നഗരപ്രാന്തത്തിലെ അത്യാവശ്യം തിരക്കുള്ള ഒരു കഫേ. കൗണ്ടറിൽ അതിന്റെ ഉടമസ്ഥൻ കൂടിയായ നന്ദനാണ് ഇരിക്കുന്നത്. ഒരു ടേബിളിൽ ഇരിക്കുന്ന സ്ത്രീ കുറച്ചുനേരമായി ഇടയ്ക്കിടയ്ക്ക് തന്നെ നോക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏകദേശം തന്റെ തന്നെ പ്രായമുണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവരെ അയാൾ കാണുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം തനിക്കറിയാവുന്ന ഒരാളുടെ ഓർമ്മ നന്ദന്റെ മനസ്സിലേക്ക് വരികയും അയാളുടെ ഹൃദയം നഷ്ടപ്പെട്ടുപോയ ഒരു പ്രണയത്തിന്റെ ഓർമ്മയിൽ നൊമ്പരപ്പെടുകയും ചെയ്യുമായിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ആ സ്ത്രീ അയാളുടെ അടുത്തേക്ക് ചെന്ന് അയാളോട് ചോദിച്ചു, ‘’നന്ദഗോപനല്ലേ?’’
‘’അതെ’’.അയാൾ പറഞ്ഞു
‘’എന്നെ ഓർമ്മ കിട്ടുന്നില്ല, അല്ലേ?’ അവർ ഒരു ചെറിയ ചിരിയോടെ ചോദിച്ചു. “ഞാൻ വിവേകിന്റെ ഭാര്യയാണ്”
“രേഷ്മ…” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
അവളുടെ പുഞ്ചിരി ഒന്നുകൂടെ വിടർന്നു.
“അതെ. അപ്പോൾ മറന്നിട്ടില്ലല്ലേ?”
‘’എങ്ങനെ മറക്കാൻ?’” അയാളുടെ വാക്കുകൾ പുറത്തേക്ക് വന്നില്ല. അയാളുടെ മനസ്സിൽ ഓർമ്മകളുടെ ഒരഗ്നിപർവതം പുകഞ്ഞു തുടങ്ങി..
ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് നന്ദൻ രേഷ്മയോട് ചോദിച്ചു,
“വിവേക് എവിടെ? അവന് സുഖമല്ലേ? എത്ര നാളായി കണ്ടിട്ട്? രേഷ്മ വല്ലാതെ മാറിപ്പോയിരിക്കുന്നു. മനസിലായതേയില്ല”
പെട്ടെന്ന് രേഷ്മയുടെ മുഖമൊന്നു മാറി. എങ്കിലും സമചിത്തതയോടെ അവൾ പറഞ്ഞു, “അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. നന്ദന്റെ കുടുംബം… എത്ര കുട്ടികളുണ്ട്? വൈഫ് എന്താണ് ചെയ്യുന്നത്”?
”എന്റെ കല്യാണം കഴിഞ്ഞില്ലെടോ.”
”ഓഹോ, അതെന്തുപറ്റി?”
”എല്ലാവരും പറയുന്ന കാര്യം തന്നെ. മനസ്സിനിഷ്ടപ്പെട്ട ഒരാളെ കിട്ടിയില്ല.” അതും പറഞ്ഞ് നന്ദൻ പൊള്ളയായ ഒരു ചിരി ചിരിച്ചു.
”അതോ, മനസ്സിൽ ഇഷ്ടപ്പെട്ടിരുന്ന ആൾ മറ്റൊരാളെ കല്യാണം കഴിച്ച് പോയതുകൊണ്ടാണോ?” രേഷ്മ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
ആ നോട്ടം നേരിടാൻ ത്രാണിയില്ലാതെ നന്ദൻ നോട്ടം മാറ്റി.
രേഷ്മ അവിടെയിരുന്ന ഒരു കാർഡിൽ അവളുടെ ഫോൺ നമ്പറും അഡ്രസ്സും എഴുതിക്കൊടുത്തു.
”നന്ദൻ സൗകര്യം പോലെ എൻറെ വീട്ടിലേക്ക് വരൂ, നമുക്ക് സംസാരിക്കാം. നാളെ ഞായറല്ലേ. പറ്റിയാൽ നാളെത്തന്നെ വരൂ.”
അയാൾക്ക് പഴയ ഓർമ്മകളുടെ തള്ളിക്കയറ്റത്തിൽ സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. കഫേ നോക്കാൻ ഒരു ജോലിക്കാരനോട് പറഞ്ഞിട്ട് നന്ദൻ വീട്ടിലേക്ക് തിരിച്ചു.
ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവേകിന് രേഷ്മയോടുള്ള പ്രണയം തുടങ്ങുന്നത്. പിന്നീട് വിവേകിന്റെ ആവശ്യപ്രകാരം അവൻ എഴുതുന്നതുപോലെ രേഷ്മയ്ക്ക് താൻ പ്രണയലേഖനങ്ങൾ എഴുതാൻ തുടങ്ങി. ആദ്യമൊക്കെ അതൊരു രസകരമായ പരിപാടിയായിരുന്നുവെങ്കിലും പിന്നീടെപ്പോഴോ താൻ തന്നെ രേഷ്മയ്ക്ക് പ്രണയലേഖനമെഴുതുന്നതുപോലെ തനിക്ക് തുടങ്ങി. ആ തോന്നൽ വളർന്ന് രേഷ്മയോടുള്ള പ്രണയമാകാൻ അധികം കാലമൊന്നും വേണ്ടിവന്നില്ല.
പക്ഷേ, ആത്മാർത്ഥ സുഹൃത്തിന്റെ പ്രണയിനിയെ താൻ പ്രണയിക്കുന്നതിലെ അധാർമികതയും മര്യാദകേടും ഓർത്ത് മനസ്സിനെ നിയന്ത്രിച്ചു.
എങ്കിലും ഒരുമിച്ചിരുന്ന് മദ്യപിച്ച ഒരു ദിവസം അറിയാതെ താൻ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞുപോയി. അതോടെ അഞ്ചു വർഷമായി ഉണ്ടായിരുന്ന ഞങ്ങളുടെ സൗഹൃദവും തകർന്നു. പിന്നീട് രേഷ്മയുടെയും വിവേകിന്റെയും വിവാഹത്തിനും തന്നെ ക്ഷണിച്ചിരുന്നില്ല.
പക്ഷേ, കാലമെത്ര കഴിഞ്ഞാലും രേഷ്മയോടുള്ള പ്രണയം തന്റെയുള്ളിൽ യാതൊരു മങ്ങലുമില്ലാതെ കൂടുതൽ തെളിമയോടെ അവശേഷിക്കുക തന്നെയായിരുന്നു. സ്നേഹവും പ്രിയപ്പെട്ട മനുഷ്യരുടെ ഓർമ്മകളും പ്രണയവുമൊന്നും സ്ഥിരമായി മറന്നുപോകുന്നില്ല. പകരം, മറവിയുടെ ചാരം വന്ന് താത്കാലികമായി ആ കനൽ മൂടിയിടുക മാത്രമാണ് ചെയ്യുന്നതെന്ന് അയാൾക്ക് തോന്നി. ഒരു ചെറിയ കാറ്റടിച്ചാൽ പോലും ആ കനലിൽ മൂടിയ ചാരം പറന്ന് കനൽ വീണ്ടും ജ്വലിച്ചുതുടങ്ങും. വിവേകിന്റെ ഹൃദയം രേഷ്മയോടുള്ള പ്രണയത്തിന്റെ ഓർമ്മകളാൽ ആർദ്രമായി.
പിറ്റേന്ന് സന്തോഷവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ അയാൾ രേഷ്മ പറഞ്ഞ അഡ്രസ്സിലുള്ള വീട്ടിലെത്തി. അയാളെ കാത്തു നിന്നപോലെ രേഷ്മ നിറഞ്ഞ ചിരിയോടെ വീടിനു മുന്നിലുണ്ടായിരുന്നു. വിവേകിനെ ഒരിടത്തും കണ്ടില്ല.
”വിവേക് എവിടെ?” അയാൾ ചോദിച്ചു.
”വിവേക് ഇപ്പോൾ എന്നോടൊപ്പമില്ല. ഞങ്ങൾ ഒരുമിച്ച് താമസിച്ചത് വെറും രണ്ടു വർഷം മാത്രമാണ് നന്ദാ. അപ്പോഴേക്കും പിരിയേണ്ടി വന്നു”
അയാൾ ഒന്നും മനസ്സിലാകാതെ രേഷ്മയെ തുറിച്ചുനോക്കി. “എന്താണ് സംഭവിച്ചത് നിങ്ങൾക്കിടയിൽ?”
”അതിനുമുമ്പ് ഞാനൊന്നു ചോദിക്കട്ടെ, വിവേകുമായി നന്ദൻ എന്തിനാണ് പിണങ്ങിയത്?”
രേഷ്മയുടെ ചോദ്യത്തിന് മറുപടി പറയാൻ നന്ദന് വാക്കുകൾ കിട്ടിയില്ല. അയാൾ മുഖം കുനിച്ച്, കള്ളം പറഞ്ഞു പിടിക്കപ്പെട്ട കുട്ടിയെപ്പോലെ മുഖം കുനിച്ച് തറയിലേക്ക് നോക്കിയിരുന്നു.
