ദോഹ, ഹമദ്ഇന്റർനാഷണൽ എയർപോർട്ട്.
ഇന്ന് നജീബ് ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയാണ്. ബോർഡിങ് പാസ് കിട്ടിയശേഷം സുരക്ഷാ പരിശോധനകൾ കഴിഞ്ഞു ബോർഡിങ് ഗേറ്റിനടുത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിലെത്തി. അവിടെ ഭൂരിഭാഗവും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രക്കാരായിരുന്നു. എല്ലാവരുടെയും മുഖത്ത് നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം. യാത്രക്കാരോടൊപ്പം അവൻ ഫ്ളൈറ്റിൽ കയറി. സീറ്റ് നമ്പർ നോക്കി തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.
നജീബ് കണ്ണുകളടച്ചു സീറ്റിൽ ചാരി കിടന്നു. എല്ലാവരും നാട്ടിലേക്ക്പോകുന്ന സന്തോഷത്തിലാണ്. പക്ഷേ തന്റെ മനസ്സിൽ ആ സന്തോഷമൊന്നും ഇല്ല.
സാധാരണ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്താൽ തന്നെ മനസ്സ് തുടിക്കാൻ തുടങ്ങും. ഒന്നോ ഒന്നര വർഷമോ പ്രവാസത്തിൽ കഴിയുന്നതിലും ബുദ്ധിമുട്ടാണ് നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ശേഷമുള്ള കാത്തിരിപ്പ്.
മിക്കവാറും ഒരാഴ്ച മുമ്പേ ഞാൻ ടിക്കറ്റ് എടുക്കാറുണ്ട്. ആ ഒരാഴ്ച കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന ദിവസമാകാൻ വലിയൊരു കാത്തിരിപ്പ് ഫീൽ ചെയ്യാറുണ്ട്. ഇത്തവണ നാട്ടിലേക്ക് പോകാൻ രണ്ട് ദിവസം മുമ്പാണ് ടിക്കറ്റ് എടുത്തത്. പതിവ്പോലെ സന്തോഷത്തോടെയുള്ള യാത്രയല്ല ഇത്തവണ എന്റേത്.
ഓർമ്മകൾ കുട്ടിക്കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോകാൻ തുടങ്ങി. ഉമ്മാന്റെയും ഉമ്മൂമ്മാന്റെയും സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചു വളർന്ന കുട്ടിക്കാലം. പ്രവാസിയായ ഉപ്പ നാട്ടിൽ വരുമ്പോൾ ഞാനും ഉമ്മയും ഉപ്പാന്റെ വീട്ടിലേക്ക് പോകും. ഉപ്പ നാട്ടിലേക്ക് വരുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു. അതുവരെ ഉമ്മാന്റെ കൂടെ കിടന്നു ഉമ്മ പറഞ്ഞു തരുന്ന കഥകൾ കേട്ട് ഉറങ്ങിയ ഞാൻ അപ്പുറത്തെ മുറിയിലേക്ക് മാറികിടക്കുന്നത് ഉപ്പ നാട്ടിൽ വരുമ്പോളാണ്. അത്കൊണ്ട് തന്നെ എന്റെ ഉമ്മയിൽ നിന്നും എന്നെ അകറ്റാൻ വരുന്ന ഒരു ശത്രുവായാണ് ഉപ്പാനെ ഞാൻ മനസ്സിൽ കണ്ടിട്ടുള്ളത്.
വലിയ സ്നേഹത്തോടെയാണ് എന്റെ ഉമ്മയും ഉപ്പയും ജീവിച്ചിരുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ഉള്ള പിണക്കങ്ങൾക്കിടയിൽ ഉമ്മയും ഉപ്പയും തമ്മിലുള്ള വാക്ക് തർക്കങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്.
ആ പിണക്കങ്ങൾക്കൊടുവിൽ അവർ തമ്മിൽ ഇണങ്ങുകയും ഒന്നിച്ചൊരു വിനോദയാത്രയും പതിവായിരുന്നു. അവരുടെ കൂടെ ആ യാത്രയിൽ ഏകമകനായ ഞാനും ഉണ്ടാകും.
