ചില മനുഷ്യരെ നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്നത് ഒരേ സമയത്തല്ല. ചിലരെ ആദ്യം പരിചയപ്പെടുന്നത് പേരിലൂടെയാണ്. ചിലരെ ഒരു വാർത്തയിലൂടെ. മറ്റു ചിലരെ വിധി നമ്മുടെ മുന്നിൽ കൊണ്ടുനിർത്തുന്നത് തീർത്തും അപ്രതീക്ഷിതമായൊരു സന്ദർഭത്തിലായിരിക്കും.
ഞാൻ പ്രീഡിഗ്രിക്ക് തൃശൂർ സെൻ്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലം.
അവിടെ ഒരു പ്രശസ്തനായ പ്രൊഫസർ എൻട്രൻസിന് കോച്ചിങ് ക്ലാസ് വീട്ടിൽ നടത്തുന്നുണ്ട്. കെമിസ്ട്രിക്ക് വേറെ പ്രൊഫസറുടെ വീട്ടിൽ – പിന്നീട് അത് വലിയൊരു പ്രസ്ഥാനമായിത്തീർന്നു.
എൻട്രൻസ് കോച്ചിങ്ങിലെ കെമിസ്ട്രി സാർ ഒരിക്കൽ ക്ലാസിൽ ഉറക്കം തൂങ്ങിയ എന്നെ പൊക്കി. സരസനായ അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു. ഉറക്കത്തിൽ നിന്ന് എണീറ്റ് മണി മണിയായി ഉത്തരം പറയാൻ തുടങ്ങി. പക്ഷേ എല്ലാവരും ചിരിക്കുകയാണ്. ഏത് ഉറക്കത്തിൽ ചോദിച്ചാലും ഉത്തരം അറിയണം എന്ന് സാർ പറഞ്ഞ പാഠഭാഗം ആയിരുന്നു അത്. അതിന് ശേഷം സാർ എന്നെ പഠനത്തിൽ കൂടുതൽ സീരിയസ് ആകാനള്ള ഉപദേശം തുടങ്ങി. മാതൃക ആയി, അവിടെ പഠിച്ചു പോയ എന്റെ നാട്ടിലുള്ള ഒരു പെൺകുട്ടിയെക്കുറിച്ച് പറഞ്ഞു. പഠിക്കാൻ മിടുക്കിയാണ്.ലക്ഷ്യബോധമുള്ള ,ഉയർന്നവിജയം കൈവരിച്ച കുട്ടി – അവളുടെ ഇഷ്ടവിഷയം തിരഞ്ഞെടുത്തതിനെക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. ഒരു ദിവസം മാതൃക ആക്കാൻ പറഞ്ഞ് ക്ലാസിൽ എത്തി പരിചയപ്പെടുത്തി.
ആളെ കണ്ടു അവരുടെ ഡീറ്റയിൽസ് മനസിൽ തങ്ങി നിന്നു.
അന്നവൾ എനിക്ക് ഒരു പേരായിരുന്നു. മിടുക്കിയായ ഒരു പെൺകുട്ടിയുടെ പേര്.
മാസങ്ങൾ കടന്നു പോയി
ഒരിക്കൽ, ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് ഒരു ഫോൺവിളി വന്നു.
ഒരു അപകടം.
തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് –
മരിച്ചിട്ടില്ലാത്ത ഒരു പയ്യനെ തിരിച്ചറിയാൻ ആശുപത്രിയിലേക്ക് പോകണം. അങ്ങനെ ഒരു അറിയിപ്പ്.
അടുത്ത മുറിയനെ വിളിച്ചു. അവന് ചോര കണ്ടാൽ പേടിയാണ് എന്ന് പറഞ്ഞ് കട്ടിലിനടിയിലേക്ക് – അയാൾ ഇന്ന് ഡോക്ടർ ആണ്.
പക്ഷേ ആശുപത്രിയിലെത്തുമ്പോഴേക്കും ആ വാർത്തയ്ക്ക് മറ്റൊരു അർത്ഥം കൈവന്നിരുന്നു. തിരിച്ചറിയാൻ കാത്തുകിടന്ന ആ പയ്യൻ ഉയർന്ന നിലയിൽ ശ്വാസം വലിച്ചുകൊണ്ട് അവസാന നിമിഷത്തിലായിരുന്നു. ഒന്നും ചെയ്യാനില്ലാതെ ആരോഗ്യ പ്രവർത്തകർ നോക്കി നിൽക്കുന്നു. അന്ന് മുതൽ ഞാൽ ഒരു രക്ത ദാതാവ് ആയി മാറി.
