“എന്നാ ഇനി പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കട്ടെ,”
ദാമോദരൻ നന്ദയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ശേഷം അയാൾ ശ്രീധരൻ ചേട്ടന്റെ മുഖത്തേക്കു നോക്കി സമ്മതവും നേടി.
ശ്രീധരൻ സഹധർമ്മിണിയുടെ മുഖം വായിക്കാൻ ശ്രമിച്ചു. അവരുടെ ഇഷ്ടക്കേട് അയാൾ വായിച്ചെടുത്തു; അവന്റെ നാടൻ സ്വഭാവവും അലസമായ മുടിയും അവർക്കത്ര പിടിച്ച മട്ടില്ല.
മിഥുന്റെ മുഖത്തു വലിയ മാറ്റമൊന്നുമുണ്ടായില്ല. അയാൾ ചൂട് ചായ പതിയെ കുടിക്കുന്നതു തുടർന്നു. അവന്റെ ചുളിവു വീണ ഷർട്ട് അയാളുടെ ആത്മവിശ്വാസം കെടുത്തി. പാടത്തെ നിലമൊരുക്കൽ കഴിഞ്ഞപ്പോൾ വൈകി. ഉച്ച തിരിഞ്ഞു പോകാമെന്ന് ദാമോദരനോട് ഏറ്റതാണ്. പിന്നെ ഒരു പാച്ചിലായിരുന്നു. ഉള്ളതിൽ നല്ല ഒരു ഷർട്ടും മുണ്ടും, ഒരു കാക്കക്കുളി കഴിച്ച്, ധൃതിയിൽ ധരിച്ച് ദാമോദരന്റെ ബൈക്കിന്റെ പുറകിൽ കയറിയതാണ് അവൻ.
മിഥുൻ മേശമേൽ നിരത്തി വച്ചിരിക്കുന്ന പലഹാരപാത്രങ്ങളിലേക്ക് നോക്കി. എന്തെങ്കിലും ഒന്നെടുക്കണ്ടേ എന്നു അവൻ ചിന്തിച്ചു. ഇതിനു മുമ്പ് പെണ്ണ് കാണാൻ പോയപ്പോൾ ഒന്നും എടുക്കാൻ നിന്നതല്ല. അത് അവർക്കു ചെറിയ മുഷിച്ചിൽ ഉണ്ടാക്കിയതായി പിന്നീട് തോന്നിയിരുന്നു. അവൻ കാണാൻ ചേലുള്ള ഒരു അരിയുണ്ട എടുത്തു.
വായിൽ വച്ചതും അവനു ആ തീരുമാനം തെറ്റിയെന്നു ബോധ്യമായി. അരിയുണ്ട കടിച്ചിട്ട് അങ്ങോട്ട് മുറിയുന്നില്ല.
“ശെടാ, ആകെ പെട്ടല്ലോ; ഇനി കടിച്ചത് തിരിച്ചു വയ്ക്കുന്നത് എങ്ങനാ?” മിഥുൻ മനസ്സിൽ പറഞ്ഞു.
മിഥുൻ നല്ല ബലത്തിൽ ഒന്ന് കൂടി കടിച്ചു നോക്കി.മുഖം മാറുന്നത് ആരും കാണാതിരിക്കാൻ അവൻ ഒരു കയ്യ് കൊണ്ട് മുഖം മറച്ചു.
ദാമോദരൻ മിഥുന്റെ വീട്ടുവിശേഷങ്ങൾ ഒന്നൊന്നായി ശ്രീധരനോട് പറയുന്നുണ്ട്.
“എന്നാൽ നിങ്ങൾ ആ പറമ്പിൽ ഒന്നു കറങ്ങി വാ, പിള്ളേരെ,” – ദാമോദരൻ.
ആ വാക്കുകൾ മിഥുനു തെല്ലൊരു ആശ്വാസം പകർന്നു.
മിഥുൻ ചെറിയൊരു ചിരി വരുത്തി ആ വീടിന്റെ ഉമ്മറത്തേക്ക് നടന്നു. അവന്റെ ഒരു കയ്യിൽ ആ അരിയുണ്ട ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവൻ പരമാവധി അത് മറച്ചു പിടിച്ചു. അയാളുടെ പിറകേ നന്ദയും തൊടിയിലേക്കിറങ്ങി.
എന്താണ്, എങ്ങനെയാണ് തുടങ്ങേണ്ടത് എന്നു നന്ദ ആലോചിച്ചു തുടങ്ങിയതേയുള്ളൂ.
അപ്പോഴേക്കും മിഥുൻ പറഞ്ഞു തുടങ്ങി.
“അതേ കുട്ടീ, ഇഷ്ടായില്ലെങ്കിൽ പെട്ടെന്ന് പറഞ്ഞോട്ടോ. എനിക്കു കുഴപ്പമൊന്നൂല്ല.”
“ഏയ്, അങ്ങനെ ഒന്നൂല്ലാ,” – നന്ദ.
“അതേ, ആ അരിയുണ്ട ഇനി കളഞ്ഞോളൂട്ടോ; കടിച്ചു മുറിക്കാൻ ഇത്തിരി പാടാ,” നന്ദ ചിരിച്ചു കൊണ്ട് പറഞ്ഞു.
“മനസ്സിലായല്ലേ, എന്നാൽ കളഞ്ഞേക്കാം,” ചമ്മിയ മുഖത്തോടെ മിഥുൻ അത് ജാതിച്ചോട്ടിലേക്കു എറിഞ്ഞു.
