മെഡിക്കൽ കോളേജിന്റെ വരാന്തയിലൂടെ ഓടുമ്പോൾ നീലാഞ്ജനയുടെ കൈകൾ വിറച്ചു, വല്ലാതെ ശ്വാസം മുട്ടി, ശരീരം വിയർക്കുന്നതും ബോധം മറയാൻ തുടങ്ങുന്നതും അവൾ അറിഞ്ഞു.
മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ആയ നീലാഞ്ജന ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാൻ സമയമായി. പക്ഷെ ആ സമയത്ത് കാഷ്വാലിറ്റിയിലേയ്ക്ക് കൊണ്ട് വന്ന പതിനാറുകാരി പെൺകുട്ടിയുടെ നില ഗുരുതരമായിരുന്നു. അവൾ പ്രേമ നൈരാശ്യം കൊണ്ട് ആസിഡ് കുടിച്ചതാണ്. ആ കാഴ്ച നീലാഞ്ജനയെ അസ്വസ്ഥമാക്കി. ഹൃദയമിടിപ്പ് വേഗത്തിലാക്കി. നെഞ്ചിൽ എന്തോ കൊളുത്തിപിടിക്കുന്ന പോലെ നീലയ്ക്ക് തോന്നി.
“ഞാൻ മരിക്കാൻ പോകുകയാണോ? ഇത് നെഞ്ച് വേദനയാണോ?”
നിലത്തു വീഴാതെ നീലാഞ്ജന ഭിത്തിയിൽ പിടിച്ചു നിന്നു. അത് കണ്ടു അവളുടെ സുഹൃത്തായ ശങ്കർ ഓടി എത്തി.
“എന്താ നീലാഞ്ജനേ നിനക്ക് പറ്റിയത്?”
അവൾ ഒന്നും പറഞ്ഞില്ല, പറയാൻ കഴിഞ്ഞില്ല. ശങ്കർ അവളെ അത്യാഹിത വിഭാഗത്തിലേക്ക് കൂട്ടി കൊണ്ട് പോയി. പരിശോധനയിൽ അവൾക്കു യാതൊരു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.
“മുൻപ് എപ്പോഴെങ്കിലും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?” ഡോക്ടർ ചോദിച്ചു.
“കുറച്ചു നാളായി എനിക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. “
ഡോക്ടർ അവളെ ആശ്വസിപ്പിച്ചു.
“ശാരീരികമായി തനിക്ക് ഒരു പ്രശ്നവുമില്ല. ഒരു പക്ഷെ ഇത് പാനിക്ക് അറ്റാക്ക് ആകാൻ സാധ്യതയുണ്ട്. ഞാൻ റഫർ ചെയ്യാം, താൻ കോളേജിലെ മാനസികാരോഗ്യ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. “
അന്ന് വൈകുന്നേരം തന്നെ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലെ, ഒരു ബെഞ്ചിൽ നീലാഞ്ജന ഡോക്ടറെ കാത്തിരുന്നു. ഡോക്ടറെ കണ്ടു പുറത്തിറങ്ങിയപ്പോൾ അവളുടെ മനസിന് ഒരു ആശ്വാസം തോന്നി. പാനിക് അറ്റാക്ക് എന്ന ചെറിയൊരു മാനസിക പ്രശ്നമാണ് നീലാഞ്ജനയ്ക്ക്.
വരാന്തയിൽ, അവളുടെ എതിരെ നടന്നു വന്ന പെൺകുട്ടിയെ കണ്ടു നീലാഞ്ജന അത്ഭുതപ്പെട്ടു. വെള്ള കോട്ടൺ കുർത്തിയും, നീല ഷാളും, അലസമായ ചെമ്പിച്ച മുടിയിഴകളും, തിളങ്ങുന്ന കണ്ണുകളും, മനോഹരമായ പുഞ്ചിരിയും…. തോളിലൊരു നീളൻ ബാഗും, കൈ നിറയെ പുസ്തകങ്ങളും… അവൾ ഒരു ഇളം കാറ്റു പോലെ നീലാഞ്ജനയെ കടന്നു പോയി. എവിടെയോ കണ്ട് മറന്ന മുഖം.
പിറകിൽ നിന്നൊരു വിളി കേട്ട് നീലാഞ്ജന തിരിഞ്ഞു നോക്കി.
“എക്സ്ക്യൂസ് മീ, കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. “
“ഞാൻ ഇവിടത്തെ മെഡിക്കൽ സ്റ്റുഡന്റാണ്, കണ്ടിട്ടുണ്ടാകാം. പേര് നീലാഞ്ജന. “
“അല്ല അതല്ല, നിന്റെ മുഖം. നീ എന്നെ പോലെ ഇരിക്കുന്നു, അല്ലെ. “
നീലാഞ്ജന അപ്പോഴാണ് അവളുടെ മുഖം ശ്രദ്ധിച്ചത്, അതേ കണ്ണുകൾ, അതേ മൂക്ക് വലത്തേ കവിളിലെ മറുക് അവൾക്കില്ല, നീലാഞ്ജനയുടെ നീണ്ട കറുത്ത മുടിയും അവൾക്കില്ല. നീലാഞ്ജനയെ പോലെ വില കൂടിയ വസ്ത്രങ്ങളും അവൾക്കില്ല. പക്ഷെ മുഖം ഒരേ അച്ചിൽ വാർത്തെടുത്ത പോലെ ആയിരുന്നു.
“കുട്ടിയുടെ പേരെന്താണ്. “
“മീനാക്ഷി വരലക്ഷ്മി, ഇവിടെ എം എസ് സി സൈക്കോളജിക്ക് പഠിക്കുന്നു. ഇതിനു മുൻപ് നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലോ. “
നീലാഞ്ജനയുടെ ഹൃദയമിടിപ്പ് കൂടി, കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. കൈകാലുകൾ മുറുകി. മീനാക്ഷി ഹോസ്പിറ്റൽ സ്റ്റാഫിന്റെ സഹായത്തോടെ നീലാഞ്ജനയെ കൗൺസിലിങ് മുറിയിലേയ്ക്കു മാറ്റി. അവൾക്കു പെട്ടെന്ന് ആശ്വാസം നൽകാനായി അവൾക്കു ചില ബ്രീത്തിങ് വ്യായാമങ്ങളും 5-4-3-2-1 ഗ്രൗണ്ടിംഗ് ടെക്നിക്കുകളും, മീനാക്ഷി പറഞ്ഞു കൊടുത്തു.