പിന്നീടെപ്പോഴോ ഉമ്മയും ഉപ്പയും തമ്മിൽ വലിയൊരു പിണക്കം ഉണ്ടാകുകയും ഉമ്മ ഉമ്മയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ഉപ്പയും നല്ല വാശിക്കാരനായിരുന്നു.
അത്കൊണ്ട് തന്നെ ഉപ്പ ഉമ്മാനെ തിരിച്ചു വിളിച്ചില്ല. എന്റെ കുട്ടിക്കാലം കുറച്ചു മാസങ്ങൾ ഉമ്മാന്റെ കൂടെയും കുറച്ചു മാസങ്ങൾ ഉപ്പാന്റെ കൂടെയും മാറിമാറിയായി. എങ്കിലും എനിക്ക് ഏറെ പ്രിയപ്പെട്ടത് എന്റെ പൊന്നുമ്മ തന്നെയായിരുന്നു.
ഞാൻ കൂടുതലും ഉമ്മാന്റെ കൂടെ തന്നെയായിരുന്നു.
പാതിരാത്രിയിലൊക്കെ ഉമ്മ ഉറങ്ങാതെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഉമ്മാക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഉപ്പ. എന്തോ ഒരു വാശിയിൽ രണ്ട് പേരും അകന്നു. എരിവ് കൂട്ടികൊടുക്കാൻ രണ്ട് ഭാഗത്തും ഉള്ള ബന്ധുക്കളും കൂടെ കൂടിയപ്പോൾ അവർ തമ്മിൽ ഏറെ അകന്നു. പക്ഷേ അവർ തമ്മിൽ ഡിവോഴ്സ് ആയിരുന്നില്ല.
ഒരു ദിവസം ഉമ്മ രാവിലെ ഉണർന്നില്ല. ഉറക്കത്തിലുണ്ടായ ഹൃദയാഘാതം, ഉമ്മ എന്നെ വിട്ട് പോയി. ഉപ്പ ഖത്തറിൽ നിന്നും നാട്ടിലെത്തി. ഉപ്പ എത്തിയ ശേഷമാണ് ഉമ്മയുടെ ഖബറടക്കം ചെയ്തത്. അവർ തമ്മിലുള്ള സ്നേഹം ഉമ്മാമക്ക് അറിയാമായിരുന്നു. മൂസ എത്തിയാലേ ഖബറക്കം ചെയ്യാവൂ എന്ന് പറഞ്ഞത് ഉമ്മാമയാണ്.
ആദ്യമായിട്ട് അന്നാണ് കരയുന്ന ഉപ്പാനെ ഞാൻ കണ്ടത്.
ഉമ്മാന്റെ ഖബറടക്കം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തി. ആൾക്കാർ പിരിഞ്ഞു പോയി. മുറ്റത്തെ കസേരയിൽ ഇരുന്ന ഉപ്പ എന്നെ ഉപ്പാന്റെ മടിയിൽ പിടിച്ചിരുത്തി. എനിക്ക് ആ മടിയിൽ ഇരിക്കാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു.
ഉമ്മാന്റെ മരണത്തിന് കാരണം ഉപ്പയാണെന്ന് ഞാൻ വിശ്വസിച്ചു.
ഉപ്പാന്റെ മടിയിൽ നിന്ന് കുതറി ഞാൻ എഴുനേറ്റ് അകത്തേക്ക് പോയി.
അന്ന് മുതൽ ഇന്ന് വരെ ഞാൻ ഉപ്പയോട് അത്യാവശ്യകാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ. എന്റെ അകൽച്ച കണ്ടിട്ടാകും ഉപ്പയും അത്രയേ സംസാരിക്കാറുള്ളൂ.