അവർ മുറ്റത്തെ തൈമാവിന്റെ ചുവട്ടിൽ നിന്ന് നടന്നു ഏത്തവാഴയുടെ ചുവട്ടിൽ എത്തി.
“താനീ എം.എസ്.സി അഗ്രിക്കൾച്ചർ ഒക്കെ സ്വന്തം ഇഷ്ടത്തിനു ചെയ്തതാണോടോ?” – മിഥുൻ.
“അതേന്നെ, എനിക്കിഷ്ടാ. അച്ഛന്റെ ജീനാ എന്റെ. ഈ തൊടി നോക്കിയേ, എല്ലാം ഞാനും കൂടെ വച്ചതാ,” നന്ദ അഭിമാനത്തോടെ പറഞ്ഞു.
മിഥുന്റെ കൈയിലെ നഖങ്ങൾക്കിടയിലെ പാടത്തെ ചന്ദനനിറമുള്ള ചെളി നന്ദയുടെ ശ്രദ്ധയിൽ പെട്ടു.
.
.
.
.
.
എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് അകത്തുള്ളവർ പുറത്തെത്തിയത്. ഏത്തവാഴ ഒടിഞ്ഞു വീണിരിക്കുന്നു. ഒരു കൈ വാഴയിലും മറ്റേ കൈ കൊണ്ട് നന്ദയുടെ ദേഹത്തേക്ക് കിടക്കുന്ന വാഴയിലകളും എടുത്തു മാറ്റുകയുമായിരുന്നു മിഥുൻ.
വാഴയുടെ താങ്ങ് അറിയാതെ ഒന്ന് തട്ടിയതാണ് നന്ദ.
വേച്ച് നിലത്തു ഇരുന്നു പോയ നന്ദ അയാളുടെ നീട്ടിയ കൈ പിടിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു. വാഴയിലകൾക്കിടയിലൂടെ മിഥുനെ അവൾ നോക്കി; കൈ അറിയാതെ നീണ്ടു.
“ഒരു വാക്കത്തി ഇങ്ങെടുത്തേ,” – മിഥുൻ.
അമ്മ ഉമ്മറത്ത് ചാരിവെച്ചിരുന്ന വാക്കത്തി മിഥുന് നേരെ നീട്ടി.
“ഇന്നാ മോനേ.”
മിഥുൻ നിത്യാഭ്യാസിയെപ്പോലെ വാഴക്കുല കേടുകൂടാതെ വെട്ടിമാറ്റി വെച്ചു. ഷർട്ടിൽ കറയാകാതിരിക്കാൻ അവൻ അത് അഴിച്ചു മാറ്റിവെച്ചു. വെളുത്ത ബനിയൻ ധരിച്ച് കൊണ്ടവൻ വാഴയിലകളും വാഴത്തടയും വെട്ടി തൊടിയിലെ ജാതിച്ചോട്ടിൽ ഇട്ടു. നീളൻ ട്യൂബ്‌ലൈറ്റ് കണക്കെ വാഴപ്പിണ്ടിയും വെട്ടിമാറ്റാൻ മറന്നില്ല.
ഇതെല്ലാം പറഞ്ഞ മാത്രയിൽ കഴിഞ്ഞു. അവർ മിഥുനെ അത്ഭുതത്തോടെ നോക്കി. അവന്റെ ബലിഷ്ഠമായ കൈകളിലും വിരിഞ്ഞ നെഞ്ചിലും വിയർപ്പ് പൊടിഞ്ഞു.
“നല്ല കായാ… നല്ല വളക്കൂറുള്ള മണ്ണിന്റെയാ,” – മിഥുൻ ശ്രീധരനെ നോക്കി പറഞ്ഞു. അവൻ അഴിച്ചു വെച്ച ഷർട്ട് എടുത്തിട്ടു.
“എന്നാൽ നമുക്കിറങ്ങാം, ചേട്ടാ,” – മിഥുൻ.
ദാമോദരനോടാണ്.
“ആ, പിന്നെന്താ. ചേട്ടാ, ഞാൻ വിളിക്കാട്ടോ,” – ദാമോദരൻ ശ്രീധരനെ നോക്കി പറഞ്ഞു.
അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു. മിഥുൻ ബൈക്കിന്റെ പുറകിൽ കയറി.
“ശരി അപ്പൊ, കാണാം,” – ശ്രീധരനെയും ഭാര്യയെയും നോക്കി മിഥുൻ അത് പറയുമ്പോൾ നന്ദ അവനൊരു നാണത്തിൽ കുതിർന്ന പുഞ്ചിരി സമ്മാനിച്ചു.
മുറ്റം കടന്നു പോയ ബൈക്ക് കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ ശ്രീധരൻ ഭാര്യയെ നോക്കി. അവർ അർത്ഥഗർഭമായി ചിരിച്ചു.
മിഥുൻ വെട്ടിവീഴ്ത്തിയ വാഴയുടെ തടയിലെ വെളുത്ത ജലം ഫലഭൂയിഷ്ഠമായ ആ മണ്ണിൽ നനവ് പടർത്തി.
കഥ പറയുന്നൊരാൾ


3 Comments
നല്ല രസം വായിക്കാൻ
കഥ നന്നായിരിക്കുന്നു👌🌹
നല്ല പച്ചപ്പിന്റെ കഥ..