“നീ പേടിക്കേണ്ട, ഇത് കാരണം നീ മരിക്കില്ല നീലാഞ്ജന. നീ അത് മനസിലാക്കണം. ഇത് താത്കാലികമായ ഒരു അവസ്ഥ മാത്രമാണ്. ഇത് നീ നിന്റെ മനസ്സിനെ പറഞ്ഞു മനസിലാക്കണം. നീ സ്വയം മനസിലാക്കണം. “
മീനാക്ഷി, നീലാഞ്ജനയെ കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു, അവളെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി. അവർ പരസ്പരം ഫോൺ നമ്പറുകൾ കൈമാറി. അന്നവർ അറിഞ്ഞില്ല ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു ഹൃദയ ബന്ധത്തിന്റെ തുടക്കമാണ് അതെന്ന്.
മീനാക്ഷി ഒരു ചേരിയിലായിരുന്നു താമസം, അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മ വരലക്ഷ്മി ഒരു ഗാർമെന്റ് ഫാക്ടറിയിലെ തുന്നൽ യൂണിറ്റിൽ ജോലിക്കാരി ആയിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്.
മീനാക്ഷി പഠിക്കാൻ മിടുക്കിയായിരുന്നു. മനുഷ്യരുടെ പെരുമാറ്റങ്ങളും രീതികളും അവൾ കുഞ്ഞിലേ നിരീക്ഷിച്ചിരുന്നു. മനുഷ്യമനസ്സായിരുന്നു എന്നും അവളുടെ പ്രിയപ്പെട്ട വിഷയം. അങ്ങനെയാണ് അവൾ ഇഷ്ട വിഷയമായി സൈക്കോളജി തെരെഞ്ഞെടുത്തത്.
നീലാഞ്ജനയുടെ ലോകം വ്യത്യസ്തമായിരുന്നു. ആ നാട്ടിലെ പ്രശസ്തമായ തറവാട്, ധാരാളം സമ്പത്ത്, സമൂഹത്തിൽ സ്വാധീനം. നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനായ മധു വർമ്മയ്ക്ക്, ഏക മകളായ നീലാഞ്ജനയെ പ്രശസ്തയായ ഒരു ഡോക്ടറായി കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പഠിക്കാനായി, ചെറുപ്പം മുതലേ നീലാഞ്ജനയെ നാലു ചുവരുകൾക്കുള്ളിൽ അയാൾ തളച്ചിട്ടു, നൃത്തവും പഠനവും മാത്രമായി അവളുടെ ലോകം. ചെറുപ്പം മുതലേ നീലയ്ക്കു അച്ഛനെ നല്ല ഭയമായിരുന്നു. അച്ഛൻ്റെ നിഴൽ പോലും അവളെ ഭയപ്പെടുത്തി.
നീലാഞ്ജന പഠിക്കാൻ മിടുക്കിയായിരുന്നു, നൃത്തമായിരുന്നു അവളുടെ ഇഷ്ട വിഷയം. പക്ഷെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി അവൾ മെഡിസിന് ചേർന്നു. ചെറുപ്പം മുതൽ അവൾക്കു മാനസികമായ ഉത്കണ്ഠകൾ ഉണ്ടായിരുന്നു. അവൾ ചെയ്യുന്ന തെറ്റുകൾക്കൊക്കെ അച്ഛൻ അമ്മയെ ശിക്ഷിക്കുമായിരുന്നു. നീലയ്ക്കു മാർക്ക് കുറഞ്ഞാൽ, നൃത്ത മത്സരത്തിന് ഒന്നാം സ്ഥനം നഷ്ടപ്പെട്ടാൽ, കളിക്കുമ്പോൾ ഉരുണ്ട് വീണു കൈകാലുകൾ മുറിഞ്ഞാൽ… ശിക്ഷ അമ്മയ്ക്കായിരുന്നു. നീല അമ്മയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അമ്മയ്ക്ക് ശിക്ഷ കിട്ടാതിരിക്കാൻ അവൾ വളരെയധികം ശ്രദ്ധിച്ചിരുന്നു.
അച്ഛൻ കുടിച്ചു വന്ന രാത്രികളിൽ, പേടിച്ചു അമ്മയ്‌ക്കൊപ്പം നിലവറയിൽ ഒളിച്ചിരുന്നപ്പോഴാണ് ആദ്യമായി നീലയ്ക്കു പാനിക് അറ്റാക്ക് ഉണ്ടായത്. അത് അവൾക്കും അമ്മയ്ക്കും മാത്രം അറിയുന്ന ഒരു രഹസ്യമായി തീർന്നു. അച്ഛൻ അമ്മയെ തല്ലുമ്പോൾ, അച്ഛൻ ദേഷ്യപ്പെടുമ്പോൾ, അധ്യാപകർ വഴക്കു പറയുമ്പോൾ, പരീക്ഷ ഹാളിൽ, ആരെങ്കിലും ഉച്ചത്തിൽ സംസാരിച്ചാൽ, ചിലപ്പോൾ യാതൊരു കാരണവുമില്ലാതെയും അവൾക്കു പാനിക് അറ്റാക്ക് വന്നു കൊണ്ടിരുന്നു.