എന്റെ എല്ലാ കാര്യത്തിനും ഉപ്പ ഗൾഫിൽ നിന്ന് പൈസ അയക്കും. ഉപ്പാക്ക് അന്ന് വലിയ പ്രായം ഒന്നും ഇല്ലെങ്കിലും ഉപ്പ വേറെ കല്യാണം ഒന്നും കഴിച്ചില്ല. എന്റെ ഉമ്മാമ മരിച്ചതോടെ ഞാൻ ഉപ്പാന്റെ വീട്ടിൽ ഉപ്പൂമ്മയുടെ കൂടെയായി ജീവിതം. ഉപ്പൂമ്മയെ എനിക്കിഷ്ടമാണെങ്കിലും ഉപ്പയോട് എന്തോ ഒരു അകൽച്ച അടുക്കാൻ പറ്റാത്ത വിധം ഒരു പിണക്കം എന്നും മനസ്സിലുണ്ടായിരുന്നു.
പിന്നീട് ഞാനും പ്രവാസിയായി. രണ്ട് തവണ ഖത്തറിൽ പോയി വന്ന ശേഷം എനിക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങി. കൂട്ടുകാരോടൊപ്പം പല വീട്ടിലും പെണ്ണ് കാണാൻ പോയി.
അങ്ങനെ പരസ്പരം കണ്ട് ഇഷ്ടപെട്ടതാണ് നബിലയെ. പേരിൽ തന്നെ ഒരു ചേർച്ച ഉണ്ടായിരുന്നു. നജീബ് നബില. നബിലയുടെ ഉപ്പാക്കും ഉമ്മാക്കും രണ്ട് മക്കൾ. നബിലയും അവളുടെ മൂത്ത സഹോദരൻ നസീറും.
ഒരു ഞായറാഴ്ചയായിരുന്നു ഞാൻ നബിലയെ നികാഹ് ചെയ്തത്.
വിവാഹദിവസം നബില അവളുടെ വീട്ടിൽ നിന്നിറങ്ങാൻ നേരം അവളുടെ സഹോദരൻ നസീർ പൊട്ടികരയുന്നുണ്ടായിരുന്നു. അവളുടെ ഉമ്മയും ഉപ്പയും നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നപ്പോൾ ആ സഹോദരൻ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിപൊട്ടി കരഞ്ഞു. അനിയത്തിയെ വല്ലാതെ സ്നേഹിച്ച അവളുടെ ഒരേ ഒരു ഇക്കാക്കയാണ് നസീർ.
അന്നത്തെ ആ രംഗം അവളുടെ കുടുംബത്തിലെ ആരോ വീഡിയോ എടുത്ത് യുട്യൂബിലും ഇൻസ്റ്റയിലും പോസ്റ്റ് ചെയ്തിരുന്നു. ഒരു പാട് ലൈക്കും കമെന്റും വ്യൂവ്സും കിട്ടിയ ആ വീഡിയോ ഇപ്പോഴും താൻ ഇടക്ക് ഇടക്ക് യൂട്യൂബിൽ പോയി കാണാറുണ്ട്.
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും പരസ്പരം നല്ല സ്നേഹത്തോടെയായിരുന്നു എന്റെയും നബിലയുടെയും ജീവിതം. കല്യാണത്തിന് ശേഷം വീണ്ടും ഖത്തറിലേക്ക് പോകുമ്പോൾ നബില ഗർഭിണിയായിരുന്നു.
നദ മോളെ അവൾ പ്രസവിച്ചതറിഞ്ഞ ദിവസം വലിയ സന്തോഷമായിരുന്നു.
ഒന്നര വർഷത്തിന് ശേഷമാണ് നദ മോളെ കാണാൻ നാട്ടിലെത്തിയത്.
സന്തോഷകരമായ ജീവിതത്തിനിടയിലെ പിണക്കങ്ങൾ ചില സമയത്ത് വലിയ വാക്ക് തർക്കങ്ങളുണ്ടാക്കിയിരുന്നു. ഞാനും അവളും ഒരേ പോലെ വാശിയുള്ള ആളായിരുന്നു. എന്റെ ഉമ്മയും ഉപ്പയും തമ്മിൽ ഉണ്ടായ അതേ പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായികൊണ്ടിരുന്നു.
ഒരു ദിവസം വഴക്കിനിടയിൽ ഞാനവളെ തല്ലി. അവൾ മോളെയും എടുത്ത് അവളുടെ വീട്ടിലേക്ക്പോയി. പിന്നെ അവൾ തിരിച്ചുവന്നില്ല. വാശിക്കാരനായ ഞാനവളെ തിരിച്ചു വിളിച്ചതുമില്ല.
