തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നും, ആരവങ്ങളിൽ നിന്നും അല്പം മാറിമാറി നിൽക്കുന്ന ആ ചെറിയ ലോഡ്ജ് മുറിയിലായിരുന്നു അവർ എപ്പോഴും കണ്ടുമുട്ടിയിരുന്നത്.
മേശപ്പുറത്ത് ചിതറിക്കിടക്കുന്ന നോട്ടുബുക്കുകളും, ആവി പറക്കുന്ന രണ്ട് ചായക്കപ്പുകളും ആ മുറിയുടെ സ്ഥിരം കാഴ്ചകളായിരുന്നു.
പുറത്ത് കാർമേഘങ്ങൾ മൂടിയ ആകാശത്തുനിന്ന് ചാറ്റൽ മഴ ജനൽച്ചില്ലകളിൽ താളം പിടിച്ചുകൊണ്ടിരുന്നു. ആ മുറിയിലെ നേരിയ വെളിച്ചത്തിൽ, നിശബ്ദതയെ സാക്ഷിയാക്കി രണ്ട് ആത്മാക്കൾ പരസ്പരം സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
അവിടെ, തന്നേക്കാൾ പ്രായവും അനുഭവസമ്പത്തുുമുള്ള പ്രശസ്തയായ എഴുത്തുകാരിയായ സുന്ദരിയും മധ്യവയസിലേക്ക് കലൂന്നിയ മീരയുടെ മുന്നിൽ ഇരിക്കുകയായിരുന്നു നരേഷ്.
മലയാള സാഹിത്യ ലോകത്ത് സ്വന്തം വിലാസം ഉണ്ടാക്കിയെടുക്കാൻ വെമ്പുന്ന യുവഎഴുത്തുകാരൻ. മീരയുടെ ഓരോ നോവലും നെഞ്ചിലേറ്റിയാണ് നരേഷ് വളർന്നത്.
മീരയുടെ ഓരോ കഥകളും വായിച്ചു ഹൃദ്യമായ അഭിപ്രായം പങ്ക് വെക്കുന്ന നരേഷ് മീരയുടെ മനസ്സിൽ കയറികൂടി
എന്നാൽ പരസ്പരം ഉള്ള ആ ആരാധന പിന്നീട് മനസ്സിൽ ഒരു പ്രണയമായി മാറിമറിയാൻ അധികകാലം വേണ്ടി വന്നില്ല.
മുറിയിലെ നിശബ്ദത ഭേദിച്ചുകൊണ്ട് മീര സംസാരിച്ചുതുടങ്ങി.
അവളുടെ സ്വരത്തിൽ നേരിയ വിറയലുണ്ടായിരുന്നു.
”നരേഷ്, നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചുപോകാറുണ്ട്. ലോകം നമ്മെ എങ്ങനെ നോക്കിക്കാണും എന്നതിനെക്കുറിച്ചല്ല എന്റെ ഭയം… നമ്മുടെ ഈ അടിയുറച്ച ബന്ധം നമ്മുടെ കുടുംബങ്ങളോട്, പ്രത്യേകിച്ച് എന്നെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വലിയൊരു വഞ്ചനയാണോ എന്ന് മാത്രം.”
മീരയുടെ വാക്കുകൾ കേട്ട് മേശപ്പുറത്തിരുന്ന ഒരു ഡയറിയുടെ താളുകൾ മറിച്ചുകൊണ്ട് നരേഷ് പതുക്കെ പറഞ്ഞു
”നമ്മുടെ ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ വേറെയാണ് മീരച്ചേച്ചി… അല്ല, മീര. സമൂഹത്തിന്റെ കണ്ണിൽ ഇതൊരു അവിഹിതമായിരിക്കാം, നിയമങ്ങളുടെ മുന്നിൽ തെറ്റായിരിക്കാം. പക്ഷേ, എനിക്ക് എന്റെ വരികളേക്കാൾ സത്യസന്ധമായി തോന്നുന്നത് നിങ്ങളോടുള്ള ഈ പ്രണയമാണ്. എന്റെ ഏകാന്തതകളിലെല്ലാം തുണയായത് നിങ്ങളുടെ വാക്കുകളായിരുന്നു. ഇന്ന് ആ വാക്കുകൾക്ക് ജീവൻ വെച്ച് മുന്നിൽ ഇരിക്കുമ്പോൾ, എനിക്ക് ഇതിൽ തെറ്റ് കാണാൻ കഴിയുന്നില്ല.”