മീനാക്ഷിയെ പരിചയപെട്ടതിനു ശേഷം നീലാഞ്ജനയ്ക്കു നല്ല മാറ്റം വന്നു. പാനിക് അറ്റാക്കിനെക്കുറിച്ചു അവൾ കൂടുതൽ പറഞ്ഞു കൊടുത്തു. താൻ മരിക്കുകയില്ലെന്ന ബോധം അവളിലുണ്ടായി. കോളേജ് കാന്റീനിൽ വച്ച് അവർ ഇടയ്ക്കിടെ കാണാൻ തുടങ്ങി. മീനാക്ഷിയെയും നീലാഞ്ജനെയും ഒന്നിച്ചു കണ്ടപ്പോൾ അവർ ഇരട്ടകളാണെന്നു എല്ലാവർക്കും തോന്നി തുടങ്ങി.
“നമ്മൾ ഇരട്ടകളാണോയെന്ന് എല്ലാവരും ചോദിക്കുന്നു. ഇനി നിന്റെ അച്ഛനെങ്ങാനും ഞങ്ങളുടെ നാട്ടിൽ പോയിരുന്നോ?”
“എൻ്റെ അച്ഛൻ അങ്ങനെയുള്ള ആളല്ല. “
മീനാക്ഷിയോട് നീലാഞ്ജന ദേഷ്യപ്പെട്ടു. ദീപാവലിയുടെ അവധിക്കു നാട്ടിൽ പോയപ്പോൾ വീട്ടിൽ പെയിന്റ് പണികൾ നടക്കുകയായിരുന്നു. ഹൗസ് സർജൻസിക്ക് ശേഷം നീലാഞ്ജനയുടെ വിവാഹം നടത്താനായിരുന്നു അച്ഛന്റെ തീരുമാനം. വിവാഹത്തിന് അവൾക്കു ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷെ അച്ഛനെ എതിർക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. അച്ഛന്റെ ശബ്ദം ഉയരുമ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കയറും.
വീടിന്റെ സ്റ്റോർ റൂമിൽ അടുക്കി വച്ച പഴയ പേപ്പറുകളുടെ ഇടയിൽ അവൾ ഒരു ആൽബം കണ്ടു. അച്ഛന്റെ കോളേജ് സമയത്തെ ഫോട്ടോകൾ, അതിൽ ഒരു കവറിൽ സൂക്ഷിച്ചിരുന്ന പഴയ ഒരു ഫോട്ടോ അവൾ പുറത്തെടുത്തു. ഒരു കട്ടിലിൽ ഒരുമിച്ചു കിടക്കുന്ന രണ്ടു പെൺകുഞ്ഞുങ്ങൾ, മൂന്നോ നാലോ മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ. അതിന്റെ പിറകിൽ ഇങ്ങനെ എഴുതിയിരുന്നു.
“ഇരട്ട കുഞ്ഞുങ്ങൾ, മംഗലാപുരം മെഡിക്കൽ കോളേജ്, 11/11/2004. “
നീലാഞ്ജനയുടെ കൈകൾ വിറച്ചു. ഇതിലൊന്ന് താനല്ലേ, ഇത് തന്റെ ജനന തീയതിയാണല്ലോ. ശ്വാസം ഉയർന്നപ്പോൾ അവൾ മീനാക്ഷി പഠിപ്പിച്ച ശ്വസന പ്രക്രിയയിലൂടെ ടെൻഷൻ നിയന്ത്രിച്ചു.
അവൾ അപ്പോൾ തന്നെ ഫോണെടുത്തു മീനാക്ഷിയെ വിളിച്ചു.
“മീനാക്ഷി, ഞാൻ ഒറ്റയായിട്ടല്ല ജനിച്ചത്, എനിക്കൊരു ഇരട്ട സഹോദരി ഉണ്ടായിരുന്നു. പക്ഷേ അതിനെക്കുറിച്ച് അച്ഛനോടും അമ്മയോടും ചോദിയ്ക്കാൻ എനിക്ക് പേടിയാണ്. “
രാത്രി വൈകി വരലക്ഷ്മി മീനാക്ഷിക്ക് വേണ്ടി ദീപാവലിക്കുള്ള പുതിയ ചുരിദാർ തുന്നുകയാണ്. മീനാക്ഷി അമ്മയുടെ അടുത്ത് ചെന്നിരുന്നു.
“അമ്മേ ഞാൻ എവിടെയാണ് ജനിച്ചത്. “
ചോദ്യം കേട്ട് ഞെട്ടിയ വരലക്ഷ്മിയുടെ കയ്യിൽ സൂചി തറച്ചു. അവർ പെട്ടെന്ന് തുന്നൽ നിർത്തി. അവരുടെ മുഖം വിളറി വെളുത്തു. അമ്മ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നുവെന്ന് മീനാക്ഷിക്ക് തോന്നി.
“നിനക്കെന്താ പറ്റിയേ, ഞാൻ പറഞ്ഞിട്ടുണ്ടല്ലോ കോയമ്പത്തൂർ ആണ് നീ ജനിച്ചതെന്ന്, എന്റെ വീട്ടിൽ. “
വരലക്ഷ്മി മുഖത്തൊരു ചിരി വരുത്തി.
“അമ്മ ഇരട്ട കുട്ടികളെ അല്ലേ അന്ന് പ്രസവിച്ചത്. “
അച്ഛൻ മരിച്ചിട്ടും നാട്ടിൽ മടങ്ങി പോകാതെ എന്തിനാ ഈ നാട്ടിൽ കഴിയുന്നതെന്ന് പലതവണ അവൾ അമ്മയോട് ചോദിച്ചിട്ടുണ്ട്.
“അമ്മേ ഇനിയെങ്കിലും എന്നോട് സത്യം പറഞ്ഞൂടെ. “
പെട്ടെന്ന് വരലക്ഷ്മി പൊട്ടിക്കരയുകയാണ് ഉണ്ടായത്.
“എനിക്ക് രണ്ടു കുഞ്ഞുങ്ങളെ ദൈവം തന്നു. ഒരാളെ എനിക്ക് കൊടുക്കേണ്ടി വന്നു. “
മീനാക്ഷി അമ്മയെ കെട്ടി പിടിച്ചു.