”നോക്കൂ നന്ദാ, എനിക്ക് കത്തെഴുതിയിരുന്നതെല്ലാം നന്ദനാണ് എന്ന് കല്യാണത്തിന് മുന്നേ അറിയാമായിരുന്നു. അവന് എന്നോട് സ്നേഹമുണ്ടായിരുന്നുവെങ്കിലും അതിനുവേണ്ടി അവൻ ഒരെഫർട്ടുമിടാൻ തയ്യാറായിരുന്നില്ല എന്നതാണ് എനിക്ക് ഏറ്റവും സങ്കടകരമായി തോന്നിയത്. കാരണം, നന്ദൻ എഴുതിക്കൊടുക്കുന്ന എഴുത്തുകൾ അവന്റെ കൈയക്ഷരത്തിലൊന്നു പകർത്തിയെഴുതാൻ പോലും വിവേകിന് മടിയായിരുന്നു. എല്ലാം ശരിയാകുമെന്ന് കരുതി ഒരുമിച്ച് ജീവിതം തുടങ്ങി.
പക്ഷേ പിന്നീട് പതുക്കെപ്പതുക്കെ അവന്റെ മടിയും ഉത്തരവാദിത്തമില്ലായ്മയുമെല്ലാം ഞങ്ങളുടെ ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി. അതിനിടയിലായിരുന്നു നന്ദന് എന്നോട് പ്രണയമുണ്ടായിരുന്നു എന്ന് പറഞ്ഞ് വിവേക് വഴക്കുണ്ടാക്കിയത്. അതെനിക്ക് പുതുയ അറിവായിരുന്നു. നന്ദൻ ഒരിക്കലും എന്നോടത് പറയുകയോ ഒരു സൂചന പോലും നൽകുകയോ ചെയ്തിട്ടില്ലല്ലോ എന്ന് ഞാൻ ആലോചിച്ചു. മദ്യപാനവും ഒരു ജോലിയിലും ഉറച്ചുനിൽക്കാൻ കഴിയാത്തതും എല്ലാം ചേർന്ന് അവനെ ഒരു സംശയരോഗി കൂടിയാക്കി തീർത്തിരുന്നു. നന്ദന്റെ പേരു പറഞ്ഞായിരുന്നു പലപ്പോഴും എന്നെ ഉപദ്രവിച്ചിരുന്നത്. ഒടുവിൽ ഞങ്ങൾ വിവാഹമോചിതരായി. വിവേക് യുഎഇയിൽ എവിടെയോ ജോലി ചെയ്യുന്നു എന്നാണ് അവസാനം അറിയാൻ കഴിഞ്ഞത്. അവൻ മറ്റൊരു കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.”
നന്ദൻ കഥകളെല്ലാം കേട്ട് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു.
രേഷ്മ നന്ദന്റെ കണ്ണുകളിലേക്ക് നോക്കി: “നന്ദാ, നിങ്ങൾക്ക് പറ്റിയത് എനിക്ക് മനസ്സിലാവുന്നുണ്ട്. കൂട്ടുകാരന് വേണ്ടിയാണ് പ്രണയലേഖനങ്ങൾ എഴുതി തുടങ്ങിയതെങ്കിലും, എപ്പോഴോ ഏതോ ഒരു നിമിഷത്തിൽ നിങ്ങൾക്ക് എന്നോട് പ്രണയം തോന്നിയിരിക്കാം. അതൊരു തെറ്റൊന്നുമായി എനിക്ക് തോന്നുന്നില്ല. പക്ഷേ, നിങ്ങൾ അത് സത്യസന്ധമായി കൂട്ടുകാരനോട് പറഞ്ഞതാണ് ഏറ്റവും വലിയ തെറ്റായിപ്പോയത്. അതുകൊണ്ടാണ് നിങ്ങളുടെ സ്നേഹബന്ധം തകർന്നത്.”
”നിങ്ങളുടെ വിവാഹബന്ധം തകരാൻ ഞാനൊരു കാരണക്കാരനായല്ലേ?” നന്ദൻ കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി.
”ഇല്ല നന്ദാ, ഒരിക്കലും അങ്ങനെ കരുതരുത്. നന്ദൻ ഇക്കാര്യങ്ങളൊക്കെ അവനോട് പറഞ്ഞില്ലായിരുന്നുവെങ്കിലും ഞാനും വിവേകും ഒരുമിച്ച് പോവില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും അത് മനസ്സിലായി. പിന്നെ അവന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി നന്ദനെ ഞങ്ങൾക്കിടയിലേക്ക് അവൻ വലിച്ചിട്ടു എന്ന് മാത്രം”.
