ബാല്യകാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ആണ്. എനിക്ക് മൂന്ന് സഹോദരങ്ങളാണ് ഉള്ളത്. ഒരു ഇക്കയും രണ്ട് ഇത്താമാരും. എല്ലാവരും എന്നേക്കാൾ മൂത്തവർ. ഇക്കയും ഞാനും തമ്മിൽ ഏകദേശം പത്തു വയസിനു വ്യത്യാസമുണ്ട്.. തീരെ പൊടികുഞ്ഞായിരുന്ന കാലം ഒന്നും നമ്മുടെ ഓർമയിൽ ഉണ്ടാകില്ലല്ലോ. ഇത്താമാർ മൂത്തത് ആയതു കൊണ്ട് അവരോടൊപ്പമുള്ള കളികൾ കുറവായിരുന്നു.
പണ്ട് നഴ്സറി സ്കൂളുകൾ വളരെ കുറവാണ്. ഇന്നത്തെ അംഗൻ വാടി പോലെയുള്ള ചെറിയ മുറികളാണ് പണ്ടത്തെ നഴ്സറി ക്ലാസ്. അവിടെ ചെന്നാൽ കുറെ പാട്ടുകൾ പഠിക്കാം. നേരിയ ഓർമ മാത്രമേ എനിക്ക് ആ നഴ്സറി സ്കൂളിനെക്കുറിച്ചുള്ളൂ. അവിടെ ഊഞ്ഞാലിൽ ഇരുന്നു ആടുന്നതും, എന്റെ വാപ്പ എന്നെ അവിടെ കൊണ്ട് ആക്കുന്നതും എല്ലാം നേരിയ ഓർമകൾ മാത്രം. കുറച്ചു നാളുകൾ ഞങ്ങൾ വാടക വീട്ടിലായിരുന്നു താമസം. വാപ്പ കൊടുങ്ങല്ലൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കാലമാണ്. ആദ്യാക്ഷരങ്ങൾ പഠിച്ചത് വീടിനടുത്തുള്ള ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എൽ. പി. സ്കൂളിൽ. അവിടെ ഒന്നാം ക്ലാസ്സിലാണ് ചേർന്നത്. ഒരു അലൂമിനിയം പെട്ടിയാണ് സ്കൂൾ ബാഗ്. അതും തൂക്കി പിടിച്ചൊരു നടപ്പുണ്ട്, പണപ്പെട്ടി കൊണ്ട് നടക്കുന്ന പോലെ. അതിൽ പുസ്തകങ്ങളും സ്ലേറ്റും പെൻസിലും ഒക്കെ അടുക്കി വെച്ചിരിക്കും. പോകുന്ന വഴിയിൽ മഷി തണ്ടു ചെടി എടുക്കും. അത് ഒന്ന് അമർത്തി പിടിച്ചാൽ നിറയെ വെള്ളം വരും. ആ വെള്ളംകൊണ്ടാണ് അക്കാലത്തു സ്ലേറ്റിലെ എഴുത്തു തുടച്ചു മാറ്റിയിരുന്നത്.
സ്കൂളിന്റെ ഗേറ്റിനു മുമ്പിൽ കുട്ടികളെ കൊതിപ്പിക്കാൻ ചെമ്പകപ്പൂവും നെല്ലിക്കയും ചാമ്പക്കയും എല്ലാം വിൽക്കാൻ വെച്ചിട്ടുണ്ടാകും. അന്നത്തെ അഞ്ചു പൈസ കൊടുത്താൽ വേണ്ടുവോളം ഇതെല്ലാം വാങ്ങാം. ഈശ്വര പ്രാർത്ഥനയോടു കൂടി തുടങ്ങുന്ന ക്ലാസുകൾ. ആ കാലത്തു പ്രൈമറി സ്കൂളുകളിൽ പോഷകാഹാരം കിട്ടാൻ വേണ്ടി കുട്ടികൾക്ക് ഉപ്പുമാവ് കൊടുക്കും. ഒരു പ്രത്യേക രുചിയായിരുന്നു ആ ഉപ്പുമാവിന്. ഇന്നത്തെ യുവജനോത്സവം പോലെ ചെറിയ പ്രോഗ്രാമുകൾ അന്നും ഉണ്ടായിരുന്നു. കായിക മത്സരങ്ങളും നടത്തിയിരുന്നു ആ കൊച്ചു സ്കൂളിൽ. നാലാം ക്ലാസ് വരെയെ ആ സ്കൂളിൽ ഞാൻ പഠിച്ചിട്ടുള്ളു.. അത് കഴിഞ്ഞു അപ്പർ പ്രൈമറിയും, സെക്കണ്ടറി ക്ലാസ്സുകളും ഉള്ള ഗവണ്മെന്റ് സ്കൂളിലേക്കു മാറി. അന്നൊക്കെ മലയാള മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷ് പഠിത്തം ആരംഭിക്കുന്നത് അഞ്ചാം ക്ലാസ്സിലാണ്. ഇംഗ്ലീഷ് അക്ഷരങ്ങളും ചെറിയ വാക്കുകളും പഠിക്കുന്നത് അപ്പോഴാണ്. ഹിന്ദിയും പഠിക്കുന്നത് ആ സമയത്ത് തന്നെ.