മീര ചെറുതായി പുഞ്ചിരിച്ചു. ആ മുഖത്ത് പ്രായത്തിന്റെ പാടുകളേക്കാൾ കൂടുതൽ എഴുത്തിന്റെ ലോകം നൽകിയ പക്വതയുടെയും സൗന്ദര്യമുണ്ടായിരുന്നു. അവൾ തന്റെ കൈകൾ നരേഷിന്റെ കൈകളിലേക്ക് പതുക്കെ വെച്ചു.
”നമ്മുടെ പ്രായത്തിന്റെ അകലം, ഈ സമൂഹം വെച്ചുനീട്ടുന്ന ധാർമ്മികതയുടെ അതിരുകൾ… ഇതൊക്കെ പലപ്പോഴും എന്നെ ഭയപ്പെടുത്താറുണ്ട് നരേഷ്. എനിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്. പക്ഷേ, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഈ നിമിഷങ്ങളിലാണ് ഞാൻ യഥാർത്ഥത്തിൽ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.
മറ്റുള്ളവരുടെ മുന്നിൽ ജീവിക്കുന്ന മീര വെറുമൊരു നിഴൽ മാത്രമാണ്.”
”പിന്നെന്തിനാണ് നമ്മൾ ഭയപ്പെടുന്നത്? നമ്മൾ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങൾ പോലും നമ്മളേക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് ഈ സമൂഹത്തിന്റെ പേരിൽ നമ്മൾ നമ്മളെത്തന്നെ തടവിലാക്കുന്നത്?” നരേഷിന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആഴവും ഒപ്പം അല്പം നിരാശയും ഉണ്ടായിരുന്നു.
”അല്ല നരേഷ്, സമൂഹം നമ്മെ വിധിക്കുന്നത് നമ്മൾ ജീവിക്കുന്ന ജീവിതം കൊണ്ടല്ല, മറിച്ച് നമ്മൾ പുലർത്തുന്ന കാഴ്ചപ്പാടുകൾ വെച്ചാണ്. നമുക്ക് ഉത്തരവാദിത്തങ്ങളുണ്ട്. ഈ മുറിയുടെ നാലു ചുവരുകൾക്ക് പുറത്ത് നമ്മൾ രണ്ടുപേരും വ്യത്യസ്ത ജീവിതങ്ങൾ നയിക്കുന്നവരാണ്. നാളെ സമൂഹം നമ്മെ വിരൽ ചൂണ്ടി കാണിച്ചാൽ, താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും അതൊക്കെ,”
മീര വേദനയോടെ പറഞ്ഞു.
മീരയുടെ കണ്ണുകളിലെ ആധി നരേഷിന് പൂർണ്ണമായി മനസ്സിലാകുമായിരുന്നു. എങ്കിലും ആ സ്നേഹത്തിന്റെ തീവ്രത അവരെ കൂടുതൽ അടുപ്പിച്ചു.