“ആർക്കാണ് അമ്മ കുഞ്ഞിനെ നൽകിയത്. “
“നിങ്ങളുടെ അച്ഛൻ്റെ അമ്മയ്ക്ക് നൽകി. അദ്ദേഹത്തിൻ്റെ ഭാര്യക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ലായിരുന്നു. ഞാൻ പ്രസവിച്ച കുട്ടികളിൽ ആരോഗ്യമുള്ളവളെ അമ്മ കൊണ്ട് പോയി. അവിവാഹിതയായ ജോലിക്കാരി പെണ്ണിന് അവരെ എങ്ങനെ തടയാൻ കഴിയും. “
“മധുവർമ്മയാണോ ആ അച്ഛൻ, ഞങ്ങളുടെ അച്ഛൻ. “
വരലക്ഷ്മി ആ പേര് കേട്ട് ഒന്ന് ഞെട്ടി.
“നിനക്കെങ്ങനെ അറിയാം മോളെ ഇതൊക്കെ. “
“ഞാൻ എന്റെ ചേച്ചിയായ നീലാഞ്ജനയെ കണ്ടു മുട്ടിയിരുന്നു അമ്മേ, ഞങ്ങൾ ഒരേ കോളേജിൽ ആണ് പഠിക്കുന്നത്, അമ്മയ്ക്ക് അവളെ കാണണ്ടേ, ഞാനവളെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വരട്ടെ. “
“വേണ്ട മോളെ, അവൾ സമ്പന്നതയിൽ ജീവിക്കുകയാണ്. അവൾക്കു ഈ പാവപ്പെട്ട അമ്മയെ അംഗീകരിക്കാൻ കഴിയില്ല. അവളെങ്കിലും സന്തോഷമായി കഴിയട്ടെ. “
“അമ്മയ്ക്ക് നീലയെ അറിയില്ല, അവൾ പാവമാണ്. “
വരലക്ഷ്മി അവളോട് തന്റെ കഥ പറഞ്ഞു തുടങ്ങി.
“എന്റെ മാമനായ ശിവമണി, മധു സാറിന്റെ ഡ്രൈവറായിരുന്നു. മധു സാറിന്റെ അമ്മയുടെ സഹായത്തിനായി പതിനാറാം വയസ്സിൽ, കോയമ്പത്തൂരിൽ നിന്നും എന്നെ ഈ നാട്ടിൽ കൊണ്ട് വന്നു. നല്ല അമ്മ, നല്ല കുടുംബം എനിക്ക് അവിടം ഇഷ്ടമായി. ആ അമ്മയാണ് എന്നെ തുന്നൽ പഠിക്കാൻ അയച്ചത്. സ്വന്തം മകളെ പോലെ എന്നെ ഇഷ്ടപ്പെട്ടിരുന്നു. ഒരു അവധിക്കാലത്താണ് മംഗലാപുരത്തു പഠിക്കുന്ന മധു സാർ നാട്ടിൽ വന്നത്. അദ്ദേഹത്തിന് എന്നോട് പ്രണയമായിരുന്നു. ആ വീട്ടിൽ മറ്റാരും അറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചു. “
“അമ്മയോട് അയാൾക്ക് ശരിക്കും ഇഷ്ടമായിരുന്നോ. “
“അയാളോ, അങ്ങനെ ഒന്നും പറയരുത്. നിന്റെ അച്ഛനാണ് മോളെ, മധു സാർ പഠനം കഴിഞ്ഞു വന്നപ്പോൾ അദ്ദേഹത്തിന് ധാരാളം വിവാഹാലോചനകൾ വന്നു. അദ്ദേഹം വിവാഹം വേണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അമ്മാവന്മാരുടെ നിർബന്ധത്തിനു വഴങ്ങി കനക ചേച്ചിയെ വിവാഹം കഴിക്കേണ്ടി വന്നു. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. മധു സാറിന്റെ അമ്മയും ശിവമണി മാമനും എന്നെ പ്രസവത്തിന്, രഹസ്യമായി മംഗലാപുരത്ത് കൊണ്ട് വന്നു താമസിപ്പിച്ചു. ഇതൊന്നും മധു സാർ അറിഞ്ഞില്ല. ഞാൻ നാട്ടിൽ പോയി മറ്റൊരു വിവാഹം കഴിച്ചു എന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. “
“എന്നിട്ട്”
“പ്രസവിച്ചു മൂന്നു മാസം കഴിഞ്ഞ സമയത്ത് മധു സാറിൻ്റെ അമ്മ കുഞ്ഞുങ്ങളെ കാണാൻ വന്നു. നിങ്ങൾക്കായി കുറച്ചു പണവുമായിട്ടാണ് അമ്മ വന്നത്. പിന്നെയാണ് ഞാൻ അറിഞ്ഞത് ശിവമണി മാമൻ അമ്മയെ ബ്ലാക് മെയിൽ ചെയ്തു പലതവണ പണം തട്ടിയിട്ടുണ്ടെന്ന്. എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു. ഞാൻ കുഞ്ഞുങ്ങളെയും കൊണ്ട് മംഗലാപുരം വിടാൻ തീരുമാനിച്ചു. അപ്പോഴേക്കും അമ്മയിൽ നിന്നും ഞങ്ങളുടെ കഥ, കനക ചേച്ചി അറിഞ്ഞിരുന്നു. അവർ അമ്മയെയും കൂട്ടി എന്നെ കാണാൻ വന്നു. ഒരു കുഞ്ഞിന് വേണ്ടി എന്നോടവർ കെഞ്ചി. അവർക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ഞാൻ എന്റെ മൂത്ത കുഞ്ഞിനെ അവർക്ക് നൽകി. ഇളയ കുഞ്ഞുമായി ഞാൻ ഈ നാട്ടിൽ വന്നു താമസമായി. എന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ്റെ നാട്ടിൽ, ഞാൻ ടി വിയിലൂടെ അദ്ദേഹത്തെ ഇടയ്ക്കു കാണാറുണ്ട്. “
മീനാക്ഷി അമ്മയെ കെട്ടി പിടിച്ചു.
