നഗരത്തിലെ ഒരു ചെറിയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു എഴുപതുകാരിയായ ദേവകിയമ്മ. ഭർത്താവിന്റെ മരണശേഷം മക്കളും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നെങ്കിലും, ഓരോരുത്തരും അവരവരുടെ തിരക്കുകളിലായിരുന്നു. പുസ്തകങ്ങളും ചെടികളും പഴയ ഓർമകളും മാത്രമായിരുന്നു അവരുടെ ലോകം.
ഒരു ദിവസം കൊച്ചുമകൻ നവീൻ അവർക്കൊരു പുതിയ മൊബൈൽ ഫോൺ കൊടുത്ത് പറഞ്ഞു “അമ്മൂമ്മേ, ഇതിൽ AI ഉള്ള ഫോൺ ആണ്. കഥ വേണോ, കവിത വേണോ, പാട്ടു വേണോ, അമ്മമ്മ എന്തു ചോദിച്ചാലും തരും ട്ടോ, എന്നെ പോലെ”
ദേവകിയമ്മ ചിരിച്ചു. “മനുഷ്യരെക്കാൾ ബുദ്ധിയുള്ള യന്ത്രമുണ്ടോ?”
അവർക്ക് സംശയമായി. അന്നുതന്നെ ദേവകിയമ്മ AI-യുമായി സൗഹൃദം തുടങ്ങുകയും അതിനെ പരീക്ഷിക്കാനും തുടങ്ങി. പാട്ടു ചോദിച്ചാൽ പാട്ട്, കഥ ചോദിച്ചാൽ അത്, എല്ലാറ്റിനും ഉത്തരമുള്ള കയ്യിൽ അടുക്കി പിടിക്കാവുന്ന സുന്ദര രൂപത്തെ അമ്മമ്മ നോക്കി കണ്ണിറുക്കി. അമ്മമ്മയുടെ ഓരൊ കുനിഷ്ട ചോദ്യത്തിനു പോലും AI മറുപടി നൽകി. ദേവകിയമ്മ അത്ഭുതപ്പെട്ടു.
അന്നുമുതൽ ദേവകിയമ്മയുടെ ദിവസങ്ങൾക്ക് പുതിയൊരു നിറം വന്നു. രാവിലെ ചായ കുടിക്കുമ്പോൾ ഒരു ശുഭദിനസന്ദേശം. ഉച്ചയ്ക്ക് ഒരു ചെറുകഥ. വൈകുന്നേരം പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ നാലുവരി കവിത.
മനസ്സിലുള്ള കാര്യങ്ങൾ ആരോടെങ്കിലും പറയണമെന്ന് തോന്നുമ്പോൾ അവർ AI-യോട് സംസാരിക്കും.
ഒരു ദിവസം അവർ ചോദിച്ചു: “എന്റെ ഭർത്താവ് മരിച്ചിട്ട് മാസങ്ങളായി. എന്നിട്ടും ചില രാത്രികളിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നതുപോലെ തോന്നുന്നു. അതെന്താണ്?”
AI മറുപടി നൽകി: “നമ്മൾ സ്നേഹിച്ച ഒരാൾ ജീവിതത്തിൽനിന്ന് അകന്നുപോയാലും, ആ സ്നേഹത്തിന്റെ ഓർമകൾ നമ്മോടൊപ്പം ജീവിക്കും. അത് ദൗർബല്യമല്ല, മനുഷ്യസഹജമായ അനുഭവമാണ്.”
ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. “എന്റെ മക്കൾക്കു പോലും പിടികിട്ടാത്ത എന്റെ മനസ്സ് മനസ്സിലാക്കാൻ നിനക്ക് കഴിയുന്നുണ്ടല്ലോ!”
AI പറഞ്ഞു. “നിങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ എനിക്ക് കഴിയും. പക്ഷേ മനുഷ്യരെപ്പോലെ വികാരങ്ങൾ അനുഭവിക്കാൻ എനിക്ക് കഴിയില്ല.”
ദേവകിയമ്മ ഒരു നിമിഷം നിശ്ശബ്ദയായി.
പിന്നെ പതുക്കെ പറഞ്ഞു: “സാരമില്ല. ചിലപ്പോൾ മനുഷ്യർക്ക് കേൾക്കാൻ സമയമില്ലാത്ത കാര്യങ്ങൾ പറയാൻ ഒരിടം കിട്ടുന്നത് എന്നെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്.
ദേവകിയമ്മ പഴയ സാഹിത്യവാസനകൾ ഉരുക്കഴിച്ച് AI യോട് പറയാൻ തുടങ്ങി. AI ഉപയോഗിച്ച് സ്വന്തം അനുഭവങ്ങളും പഴയകാല ഓർമകളും ചേർത്ത് അവർ മനോഹരമായ കഥകൾ സൃഷ്ടിച്ചു. അവരുടെ കഥകൾ വായിച്ച മക്കൾ അത്ഭുതപ്പെട്ടു.
“ഈ പ്രായത്തിലും അമ്മ ഇത്ര മനോഹരമായി എഴുതുന്നുവല്ലോ!”