”ഞാൻ നിങ്ങളുടെ ഭർത്താവാകാനോ അല്ലെങ്കിൽ നിങ്ങൾ എന്റെ ഭാര്യയാകാനോ അല്ല ആഗ്രഹിക്കുന്നത് മീര. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായി, നിങ്ങളുടെ ചിന്തകളെ തൊട്ടറിയുന്ന ഒരാളായി ജീവിക്കാൻ മാത്രമാണ് എനിക്കിഷ്ടം. ഈ ഹോട്ടൽ മുറിയുടെ സ്വകാര്യതയിൽ നമുക്ക് നമ്മുടേതായ ഒരു ലോകമുണ്ട്. ആ ലോകത്തിൽ പ്രായമോ നിയമങ്ങളോ ബാധകമല്ല.”
നരേഷ് പറഞ്ഞത് കേട്ട് മീര അവനെത്തന്നെ വാത്സല്യത്തോടെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ നിന്നൊരു ചെറു കണ്ണീർത്തുള്ളി അടർന്നു വീണു.
അത് ഒരു നഷ്ടബോധത്തിന്റെയോ അതോ ഈ സ്നേഹം ലഭിച്ചതിലുള്ള സന്തോഷത്തിന്റെയോ കണ്ണീരാണെന്ന് അവർക്ക് പോലും നിശ്ചയമുണ്ടായിരുന്നില്ല.
”നമ്മുടെ അടുത്ത പുസ്തകങ്ങൾ പരസ്പരം സമർപ്പിക്കണം നരേഷ്. ആരും അറിയാത്ത, ആരും കണ്ടെത്താത്ത നമ്മുടെ പ്രണയത്തിന്റെ ഓർമ്മകൾ ആ താളുകളിൽ ഉണ്ടാകും,” മീര സ്വപ്നം കാണുന്നതുപോലെ പറഞ്ഞു.
”തീർച്ചയായും മീര. നമ്മൾ എഴുതിയതൊക്കെയും നമ്മെക്കുറിച്ചുള്ള പരോക്ഷമായ കുമ്പസാരങ്ങളായിരുന്നു. ഇനി വരുന്ന വരികൾ പൂർണ്ണമായും നമ്മുടേതായിരിക്കും.”
പുറത്തെ മഴ കൂടുതൽ ശക്തി പ്രാപിച്ചു. ആ മുറിയിലെ അന്തരീക്ഷത്തിൽ പ്രണയവും വിഷാദവും ഒരുപോലെ നിറഞ്ഞുനിന്നു. സമൂഹം അംഗീകരിക്കാത്ത, എന്നാൽ അവരുടെ ആത്മാക്കളെ പരസ്പരം ബന്ധിപ്പിച്ച ആ ബന്ധത്തിന് മുന്നിൽ ബാഹ്യലോകത്തിന്റെ നിയമങ്ങളെല്ലാം തോറ്റുപോവുകയായിരുന്നു.
സമയം കടന്നുപോയതറിഞ്ഞില്ല. ഹോട്ടൽ മുറിയിലെ ക്ലോക്ക് വൈകുന്നേരത്തെ അടയാളപ്പെടുത്തി. ഇനി പിരിഞ്ഞു പോകേണ്ട സമയമായിരിക്കുന്നു.
പുറത്തിറങ്ങിയാൽ അവർ വീണ്ടും സമൂഹത്തിന്റെ കണ്ണിൽ അപരിചിതരും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരുമാണ്. എന്നാൽ ഈ നാലു ചുവരുകൾക്കുള്ളിൽ അവർ ഒന്നായിരുന്നു.
മീര തന്റെ ബാഗ് എടുത്തു, എന്നിട്ട് നരേഷിന്റെ തോളിൽ കൈവെച്ച് മൃദുവായി പറഞ്ഞു
“നാളെയും നമ്മൾ എഴുതണം നരേഷ്. നമുക്ക് നമ്മുടെ കഥകൾ തീർക്കാനുണ്ട്.”
”തീർച്ചയായും മീര. നാളെയും ഇതേ സമയത്ത് നമുക്ക് ഇവിടെ കാണാം,” നരേഷ് പുഞ്ചിരിയോടെ തലയാട്ടി.