“നീലാഞ്ജന സമ്പന്നമായ ഒരു സാഹചര്യത്തിൽ വളർന്നാൽ അവൾക്കു നല്ലൊരു ജീവിതമുണ്ടെന്നു ഞാൻ കരുതി. “
“ഇരുപത്തിയൊന്ന് വർഷം നമ്മളവളെ മിസ് ചെയ്തില്ലേ അമ്മേ. “
മീനാക്ഷി വളരെ വിരളമായേ കരയാറുള്ളു. അവളുടെ പൊട്ടിക്കരച്ചിൽ വരലക്ഷ്മിയെ വിഷമിപ്പിച്ചു.
“എനിക്ക് ആ തറവാട്ടിൽ ഒരിക്കൽ കൂടി പോകണം മോളേ. മധു സാറിന്റെ അമ്മയെ ഒന്ന് കാണണം. “
“അമ്മയ്ക്ക് നീലാഞ്ജനയെ കാണണ്ടേ. അയാളെ കാണാൻ ആഗ്രഹമില്ലേ. “
വരലക്ഷ്മി മറുപടി പറഞ്ഞില്ലായെങ്കിലും ആ മനസ്സ് മീനാക്ഷി വായിച്ചു.
മീനാക്ഷി അന്ന് രാത്രി നീലാഞ്ജനയെ വിളിച്ചു.
“നീല എനിക്ക് നിന്നോട് പറയാൻ ഒരു ഹാപ്പി ന്യൂസും സാഡ് ന്യൂസും പറയാൻ ഉണ്ട്. “
“എന്താണ് മീനു, ആദ്യം സാഡ് ന്യൂസ് പറയൂ. “
“നീ ബ്രീത്തിങ് വ്യയാമം ചെയ്യൂ, റിലാക്സ് ആകൂ. നീ നിന്റെ അമ്മയുടെ മകളല്ല എന്നതാണ് സങ്കട വർത്തമാനം. നീ എന്റെ ഇരട്ട സഹോദരി ആണെന്നാണ് സന്തോഷ വർത്തമാനം. “
ഫോൺ വയ്ക്കുന്നതിന് മുൻപ് തന്നെ നീലാഞ്ജന മറിഞ്ഞു വീഴുന്നതും അവളുടെ അമ്മ അവളെ ആശ്വസിപ്പിക്കുന്നതും മീനാക്ഷി ഫോണിലൂടെ കേട്ടു.
പിന്നെ മീനാക്ഷി വിളിച്ചപ്പോഴൊക്കെ നീലാഞ്ജനയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീലാഞ്ജന അവളുടെ അമ്മയെയും കൂട്ടി മീനാക്ഷിയുടെ വാടക വീട്ടിലേയ്ക്കു വന്നു.
കനക വാതിൽക്കൽ തന്നെ നിന്നു.
“വാ ചേച്ചി…. അകത്ത് വരൂ. “
വരലക്ഷ്മിയും കനകയും ഒരു നിമിഷം പരസ്പരം നോക്കി നിന്നു. പിന്നെയവർ കെട്ടി പിടിക്കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്തു.
“എന്റെ മോളെ.. “
നീലാഞ്ജനയെ കെട്ടിപ്പിടിച്ചു വരലക്ഷ്മി കരഞ്ഞു.
“എന്നെ എന്തിനാണ് അമ്മ അച്ഛന്റെ വീട്ടുകാർക്ക് കൊടുത്തത്. “
വരലക്ഷ്മി നിശബ്ദയായി.
“എനിക്ക് അമ്മയോട് ദേഷ്യമില്ല. അത് കൊണ്ടല്ലേ എനിക്ക് ഈ അമ്മയെ കിട്ടിയത്. “
നീലാഞ്ജന കനകയെ ചേർത്ത് പിടിച്ചു.
“നീ വളരേണ്ട സ്ഥലത്തു തന്നെയാണ് വളർന്നത്. “
അന്നവർ നാലു പേരും ഒന്നിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. വൈകുന്നേരം വരെ അവർ ഒന്നിച്ചു ചിലവഴിച്ചു.
“വരലക്ഷ്മി, നീ പോയതിനു ശേഷം അദ്ദേഹം ഒത്തിരി മാറി പോയി. ധാരാളം കുടിയ്ക്കും, എപ്പോഴും എല്ലാവരോടും ദേഷ്യപ്പെടും, എല്ലാത്തിനും നിർബന്ധം. ഈ ഞായറാഴ്ച നീലയെ പെണ്ണുകാണാൻ ഒരു കൂട്ടര് വരും. പയ്യനൊരു ഡോക്ടറാണ്, പക്ഷെ ഇവൾ ഇപ്പോൾ വിവാഹം കഴിക്കാൻ തയാറല്ല എന്ന് പറയുന്നു. അദ്ദേഹത്തോട് തുറന്നു പറയാൻ എനിക്കോ അമ്മയ്ക്കോ ഇവൾക്കോ ധൈര്യമില്ല. “
“ഞങ്ങൾ ഈ ആഴ്ച തറവാട്ടിൽ വരാം. ഞാൻ അച്ഛനെ കണ്ടു സംസാരിക്കാം. “
അന്ന് രാത്രിയിൽ നീലാഞ്ജനയും അമ്മയും മുത്തശ്ശിയോട് മീനാക്ഷിയെയും വരലക്ഷ്മിയെയും കണ്ട കഥ പറഞ്ഞു.