ഒരു ദിവസം അങ്ങാടിയിൽ അവളുടെ ആങ്ങള എന്നെ ചോദ്യം ചെയ്യാൻ വന്നു. അവന്റെ അനിയത്തിയെ തല്ലിയത് അവൻ ചോദ്യം ചെയ്തു.
അവസാനം ഞാനും അവനും തമ്മിൽ തല്ലായി. നാട്ടുകാർ രണ്ട്പേരെയും പിടിച്ചു മാറ്റി. ആ ഒരു സംഭവമാണ് എന്റെ അഭിമാനത്തിന് മുറിവേൽപ്പിച്ചത്.
അതിന് ശേഷം വീണ്ടും ഖത്തറിലേക്ക് പോയി രണ്ട് വർഷത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയാണ് ഇത്.
ഇതിനിടയിൽ ഞാൻ നബിലക്ക് ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. അവൾ ഒരിക്കൽ എന്തോ വാട്സാപ്പിൽ മെസ്സേജ് അയച്ചെങ്കിലും ഞാൻ റിപ്ലൈ കൊടുത്തില്ല.
അതിന് ശേഷം പരസ്പരം മിണ്ടിയിട്ടില്ല. ഇത്തവണ നാട്ടിലെത്തിയാൽ എല്ലാറ്റിനും ഒരു തീരുമാനം എടുക്കണം.
മിക്കവാറും ഡിവോഴ്സ് തന്നെയാകും.
ഓർമ്മകളിൽ മുഴുകിയിരിക്കെ അറിയാതെ ഉറങ്ങി പോയി. വിമാനം കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്മെന്റ് കേട്ടപ്പോളാണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റത്.
എയർപോർട്ടിന് പുറത്ത് ലഗേജുമായി എത്തുമ്പോൾ ഉപ്പ കാത്തിരിപ്പുണ്ട്. ഉപ്പയും മകനും തമ്മിൽ വലിയ സംസാരം ഒന്നും ഇല്ല.
ഉപ്പയുടെ ഉമ്മ രണ്ട് വർഷം മുമ്പ് മരിച്ചതോടെ വീട്ടിൽ പ്രിയപ്പെട്ടവരായി ആരും നജീബിന് ഇല്ലായിരുന്നു.
ഉപ്പയോട് എന്തോ ഒരു അകൽച്ചയാണ്. ഉപ്പയും അങ്ങനെ തന്നെ. തന്നെ കൂട്ടാൻ എയർപോർട്ടിൽ വന്നെങ്കിലും ഉപ്പയും അധികം സംസാരിച്ചില്ല.
നജീബ് വീട്ടിലെത്തി.
ഒരു ജയിലിൽ എത്തിയ പോലെ. ഭാര്യ ഇല്ല, മകളില്ല, ഉമ്മയോ ഉപ്പൂമ്മയോ ഇല്ല.
പരസ്പരം മിണ്ടാത്ത ഉപ്പയും മകനും. ഉമ്മയുടെ മരണത്തിന് ശേഷം ഉപ്പയിൽ നിന്നു അകന്നു പോയവനാ ഞാൻ. ഇന്ന് എന്റെ മകൾ പോലും എന്റെ കൂടെ ഇല്ല. മകളെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്. പക്ഷേ നബിലയുടെ വീട്ടിലേക്ക് പോകാനോ ഫോൺ വിളിക്കാനോ മനസ്സിലെ വാശി സമ്മതിക്കുന്നില്ല.
പിറ്റേന്ന് നജീബ് ബൈക്കിൽ മുഴുപ്പിലങ്ങാട് ബീച്ചിലേക്ക് പോയി. എല്ലാവരും ഫാമിലിയായിട്ടും കൂട്ടുകാരുമായിട്ടുമാണ് ഉള്ളത്. താൻ മാത്രം തനിച്ച്. എനിക്കിപ്പോൾ എകാന്തതയാണ് ഇഷ്ടം. തനിച്ചിരുന്നു ചിന്തിക്കുക അതാണ് ഇപ്പോൾ മനസ്സിന് ആശ്വാസം.