പച്ച സ്കർട്ടും വെള്ള ഷർട്ടും ധരിച്ചു, മുടി രണ്ടു വശത്തു പിന്നിയിട്ടു പച്ച റിബണും കെട്ടി ആണ് സ്കൂളിൽ പോവുക. ആൺകുട്ടികളും, പെൺകുട്ടികളും വേറെ വേറെ സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്. ഇവിടേക്കെത്തിയപ്പോൾ അലുമിനിയ പെട്ടിയിൽ നിന്ന് ബാഗിലേക്കു ബുക്കുകൾ താമസം മാറ്റി. മഴക്കാലത്തു ഉള്ള യാത്ര ബഹു രസമായിരുന്നു. നീളൻ പാവാട പൊക്കി പിടിച്ചു മഴയത്തു കുടയും പിടിച്ചുള്ള ആ പോക്ക് വല്ലാത്തൊരു അനുഭവമാണ്. സ്കൂളിൽ എത്തുമ്പോഴേക്കും ആകെ നനഞ്ഞു കുളിച്ചിട്ടുണ്ടാകും. പാവം ബുക്കുകൾ നനഞ്ഞു കുതിരാതിരുന്നാൽ ഭാഗ്യം. പോകുന്ന വഴിയിൽ വെച്ച് ഇടിമുഴക്കവും ഇടിവെട്ടും വന്നാൽ എന്റമ്മോ പിന്നെ കയ്യും കാലും വിറച്ചു ഒരു വിധത്തിലായിരിക്കും നടക്കുക. ഒരു 20 മിനിറ്റെങ്കിലും എടുക്കും സ്കൂളിലെത്താൻ. മഴയത്തു നടന്നുള്ള സ്കൂളിലേക്കുള്ള യാത്രകൾ നല്ല രസമായിരുന്നു.. ഒരു നല്ല കുടയില്ലെങ്കിൽ മഴക്കാലത്തു നല്ല പണി കിട്ടും. കുട മലന്നു ഒരു പറക്കലുണ്ട്. മഴയും നനയും നാട്ടുകാർ നമ്മളെ കളിയാക്കി ചിരിക്കും. ഒരു നാലോ അഞ്ചോ പേരടങ്ങുന്ന കുട്ടി സംഘങ്ങൾ ഒന്നിച്ചായിരുന്നു അന്ന് പോക്കും വരവും. ഇന്നത്തെപ്പോലെ ആരും സ്കൂളിൽ കൊണ്ട് വിടാൻ വരില്ല. ആ കാലഘട്ടങ്ങളിൽ തട്ടിക്കൊണ്ടു പോകലോ പീഡനങ്ങളോ ഒന്നും ഇല്ലാത്ത ഒരു കാലമാണ്. അതു കൊണ്ടു മാതാപിതാക്കൾ വലിയ പേടിയൊന്നും കാണിക്കാറില്ല. ഇപ്പോഴും മഴ കാണുമ്പോൾ അത് പോലെ നനഞ്ഞു കുളിച്ചു പോകാൻ കൊതിക്കാറുണ്ട്.
ഞാൻ താമസിച്ചിരുന്നത് ഒരു ചെറിയ നഗരത്തിലായിരുന്നു. പക്ഷെ ഉപ്പയുടെയും തറവാട് ഉണ്ടായിരുന്നത് ഗ്രാമപ്രദേശത്തും. തോടുകളും വയലുകളും കുളങ്ങളും നിറഞ്ഞു കിടന്നിരുന്ന പ്രദേശം. ചുറ്റും പച്ചപ്പാണ്. വലിയ ഒരു പറമ്പും അതിനു നടുക്ക് ഒരു തറവാടും അതാണ് നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന കാഴ്ച. അതിനു ചുറ്റും മക്കളും മരുമക്കളും സഹോദരങ്ങളും താമസിക്കുന്നുണ്ടാകും. വാപ്പയുടെ പറമ്പുകൾ എല്ലാം തറവാട് ഭാഗത്താണ്. അവിടെ എല്ലാ ആഴ്ച്ചയിലും വാപ്പ പോയി പണികൾ നടത്തും. കൂടെ ഞാനും സഹോദരങ്ങളും പോകും. പറമ്പിലെ വരമ്പുകൾ ഉണ്ടാക്കൽ, മോട്ടോർ ഷെഡ്ഡുകൾ പണിയൽ, തെങ്ങു കയറ്റം, കുളം വെട്ടി മീൻ പിടിക്കൽ, ഞാറു നടൽ നെല്ല് കൊയ്യുന്നതും, നെല്ല് മെതിക്കുന്നതും പുഴുങ്ങുന്നതും വൈക്കോൽ തുറ ഉണ്ടാക്കുന്നതും എല്ലാം എന്റെ ഓർമയിലെ സുന്ദര നിമിഷങ്ങൾ ആണ്.. വേനൽ അവധി വന്നാൽ, മിക്കവാറും കുട്ടികളെല്ലാം ഉമ്മയുടെയോ വാപ്പയുടെയോ തറവാട്ടിലേക്കു ചേക്കേറും. വാപ്പയുടെ തറവാടായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ട ഇടം. പള്ളിനട എന്ന സ്ഥലത്തിറിങ്ങി കുറെ പടിഞ്ഞാറു ആണ് തറവാടുള്ളത്. പോകുന്ന വഴിയിൽ ഒരു പള്ളിയുണ്ട് സാഹിബിന്റെ പള്ളി. വാപ്പമ്മയുടെ കൂടെ താമസിക്കാൻ നല്ല ഇഷ്ടമാണ്. അവിടെ അടുത്തു തന്നെയാണ് വാപ്പയുടെ അനുജന്മാരും ബന്ധുക്കളും താമസിച്ചിരുന്നത്. ആ വീടുകളിൽ എല്ലാം എന്നേക്കാൾ ഒന്നോ രണ്ടോ വയസിനു താഴെയുള്ള കുട്ടികളും ഉണ്ടായിരുന്നു മിക്കവാറും സമയം ഞങ്ങൾ കുട്ടികൾ എല്ലാവരും തൊടിയിലായിരിക്കും. പ്ലാവ്, സപ്പോട്ട, പേരക്ക, ചാമ്പക്ക, കൊടപ്പുളി, വാളൻ പുളി, കശുമാവ്, എന്തെല്ലാം തരം മരങ്ങളായിരുന്നു അന്നെല്ലാം തൊടിയിൽ ഉണ്ടായിരുന്നത്. പ്രിയൂര് മാങ്ങാ, തല്ലി കുടിയൻ, മൽഗോവ, അങ്ങിനെ എത്ര തരം മാവുകൾ ആയിരുന്നെന്നോ ചുറ്റും. കളി കഴിഞ്ഞാൽ ചുറ്റും കാണുന്ന മരങ്ങളിലെ ഫലങ്ങൾ പറിച്ചു തിന്നും, അതായിരുന്നു അക്കാലത്തെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പച്ച മാങ്ങാ അരിഞ്ഞു മുളക് പൊടിയും ഉപ്പും വെളിച്ചെണ്ണയും ഇട്ടു ഒരു തീറ്റയുണ്ട്. അത് പോലെ തന്നെ കൊടം പുളിയും കഴിക്കും. നമ്മുടെ മാങ്ങോസ്റ്റിന്റെ ബന്ധുവാണ് കക്ഷി. നല്ല പുളിയായിരിക്കും. ചിരട്ട വെച്ച് പഴുപ്പിക്കാൻ വെച്ചിരിക്കുന്ന പല പഴങ്ങളും മോഷ്ടിച്ച് തിന്നുക, വൈക്കോൽ തുറയിൽ പഴുപ്പിക്കാൻ വെച്ച മാങ്ങകൾ തിന്നുക അങ്ങനെ എത്ര എത്ര കുസൃതികൾ. വേനൽക്കാലത്തു നെൽവയലുകളിലെല്ലാം വെള്ളം വറ്റിയിരിക്കുന്ന സമയം ആയിരിക്കും. അവിടം കൃഷി ഭൂമിയാകും അപ്പോൾ. ആ സമയത്തു അവിടെ വിളഞ്ഞു നിൽക്കുന്ന സ്വർണ നിറത്തിലുള്ള പൊട്ടു വെള്ളരിയും, കുമ്മട്ടിങ്ങയും ആണ് ദാഹ ശമനത്തിനുപയോഗിക്കുക. അതിലും രസം, സ്വന്തം പാടത്തെ കക്കിരി പൊട്ടിക്കാതെ അപ്പുറത്തെ പാടത്തെ കക്കിരി പൊട്ടിക്കാനായിരിക്കും കുട്ടിപ്പട്ടാളത്തിന് ഇഷ്ടം. കാരണം സ്വന്തം പാടത്തെ പിഞ്ചു കക്കിരി തിന്നാൽ ആവോളം ചീത്ത വീട്ടിൽ നിന്ന് കിട്ടും. പറമ്പിൽ നിന്നും കിട്ടുന്ന തിരിച്ചു കടിക്കാത്ത എന്തും തിന്നും ആ കാലത്ത്. കശുവണ്ടി മണ്ണിൽ മുളച്ചുണ്ടാകുന്ന പരിപ്പ്, കറുകയില, താമരയുടെ ഫ്രൂട്ട്, പഴുത്ത വാളൻ പുളി, പറഞ്ഞാലും തീരാത്ത സാധനങ്ങൾ ആണ് നമുക്ക് പറമ്പുകളിൽ നിന്ന് കിട്ടുക. ഇതു മാത്രം അല്ല കേട്ടോ, ഇല അട, അച്ചപ്പം, കുഴലപ്പം, എള്ളുണ്ട, കായ വറുത്തത്, ഉണ്ണിയപ്പം അങ്ങിനെ എന്തെങ്കിലും ഒക്കെ കുട്ടികൾക്ക് തിന്നാനായി വാപ്പുമ്മ തറവാട്ടിൽ ഉണ്ടാക്കും.
തറവാടിൽ എത്തിയാൽ ബന്ധു വീടുകളിലേക്ക് ഓരോട്ടമാണ്. ചെങ്കൽ റോഡുകളാണ് അന്നുള്ളത്. പക്ഷെ കാട് പിടിച്ചു കിടക്കുന്ന ഇടവഴികളിലൂടെ പോയാൽ എളുപ്പത്തിൽ എത്താം. എല്ലാ വീട്ടിലും ഞാനെത്തും. ചിലപ്പോൾ ചെറിയ വെള്ള ചാലു കിടക്കാൻ തെങ്ങു തടിയുടെ കുഞ്ഞി പാലത്തിൽ ബാലൻസ് ചെയ്തു വേണം പോകാൻ. ഒരു മനുഷ്യനും ആ പറമ്പുകളിൽ ഉണ്ടാകില്ല. നിറയെ കൈതകൾ നിറഞ്ഞ പൊന്തകാടുകൾ. അത് പൂത്താൽ നല്ല മണമാണ്. ആരെയും പേടിക്കേണ്ടത്ത എന്ത് നല്ല കാലഘട്ടമായിരുന്നു അന്നൊക്കെ. ഇന്നാണെങ്കിൽ ശരിക്കും പേടിക്കണം, കുട്ടികളെ ഇങ്ങിനെ ഒറ്റക്ക് വിട്ടാൽ ജീവനോടെ തിരിച്ചു കിട്ടുമോ എന്നറിയാൻ പറ്റില്ല. പറമ്പിൽ പണിയെടുക്കുന്ന ആളുകളുടെ കുഞ്ഞി കുടിലുകൾ അങ്ങിങ് കാണാം. വളരെ സ്നേഹമുള്ള ആളുകൾ. അവരായിരുന്നു തെങ്ങ് കയറാനും പറമ്പിലും പാടത്തും പണിയെടുക്കാൻ വന്നിരുന്നത്.