“എനിക്ക് വരലക്ഷ്മിയെ ഒന്ന് കാണണം. അവളെങ്ങനെയുണ്ട്, ഞാൻ പ്രസവിച്ചില്ല എന്നേയുള്ളു എനിക്കവളെ മകളെ പോലെയാണ്. എന്റെ ഏട്ടന്മാർ നിർബന്ധിച്ചപ്പോൾ ഞാൻ അവളെ ചതിക്കാൻ കൂട്ട് നിന്നു. അവളോട് അന്ന് ചെയ്ത പാപത്തിനു എനിക്കു പരിഹാരം ചെയ്യണം. “
ഞായറാഴ്ച ദിവസം നീലാഞ്ജനയെ കാണാൻ വരുന്ന കൂട്ടരേയും കാത്ത് മധു വർമ്മ ഉമ്മറത്തിരുന്നു. നീലാഞ്ജന ഏക മകളാണ്. അവൾക്കു വന്ന ആദ്യത്തെ ആലോചനയാണ്. ഒരു ഡോക്ടർ കുടുംബത്തിൽ നിന്നും, ഉടൻ വിവാഹത്തിന് ചെറുക്കന് വലിയ താല്പര്യമില്ല എന്നാണ് അറിഞ്ഞത്. അത് കൊണ്ട് ഒരു ആശുപത്രി തുടങ്ങാൻ നഗരത്തിന്റെ കണ്ണായ സ്ഥലത്തു 55 സെന്റ് സ്ഥലം പയ്യൻ്റെ വീട്ടുകാർക്ക് ഓഫർ ചെയ്തിട്ടുണ്ട്.
ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് ഒരു ഓട്ടോ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങി ഒരു പെൺകുട്ടിയും സാരി കൊണ്ട് തല മറച്ച ഒരു അമ്മയും ഉമ്മറത്തേക്ക് നടന്നു വന്നു.
“ഞാൻ മീനാക്ഷി, നീലയുടെ സുഹൃത്താണ്. “
മധു വർമ്മ അവൾക്കു അകത്തേയ്ക്കുള്ള വഴി കാട്ടി. അയാൾ ആ പെൺകുട്ടിയെ നിരീക്ഷിച്ചു. അവളെ എവിടെയോ കണ്ട പോലെ ഉണ്ട്. ആ ചിരി എവിടെയോ കണ്ടു മറന്നത്. നീലയുടെ പോലെ മനോഹരമായ കണ്ണുകൾ.
മുത്തശ്ശി മീനാക്ഷിയുടെ അടുത്തേയ്ക്കു വന്നു. രണ്ടു പെൺകുട്ടികളെയും വലതും ഇടതും നിർത്തി മുത്തശ്ശി കനകയേ കൊണ്ട് ഫോട്ടോകൾ എടുപ്പിച്ചു. വരലക്ഷ്മിയെ കെട്ടിപ്പിടിച്ചു വിശേഷങ്ങൾ പറഞ്ഞു.
അമ്മയോട് പിണങ്ങി വേഷം മാറാതെയിരിക്കുകയാണ് നീലാഞ്ജന.
“അച്ഛൻ വന്നാൽ ദേഷ്യപ്പെടും മോളേ. “
കനക തൻ്റെ വേവലാതി അറിയിച്ചു.
“നിനക്ക് ആ ഡോക്ടറോട് തുറന്നു പറഞ്ഞാൽ പോരെ, ഇപ്പോൾ ഈ വിവാഹത്തിന് താത്പര്യമില്ലെന്ന്. “
“അയ്യോ അച്ഛൻ എന്നെ കൊല്ലും. “
“ഞാൻ ഒരു ഐഡിയ പറയട്ടെ. “
കനക മുത്തശ്ശിയുടെ അടുത്തേയ്ക്കു നീങ്ങി നിന്നു.
“ഞാൻ നോക്കിയിട്ടു ഒരു വഴിയുണ്ട്, നീലയുടെ വേഷം ധരിച്ചു മീനു ആ ഡോക്ടറുടെ മുന്നിൽ നിൽക്കട്ടെ. അയാളോട് വിവാഹത്തിന് ഇപ്പോൾ താല്പര്യമില്ലായെന്നു മീനു പറഞ്ഞോളും. അവൾക്കു അതിനുള്ള ധൈര്യമുണ്ട്. മധുവേട്ടൻ ആളുമാറിയ കാര്യം അറിയാതെ ഇരുന്നാൽ മതിയല്ലോ. നാളെ നീല ഹോസ്റ്റലിലേക്ക് മടങ്ങി പോകും. പിന്നെ അടുത്ത കല്യാണ ആലോചന വരുമ്പോൾ നമുക്ക് ടെൻഷൻ അടിച്ചാൽ പോരേ. “
“അത് കൊള്ളാം നല്ല ഐഡിയ. ഇവൾക്കാണേൽ ഇതിനൊക്കെ നല്ല ധൈര്യമാണ്. “
നീലാഞ്ജന മീനാക്ഷിയെ കളിയാക്കി.
അങ്ങനെ അഞ്ചംഗ സംഘത്തിന്റെ ഐഡിയ പ്രകാരം ചെറുക്കന്റെ വീട്ടുകാരുടെ മുന്നിൽ മീനാക്ഷിയാണ് വേഷം കെട്ടി നിന്നത്. അവൾ ചെറുക്കന്റെ അച്ഛനും അമ്മയും ചോദിച്ച ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയത് കണ്ടു മധു വർമ്മ അന്തം വിട്ടു. എൻ്റെ നീലു ഇങ്ങനെ സംസാരിക്കാറില്ലല്ലോ. ഒറ്റയ്ക്ക് സംസാരിച്ച സമയത്ത്, ഉടനെ ഒരു വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് പെണ്ണും ചെറുക്കനും പരസ്പരം തുറന്നു പറഞ്ഞു.
“എന്ന് വച്ച് എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല എന്നല്ല. എനിക്ക് തന്നെ ഇഷ്ടമായി. ഒരു രണ്ടു വർഷം കാത്തിരിക്കാൻ തയാറാണേൽ.. ഞാൻ ഉപരിപഠനം കഴിഞ്ഞ് മടങ്ങി വന്ന്…. തന്റെ ആ ഭയമില്ലാത്ത സംസാരം, ഹ്യൂമർ സെൻസ്, എല്ലാം എനിക്ക് ഇഷ്ടമായി. “
ചെറുക്കനും വീട്ടുകാരും രണ്ടു വർഷത്തെ കാര്യം പറഞ്ഞു മടങ്ങി പോയി.