എടാ നജീബെ. ആ വിളി കേട്ട് നജീബ് തിരിഞ്ഞു നോക്കി. “ഹാഷിം” തന്റെ കൂടെ പഠിച്ചവൻ. കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ സുഹൃത്ത്. എന്റെ അയൽക്കാരനായിരുന്നു. ഇപ്പോൾ മറ്റൊരു നാട്ടിലേക്ക് താമസം മാറി. കുറേ കാലത്തിനു ശേഷമാണ് തമ്മിൽ കാണുന്നത്.
എടാ നിനക്ക് എന്ത് പറ്റിയെടാ. ആകെ മെലിഞ്ഞു പോയല്ലോ താടിയൊക്കെ നരച്ചു തുടങ്ങിയല്ലോ. അതിന് മാത്രം പ്രായം ഒന്നും ആയില്ലല്ലോടാ നമ്മൾക്ക്. ഹാഷിം നജീബിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
നജീബ് ആദ്യം ഒന്ന് മടിച്ചെങ്കിലും തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എല്ലാം ഹാഷിമിനോട് മനസ്സ് തുറന്നു പറഞ്ഞു. ഹാഷിം എല്ലാം കേട്ട് നിന്നു.
വെറുതെയല്ല നീ ഇങ്ങനെ കോലംകെട്ട് പോയത്. എന്ത് സുന്ദരനായിരുന്നെടാ നീ.
ശരിയാടാ. ഞാൻ ഇപ്പോൾ ആകെ ക്ഷീണിച്ചു പോയി. നമ്മുടെ ആ പഴയകാലമായിരുന്നു നല്ലത്. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്ന ആ കുട്ടിക്കാലം. ഒന്നിച്ചു സിനിമക്ക് പോയതും ടൂർ പോയതും സൈക്കിൾ വാടകക്ക് എടുത്ത് ഓടിച്ചതും അങ്ങനെ എന്തൊക്കെ തമാശകളായിരുന്നു കുട്ടിക്കാലത്ത്. ആ കാലം തന്നെ മതിയായിരുന്നു എനിക്ക്. നജീബ് ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
അങ്ങനെ ഒന്നും ഇല്ലെടാ നജീബെ.
കഴിഞ്ഞു പോയ കാലമായിരുന്നു നല്ലത് അല്ലെങ്കിൽ ഇനി വരാനിരിക്കുന്ന കാലമാണ് നല്ലത് എന്നൊന്നും ഇല്ല. നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന സമയത്ത് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ഇഷ്ടമുള്ളവരോടൊപ്പം കൂട്ടുകൂടുക ഇടക്കൊരു ടൂർ പോകുക. അങ്ങനെ നമ്മുടെ സന്തോഷങ്ങൾ നമ്മൾ കണ്ടെത്തണം. നമ്മുടെ സന്തോഷങ്ങൾ മറ്റൊരാൾക്ക് ഉപദ്രവമാകരുത് എന്ന് മാത്രം.
ഭാര്യയും ഭർത്താവും പിണക്കങ്ങൾ സാധാരണയാണ്. ഞാനും എന്റെ ഭാര്യയും എത്ര തവണ പിണങ്ങിയിരിക്കുന്നു.
ആ പിണക്കം ഒരു ദിവസത്തിന് അപ്പുറം പോകില്ല. പിണങ്ങിയ ശേഷം ഇണങ്ങുമ്പോഴേ സ്നേഹത്തിന്റെ വിലയറിയൂ. പരസ്പരം എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് പിണക്കത്തിന് ശേഷമുള്ള ആ ഇണക്കത്തിൽ നിന്നാണ് തിരിച്ചറിയുന്നത്. ഞാനും എന്റെ പെണ്ണും പിണങ്ങിയാലും ഒന്നിച്ച് ഒരു മുറിയിലെ ഉറങ്ങൂ.
മാറികിടക്കുന്നതും പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്നതും അകൽച്ച കൂട്ടുകയേ ഉള്ളൂ.