ഞാൻ പറഞ്ഞു എൻ്റെ കോളേജിൽ ഉള്ളതല്ല. എനിക്കയാളെ അറിയില്ലായിരുന്നു. ഞാനവൻ്റെ വിരലുകളിൽ സ്പർശിച്ചു. എൻ്റെ വിരലുകളെ അവൻ മുറുക്കെ പിടിച്ചുവോ?
പിന്നീട് ആളുകൾ കൂടുതൽ എത്തിത്തുടങ്ങി. കേരളവർമ്മയിൽ പ്രീഡിഗ്രി വിദ്യാർത്ഥി – തൃശൂർ പട്ടണത്തിൽ താമസിച്ച് രാവിലെ ബൈക്കിൽ ട്യൂഷന് പോയത് ആണ്. പക്ഷെ സ്വദേശം എൻ്റെ നാടിനടുത്തു തന്നെ! പക്ഷേ ഞാൻ കണ്ടിട്ടില്ലായിരുന്നു മുൻപ്. താമസിയാതെ അയാൾ ജീവൻ്റെ അവസാന ശ്വാസവും എടുത്തു.
ആ വാർത്ത എൻ്റെ വീട്ടിലുമെത്തിയിരുന്നു. വീടിനടുത്തുള്ള ഒരു ആംഗ്ലിക്കൻ ഫാമിലിയിൽ പെട്ടവരായിരുന്നു അയാളുടെ അമ്മ, വിവാഹ സംബന്ധമായ പ്രശ്നങ്ങൾ നിമിത്തം അവർ ആ ഭവനവുമായി സമ്പർക്കമില്ലായിരുന്നു. ഞാൻ അവരുടെ സഹോദരൻമാരുമായി ഞാൻ ആശുപത്രിയിൽ പോയി കണ്ട കാര്യം സംസാരിച്ചു.
കാലം അതിന്റെ പതിവ് വേഗത്തിൽ മുന്നോട്ടുപോയി. എൻജിനീയറിങ് ആറാം സെമസ്റ്റർ പഠനകാലത്ത് ഒരു പത്രവാർത്ത കണ്ണിൽപ്പെട്ടു.
ഒരു യുവആർക്കിടെക്റ്റിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ അപകടം. മരണം. അവരുടെ സ്വദേശവും എൻ്റെ ആയതിനാൽ ആ വാർത്തയും മനസിൽ ഉടക്കി.
വാർത്തയുടെ താളുകൾക്കൊപ്പം ആ ദിവസവും മടക്കിവെക്കപ്പെട്ടു.
പിന്നീട് എൻജിനീയറിങ് കഴിഞ്ഞു. നാട്ടിൽ ജനകീയാസൂത്രണം വന്നു. ജോലി പാലക്കാട് ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ ഓഫിസിൽ തന്നെ കിട്ടി. ഒരു അസിസ്റ്റന് എൻജിനീയറുടെ, പ്ലാൻ, ഡിസൈൻ എസ്റ്റിമേറ്റ്, ബിൽ എഴുത്ത് തുടങ്ങിയ എല്ലാ ചുമതലകളും, കൂടാതെ പ്രോജക്ടുകളുടെ സാങ്കേതിക അനുമതിക്കായി ബ്ലോക്ക് ലെവൽ എക്സ്പെർട്ടു കമ്മറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിക്കുക തുടങ്ങിയ ചുമതലകളും ഉണ്ട്.
