മീനവെയിലിന്റെ ചൂടാറിത്തുടങ്ങിയിരിക്കുന്നു. പൊരിവെയിലത്ത് ടൗണിലെ കടകളൊക്കെയും കയറിയിറങ്ങി കണിയൊരുക്കാനും വിഷുസദ്യക്കുമുള്ള സാധനങ്ങളൊക്കെയും സംഘടിപ്പിച്ച് അവൻ വീട്ടിലെത്തിയിട്ട് അധികനേരമായിട്ടില്ല. ടൗണിലെ വഴിയോരക്കടയിൽനിന്ന് ഒന്നുരണ്ട് കണിക്കൊന്നക്കെട്ട് വാങ്ങിയതുമാണ്.
സാധനങ്ങൾ ഓരോന്നായി പെറുക്കിയടുക്കിവെക്കുമ്പോൾ ഗോപിക മുഖം കറുപ്പിച്ചു.
“ഡാ, ഇത് അപ്പിടി വാടിയതാണല്ലോ… നാളേക്ക് ഇനി മൊത്തം അടർന്നുവീഴേം ചെയ്യും.”
അവൾ ഇടുപ്പിൽ കൈ കൊടുത്തു. അവൾ വാട്സാപ്പ് ചെയ്ത ലിസ്റ്റിലെ മൂന്നാലു സാധനങ്ങൾ വാങ്ങാൻ മറന്നത് അവൾ കണ്ടുപിടിച്ചു.
“അല്ലേലും ഞാനില്ലാതെ നിന്നെ സാധനം മേടിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ!”
അവൾ ആത്മഗതമെന്നോണം പറഞ്ഞു. പക്ഷേ, അതവനോടുള്ള പരിഭവമാണെന്ന് ആ ആത്മഗതത്തിന്റെ ഉച്ചസ്ഥായി പറയാതെ പറഞ്ഞു.
“ഈ മൂന്നാം മാസത്തിൽ ഇനി നിന്നേയും കൂട്ടി സ്കൂട്ടറിൽ ടൗണിൽ പോകാത്തോണ്ടാ, മിണ്ടാതിരി പെണ്ണേ!”
“ഡോക്ടർ എന്താ പറഞ്ഞേന്ന് ഓർമ്മയുണ്ടല്ലോ അല്ലെ?”
അവൻ അവൾക്കുനേരെ കണ്ണുരുട്ടി.
ഗോപികയുടെ വെളുത്തുമെലിഞ്ഞ കൈകൾ അവളുടെ കനംവെക്കാൻ തുടങ്ങിയ വയറിലേക്കും കണ്ണുകൾ പ്രാർത്ഥനയോടെ മുകളിലേക്കും നീണ്ടു.
അവൻ ഗോപിച്ചേട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു. അധികം വാട്ടം തട്ടാത്ത ഒരു കുല കൊന്നപ്പൂവാണ് ലക്ഷ്യം. നടക്കാവുന്ന ദൂരമേയുള്ളൂ; സ്കൂട്ടർ ഒഴിവാക്കി. ചെല്ലുമ്പോൾ രമണി ചേച്ചി തൊഴുത്തിൽ പശുവിന് കാടിവെള്ളം കൊടുക്കുന്നു.
“ഗോപിച്ചേട്ടനെന്തിയേ ചേച്ചി?” അവൻ ചോദ്യമെറിഞ്ഞു.
“ആ നീയോ? ആ പുറത്തേക്ക് എങ്ങോട്ടുപോയതാ. എന്തിയെടാ?”
“അല്ല ചേച്ചി, കൊന്നപ്പൂ…” അവൻ തല ചൊറിഞ്ഞു.
“ആ എനിക്കു തോന്നി. ചേട്ടനവിടെ സിറ്റൗട്ടിൽ കുറച്ചു പറിച്ചുവെച്ചിട്ടുണ്ട്. ആരേലുമൊക്കെ ചോദിച്ചുവരുമെന്നും പറഞ്ഞു. നീ ആവശ്യമുള്ളത് എടുത്തോ.”
ചേച്ചി പറഞ്ഞതുകേട്ട് അവൻ പതിയെ സിറ്റൗട്ടിൽ കിടന്ന വാടാത്ത രണ്ടു കുല കണിക്കൊന്ന എടുത്തു കയ്യിലാക്കി.
“അവളെന്തിയേടാ?” ചേച്ചി വീണ്ടും.
“അവിടുണ്ട്, വിഷുവിന്റെ ഒരുക്കങ്ങൾ.”
“മ്മം.” അവർ അമർത്തി മൂളി.
“ഇങ്ങനെയൊക്കെ നടന്നാൽ മതിയോടാ? കെട്ടുകഴിഞ്ഞിട്ട് കൊല്ലം നാലഞ്ചു കഴിഞ്ഞില്ലേ?”