ഞാൻ എന്റെ ജീവിതത്തിലെ അനുഭവത്തിൽ നിന്നാ പറയുന്നത്. നിന്റെ ജീവിതം നിനക്കല്ലേ അറിയൂ. പരസ്പരം പിരിയാതെ ഒന്നിക്കുന്നതാണ് നല്ലതെങ്കിൽ ഒന്നിച്ചു ജീവിക്കാൻ ശ്രമിക്കുക.
നിന്റെ ഉപ്പയും ഉമ്മയും പിണങ്ങി നിന്നപ്പോൾ നീ അനുഭവിച്ച വേദനകൾ ഇന്ന് നിന്റെമോള് അനുഭവിക്കുന്നുണ്ടാകും.
നിന്റെ ഉപ്പാനെ നീ വെറുപ്പോടെ കണ്ടത്പോലെ നിന്റെ മോളും നിന്നെ വെറുക്കാൻ ഇടവരരുത്. ബാക്കി എല്ലാം നീ ആലോചിച്ചു തീരുമാനിക്ക്. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം. എല്ലാം നന്നായി അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുറച്ചു നേരം കൂടി സംസാരിച്ചു അവർ ഒരു ചായ കുടിച്ചു പിരിഞ്ഞു.
നജീബ് ബൈക്കിൽ കയറി ഇരുന്നു. സ്റ്റാർട്ട് ചെയ്ത് മുമ്പോട്ട് എടുക്കാൻ നേരം നേരെ എതിർഭാഗത്ത് നിന്ന് ഒരു ബൈക്ക് വന്നു. ഹെൽമെറ്റ് ഇടാത്ത ആളെ നജീബ് തിരിച്ചറിഞ്ഞു. നസീർ. തന്റെ വൈഫിന്റെ ആങ്ങള.
നസീർ നജീബിനെ ഒന്ന് നോക്കി. നജീബ് അവനെ മൈൻഡ് ചെയ്യാതെ ഹെൽമെറ്റ് ഇട്ട് മുമ്പോട്ട് നീങ്ങി.
നജീബ് മുമ്പിലെ കണ്ണാടിയിലൂടെ നോക്കുമ്പോൾ തൊട്ട് പിറകേ നസീറുംഉണ്ട്. പെട്ടെന്നാണ് ഒരുകാർ നിയന്ത്രണം വിട്ട് വന്നു നജീബിന്റെ ബൈക്കിനെ ഇടിച്ചത്. ആൾക്കാർ ഓടിക്കൂടി. നജീബിനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.
എല്ലാറ്റിനും ദൃക്സാക്ഷിയായ നസീറും ഹോസ്പിറ്റലിൽ എത്തി. അവൻ ഫോൺ വിളിച്ചു പെങ്ങളെയും നജീബിന്റെ ഉപ്പ മൂസക്കയെയും വിവരമറിയിച്ചു.
ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് നജീബിന് ബോധം തെളിഞ്ഞത്.
അവൻ ചുറ്റും നോക്കുമ്പോൾ തന്റെ ഭാര്യ നബിലയും തന്റെ ഉപ്പയും എല്ലാം ഉണ്ട്.
തൊട്ടടുത്ത ബെഡിൽ ഭാര്യ സഹോദരൻ നസീറും കിടപ്പുണ്ട്. അപകടത്തിൽ ചോര വാർന്നു പോയ തനിക്ക് ബ്ലഡ് നൽകിയത് അവനാണ് എന്ന് നജീബിന് മനസ്സിലായി.
നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി നിക്കുന്ന നബില. അവളുടെ പർദ്ദയിൽ ചുറ്റിപിടിച്ചു നിക്കുന്ന തന്റെ മകൾ.
തനിക്ക് കുഴപ്പം ഒന്നും ഇല്ല എന്നറിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ട് പുറത്തേക്ക് ഇറങ്ങി പോകുന്ന ഉപ്പ.
താൻ ഏറ്റവും ശത്രുവായി കണ്ട ആളാണ് തനിക്ക് ബ്ലഡ് നൽകിയത്.