പോകുന്ന വഴികളിൽ തോടുകൾ ഉണ്ടാകും അതിൽ തോർത്ത് കൊണ്ട് കുഞ്ഞി മീനുകളെ പിടിക്കൽ, ചൂണ്ടയിട്ടു മീനുകളെ പിടിക്കൽ എല്ലാം ഞങ്ങൾ കുട്ടികളുടെ വിനോദമായിരുന്നു. കൂട്ടത്തിൽ കൂടുതൽ കുസൃതി എനിക്കായിരുന്നു. ഒന്നാം ക്ലാസ്സ് തൊട്ടു തോട്ടിൽ ചാടി താമര പൊട്ടിക്കുന്നതിൽ ഒരു വിദഗ്ധയായിരുന്നു ഞാൻ. തോട്ടിൽ മുങ്ങി താഴ്ന്ന എന്നെ അന്ന് ഞങ്ങൾ വന്നിരുന്ന ടാക്സി കാറിന്റെ ഡ്രൈവർ സുകുമാരൻ ചേട്ടൻ പൊക്കിയെടുത്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി. എന്നിരുന്നാലും എന്ന് താമര കണ്ടാലും ഞാൻ തോട്ടിൽ ഇറങ്ങും. ആരുടെയെങ്കിലും സഹായത്തോടെ അത് പൊട്ടിച്ചു കയ്യിലാക്കുന്നത് വരെ സമാധാനം ഉണ്ടാകില്ല. അന്ന് തോടുകൾ നിറയെ വെള്ള താമരയും ചുവന്ന താമരയും ഉണ്ടായിരുന്നു. നീന്തൽ അറിയില്ലെങ്കിലും റെക്കോർഡ് കണക്കിന് വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. പടച്ചവന്റെ കൃപയാൽ പലപ്പോഴും രക്ഷപെട്ടിട്ടുണ്ട്. ബന്ധു വീടുകളിൽ അന്നെല്ലാം കുട്ടികൾ വിരുന്നു താമസിക്കാൻ പോകും. എന്റെ വീട്ടിൽ എന്നെയാണ് അങ്ങിനെ താമസിക്കാൻ കൂടുതൽ വീട്ടിരിക്കുന്നത്. നാലിൽ പഠിക്കുമ്പോളാണെന്നു തോന്നുന്നു എന്റെ ഉമ്മയുടെ രണ്ടാമത്തെ ആങ്ങളയുടെ വീട്ടിൽ അതായതു എന്റെ മാമയുടെ വീട്ടിൽ രണ്ട് ദിവസം താമസിക്കാൻ പോയി. മാമയും അമ്മായിയും എന്തോ ആവശ്യത്തിനായി പുറത്തു പോയി. മാമക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. എല്ലാവരും എന്റെ പ്രായക്കാർ. ഒന്നോ രണ്ടോ വയസിനു വ്യത്യാസം ഉള്ളവർ. അവിടെ ഒരു വലിയ കുളം ഉണ്ടായിരുന്നു. കുട്ടികളെല്ലാം സ്ഥിരമായി കുളത്തിൽ കുളിക്കുന്നവർ, എല്ലാവരും നല്ല നീന്തൽ വിദഗ്ദകൾ. ഞങ്ങൾ കുട്ടികൾ നാലു പേരും വീട്ടിലുണ്ടായിരുന്ന ചെറിയ മൺകലങ്ങൾ എടുത്തു വെള്ളത്തിൽ ഇട്ടു. ആരുടെ കലം കൂടുതൽ ദൂരത്തിൽ
മുന്നോട്ടു പോകും എന്ന് നോക്കാനായി എല്ലാവരും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തൽ അറിയാത്ത ഞാനാണ് കേട്ടോ മുമ്പിൽ. മുന്നോട്ടു നടന്നു നടന്നു ആ കുളത്തിന്റെ എബിസിഡി അറിയാത്ത ഞാൻ പെട്ടന്നങ്ങു കുളത്തിലേക്കു മുങ്ങിപ്പോയി. വെള്ളത്തിൽ തവള നീന്തുന്ന പോലെ ഞാൻ പൊരുതി നീന്തുകയാണ്. വെള്ളത്തിനടിയിൽ കിടക്കുമ്പോൾ അവർ എന്റെ പേര് പറഞ്ഞു ഉച്ചത്തിൽ കരയുന്നത് നേരിയ ഒച്ചയിൽ എനിക്ക് കേൾക്കാമായിരുന്നു. സർവ ശക്തിയും എടുത്തു ഞാൻ നീന്താൻ നോക്കുന്നുണ്ട്. നീന്തൽ അറിയാത്ത ഞാൻ എങ്ങിനെ കരക്കെത്തും. കുറച്ചു
കഴിഞ്ഞപ്പോൾ എന്റെ ബോധം പോയി. എന്റെ ആയുസ്സിന്റെ ബലം ആണെന്ന് തോന്നുന്നു, മാമയുടെ ഒരു സുഹൃത്ത് വീട്ടിലുണ്ടായിരുന്നു. പുള്ളിക്കാരൻ വെള്ളത്തിൽ ചാടി എന്നെ വലിച്ചെടുത്തു. ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ ചുറ്റും ആർത്തു കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ കസിൻ സിസ്റ്റർസിനെ ആണ് കാണുന്നത്.. വെള്ളം കുടിച്ചു വയർ വീർത്തിരിക്കുന്ന എന്റെ വയറു പിടിച്ചു അമർത്തി ആ അങ്കിൾ എനിക്ക് ഫസ്റ്റ് എയ്ഡ് തന്നു. മൂക്കിലൂടെയും വായിലൂടെയും വെള്ളം ചീറ്റി കൊണ്ടിരുന്നു. വെള്ളം എല്ലാം പുറത്തേക്കു പോയപ്പോഴാണെന്ന് തോന്നുന്നു എനിക്ക് ബോധം തിരിച്ചു കിട്ടിയത്. ഞാൻ എണീറ്റിരുന്നപ്പോളാണ് അവരുടെ ശ്വാസം വീണത്. തിരിച്ചു വന്ന് ഇതെല്ലാം കേട്ട മാമയും അമ്മായിയും വിഷമിച്ചു പോയി. അതോടെ മാമ ഇനി നിന്നെ എന്റെ വീട്ടിൽ നിൽക്കാൻ വിളിക്കില്ല എന്ന് പറഞ്ഞു.. എവിടെ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നെയും ഞങ്ങൾ ഒന്നിച്ചു കൂടി. അന്നെല്ലാം ചെറിയ സൈക്കിളുകൾ വാടകക്ക് വാങ്ങാൻ കിട്ടും. അതെല്ലാം എടുത്തു ചുറ്റിയടിക്കാൻ കൂടെ വരുന്നത് മാമയുടെ ഈ മക്കളാണ്. ഒരേ സ്കൂളിലാണ് ഞങ്ങൾ പഠിച്ചിരുന്നതും. തീർന്നില്ല കേട്ടോ എന്റെ മുങ്ങൽ കഥകൾ. ആലുവ uc കോളേജിന്റെ ഇടതു വശത്തു കൂടി കുറെ ഉള്ളിലേക്ക് പോയാൽ ആലുവ പുഴ കാണാം അതിന്റെ തീരത്തായിരുന്നു എന്റെ വാപ്പയുടെ ഇളയ പെങ്ങൾ താമസിച്ചിരുന്നത്. പൊന്നു വിളയുന്ന ഒരു ഭൂമിയിലായിരുന്നു അവരുടെ വീട്. എന്റെ ഓർമയിലെ ഏറ്റവും സുന്ദരമായ ഒരു ഇടം.. വളരെ കുറച്ചേ അവിടെ പോയി താമസിച്ചിട്ടുള്ളു. ആ പറമ്പിൽ ഇല്ലാത്ത പഴ വർഗങ്ങളില്ല. ചോളം റാഗി, കൊള്ളിക്കിഴങ്ങു ഇതെല്ലാം സുലഭം. നിറയെ കിളികൾ ഉള്ള കിളിക്കൂടുണ്ട് അവിടെ. പിന്നെ ഒരു കുരങ്ങനും. കുരങ്ങൻ നമ്മുടെ തല നോക്കി തരും. അതിനുള്ളിലെ വന്യ ജീവികളെ എടുത്തു മൂപ്പര് ശാപ്പിടും. നമ്മൾ എങ്ങാനും ഒന്നിളകിയാൽ ഒരു കുഞ്ഞി അടിയും തരും. ഈ വീട്ടിൽ നിന്ന് വളരെ കുറച്ചു അകലത്തിലാണ് പുഴയുള്ളത്. ഏഴിൽ പഠിക്കുമ്പോൾ ഞങ്ങൾ കുടുംബസമേതം അവിടെ താമസിക്കാൻ പോയി.. കളിച്ചും ചിരിച്ചും സമയം നീക്കി. ഞാനും സഹോദരങ്ങളും അവിടത്തെ കുട്ടികളും കൂടി പുഴയിൽ കുളിക്കാൻ പോയി. അവിടെയുള്ള കുട്ടികളെല്ലാം നീന്തൽ വിദഗ്ദർ ആണ്. എന്റെ സഹോദരങ്ങൾക്കും അത്യാവശ്യം നീന്തൽ അറിയാം. അവിടെയും ഈയുള്ളവൾ മുങ്ങിയിട്ടുണ്ട്. കുളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു ചെറിയ ചുഴിയിൽ പെട്ടു.. പെട്ടന്ന് ഞാൻ താഴാൻ തുടങ്ങി, എന്റെ കൈകൾ മാത്രം ഉയർത്തി, എന്റെയൊപ്പം വെള്ളത്തിലുണ്ടായിരുന്ന എന്റെ ഇത്താമാരെയും കസിൻസിനെയും അറിയിക്കാൻ ശ്രമിച്ചു, പക്ഷെ അവർ ഞാൻ എന്തോ കസർത്തു കളിക്കുകയാണെന്നു വിചാരിച്ചു എന്നെ മൈൻഡ് ചെയ്തില്ല. ഭാഗ്യം കൊണ്ട് എങ്ങിനെയോ അതിൽ നിന്ന് ഞാൻ സ്വയം രക്ഷപ്പെട്ടു പോന്നു. ഇപ്പോഴും എനിക്കതെങ്ങിനെ സംഭവിച്ചു എന്നറിയില്ല. അന്ന് തൊട്ടു നീന്തൽ ശരിക്ക് പഠിക്കണം എന്ന് മനസ്സിലാഗ്രഹിച്ചിരുന്നു.
ഇപ്പോഴും നീന്തൽ പഠിക്കണം എന്നുള്ള എന്റെ ആഗ്രഹം നിറവേറിയിട്ടില്ല. മകൾ താമസിക്കുന്ന കെട്ടിടത്തിലെ സ്വിമിംഗ് പൂളിൽ പേരകുട്ടിയുടെ കൂടെ ഇറങ്ങുമ്പോൾ നീന്തൽ അറിയാത്തതിന്റെ പേരിൽ എനിക്ക് സങ്കടം തോന്നാറുണ്ട്. എന്റെ അഞ്ചു വയസ്സുകാരി പേരക്കുട്ടി എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പഠിക്കുമോ ആവോ അറിയില്ല. ഒരു നടക്കാത്ത സ്വപ്നമായി അവശേഷിക്കുമോ എന്തോ.