സമൂഹത്തിന്റെ കണ്ണുകളിൽ അതൊരു അവിഹിതമായിരിക്കാം, പക്ഷേ അവരുടെ മനസ്സിൽ അതൊരു അപൂർവ്വമായ സൗഭാഗ്യമായിരുന്നു. പരസ്പരം കൈകോർത്ത്, വീണ്ടും കാണാമെന്ന ഉറപ്പോടെ അവർ ആ മുറിയിൽ നിന്നും പതുക്കെ പുറത്തേക്കിറങ്ങി.
ഹോട്ടൽ മുറിയുടെ സുരക്ഷിതത്വത്തിൽ നിന്നും പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോൾ, മീരയും നരേഷും വീണ്ടും തങ്ങളുടെ തടവറകളിലേക്ക് മടങ്ങുകയായിരുന്നു.
നഗരത്തിന്റെ മറുഭാഗത്തുള്ള ആഡംബര വീട്ടിലെ സ്വീകരണമുറിയിൽ മീര എത്തുമ്പോൾ, അവളുടെ ഭർത്താവ് മാധവൻ പതിവുപോലെ ലാപ്‌ടോപ്പിൽ ജോലിയുമായി മുഴുകിയിരിക്കുകയായിരുന്നു.
അവരുടെ ഏക മകൾ അനന്യ, അടുത്ത വർഷത്തെ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്.
അമ്മയുടെ വരവ് കണ്ട് അനന്യ ചോദിച്ചു
“അമ്മേ, ഇന്ന് പുറത്തിറങ്ങിയപ്പോൾ നല്ല മഴയായിരുന്നല്ലോ? എവിടെയായിരുന്നു?”
മീരയുടെ ഉള്ളൊന്ന് പതറി. എങ്കിലും മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി അവൾ പറഞ്ഞു
“അതെയോ മോളേ, കുറച്ച് ബുക്കുകൾ കൊടുക്കാൻ ലൈബ്രറിയിൽ പോയതായിരുന്നു. സമയം പോയത് അറിഞ്ഞില്ല ഇടയിൽ വരുമ്പോൾ ട്രാഫിക്കിൽ പെട്ടുപോയി.”
അതുകേട്ട് മാധവൻ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു:
“പ്രായമാകുമ്പോൾ ഈ യാത്രകളൊക്കെ കുറച്ചൂടെ ഒതുക്കിക്കൂടെ മീര? നിന്നോട് പലതവണ പറഞ്ഞിട്ടുള്ളതാണ്.”
ആ വാക്കുകളിൽ സ്നേഹത്തേക്കാൾ കൂടുതലുണ്ടായിരുന്നത് ഒരുതരം അവഗണനയും അധികാരവുമായിരുന്നു.
വർഷങ്ങളായി ശീലിച്ചുപോന്ന, യാതൊരു തീവ്രതയുമില്ലാത്ത ഒരു യാന്ത്രികദാമ്പത്യം. മീര മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിലേക്ക് കടന്നുവന്നത് നരേഷിന്റെ മുഖമായിരുന്നു.
നരേഷ് എത്തിച്ചേർന്നത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്കാണ്. നഗരത്തിൽ നിന്നും കുറച്ചു അകലെ ചെറിയൊരു ഫ്ലാറ്റിൽ, ഹോസ്പിറ്റലിൽ രാത്രി ഷിഫ്റ്റ്‌ജോലി ഉള്ള നഴ്സ് ആയ അവന്റെ ഭാര്യ പ്രിയയും അഞ്ച് വയസ്സുള്ള മകൻ ആദിയുമാണ് അവനെ കാത്തിരുന്നത്.
വാതിലിൽ മുട്ടിയ ഉടൻ തന്നെ ആദി ഓടിയെത്തി അവന്റെ കാൽക്കൽ കെട്ടിപ്പിടിച്ചു.