നസീർ നജീബിനെ നോക്കി ചിരിച്ചു. അളിയൻ എന്നോട് പൊറുക്കണം. എന്റെ പെങ്ങൾ വന്നു കരഞ്ഞപ്പോൾ ഞാൻ അങ്ങാടിയിൽ നിന്ന് അടിപിടി ഉണ്ടാക്കിയത് എന്റെ തെറ്റാണ്. ഞാനതിനു മാപ്പ് ചോദിക്കുന്നു. അളിയൻ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്റെ പെങ്ങൾ തിരിച്ചു വന്നേനെ. കാരണം എന്റെ പെങ്ങൾ നിങ്ങളെ അത്രക്ക് സ്നേഹിക്കുന്നുണ്ട്. പരസ്പരം ഉള്ള വാശിയാണ് ഇത്രയും നിങ്ങള് അകലാൻ കാരണം. ഒപ്പം എന്റെ എടുത്ത് ചാട്ടവും. ഞാൻ ഒരിക്കലും അളിയനോട് അങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു.
നജീബ് എല്ലാം കേട്ട് നിന്നു.
രണ്ട് ദിവസത്തിനുള്ളിൽ നജീബ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി. വീട്ടിലേക്ക് മടങ്ങുമ്പോൾ കൂടെ നബിലയും മോളും ഉണ്ടായിരുന്നു.
അന്ന് ഏറെ കാലത്തിനു ശേഷം നജീബും നബിലയും ഒന്നിച്ചു ഒരു മുറിയിൽ കിടന്നു. വലിയൊരു പിണക്കത്തിന് ശേഷമുള്ള ഇണക്കം. നജീബിന്റെ മനസ്സിൽ നിന്ന് വലിയൊരു ദുഃഖഭാരം ഇറങ്ങി പോയത് പോലെ വല്ലാത്തൊരു ആശ്വാസം.
അന്ന് രാത്രി നബില നജീബിന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ചോദിച്ചു. നിങ്ങളെന്താ നിങ്ങളുടെ ഉപ്പയോട് മിണ്ടാത്തത്. നിങ്ങൾക്ക് ബ്ലഡ് നൽകിയത് എന്റെ ആങ്ങള മാത്രം അല്ല. നിങ്ങളുടെ ഉപ്പാന്റെ രക്തവും എടുത്തിരുന്നു. നിങ്ങളിനിയും ഉപ്പയോട് അകലരുത്. ഉപ്പാക്ക് നമ്മളൊക്കെയല്ലേ ഉള്ളൂ. ഇനിയെങ്കിലും ഉപ്പാനോടുള്ള പിണക്കം മറന്നു സ്നേഹിക്കണം. ഉപ്പാന്റെ അനുഗ്രഹം ഉണ്ടെങ്കിലേ നമുക്കും സന്തോഷത്തിൽ ജീവിക്കാൻ കഴിയൂ.
നജീബ് എല്ലാം കേട്ട് നിന്നു. പാവം ഉപ്പ. ഞാൻ ആ മനുഷ്യന്റെ ഭാഗം ഇതുവരെ ചിന്തിച്ചതേ ഇല്ല. ഉപ്പാക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇനി നമ്മളെന്നെയല്ലേ ഉള്ളൂ.
പിറ്റേന്ന് രാവിലെ നജീബ് പുറത്തേക്ക് പോകുമ്പോൾ ഉപ്പ മുറ്റത്തെ ചെടികൾക്ക് വെള്ളം നനക്കുകയായിരുന്നു.
ഉപ്പാ നജീബ് വിളിച്ചു.
പതിവില്ലാത്ത ആ വിളി കേട്ട് മൂസക്ക തിരിഞ്ഞു നോക്കി. നജീബ് ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു. മൂസക്കയുടെ കണ്ണുകളും നിറഞ്ഞു. ഏറെ കാലത്തെ ഉപ്പയും മകനും തമ്മിലുള്ള പിണക്കത്തിന്റെ കാർമേഘങ്ങൾ ആ കണ്ണ്നീരിൽ പെയ്തൊഴിഞ്ഞു.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
പിണക്കവും ഇണക്കവും.