അവിടെ, പുതിയ എൻജിനീയറെ ചുമതലപ്പെടുത്തിയതിൽ ഒട്ടും സന്തോഷമില്ലാത്ത ഒരു സീനിയർ എൻജിനീയർ. വലിയ കലിപ്പായിരുന്നു അദ്ദേഹത്തിന്. കാരണം അദ്ദേഹം ചെയ്തു കൊണ്ടിരുന്ന ജോലി ആണ് ഫയലുകൾ ആണ് ഞാൻ തിരിച്ച് വാങ്ങി ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ കൈവശമുള്ള ഫയലുകൾ ഏറ്റുവാങ്ങേണ്ട ചുമതല എനിക്കായിരുന്നു. എൻജിനീയറിങ്ങ് വിഭാഗത്തിൽ ഞാൻ ചെന്നു കണ്ട് ആഗമനോദ്ദേശ്യം പറഞ്ഞു. പക്ഷേ അദ്ദേഹം പുതുതായി ആളുകളെ നിയമിക്കുന്നതിൽ സിസ്റ്റത്തോട് ശക്തമായി പ്രതികരിക്കുകയാണ്. ഞാൻ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിൽക്കുകയാണ്. ഇനിയുള്ള യാത്രയിൽ എനിക്ക് ഞാനേ ഉള്ളൂ എന്ന തിരിച്ചറിവോടെ.
അവസാനം അയാൾ പറഞ്ഞു ഫയലുകൾ വീട്ടിലെ ഓഫീസിൽ ആണ്. അത് അവിടെ വന്ന് വാങ്ങിക്കോളൂ.
അതിനായി ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി.
വഴിയിൽ ഡ്രൈവർ ഒരു മുന്നറിയിപ്പ് തന്നു.
” ആ സാറിൻ്റെ കാര്യങ്ങൾ അത്ര ശരിയല്ല. പരീക്ഷണങ്ങൾ ദൈവം കൊടുത്തിട്ടുണ്ട്.”
ആ വാക്കുകളുടെ അർത്ഥം അപ്പോൾ എനിക്ക് വ്യക്തമായിരുന്നില്ല.
വീട്ടിലേക്ക് കയറുമ്പോൾ സ്വീകരണമുറിയിൽ രണ്ട് വലിയ ചിത്രങ്ങൾ കണ്ണിൽപ്പെട്ടു. ചുമരിൽ തൂക്കിയിട്ടിരുന്ന രണ്ട് പൂർണ്ണകായ കളർ ചിത്രങ്ങൾ. സുന്ദരമായി ചിരിച്ചു അവർ എന്നെ സ്വാഗതം ചെയ്യുന്നു.
ഒരു ആൺകുട്ടി.
ഒരു പെൺകുട്ടി.
ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളോടും കൂടി ചിരിച്ചുനിൽക്കുന്ന രണ്ട് മുഖങ്ങൾ.
അവരെ കണ്ടപ്പോൾ മനസ്സിനുള്ളിൽ എന്തോ ഒന്ന് പെട്ടെന്ന് തെളിഞ്ഞു. കാലം പല താളുകളിലായി ചിതറിച്ചിട്ടിരുന്ന ഓർമ്മകൾ ആരോ ഒരുമിച്ച് അടുക്കിവെച്ചതുപോലെ.
അവരായിരുന്നു. ഞാനത് തിരിച്ചറിഞ്ഞു.
ഞാൻ വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത സന്ദർഭങ്ങളിൽ വേറൊരു പട്ടണത്തിൽ കണ്ടുമുട്ടിയ ആ രണ്ടു ജീവിതങ്ങൾ.
കെമിസ്ട്രി സാർ പരിചയപ്പെടുത്തിയ, ഗ്യാസ് അപകടത്തിൽ മരിച്ച സീനിയർ പെൺകുട്ടി
റോഡ് അപകടത്തിൽ മരിക്കുന്നതിന് മുൻപ് വിരൽ അമർത്തിയ ആൺകുട്ടി .
അവരുടെ അമ്മ എനിക്ക് ചായ തന്നു. ഫയലുകൾ എടുത്തുതന്നു. മക്കളെക്കുറിച്ച് സംസാരിച്ചു.
ആ അമ്മയുടെ വാക്കുകളിൽ മക്കളുണ്ടായിരുന്നു. ചുമരിലെ ചിത്രങ്ങളിൽ അവരുടെ ഓർമ്മകളുണ്ടായിരുന്നു. ആ വീടിന്റെ നിശ്ശബ്ദതയിൽ പറയാനാവാത്തത്രയും നഷ്ടങ്ങളുണ്ടായിരുന്നു.