”രേഷ്മാ, ഞാൻ എന്നാൽ പോയിട്ട് വരട്ടെ,” നന്ദൻ എഴുന്നേറ്റു.
”നന്ദൻ ഇരിക്കൂ, ഞാൻ ചായയെടുക്കാം.” രേഷ്മ അകത്തേക്ക് പോയി.
തിരിച്ചു വരുമ്പോൾ അവളുടെ കയ്യിൽ ചായയോടൊപ്പം ഒരു കവറുമുണ്ടായിരുന്നു. രേഷ്മ ആ കവർ നന്ദന് നേരെ നീട്ടി.
”നന്ദന് എന്നോട് പ്രണയമുണ്ടായിരുന്നു എന്ന് അറിഞ്ഞതിനും , ഞങ്ങളുടെ ഡിവോഴ്സിനും ശേഷം ഞാൻ പഴയ കത്തുകൾ ചിലതെല്ലാം വായിച്ചു നോക്കി. അന്ന് ഞാൻ നന്ദന് എഴുതിവെച്ച മറുപടിയാണിത്. എന്നെങ്കിലും കണ്ടാൽ തരണമെന്ന് കരുതി. വീട്ടിൽ പോയിട്ട് വായിച്ചാൽ മതി.”
നന്ദൻ ചായ കുടിച്ച് കവറുമായി എഴുന്നേറ്റു.
”ശരി രേഷ്മ, നമുക്കിടയ്ക്ക് കാണാം. രേഷ്മ പിന്നീട് എന്തേ കല്യാണമൊന്നും ആലോചിക്കാഞ്ഞത്?”
”നന്ദൻ കല്യാണം കഴിക്കാതിരുന്ന അതേ കാരണം തന്നെയെന്നു കൂട്ടിക്കോളൂ,” രേഷ്മ ഒരു ചിരിയോടെ പറഞ്ഞു.
വീട്ടിലെത്തി നന്ദൻ കത്ത് വായിക്കാൻ തുടങ്ങി.
പ്രിയപ്പെട്ട നന്ദാ,
എന്നെങ്കിലും നമ്മൾ തമ്മിൽ കാണുമെന്നും ഈ കത്ത് നീ വായിക്കുമെന്നും കരുതട്ടെ. നിന്റെ കത്തുകളിലെ പ്രണയത്തേക്കാളുപരി എന്റെ ഓരോ കുഞ്ഞു കാര്യങ്ങളിലും നിനക്കുള്ള ശ്രദ്ധ എനിക്കത്ഭുതമായിരുന്നു. ഞാൻ വിവേകിനെ പ്രണയിച്ചത് ആ കത്തുകളിൽ കൂടിയായിരുന്നു അഥവാ അതെഴുതിയത ആളെയായിരുന്നു.
നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഒരിക്കൽപോലും അറിയാതെ പോയ പെൺകുട്ടിയല്ല ഇനി ഞാൻ. എന്നെ സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്റെ ഹൃദയം തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയ സ്ത്രീയാണ്.ഒരിക്കൽ നീ വിവേകിന്റെ പേരിൽ നിന്റെ ഹൃദയം ഒളിപ്പിച്ചുവെച്ചു. ഇന്ന് ഞാൻ നിന്റെ പേരിൽ എന്റെ ഹൃദയത്തിന്റെ ഒരു വാതിൽ തുറന്നുവെക്കുന്നു.
വരണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഒരിക്കൽ വരണമെന്ന് നിനക്ക് തോന്നിയാൽ, ഇത്തവണ നിന്റെ കയ്യിൽ മറ്റൊരാളുടെ പേരെഴുതിയ കത്തുകളൊന്നും വേണ്ട.
നിന്റെ സ്വന്തം വാക്കുകളുമായി വന്നാൽ മതി.
ഞാൻ കേൾക്കാം.
സ്നേഹത്തോടെ…
ഒരിക്കൽ നിന്റെ കത്തുകളിൽ പ്രണയം വായിച്ചവൾ, ഇന്ന് ആ കത്തുകൾക്കു പിന്നിലെ ഹൃദയത്തെ തിരിച്ചറിയുന്നവൾ….
അയാൾ ഫോണെടുത്തു രേഷ്മയുടെ നമ്പർ ഡയൽ ചെയ്തെങ്കിലും അത് കട്ട് ചെയ്തിട്ട് ഒരു പേപ്പറെടുത്ത് അവൾക്ക് മറുപടി എഴുതാൻ തുടങ്ങി.

