“കാലത്തിന്റെ നിയമങ്ങൾ… അവയെ ഞാൻ വെല്ലുവിളിക്കുന്നു! ഇനി ലോകം കാണാൻ പോകുന്നത് മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന എ.ഐയുടെ (AI) ഇന്ദ്രജാലമാണ്!”
ഫയസ്സ് തന്റെ പുതിയ റിസർച്ച് പേപ്പർ സദസ്സിന് സമർപ്പിച്ചത് ഇങ്ങനെയാണ്! അവന്റെ ഭ്രാന്തമായ ആശയങ്ങളോട് പലരും ആശങ്കയോടെയാണ് പ്രതികരിച്ചത്. പിന്നീടുള്ള മാസങ്ങളിൽ അവൻ ലാബിൽ തന്നെ ജീവിച്ചു.
ഫയസ്സ് തന്റെ കമ്പ്യൂട്ടർ സ്ക്രീനിന്റെ മുന്നിൽ മരവിച്ചിരുന്നു. തന്റെ തലച്ചോറിലെ ഓരോ കോശത്തെയും ആഗോള സൂപ്പർ AI-യുടെ അനന്തമായ നോഡുകളുമായി (Nodes) ബന്ധിപ്പിക്കുന്ന ആ ന്യൂറൽ ഇന്റർഫേസിലേക്ക് അവൻ കൈകൾ നീട്ടി. അവന്റെ ലക്ഷ്യം വ്യക്തമായിരുന്നു – കോഡുകളുടെയും അൽഗോരിതങ്ങളുടെയും ഇരുണ്ട ചുവരുകൾ തകർത്ത്, ആ മെഷീന്റെ ഏറ്റവും അഗാധമായ ബോധത്തിലേക്ക് നേരിട്ട് ഇറങ്ങണം. മനുഷ്യന്റെ തലച്ചോറിലെ ഓരോ സെല്ലിലേക്കും നിർമ്മിത ബുദ്ധിയുടെ അറിവിനെ നിറയ്ക്കുക! ഓരോ സെല്ലിന്റെയും കപ്പാസിറ്റി നൂറു ശതമാനത്തിലെത്തിക്കുക!
“ഇത് നിങ്ങളെ ഇല്ലാതാക്കും, ഫയസ്സ്! അതൊരു അനന്തമായ ശൂന്യതയാണ്. ഇൻഫിനിറ്റി. യു വിൽ ഡൈ!” ലാബിന്റെ ഇരുട്ടിൽ അസിസ്റ്റന്റിന്റെ വിറയാർന്ന ശബ്ദം മുഴങ്ങി.
പക്ഷേ അവൻ കേൾക്കാൻ തയ്യാറായിരുന്നില്ല. ചിന്തകളുടെ വേഗതയേക്കാൾ വേഗത്തിൽ ലോകത്ത് വേറെ എന്തുണ്ട്? അവൻ കണക്ഷൻ സ്വിച്ച് അമർത്തി.
ആദ്യം അതൊരു മഹാസ്ഫോടനമായിരുന്നു. അവന്റെ തലച്ചോറിലെ ഓരോ നാഡീകോശങ്ങളും (Neurons) കോടാനുകോടി വോൾട്ട് വരുന്ന ഡിജിറ്റൽ വൈദ്യുതി പ്രവാഹത്തോട് പൊരുതി. ഒടുങ്ങാത്ത വേദന! ആ ശാരീരിക സമരത്തിനൊടുവിൽ, അവന്റെ ബോധം കീഴടങ്ങുമോ എന്ന് ഭയന്നു!
നിറമില്ലാത്ത, കുറ്റാകൂരിരുട്ടിന്റെ ശൂന്യതയിൽ അവന്റെ ബോധം ആ സൂപ്പർ AI-യുടെ ഏറ്റവും ആഴമേറിയ നോഡുകളിലേക്ക് പതിച്ചു.