ഞാൻ അവിടെ ഇരിക്കുമ്പോൾ അവർക്ക് അറിയില്ലായിരുന്നു, അവരുടെ മക്കളുടെ ജീവിതം എന്റെ ഓർമ്മകളിൽ പണ്ടേ രണ്ടു വ്യത്യസ്ത അധ്യായങ്ങളായി കടന്നുപോയിട്ടുണ്ടെന്ന്. ഞാനത് മനപൂർവ്വം പറഞ്ഞില്ല, കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് കരുതി.
അവർക്കറിയില്ലായിരുന്നു, അവരുടെ വീട്ടിലെ ആ രണ്ട് ചിത്രങ്ങൾ എനിക്ക് വെറും ചിത്രങ്ങളായിരുന്നില്ലെന്ന്.
ഒടുവിൽ അവിടെനിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞുനിന്നത് ആ അമ്മയുടെ മുഖമായിരുന്നു. മക്കളെക്കുറിച്ച് സംസാരിക്കുമ്പോഴുള്ള ആ മുഖം. എന്തൊക്കെയോ പറയാതെ ബാക്കിവെച്ചതുപോലെയുള്ള ആ മുഖം.
പിന്നീട് ഒരിക്കൽ ഒരു കോൺട്രാക്ടറിൽനിന്നാണ് മറ്റൊരു വിവരം അറിഞ്ഞത്.
മക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കൾ ഒരിക്കൽ ഒരു ബോട്ടുയാത്രയ്ക്കിടെ വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചുവത്രേ. പക്ഷേ അവർ മരിച്ചില്ല. അവരെ രക്ഷിക്കാൻ ശ്രമിച്ച ബോട്ടുകാരനാണ് മരിച്ചത്.
ആ വാർത്ത കേട്ടപ്പോൾ മനസ്സിൽ വീണ്ടും തെളിഞ്ഞത് ആ വീട്ടിലെ രണ്ട് ചിത്രങ്ങളായിരുന്നില്ല.
ചായ തന്ന ആ അമ്മയുടെ മുഖമായിരുന്നു.
മക്കളെക്കുറിച്ച് എന്നോട് സംസാരിച്ച ആ അമ്മയുടെ മുഖം.
മനുഷ്യജീവിതം എത്ര വിചിത്രമാണ്!
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ മരണത്തെ തേടിപ്പോയിട്ടും മരണം അവരെ തൊട്ടില്ല. അവരെ രക്ഷിക്കാനിറങ്ങിയ ഒരാൾക്ക് സ്വന്തം ജീവിതം നഷ്ടമായി.
ചില നഷ്ടങ്ങൾക്ക് പകരം മറ്റൊരു നഷ്ടംകൊണ്ട് നികത്താനാവില്ല. ചില വേദനകൾക്ക് കാലം പോലും മരുന്നാകാറില്ല.
അന്ന് ആ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ എന്റെ കൈയിൽ കുറച്ച് ഫയലുകളുണ്ടായിരുന്നു.
പക്ഷേ മനസ്സിൽ കൊണ്ടുപോന്നത് രണ്ട് മുഖങ്ങളും ഒരു അമ്മയുടെ നിശ്ശബ്ദതയുമായിരുന്നു.
എൻ്റെ ആരുമല്ലാതിരുന്നിട്ടും അറിയാതെ എന്റെ ജീവിതത്തിൽ സാന്ദർഭികമായി കടന്നുപോയ രണ്ട് ജീവിതങ്ങൾ.
അവരുടെ ജീവിതത്തിലൂടെ കടന്നുപോയ എത്രയോ വേദനകളെക്കുറിച്ച് അന്നെനിക്ക് അറിയില്ലായിരുന്നു.
ചില മനുഷ്യരുടെ കഥകൾ നമ്മൾ അറിയുന്നത് അവർ നമ്മുടെ മുന്നിൽനിന്ന് പോയിക്കഴിഞ്ഞിട്ടായിരിക്കും.
ചില വീടുകളിൽ ചുമരിൽ രണ്ട് ചിത്രങ്ങളുണ്ടാകും. പക്ഷേ ആ ചിത്രങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നവരുടെ ഉള്ളിൽ എത്രയോ മരണങ്ങൾ ഒളിച്ചിരിപ്പുണ്ടാകും.