”അപ്പാ, ഇന്ന് അച്ഛൻ എനിക്ക് കൊണ്ട് വരാം പറഞ്ഞ ഹെലികോപ്റ്റർ വാങ്ങിയില്ലേ?”
കുഞ്ഞ് ആദിയുടെ നിഷ്കളങ്കമായ ചോദ്യം നരേഷിന്റെ നെഞ്ചിൽ കൊണ്ടു.
“അച്ഛൻ മറന്നു മോനെ.. നാളെ തീർച്ചയായും നമുക്ക് വാങ്ങാം”
അടുക്കളയിൽ നിന്ന് കൈ തുടച്ചുകൊണ്ട് പ്രിയ പുറത്തേക്ക് വന്നു. അവൾക്ക് മുഖത്ത് ഒരേസമയം ക്ഷീണവും പരാതിയും ഉണ്ടായിരുന്നു.
“രാവിലെ മുതൽ ഈ കുറുമ്പ്കാരനെ നോക്കി നിൽക്കുകയാണ് ഞാൻ. നിങ്ങൾ എപ്പോഴാണ് ഒന്ന് കൃത്യസമയത്ത് വീട്ടിലെത്തുക? എപ്പോഴും എന്തെങ്കിലും ജോലിയും പറഞ്ഞ് പുറത്തിറങ്ങുക…”
പ്രിയയുടെ വാക്കുകളിൽ തെറ്റുപറയാൻ നരേഷിനാവില്ല. അവൾ ഒരു നല്ല ഭാര്യയും അമ്മയുമാണ്. തന്നോട് സ്നേഹവുമുണ്ട്. പക്ഷേ, ആ സ്നേഹത്തിൽ തന്റെ സാഹിത്യത്തോടുള്ള ആത്മാർത്ഥതയോ, തന്റെ മനസ്സിലെ ചിന്തകളെയോ തൊട്ടറിയാനുള്ള ഇടമോ ഉണ്ടായിരുന്നില്ല. അവരൊരു സാധാരണ കുടുംബജീവിതം നയിക്കുന്നു എന്ന് മാത്രം.
മേശപ്പുറത്ത് മീര തനിക്ക് തന്ന പുസ്തകത്തിന്റെ താളുകൾ അവൻ വെറുതെ മറിച്ചുനോക്കി.
ആഴ്ചകൾ കഴിഞ്ഞുപോയി. ഹോട്ടൽ മുറിയിലെ ആ കൂടിക്കാഴ്ചകൾ അവരുടെ ജീവിതത്തിന്റെ മറ്റൊരു ഭാഗമായി മാറി.
ഒരു ദിവസം, മീര നരേഷിനോട് അവളുടെ കുടുംബജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു.
”നരേഷ്, മാധവന് എന്നെ ഒരു എഴുത്തുകാരിയായി കാണാനേ ഇഷ്ടമല്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മുന്നിൽ ഇതൊരു ‘ഹോബി’ മാത്രമാണ്. എന്റെ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ അദ്ദേഹം അഭിനന്ദിക്കാറുണ്ട്, പക്ഷേ എന്റെ ഉള്ളിൽ എന്താണെന്ന് അറിയാൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചിട്ടില്ല.”
നരേഷ് അവളുടെ കൈകൾ ചേർത്തുപിടിച്ചു മീരയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
“അതുകൊണ്ടാണ് മീര നമ്മൾ തമ്മിൽ ഇത്രയേറെ അടുക്കുന്നത്. നമ്മുടെ കുടുംബങ്ങളോട് നമുക്ക് കടമകളുണ്ട്. കുട്ടികളുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. നമ്മൾ അവരെ വഞ്ചിക്കുന്നില്ല. പക്ഷേ, നമ്മുടെ ആത്മാവ് മരവിച്ചുപോകാതിരിക്കാൻ നമുക്കൊരു ചെറിയ ലോകം വേണം. ആ ലോകമാണ് ഈ മുറി.”