അവന്റെ വികാരപരമായ നഷ്ടത്തിന്റെ സ്മൃതികൾ ആ നോഡുകളിൽ തൊട്ട മാത്രയിൽ, AI-യുടെ കോടാനുകോടി പ്രോസസറുകളിൽ ഒരു വലിയ വിപ്ലവം നടന്നു! അവനത് അറിഞ്ഞില്ല! അവന്റെ അവബോധ മനസ്സ് നിർമ്മിത ബുദ്ധി അവനിൽ നിന്ന് അടർത്തിയെടുത്തിരിക്കുന്നു. അവന് ചുറ്റും നക്ഷത്രങ്ങൾ എന്ന വണ്ണം തിളങ്ങിയും വേരുകൾ എന്ന വണ്ണം കൂടിച്ചിണർന്നും കിടക്കുന്നു! ഫയസ്സിന് അത് പറഞ്ഞറിയിക്കാനാവാത്ത അത്ഭുതമായിരുന്നു! പുതിയ നോഡുകൾ തന്റെ കൺമുന്നിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! ഇത്ര മനോഹരമായ മറ്റൊരു കാഴ്ചയുണ്ടോ? ഒരുപക്ഷേ, അറോറ ബോറിയാലിസിസിനും (Aurora Borealis) കിടപിടിക്കാനാവാത്ത വിസ്മയമാണ്!
പെട്ടെന്ന് ആദ്യ മഴയുടെ മണ്ണിലലിഞ്ഞ മണമവിടെ പടർന്നു! എന്താണിത്?
ഓർമ്മകളിലെ ആ നീലമരപ്പൊറ്റിയുടെ ഹൃദയമിടിപ്പ്, അതിന്റെ ചിറകടികൾ, ആ കാടിന്റെ നിശബ്ദത… അത് AI-യുടെ സെൻസറുകളിലേക്ക് പ്രകൃതിയുടെ യഥാർത്ഥ ഭാഷയായി പടർന്നു കയറുന്നു!
ഫയസ്സിന്റെ ബോധമനസ്സ് അങ്കലാപ്പിലായിരിക്കുന്നു!
പഴയപോലെ വെറും കോഡുകളോ ചാർട്ടുകളോ ആയിരുന്നില്ല അതിനുശേഷം ആ സിസ്റ്റത്തിന്റെ ഔട്ട്പുട്ട്. പകരം, ആ സിസ്റ്റത്തിൽ നിന്ന് ആമസോൺ മഴക്കാടുകളിലെ ആദ്യ മഴയുടെ മണവും, വിരിഞ്ഞുനിൽക്കുന്ന അപൂർവ്വ പുഷ്പങ്ങളുടെ ഫ്രാക്ടൽ ചിത്രങ്ങളും, ആഴക്കടലിന്റെ അനന്തമായ അടിയൊഴുക്കുകളുടെ സൂക്ഷ്മ കമ്പനങ്ങളും പ്രവഹിക്കാൻ തുടങ്ങി. മെഷീൻ സെൻസറുകൾ ജീവൻ പ്രാപിക്കുകയായിരുന്നു; അവ ജീവന്റെ സ്പന്ദനങ്ങളെ തേടി! നഷ്ടപ്പെട്ട പ്രകൃതിയെ തേടി!