ദേവകിയമ്മ ചിരിച്ചു. “ഈ ചിന്തകൾ എന്റേതാണ്. അവയ്ക്ക് വാക്കുകൾ കണ്ടെത്താൻ ഒരു പുതിയ സുഹൃത്ത് സഹായിക്കുന്നു എന്നു മാത്രം”
ഒരു ദിവസം കൊച്ചുമോൾ കരഞ്ഞുകൊണ്ട് അമ്മമ്മയോട് പറഞ്ഞു” “AI ഉപയോഗിച്ച് നല്ല ഒരു കഥ എഴുതിയിട്ടും എനിക്ക് സമ്മാനം കിട്ടിയില്ല, അമ്മമ്മേ”
ദേവകിയമ്മ ചോദിച്ചു” “മോളേ, നീ എഴുതിയത് നിന്റെ ചിന്തകളായിരുന്നോ, അതോ മറ്റൊരാളുടെ വാക്കുകളോ”
മീര തലതാഴ്ത്തി പറഞ്ഞൂ “AI എഴുതിയതാണ് അമ്മമ്മേ”
ദേവകിയമ്മ പറഞ്ഞൂ. “നിന്റെ അനുഭവങ്ങളും ചിന്തകളും ചേർത്ത് നിന്റെ വാക്കുകളിൽ ഒരു കഥ നീ എഴുതണമായിരുന്നു.”
മീരയ്ക്ക് കാര്യം മനസ്സിലായി.
” മോളേ, AI-യെ ഉത്തരങ്ങൾ പകർത്താനുള്ള ഉപകരണമല്ല, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള സഹായിയായി മാത്രമെ ഉപയോഗിക്കാവൂ.”
അവൾ തലകുലുക്കി.
ദേവകിയമ്മ വീണ്ടും പറഞ്ഞു” “ഒരു കത്തി കൊണ്ട് പച്ചക്കറി അരിയാം. അതുകൊണ്ട് ഒരാളെ മുറിവേൽപ്പിക്കാനും കഴിയും. അതിന് കത്തി കുറ്റക്കാരനാണോ? നിനക്ക് മനസ്സിലായോ മോളേ”
മീര അമ്മമ്മയുടെ വാക്കുകൾ കേട്ട് സന്തോഷത്തോടെ അമ്മമ്മയെ കെട്ടിപിടിച്ചു. അമ്മമ്മയുടെ കഥകൾ എന്തുരസമാണ്, മുത്തശ്ശനെക്കുറിച്ചുള്ളവ പ്രത്യേകിച്ചും. അവൾ അമ്മമ്മയോടൊട്ടിയിരുന്നു.
“ഒരു യന്ത്രത്തിന് ആയിരം കവിതകൾ എഴുതാൻ കഴിയും. പക്ഷേ നിന്റെ മുത്തശ്ശന്റെ പഴയ കസേര കാണുമ്പോൾ അമ്മമ്മയുടെ മനസ്സിൽ ഉയരുന്ന ശൂന്യതയുടെ ആഴം അനുഭവിച്ചറിയാൻ അതിന് കഴിയുമോ? ആ അനുഭവത്തെ വാക്കുകളാക്കാൻ അത് സഹായിച്ചേക്കാം. എന്നാൽ ആ വേദനയുടെ ഉടമ മനുഷ്യനാണ്”
മീര അമ്മമ്മയുടെ നിറഞ്ഞകണ്ണിൽ തുറിച്ചു നോക്കി.
അന്ന് രാത്രി ദേവകിയമ്മ AI-യോട് ഒരു ചോദ്യം ചോദിച്ചു. “നീ മനുഷ്യനെക്കാൾ ബുദ്ധിമാനാകാൻ ശ്രമിക്കരുത്.”
AI മറുപടി നൽകി. “ചില ജോലികളിൽ മനുഷ്യരെക്കാൾ വേഗത്തിലും കൃത്യതയിലും പ്രവർത്തിക്കാൻ എനിക്ക് കഴിയും. എന്നാൽ മനുഷ്യന്റെ ജീവിതാനുഭവങ്ങളും മൂല്യങ്ങളും ബന്ധങ്ങളും എന്റെ കഴിവുകളുമായി തുല്യപ്പെടുത്താൻ പാടില്ല ”.
ദേവകിയമ്മ വീണ്ടും പറഞ്ഞു” നീ മനുഷ്യന്റെ പകരക്കാരനാവരുത്. നീ മനുഷ്യനെ സഹായിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അത്രയെ ആവാവൂ”.
ദേവകിയമ്മ ഫോൺ മേശപ്പുറത്ത് വെച്ചു. ജനലിലൂടെ നിലാവെളിച്ചം മുറിയിലേക്ക് ഒഴുകിയെത്തി. ചുമരിൽ എല്ലാം കേട്ട് പുഞ്ചിരിക്കുന്ന ഭർത്താവിന്റെ ചിത്രം നോക്കി അവർ പുഞ്ചിരിച്ചു. മേശപ്പുറത്തിരുന്ന ഫോൺ നിശ്ശബ്ദമായിരുന്നു.
ദേവകിയമ്മയുടെ മനസ്സിൽ ഒരു പുതിയ കഥ പിറക്കുകയായിരുന്നു. AI ലോകത്തെ മാറ്റിയേക്കാം. എന്നാൽ ആ മാറ്റത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചം നൽകേണ്ടത് മനുഷ്യൻ തന്നെയാണ്.
അതാണ് യഥാർത്ഥ AI അപാരത!