എന്റെ ബാല്യകാലത്തിലെ കളികൾ എല്ലാം പ്രകൃതിയോട് ചേർന്നു നിൽക്കുന്നതായിരുന്നു. മണ്ണപ്പം ചുടുന്നുതും, മഴ വെള്ളത്തിൽ കളിവഞ്ചിയുണ്ടാക്കി ഒഴുക്കി കളിക്കുന്നതും എല്ലാം ഇഷ്ട്ടപെട്ട കാര്യങ്ങൾ ആയിരുന്നു. എന്റെ വീടിനടുത്ത എനിക്ക് കൂട്ടുകാരായി മൂന്ന് കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളെല്ലാം ഒന്ന് ചേർന്നു ഒരു കുഞ്ഞു വീടുണ്ടാക്കും. ഓലമടലും, ഓലയും, വടികളും എല്ലാം ഉപയോഗിച്ചുണ്ടാക്കിയ ഒരു കുഞ്ഞു ഓലപ്പുര. അതിൽ കുഞ്ഞി പാത്രങ്ങളും, സാധനങ്ങളും എല്ലാം വെച്ച് അച്ഛനും അമ്മയും ആയി കളിക്കുന്നത് ബഹു രസമായിരുന്നു. കുഞ്ഞി സാരിയെല്ലാം എടുത്തു ഒരു കുഞ്ഞി കളി. ചിലപ്പോൾ അടുക്കളയിലെ ഭക്ഷണ സാധനങ്ങളും കുഞ്ഞി പുരയിൽ എത്തും. പ്ലാവിന്റെ ഇല കൊണ്ട് കയ്യിൽ ഉണ്ടാക്കും. അത് വെച്ച് കഞ്ഞി കോരി കുടിക്കാൻ നല്ല രസമാണ്. അതെല്ലാം ഈ ഓലപുരയിൽ പ്രയോഗിക്കും. ഇന്നത്തെ കുട്ടികളുടെ ടെന്റിന്റെ പഴയ രൂപമാണ് ഈ ഓലപ്പുരകൾ.
ഉത്സവങ്ങൾക്കും പള്ളിപെരുന്നാളിനും പോകുമ്പോൾ വാങ്ങുന്ന കുപ്പിവളകളും, പ്ലാസ്റ്റിക് പാവകളും പീപ്പികളും പല നിറത്തിലും ആകൃതിയിലുമുള്ള ബലൂണുകളും നിധി കിട്ടിയ പോലെ സൂക്ഷിച്ചു വെക്കുന്നതും മയിൽപ്പീലി ബുക്കിനുള്ളിൽ സൂക്ഷിച്ചു വെച്ചു പെറ്റു പെരുകാനായി കാത്തിരിക്കുന്നതും എല്ലാം മനസ്സിൽ ഓർത്തു വെക്കുന്ന പഴയ കാലത്തെ മനോഹരമായ ഓർമകളാണ്.
പണ്ടത്തെ കുട്ടികൾ മിക്കവാറും മരം കേറികൾ ആയിരിക്കും. കശുമാവിന്റെ ബലമുള്ള ശാഖകളിൽ കുറെ കുട്ടികൾക്ക് ഒന്നിച്ചു നിൽക്കാം. പിന്നെ ആ ശാഖയെ കുലുക്കി കുലുക്കി ഒരു നിൽപ്പുണ്ട്. കുറെ നേരം അങ്ങനെ നിന്നു കളിക്കും ഞങ്ങൾ. ഓല കൊണ്ടുള്ള പന്തുകൾ, കൊതുമ്പു പാളയിൽ ഇരുന്നുള്ള യാത്രകൾ, കുട്ടിയും കോലും കളിക്കുന്നത്, സാറ്റ് കളിക്കുന്നത്, കുറെ ചതുരങ്ങൾ വരച്ചു, അതിൽ ഒരു കല്ല് കഷ്ണം ഇട്ടു തൊങ്ങി കളിക്കുന്നത്, കുട്ടികൾ വട്ടത്തിൽ ഇരിക്കും എന്നിട്ടു ഏതെങ്കിലും ഒരാളുടെ പിന്നിൽ തൂമ്പ ചെടി ഇട്ടു ഓടിച്ചിടുന്നത്, നാരങ്ങ പാലു ചൂണ്ടക്കു രണ്ടു കളികൾ, കട്ടുറുമ്പിന്റെ കാതു കുത്തി കളി, കല്ല് കളി, ഈർക്കിലി കൊണ്ടുള്ള കളികൾ അങ്ങിനെ കുറെ നാടൻ കളികൾ. അത് കൂടാതെ കുളത്തിൽ ചാടി തല്ലിയലച്ചു കുളിക്കാം അന്നൊക്കെ. മുതിർന്നവർ വന്നു കുളത്തിൽ നിന്നു എഴുന്നേറ്റു പോകാൻ പറയുന്നത് വരെ വെള്ളത്തിൽ കിടക്കും.. തോട്ടിൽ പോയി ചൂണ്ടയിട്ട് മീൻ പിടിക്കാം, കുഞ്ഞു തോടുകളിൽ തോർത്ത് വെച്ച് കുഞ്ഞു മീനുകളെ പിടിക്കാം. കളികൾക്ക് യാതൊരു ക്ഷാമവും ഇല്ല.