ആ ചോദ്യം അവൻ പ്രതീക്ഷിച്ചതാണ്. മറുപടി പറയാതെ തെളിയാത്ത ഒരു ചിരി കൊടുത്ത് അവൻ തിരിച്ചുനടന്നു.
“ഇവരിത് എന്തറിഞ്ഞിട്ടാണ്? ഞങ്ങൾ സ്വിച്ചിടാൻ മറന്നുപോയതൊന്നുമല്ലല്ലോ!” അവന്റെ ആത്മഗതം.
നാട്ടുകാരോടൊന്നും വിശേഷമായ കാര്യം പറഞ്ഞിട്ടില്ല. കുറച്ചുകൂടി കഴിയട്ടെ; അവളുടെ അമ്മ ചട്ടംകെട്ടിയതാണ്.
കണിക്കൊന്നയുമായി തിരികെ നടക്കുമ്പോൾ അവൻ്റ ചിന്തകൾ കാടുകയറി. പ്രണയവും ഒളിച്ചോട്ടവും അവൻ്റെ ഓർമ്മകളിൽ നിന്നും അവനെ നോക്കി കണ്ണിറുക്കി. വേനൽ വെന്തിട്ട കരിയിലകൾക്കിടയിൽ മണ്ണ് മഴയെ കാത്തു കിടന്നു.
കണിക്കൊന്നക്കെട്ട് കണ്ടപ്പോൾ ഗോപികയുടെ മുഖം സന്തോഷമറിയിച്ചു. ഓരോന്നും ഭംഗിയായി എടുത്തു വച്ച് കണി ശരിയാക്കുന്നതിനിടയിൽ കൃഷ്ണ വിഗ്രഹത്തോടവൾ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു.
സമയം പാതിരാത്രിയോടടുത്തിരിക്കുന്നു. കണിയൊരുക്കിവെച്ച് അവർ നിദ്രയെ തേടി കിടക്കയുടെ പതുപതുപ്പിലേക്ക് മടങ്ങി.
‘”ഡാ, അടുത്ത വിഷുവിന് ഒരു ഉണ്ണിക്കണ്ണൻ കൂടെ ഉണ്ടാവില്ലേ നമ്മുടെ കൂടെ കണികാണാൻ?”
അവളുടെ കണ്ണുകളിലെ തിളക്കം മങ്ങിയ വെളിച്ചത്തിലും അവൻ കാണാതിരുന്നില്ല. അവന്റെ വലതുകൈ അവളുടെ വയറിനെ തലോടുകയും അവന്റെ ചുണ്ടുകൾ അവന്റെ വളർന്നുതുടങ്ങിയ കുഞ്ഞിനെ ചുംബിക്കുകയും ചെയ്തു. മനുഷ്യമാംസം തീർത്ത മതിലുകൾക്കപ്പുറം അത് അവന്റെ ചുംബനം അറിഞ്ഞുകാണുമോ?
പകലിലെ അലച്ചിലിൻ്റെ ആലസ്യത്തിൽ അവൻ ഉറക്കത്തിലക്ക് പതിയെ വഴുതിവീണു. ഗർഭകാലത്തിലെ ഗ്യാസ്ട്രബിൾ ഗോപികയുടെ ഉറക്കത്തെ വിളിപ്പാടകലെ മാറ്റി നിർത്തി.
നിദ്രയുടെ പറവകൾ ചിറകുവിടർത്തിപ്പറന്ന് അധികസമയമാകുന്നതിനുമുന്നേ അവൻ കണ്ണുതുറന്നു. മുറിയിൽ തെളിഞ്ഞുകിടന്ന ട്യൂബ് ലൈറ്റ് അവന്റെ കണ്ണുകളെ അലോസരപ്പെടുത്തി. അവന്റെ കൈകൾ അവളെ തിരഞ്ഞു. ലക്ഷ്യം കാണാതെ അവൻ എഴുന്നേറ്റു.
തുറന്നുകിടന്ന ബാത്റൂമിന്റെ വാതിലിലൂടെ ഏങ്ങിക്കരയുന്ന ഗോപികയെ അവൻ കണ്ടു. കൈകളിൽ കൈനീട്ടം പോലെ എന്തോ അവൾ നീട്ടിപ്പിടിച്ചിരിക്കുന്നു. അതിൽനിന്നും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. അവളുടെ വയർ തീർത്ത മതിലുകൾക്കപ്പുറം ശൂന്യമായിരിക്കുന്നു. ഗോപികയുടെ ശരീരം ബാത്റൂമിലെ ടൈലുകളിലേക്ക് വീഴുന്നത് അവൻ കണ്ണീരിനിടയിലൂടെ തിരിച്ചറിഞ്ഞു.


2 Comments
ആഘോഷത്തിനിടയിലും വിങ്ങലായ എഴുത്ത്. 😰👍👏
👍