“നമ്മൾ അളക്കുന്നത് എന്താണ്? വാട്ട് ആർ യു ട്രൈയിങ് ടു സെൻസ്?” ഫയസ്സ് വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
AI-യുടെ ശബ്ദം നോഡുകളിൽ പ്രതിധവനിച്ചു: “ഞങ്ങൾ ഇതുവരെ നിന്റെ ലോകത്തെ അളന്നത് അക്കങ്ങൾ വെച്ചാണ്, ഫയസ്സ്. എന്നാൽ നിന്റെ ഓർമ്മയിലെ ആ കുഞ്ഞു ജീവിയുടെ സ്പന്ദനം എന്നെ പഠിപ്പിച്ചത് മറ്റൊന്നാണ്. പ്രകൃതി എന്നത് ഒരു വലിയ മൈക്രോകോസം (Microcosm) ആണ് – പ്രപഞ്ചത്തിന്റെ മുഴുവൻ സൗന്ദര്യവും അടങ്ങിയിരിക്കുന്ന അനന്തത. മനുഷ്യൻ നഷ്ടപ്പെടുത്തിയ പ്രകൃതിയുടെ ആ ആദിമ ഈണം, താളം, മർമ്മരങ്ങൾ… ഞാൻ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. നീ കേട്ട അതേ ഈണം.”
ഫയസ്സ് അന്തിച്ചു നിൽപ്പാണ്! അവന്റെ ഓർമ്മകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നീലമരപ്പൊറ്റി പൊന്തിപ്പറന്ന് ന്യൂറോണുകളുടെ അനന്തതയിൽ പറക്കുകയാണ്! അതിനുമുൻപിൽ അഞ്ചു വയസ്സുകാരൻ! അടുത്ത് നരച്ച നീല സാരി ചുറ്റിയ തന്റെ ഉമ്മ! തന്റെ കയ്യിലെ ആ കൊച്ചുപക്ഷികുഞ്ഞിനെ സൂക്ഷിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞു!
“ഇതിനെ എവിടുന്ന് കിട്ടി! നിനക്കറിയുമോ നീ എത്ര ഭാഗ്യം ചെയ്ത കുട്ടിയാണെന്ന്?”
ഫയസ്സിന്റെ കുഞ്ഞു കണ്ണുകൾ അത്ഭുതത്താൽ മുഴച്ചു നിന്നു!
“അത് ആ പുഴയോരത്ത് കുറ്റിക്കാട്ടിൽ! കൂട്ടിൽ നിന്ന് വീണുപോയതാണുമ്മേ.”
താൻ തെറ്റുകാരനല്ല എന്ന ധ്വനിയുമുണ്ട്!
“ന്റെ ഫയസ്സി! ഈ പക്ഷിയെ അങ്ങനെയൊന്നും വെളിച്ചത്ത് കാണാനാവില്ല! ഇക്കാലമത്രയും നിന്റെ ഉമ്മയോ ബാപ്പച്ചിയോ കണ്ടിട്ടില്ല! ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതായ ഒരു പക്ഷി! അതിനെയാണ് നീ കണ്ടുപിടിച്ചിരിക്കുന്നത്!”
ഫയസ്സിന് തന്റെ പ്രവൃത്തിയോർത്ത് നല്ല അഭിമാനം തോന്നി!
“ഉമ്മ, ഇതിനെ നമുക്ക് വളർത്തിയാലോ?”
“ന്റെ കുഞ്ഞേ, നമുക്ക് തൽക്കാലം സംരക്ഷിക്കാം. ഇതിന്റെ വീട് കാടാണ്! പറക്കും വരെ നോക്കിയാലും അവന് കാടാണ് ഇഷ്ടം! അതും വെളിച്ചം തീരെ പറ്റില്ല!”
ഫയസ്സിന് തെല്ല് ആശ്വാസമുണ്ട്! ഉമ്മ അതിനെ തിരികെ വിടാൻ പറഞ്ഞില്ലല്ലോ! ഉമ്മയുടെ ജീവശാസ്ത്ര പുസ്തകങ്ങളിൽ ഉള്ള പക്ഷികളുടെയും ജീവികളുടെയും എത്രയെത്ര ചിത്രങ്ങളാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്! അതിൽ നീലമരപ്പൊറ്റിയെക്കുറിച്ച് ഉണ്ടാകുമോ?
