെ വിളി കേട്ടുവോ?
അഞ്ച്
ലിഫ്റ്റിൽ അപ്പോൾ അയാൾ ഏകനായിരുന്നു. മൂന്നാം നില ലക്ഷ്യമാക്കി ഹൃദിസ്ഥമായ ലിഫ്റ്റിലെ അക്ക വിന്യാസത്തിൽ അയാൾ ഞെക്കി. ഒരു പകൽ മുഴുവൻ അയാളെ തളച്ചിടുന്ന ആ ലിഫ്റ്റിൽ ഒരു യാത്രക്കാരനായി അയാൾ കയറിയിട്ടുള്ളത് വിരളമായിട്ടാണ്. ലിഫ്റ്റിലെ ലോഹത്തിളക്കത്തിനടിയിൽ നിന്ന് ചുവന്ന റബ്ബർ മാറ്റ് താണ്ടി അയാൾ വീതി കുറഞ്ഞ ഇടനാഴിയിലൂടെ നടന്നു നീങ്ങി. എൻ.ഐ.സി.യു-വിന്റെ മുന്നിലെ ഗ്ലാസ് ഡോറിൽ തട്ടി കാത്തുനിൽക്കുമ്പോൾ അയാൾ ചെരിപ്പ് ഊരി ഇടത്തുവശത്തെ ചെറിയ റാക്കിൽ വച്ചടച്ചു. ഗ്ലാസ് പ്രതലത്തിലെ മുന്നറിയിപ്പ് കണ്ടിട്ടാണ് അത് ചെയ്തത്.
നീല ഉടുപ്പ് ധരിച്ച പ്രായം കുറഞ്ഞ സിസ്റ്റർ വാതിൽ തുറന്നു പുറത്തേക്ക് തല നീട്ടി. അയാൾ കാര്യം പറഞ്ഞു. പുറത്തേക്ക് നീണ്ട തല അകത്തേക്ക് വലിഞ്ഞു; ഭിത്തിയിൽ ഉറപ്പിച്ചിട്ടിരിക്കുന്ന ഫോണിൽ ആരോടോ അവർ അനുമതി വാങ്ങി.
രണ്ടാമത്തെ ചില്ല് ഡോർ പിന്നിട്ട് ഗ്ലാസ് ഭിത്തികൾ തീർത്ത ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ നഴ്സ് അയാളോട് ഗൗൺ ധരിക്കാനാവശ്യപ്പെട്ടു. അവർ ചൂണ്ടിക്കാണിച്ച ബക്കറ്റിൽ നിന്ന് ഇളം പച്ച ഗൗൺ ധരിക്കുമ്പോൾ ഇടത്തുവശത്തെ മൂലയിൽ ചാരി വച്ചിരിക്കുന്ന റാക്കിലെ വെളുപ്പും നീലയും കലർന്ന റബ്ബർ ചെരിപ്പുകളെ അയാൾ ശ്രദ്ധിച്ചു. ഓരോന്നിലും വശങ്ങളിൽ പേര് എഴുതി വച്ചിരിക്കുന്നു. നഴ്സുമാരുടെയും ഡോക്ടർമാരുടെയും ആയിരിക്കും, അയാൾ ഓർത്തു.
മൂന്നാമത്തെ ഗ്ലാസ് ഡോർ കടന്ന് മുന്നോട്ട് ചെന്നപ്പോൾ നഴ്സ് അയാളെ ഒരു വലിയ ട്രേയിൽ പതുപതുത്ത ബെഡ്ഷീറ്റിൽ കിടത്തിയിട്ടുള്ള കുഞ്ഞിനെ നേരേ വിരൽ നീട്ടി. അയാൾ ദ്രുതഗതിയിൽ ശ്വാസം വലിക്കുന്ന ആ പെൺകുഞ്ഞിനെ നോക്കി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.
അയാളുടെ കണ്ണുകൾ അതിന്റെ ഇടത്തെ പാദത്തിലെ ചെറുവിരൽ ശ്രദ്ധിച്ചു; അല്പം അകന്നു മാറി നിൽക്കുന്നു. എവിടെയോ കണ്ടുമറന്ന പോലുള്ള പാദങ്ങൾ. പക്ഷേ അയാൾക്ക് അത് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
അയാളുടെ കാൽപാദത്തിനടിയിൽ തണുപ്പ് അരിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ കൂടി കുഞ്ഞിനെ അയാൾ നിറമിഴികളോടെ നോക്കി.
കുഞ്ഞിന്റെ കയ്യിലെ റിസ്റ്റ് ബാൻഡിൽ അയാളുടെ മരുമകളുടെ പേര് തിളങ്ങിനിന്നു: “ബേബി ഓഫ് ആശ ഗോവിന്ദ്”.
(കഥ പറയുന്നൊരാൾ)
mothersdaycontest2026


2 Comments
വായിച്ചു
നല്ല അവതരണം നല്ല കഥ
❤️👌🌹
വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹം❤️👍