“അവർക്കു നീലയെ ഒത്തിരി ഇഷ്ടമായി. “
മധു വർമ്മ അമ്മയുടെ അടുത്തിരുന്നു, അമ്മയുടെ കൈ തടവി സംസാരിച്ചു.
“അതിനു ചെറുക്കൻ നീലയെ കണ്ടില്ലല്ലോ, എന്നെ അല്ലേ കണ്ടത്. “
മധു വർമ്മ ഒന്ന് ഞെട്ടി. അയാൾ തിരിഞ്ഞു നോക്കി. ഒരേ പോലെ രണ്ടു പെൺകുട്ടികൾ. അവരുടെ പിന്നിൽ കനകയും വരലക്ഷ്മിയും. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“അച്ഛാ, “
മീനാക്ഷി നീട്ടി വിളിച്ചു.
“അച്ഛൻ വിഷമിക്കണ്ട, ഞാനും അമ്മയും മടങ്ങി പൊയ്ക്കൊളളാം. എന്റെ അമ്മയ്ക്ക് മുത്തശ്ശിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല, അച്ഛനേയും ഒരു നോക്ക് കാണാൻ അമ്മ ആഗ്രഹിച്ചിരുന്നു.. “
മധു വർമ്മ തളർന്നിരുന്നു. അമ്മ വളർത്തുന്നത് തനിക്ക് വരലക്ഷ്മിയിൽ പിറന്ന തൻ്റെ സ്വന്തം മകളാണെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. കനകയും അവളെ സ്വന്തം മകളായി കണ്ടു. വരലക്ഷ്മി രണ്ടു പെൺകുട്ടികളെ പ്രസവിച്ചിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് അവളെ തേടി മംഗലാപുരത്തു അലഞ്ഞു നടന്നെങ്കിലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യമെങ്കിലും ഒന്ന് നേരിട്ട് കാണണമെന്നും അവളോട് മാപ്പു പറയണമെന്നും ആഗ്രഹിച്ചിരുന്നു. വരലക്ഷ്മി പോയതോടെ ജീവിതത്തിലെ ആഗ്രഹങ്ങളും സന്തോഷങ്ങളും നശിച്ചിരുന്നു. വരലക്ഷ്മി മറ്റൊരു വിവാഹം കഴിച്ചു എന്നറിഞ്ഞു നിരാശ തോന്നിയിരുന്നു. ജീവിതം തുടർന്നത് നീലാഞ്ജനയ്ക്കു വേണ്ടിയായിരുന്നു,
“അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലേ, ഇത്രയും നാൾ എന്നിൽ നിന്നും എല്ലാം മറച്ചു വച്ചത് എന്തിനായിരുന്നു. “
“മുത്തശ്ശിക്ക് ഒന്നും അറിയില്ലായിരുന്നു. എല്ലാ കാര്യങ്ങളും അറിയാമായിരുന്നത് അമ്മയ്ക്ക് മാത്രമാണ്. സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ വച്ച് അവിചാരിതമായി ഞാൻ നീലാഞ്ജനയെ കാണുന്നത് വരെ ഞങ്ങൾക്കും ഒന്നും അറിയാമായിരുന്നില്ല. “
“നീലാഞ്ജന എന്തിനാണ് സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ പോയത്. “
“ഞങ്ങൾ പരസ്പരം കാണാൻ കാരണം ഇവളുടെ പാനിക് അറ്റാക്ക് ആയിരുന്നു. നീലാഞ്ജനയ്ക്കു പണ്ട് മുതലേ പലതരം ഭയങ്ങൾ കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അവളുടെ പേടികളെ അവൾ സപ്രെസ്സ് ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ അങ്ങനെ ഉണ്ടായി. ഞാനാണ് അവളോട് പ്രതികരിക്കാൻ പറഞ്ഞത്. അവസ്ഥകളോട് പൊരുതാൻ തുടങ്ങിയാൽ അവളുടെ പ്രശ്നങ്ങൾ മാറും. ഇന്നത്തെ പെണ്ണ് കാണലിനെതിരെ അവൾക്കു പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. “
മീനാക്ഷിയുടെ വാക്കുകൾ മധുവർമ്മയുടെ കണ്ണുകൾ തുറപ്പിച്ചു. വരലക്ഷ്മിയെ നഷ്ടപ്പെട്ടപ്പോൾ തനിക്ക് ഉണ്ടായ മാനസിക പ്രശ്നങ്ങൾ, മറ്റൊരു രൂപത്തിൽ നീലയ്ക്കുണ്ടായി. നീലയുടെ പ്രശ്നങ്ങൾക്ക് കാരണം അവൾക്ക് തന്നോടുള്ള ഭയമായിരുന്നു.
നാലു വർഷങ്ങൾക്കു ശേഷം, അച്ഛൻ നഗരത്തിൽ നിർമ്മിച്ച ആശുപത്രിയിൽ എല്ലു രോഗ വിദഗ്ധയായി, നീലാഞ്ജന ജോലി ചെയ്യുന്നു. കൂടെ പഠിച്ച ശങ്കറിനെ അവൾ അച്ഛന്റെ അനുമതിയോടെ വിവാഹം ചെയ്തു. അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചത് അമ്മയായ വരലക്ഷ്മിയാണ്.
അതേ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ കൗൺസിലിങ് തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് മീനാക്ഷി. ഇത് വരെ അവളുടെ വിവാഹം ആയിട്ടില്ല എന്നതാണ് മുത്തശ്ശിയെ വിഷമിപ്പിക്കുന്നത്. നീലയുടെ വിവാഹം കഴിഞ്ഞതോടെ അച്ഛന്റെയും രണ്ടു അമ്മമാരുടെയും മുത്തശ്ശിയുടെയും വാത്സല്യം ലഭിക്കുന്നത് മീനാക്ഷിക്കാണ്.
പ്രാതൽ കഴിക്കാൻ അഞ്ചു പേരും ഒന്നിച്ചിരുന്നപ്പോഴാണ് മധു വർമ്മ മീനാക്ഷിയോട് ഒരു കല്യാണ ആലോചനയെ പറ്റി പറയുന്നത്.