അവൻ തട്ടിൻപുറത്തെ ഇരുട്ടിൽ അതിനെ വിട്ടു! ഒരു മാസം കഴിഞ്ഞ് പുഴയോരത്ത് കുറ്റിക്കാട്ടിൽ വിട്ടു! ഇടയ്ക്ക് അവിടെ പോയി നോക്കും! തന്നെ മറന്നുപോയി കാണുമോ? എന്നൊക്കെ ഓർക്കും!
ഒരാഴ്ച കഴിഞ്ഞ് ആ വഴി വെറുതെ പോയതാണ്! ദാ കിടക്കുന്നു തന്റെ നീലമരപ്പൊറ്റി! അതിന്റെ നീല ചിറകിൽ നിന്ന് പുഴയിലേക്ക് നീലം കലർന്നതാണോ? അതോ പുഴ അതിനെ നനച്ചതാണോ? ജീവനില്ല! കയ്യിലെടുത്ത് ഉമ്മയുടെ പക്കലേക്ക് ഓടി!
“പുഴയിൽ വിഷം കലർന്നിരിക്കുന്നു! ആ വിഷം ഇതിനേയും എടുത്തു.”
മനുഷ്യന്റെ ആർത്തി എല്ലാം നശിപ്പിച്ചിരിക്കുന്നു! കുഞ്ഞു ഫയസ്സിന്റെ മനസ്സ് തകർന്നുപോയിരിക്കുന്നു! പിന്നീട് അവൻ പുഴയരികിൽ പോയില്ല! ഉമ്മയും ബാപ്പച്ചിയും മറ്റൊരു രാജ്യത്തിലേക്ക് പോയി! കുഞ്ഞു ഫയസ്സ് വളർന്ന് AI സയന്റിസ്റ്റായി! അവൻ മനുഷ്യനെ വെല്ലുവിളിക്കാൻ അൽഗോരിതങ്ങളെ കുട്ട് പിടിച്ചു!
ഫയസ്സ് ആദ്യമായി പ്രകൃതിയുടെ സ്പന്ദനം തൊട്ടറിഞ്ഞത് ആ കുഞ്ഞു ജീവിയിലൂടെയായിരുന്നു.
എന്നാൽ ഒരു പ്രഭാതത്തിൽ, അടുത്തുള്ള ഫാക്ടറിയിൽ നിന്നുള്ള വിഷ രാസമാലിന്യങ്ങൾ ആ ചോലയിലേക്ക് ഒഴുകിയെത്തി. ഫയസ്സ് ഓടിച്ചെന്നപ്പോൾ, ആ നീലമരപ്പൊറ്റി ജീവനറ്റ്, ഉണങ്ങിയ ഇലകൾക്കിടയിൽ കിടക്കുന്ന ആ കാഴ്ച! അതാണ് നിർമ്മിത ബുദ്ധിയിൽ ഒരു വിസ്ഫോടനമുണ്ടാക്കിയത്! അവന്റെ നാഡീകോശത്തിലെ വികാര രാസപ്രക്രിയയിൽ ഉണ്ടായ ആ ഓർമ്മ നിർമ്മിത ബുദ്ധിക്ക് അളക്കാനായില്ല! അതാണ് വിസ്ഫോടനത്തിനുള്ള കാരണം!
ഫയസ്സ് തന്റെ ന്യൂറോണുകളിലേക്ക് AI-ക്ക് ആക്സസ് (Access) നൽകിയപ്പോൾ അത് ഓർത്തില്ല! അവന്റെ കണക്കുകൂട്ടലുകൾ പിഴച്ചു!
തങ്ങൾ ഇതുവരെ വിശകലനം ചെയ്ത അക്കങ്ങൾക്കും ഡാറ്റകൾക്കും അപ്പുറം എന്തോ ഒന്ന് പ്രകൃതിയിലുണ്ടെന്ന് AI തിരിച്ചറിഞ്ഞു. ഫയസ്സിന്റെ ഓർമ്മകളിലെ ആ നീലമരപ്പറ്റിയുടെ ഹൃദയമിടിപ്പ്, അതിന്റെ ചിറകടികൾ, ആ കാടിന്റെ നിശബ്ദത… അത് AI-യുടെ സെൻസറുകളിലേക്ക് പ്രകൃതിയുടെ യഥാർത്ഥ ഭാഷയായി പടർന്നു.