പാട്ട് പഠിത്തവും ഡാൻസും എല്ലാം പഴയ കാലത്തും ഉണ്ട്, ഇപ്പോഴും ഉണ്ട്. സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വന്നാൽ പിന്നെ പൊടി പൂരം. ഡാൻസ്, നാടകം ഇതിനെല്ലാം ഒരുങ്ങി പുറപ്പെടും. ഒരു കൊല്ലം ഭാരതനാട്യം പഠിച്ചു, സാറിനെ വലിയ ഇഷ്ട്ടപെടാത്തത് കൊണ്ടും നൃത്ത പാഠനം അങ്ങ് നിർത്തി. എങ്കിലും എല്ലാ ഗ്രൂപ്പ് ഡാൻസുകളിലും കയറി പറ്റും. ജനുവരിയിൽ കൊടുങ്ങല്ലൂർ അമ്പലത്തിൽ താലപ്പൊലി ഉത്സവം
ഉണ്ടാകും. അന്ന് സ്കൂളിൽ എക്സിബിഷൻ ഉണ്ടാകും. കണക്കിലെ കളികൾ, രസതന്ത്രത്തിലെ പല കെമിക്കൽ ഇട്ടിട്ടുള്ള കെമിക്കൽ ഗാർഡൻ ഉണ്ടാക്കൽ, പിന്നെ പല തരത്തിലും പരീക്ഷണങ്ങൾ എല്ലാം ലൈവ് ആയി കാണിച്ചു കൊടുക്കും. സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ ആണ് നിൽക്കുന്നതെങ്കിൽ ഓരോ സ്റ്റേറ്റുകളിലെയും വസ്ത്രങ്ങൾ ധരിക്കും, അവരുടെ ഡാൻസ് രൂപങ്ങൾ, ഭൂപ്രദേശത്തെ കുറിച്ചുള്ള വിവരണങ്ങൾ എല്ലാ വിശദീകരിച്ചു കൊടുക്കും. ശിലാ യുഗം ആണ് കാണിക്കുന്നതെങ്കിൽ ബഹുരസമാണ് ഇരുട്ടു മുറിയിൽ ഇലകൾ കൊണ്ട് മറച്ചൊരു വസ്ത്രവും മേക്കപ്പും അണിഞ്ഞു ഇരിക്കണം. ഒരാഴ്ച അങ്ങിനെ പല അടവുകളും ആയി അവിടം തകർക്കും. ബന്ധുക്കളും അറിയുന്നവരും എക്സിബിഷൻ കാണാൻ വരുമ്പോൾ ബല്ലാത്തൊരു ഉത്സാഹമാണ്.
പിന്നെ ഓർത്തെടുത്തു പറയാനുള്ളത് സ്കൂളിലെ ഒക്ടോബറിലെ ഗാന്ധി ജയന്തി വാരമാണ്. ഒരാഴ്ച പരിപാടികൾ ഉണ്ടാകും. റോഡുകൾ വൃത്തിയാക്കാനും, അടുത്തുള്ള ആശുപത്രി പരിസരം വൃത്തിയാക്കനും ഞങ്ങളെ കൊണ്ട് പോകും. കുട്ടികൾ നന്നായി പണിയെടുക്കും. വീടുകളിൽ നിന്ന് തേങ്ങ, അരി ശർക്കര ഇവയെല്ലാം കൊണ്ട് വരാൻ പറയും. എന്നിട്ട് അതുപയോഗിച്ച് ടീച്ചർമാരും സഹായികളും കൂടി ഒരു വലിയ ചെമ്പിൽ
പായസം ഉണ്ടാക്കി, എല്ലാവർക്കും തരും. എന്തൊരു സ്നേഹവും ഐക്യവും ഉള്ള കാലമായിരുന്നു. പിന്നെ കുറച്ചു കലാപരിപാടികളും നടത്തും
ആഘോഷങ്ങളെ കുറിച്ചാണെങ്കിൽ, ഓണം ക്രിസ്മസ് ഈദ് ഇവയെല്ലാം എല്ലാവരും അവർക്കു പറ്റുന്ന രീതിയിൽ ആഘോഷിക്കും. ഓണത്തിന് എല്ലാ ദിവസവും ഞാൻ വീട്ടിൽ പൂക്കളും ഇടും. അപ്പുറത്തെ വീട്ടിലെ രാജി ചേച്ചി തൃക്കാക്കര അപ്പനെ തരും. അത് നടുക്കു വെച്ച് പൂക്കളും ഉണ്ടാക്കും. മുക്കുറ്റി, തുമ്പ, ചെത്തി ചെമ്പരത്തി, കോളാമ്പി കനകാംഭാരം തുളസിയില കിട്ടിയതെല്ലാം പൂക്കളത്തിൽ ഉണ്ടാകും. പൂ കിട്ടിയില്ലെങ്കിൽ കരഞ്ഞു ബഹളമുണ്ടക്കും. തേങ്ങാ പീര കളർ അടിച്ചു വരെ പൂക്കളം നിറച്ചിട്ടുണ്ട്. അത് പോലെ തന്നെ ക്രിസ്മസ്സിന് നക്ഷത്ര വിളക്ക് വീടിനു മുമ്പിൽ കെട്ടും.. പൂൽകൂട് നിർമാണം അത്രക്കങ്ങു പയറ്റിയിട്ടില്ല. വിഷുവിനും പെരുന്നാളിനും ഓല പടക്കം, വിഷു ചക്രം, മത്താ പൂത്തിരി, കമ്പിതിരി, മാലപ്പടക്കം ഇതെല്ലാം കത്തിക്കും. എന്തൊരു നല്ല കാലമായിരുന്നു അന്നൊക്കെ. ആർക്കും വർഗീയത എന്നൊരു കാര്യം തന്നെയുണ്ടായിട്ടില്ല. ഒരിക്കൽ പോലും മതത്തിന്റെ പേരിൽ ഒരു വേർതിരിവ് ഒരിക്കലും അനുഭവിച്ചിട്ടില്ല.
പണ്ടെല്ലാം ചെറിയ പ്രായത്തിൽ ഉടുപ്പുകളോ, പാവാടയും ജാക്കറ്റോ അല്ലെങ്കിൽ ദാവണിയോ ആയിരുന്നു ധരിക്കാനുള്ള വസ്ത്രങ്ങൾ. അതും വളരെ കുറവ് എണ്ണമായിരിക്കും ഉണ്ടാവുക. ഏതെങ്കിലും വിശേഷ ദിവസങ്ങളിലോ, ഉത്സവത്തിനോ, അടുത്ത ബന്ധുക്കളുടെ കല്യാണങ്ങൾക്കോ ആയിരിക്കും പുതു വസ്ത്രങ്ങൾ വാങ്ങുക. പട്ടു പാവാടയാണ് അതിൽ മുന്തിയ ഡ്രസ്സ്.