“മോളെ മാത്രമേ കല്യാണം കഴിക്കൂ എന്നൊരു ഡോക്ടർ വാശി പിടിക്കുന്നു. മോൾക്ക് ഇഷ്ടമാണെങ്കിൽ അയാളോട് വരാൻ പറയട്ടെ. “
“അച്ഛാ ആരാണയാൾ. “
“നവീൻ, നിനക്കോർമ്മയുണ്ടാകും, നാലു വർഷങ്ങൾക്ക് മുൻപാണയാൾ ആദ്യം വന്നത്. നീ ആൾമാറാട്ടം നടത്തി അയാളുടെ മുന്നിൽ ചായ കപ്പുമായി നിന്നിരുന്നു. അന്ന് നിന്നെ അവന് ഇഷ്ടമായി. അവൻ്റെ ഉള്ളിൽ നീ നീലയായിരുന്നു. നീലയുടെ പ്രണയവും വിവാഹവും അറിഞ്ഞത് മുതൽ നവീൻ നല്ല നിരാശയിൽ ആയിരുന്നു. ഇപ്പോൾ സത്യമെല്ലാം ഞാൻ തുറന്നു പറഞ്ഞപ്പോൾ അവർക്കെല്ലാവർക്കും വീണ്ടും ഈ തറവാടുമായി ഒരു ബന്ധം പുനസ്ഥാപിക്കാൻ ആഗ്രഹം. “
“ഞാൻ ഒന്ന് നേരിട്ടയാളെ കാണട്ടെ അച്ഛാ. “
വീണ്ടും പെണ്ണുകാണൽ നടന്നു. ഇക്കുറി ചായയുമായി പോയത് നീലാഞ്ജന ആയിരുന്നു. അത് മീനാക്ഷിയുടെ തന്ത്രമായിരുന്നു. നവീനെ ഒന്ന് പരീക്ഷിക്കാൻ നവീന് തന്നോടാണോ, അച്ഛന്റെ പണത്തോടാണോ കൂടുതൽ ഇഷ്ടമെന്ന് പരീക്ഷിക്കാൻ മീനാക്ഷിയ്ക്ക് തോന്നി.
“നീലാഞ്ജന, മീനാക്ഷി എവിടെ, അവളെ വിളിക്കൂ?”
നവീൻ ആകാംഷയോടെ അകത്തേയ്ക്കു നോക്കി. അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു, മീനാക്ഷിക്ക് പകരം നീലാഞ്ജനയാണ് വന്നതെന്ന് വീട്ടുകാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു.
“നവീന് എങ്ങനെ മനസ്സിലായി, ഇത് മീനാക്ഷി അല്ലെന്ന്. “
മധു വർമ്മ ചോദിച്ചു.
“എനിക്കറിയാം, നീലയെക്കാൾ കണ്ണുകളുടെ തിളക്കവും കുട്ടിത്തവും മീനാക്ഷിക്കാണ്. മാത്രമല്ല എന്ത് തുറന്നു പറയാനുള്ള ധൈര്യവും ചങ്കൂറ്റവും അവൾക്കുണ്ട്, അതാണെനിക്ക് മീനാക്ഷിയെ ഇഷ്ടമായത്. സിനിമകളിൽ മാത്രമേ ഞാൻ ഇത്രയും സ്മാർട്ട് ആയ പെൺകുട്ടികളെ കണ്ടിട്ടുള്ളു. എന്റെ പഠനം കഴിയുന്നത് വരെ ഞാൻ കാത്തിരുന്നത് മീനാക്ഷിയെ സ്വന്തമാക്കാൻ വേണ്ടിയാണ്. എനിക്ക് പണമോ സ്വത്തോ ഒന്നും ആവശ്യമില്ല. ഇവരുടെ ജനനത്തെ പറ്റി പ്രചരിക്കുന്ന കഥകളും എനിക്ക് പ്രശ്നമല്ല. മീനാക്ഷിക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾ ഒന്നിക്കണമെന്നാണ് എന്റെ താല്പര്യം. “
രണ്ടു മാസം കഴിഞ്ഞുള്ള ഒരു ശുഭ മുഹൂർത്തത്തിൽ നവീനും മീനാക്ഷിയും വിവാഹിതരായി.
“കുടുംബത്തിൽ ഒരു ഡോക്ടർ വേണമെന്ന് ആഗ്രഹിച്ചതല്ലേ അച്ഛൻ, ഇപ്പോൾ ഇവിടെ മൂന്ന് ഡോക്ടർമാരായി. “
“പക്ഷേ ഇവരുടെയൊക്കെ മനസ്സിനെ ചികിൽസിക്കാൻ എന്റെ മോള് തന്നെ വേണം. “
മധു വർമയുടെ അടുത്തിരുന്ന മീനാക്ഷിയെ ആ അച്ഛൻ ലാളിച്ചു.
“അച്ഛാ ഇതൊക്കെ ഇരുപത്തിയൊന്ന് വർഷമാണ് എനിക്ക് മിസ്സായത്. “
“അച്ഛന് ഇനി ഒരു അൻപത് വർഷം നിന്റെ കൂടെ ജീവിക്കണം. എനിക്ക് സ്നേഹിച്ചു കൊതി മാറിയില്ല. നീലയ്ക്കു എന്നെ പേടിയായിരുന്നു. ഇപ്പോൾ എനിക്ക് നിന്നെയാണ് പേടി. “
എല്ലാവരും കൂട്ടച്ചിരിയിൽ പങ്കു കൊണ്ടു. അതിനിടയിൽ കനകയുടെ കണ്ണുകൾ വരലക്ഷ്മിയിൽ പതിഞ്ഞു. അവൾ മധുവിനെ തന്നെ ആരാധനയോടെ നോക്കി നിൽക്കുകയാണ്. അവർ ചേരേണ്ടവർ തന്നെയായിരുന്നുവെന്ന് കനക മനസ്സിൽ പറഞ്ഞു.
✍️നിഷ പിള്ള