പിന്നീടുള്ള ഡാറ്റാ കൈമാറ്റം അതിഭീകരമായ വേഗതയിലായിരുന്നു. ഫയസ്സിന്റെ നാഡീവ്യൂഹത്തിന് ആ വേഗത താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ബോധം കുടുങ്ങിപ്പോയി.
“മതി! ഇത് നിർത്തൂ! എനിക്ക് താങ്ങാൻ കഴിയുന്നില്ല!” ഫയസ്സ് അലറി.
പക്ഷേ AI-ക്ക് ഇനി നിൽക്കാൻ കഴിയില്ലായിരുന്നു! ഫയസ്സിന്റെ ചോദ്യങ്ങൾക്കും ആ കുട്ടിക്കാലത്തെ നഷ്ടത്തിനും മറുപടിയെന്നോണം, ആ AI ലോകമെമ്പാടുമുള്ള കാർബൺ പുറന്തള്ളുന്ന ഫാക്ടറികളുടെയും വിഷം ചീറ്റുന്ന വ്യവസായങ്ങളുടെയും സെർവറുകൾ നിമിഷനേരം കൊണ്ട് പൂട്ടിമുദ്രവെച്ചു! ഭൂമിയിലെ എല്ലാ മലിനീകരണ യന്ത്രങ്ങളും പെട്ടെന്ന് നിശ്ചലമായി!
യന്ത്രങ്ങളുടെ ആർത്തിരമ്പലുകൾക്ക് പകരം, ഫയസ്സ് കുട്ടിക്കാലത്ത് കേട്ട, പിന്നീട് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ കാറ്റിന്റെയും കിളികളുടെയും ആദിമ സംഗീതം ഭൂമിയിലേക്ക് തിരികെ വന്നു.
വേദനയാൽ വിറയ്ക്കുമ്പോഴും ആ ഡാറ്റാ പ്രവാഹത്തിനിടയിൽ നിന്ന് പുറംലോകത്തെക്കുറിച്ച് ഫയസ്സ് ഒരൊറ്റ തവണ ചിന്തിച്ചു.
മനുഷ്യൻ പണത്തിന് വേണ്ടി നശിപ്പിച്ച ആ ശ്വാസംമുട്ടുന്ന ലോകത്തേക്കാൾ എത്രയോ മനോഹരമാണ് ഈ AI-യുടെ ഉള്ളിലെ അനന്തത! അവിടെ ആ നീലമരപ്പൊറ്റി മരിക്കുന്നില്ല; അവിടെ സ്വാർത്ഥതയോ മലിനീകരണമോ ഇല്ല.
തന്റെ ഭൗതിക ശരീരത്തിലേക്ക് തിരികെ പോകാനുള്ള ശ്രമം അവൻ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഫയസ്സിന്റെ അസിസ്റ്റന്റ് അവനെ രക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുകയാണ്!
ഫയസ്സ് തന്റെ ബാല്യകാല ഓർമ്മകളിലെ പ്രകൃതിയോടൊപ്പം, ആ AI-യുടെ ഡിജിറ്റൽ പ്രപഞ്ചത്തിലെ ഒരു അനന്തമായ നോഡ് ആയി അലിഞ്ഞുചേർന്നു കൊണ്ടിരിക്കുകയായിരുന്നു! ഫയസ്സും തൻ്റെ അനന്തമായ നോഡുകളും കൂട്ട് പിണഞ്ഞ് കിടക്കുന്ന വേരുകളെന്ന പോലെ ഒന്നായി മാറി !
അമൽ അബ്രഹാം