”പക്ഷേ, ചിലപ്പോഴൊക്കെ മകൾ അനന്യയുടെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നും നരേഷ്. അവൾക്ക് ഞാൻ ഒരു മാതൃകയാണ്. ഒരുപക്ഷേ, അവൾ എന്റെ ഈ സത്യം അറിഞ്ഞാൽ…” മീരയുടെ വാക്കുകൾ മുറിഞ്ഞുപോയി.
”അതുകൊണ്ട് തന്നെയാണ് നമ്മൾ ഈ ബന്ധം ഇവിടെ മാത്രം ഒതുക്കുന്നത് മീര. നമ്മുടെ കുടുംബങ്ങളെ വേദപ്പിക്കാനോ ഉപേക്ഷിക്കാനോ നമ്മൾ ഉദ്ദേശിക്കുന്നില്ല. കുട്ടികൾക്ക് നമ്മൾ നല്ല മാതാപിതാക്കളായിത്തന്നെ ജീവിക്കും. പക്ഷേ, എഴുത്തുകാർ എന്ന നിലയിൽ, മനുഷ്യർ എന്ന നിലയിൽ നമുക്ക് നഷ്ടപ്പെട്ടുപോയ ജീവൻ നമ്മൾ പരസ്പരം കണ്ടെത്തുകയാണ് ”
അന്നത്തെ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് പേരും വീടുകളിലേക്ക് മടങ്ങുമ്പോൾ, നഗരത്തിൽ വീണ്ടും മഴ പെയ്യാൻ തുടങ്ങിയിരുന്നു.
വീട്ടിലെത്തി മകൻ ആദിയെ ഉറക്കിയ ശേഷം പ്രിയയോടൊപ്പം സംസാരിച്ചിരിക്കുമ്പോൾ നരേഷ് ജനലിലൂടെ പുറത്തേക്ക് നോക്കി.
മറുഭാഗത്ത്, തന്റെ മുറിയിൽ ഇരുന്ന് അനന്യയുടെ സ്കൂൾ പ്രോജക്റ്റുകൾ സഹായിച്ചുകൊടുക്കുകയായിരുന്നു മീര.
അവർ രണ്ടുപേരും വ്യത്യസ്ത കുടുംബങ്ങളിൽ, വ്യത്യസ്ത ഉത്തരവാദിത്തങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. സമൂഹത്തിന്റെ കണ്ണിൽ അതൊരു തെറ്റായ വഴിയിലൂടെയുള്ള യാത്രയായിരിക്കാം. എന്നാൽ ആ കുടുംബങ്ങളുടെ സന്തോഷങ്ങൾക്ക് കാവൽ നിൽക്കുമ്പോഴും, തങ്ങളുടെ ഉള്ളിലെ തീ കെടാതെ സൂക്ഷിക്കാൻ ആ പ്രണയത്തിന് കഴിഞ്ഞു.
പുറത്തെ ഇരുണ്ട മഴയത്ത്, അകലങ്ങളിലിരുന്നുകൊണ്ട് ആ രണ്ട് എഴുത്തുകാരുടെയും മനസ്സുകൾ പരസ്പരം വിളിച്ചുപറഞ്ഞു: ‘നമുക്ക് നമ്മുടേതായ ഒരു ലോകമുണ്ട്, ആരും കാണാത്ത, ആരും തൊടാത്ത ഒരു പ്രണയലോകം.’
ഒരേ ആകാശത്തിന് കീഴിലിരുന്ന് അവർ തങ്ങളുടെ നോട്ടുബുക്കുകൾ തുറന്നു. പുറത്ത് മഴ തോർന്നിരുന്നു, പക്ഷേ അവരുടെ മനസ്സുകളിൽ പ്രണയത്തിന്റെ മഷി പടർന്നുകൊണ്ടിരുന്നു..
✍🏻Uma s narayanan