ആശയ വിനിമയത്തിനായി വെറും പോസ്റ്റ് കാർഡുകളും ഇൻലൻഡും മാത്രം ആണ് പണ്ടുകാലത്ത് കുട്ടികൾ ഉപയോഗിച്ചിരുന്നത്. പെൻ ഫ്രണ്ട് ആയി ആരെയെങ്കിലും കിട്ടുമായിരുന്നു. ഒരു തരത്തിലുള്ള ബുള്ളിയിങ് അക്കാലത്തു കേട്ടിട്ടില്ല. പല നാടുകളിലെയും സ്റ്റാമ്പുകൾ നാണയങ്ങൾ ഇവ സൂക്ഷിച്ചു വെക്കുമായിരുന്നു. അന്നെല്ലാം വിദേശ യാത്രകൾ കുറവല്ലേ, അത് കൊണ്ട് കാര്യമായ നാണയ കളക്ഷൻ ഇല്ല, പക്ഷെ നല്ലൊരു സ്റ്റാമ്പ് ആൽബം എനിക്കുണ്ടായിരുന്നു. വിദേശത്തുള്ള ബന്ധുക്കൾ തരുന്ന സ്റ്റാമ്പുകൾ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്നു.
പണ്ടെല്ലാം വീടുകളിൽ ചെറിയ റേഡിയോകൾ മാത്രം ആണുണ്ടായിരുന്നത്. പ്രഭാതഗീതത്തിൽ തുടങ്ങുന്ന ഒരു ദിവസം. പിന്നെ വാർത്തകൾ, ലളിത ഗാനങ്ങൾ റേഡിയോ നാടകങ്ങൾ എല്ലാം ഉണ്ടാകും. പിന്നെ ടേപ്പ് റെക്കോർഡറും കാസറ്റ്റും രംഗത്തിറങ്ങി..
പണ്ട് ചെമ്മൺ പാതകളുള്ള ഗ്രാമങ്ങളായിരുന്നു അധികവും. ദൂരെ യാത്രക്കെല്ലാം നമ്മൾ ആശ്രയിച്ചിരുന്നത് നമ്മുടെ സ്വന്തം ആന വണ്ടിയെ ആയിരുന്നു. ആന വണ്ടിയിൽ കയറി ആണ് തിരുവനതപുരം, കോട്ടയം എറണാകുളം ഇവിടെയുള്ള ബന്ധുക്കളെ കാണാൻ പോയിരുന്നത്. ചില പാലങ്ങൾ കടക്കുന്നതിനു മുമ്പ് ആളുകളെ ബസ്സിൽ നിന്ന് ഇറക്കി വിടും, എന്നിട്ട് ഒഴിഞ്ഞ വണ്ടി അപ്പുറത്ത് നിർത്തിയിടും. നമ്മൾ നടന്നു വേണം ദുർബലമായ ആ പാലം കടക്കാൻ. എന്നിട്ട് വീണ്ടും ബസ്സിൽ കയറും. സ്വകാര്യ ബസ്സുകൾ അധിക ദൂരത്തേക്കൊന്നും ഓടില്ലായിരുന്നു. ചുറ്റും വട്ടമുള്ള സ്ഥലത്തേക്ക് മാത്രമേ അന്ന് സർവീസ് നടത്തിയിരുന്നുള്ളു. ആന വണ്ടി, ബോട്ടുകൾ, വഞ്ചി, ചങ്ങാടം, അങ്ങിനെയുള്ള യാത്രകൾ എന്ത് രസമായിരുന്നു. സ്കൂളിലേക്ക് നടന്നാണ് പോയിരുന്നത്. ചിലപ്പോഴെല്ലാം സ്കൂളിലേക്ക് വാപ്പയുടെ കൂടെ സൈക്കിൾ റിക്ഷയിൽ സഞ്ചരിക്കും. ഒരു സൈക്ലിന്റെ പിറകിൽ നന്നായി മൂടിയിട്ടിട്ടുള്ള ഒരു കൊച്ചു വാഹനം ആണ് ഇത്. ഇതിന്റെ മോഡേൺ രൂപം ആണ് ഓട്ടോറിക്ഷ. പാവം അത് ചവിട്ടുന്ന ആളുടെ അധ്വാനം സങ്കടകരമാണ്.
ഭാരത് സർക്കസ്, ഉത്സവം പറമ്പിലെ സൈക്കിൾ യജ്ഞം, മരണ കിണർ, ആനയുടെ എഴുന്നുള്ളത്, താല പൊലി, അല്ലെങ്കിൽ അടുത്തുള്ള ഒരു പാർക്ക് ഇതെല്ലാം ആയിരുന്നു നമ്മുടെ വിനോദ സഞ്ചാര സ്ഥലങ്ങൾ. ധാരാളം സിനിമകൾ കാണുമായിരുന്നു. കുടുംബസമേതം മലയാളം ഹിന്ദി മൂവികൾക്ക് പോയിട്ടുണ്ട്. ഓലപ്പുര തീയേറ്ററുകളിലും സിനിമ കണ്ടിട്ടുണ്ട്.
പഴയതും പുതിയതുമായ കാലഘട്ടങ്ങൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. ഒന്നു പ്രകൃതിയോട് ഇണങ്ങി ചേർന്നുള്ള കുട്ടിക്കാലം. കൂട്ടു കുടുംബങ്ങളിൽ നിന്നുള്ള സ്നേഹവും പരസ്പര സഹായങ്ങളും ആവോളം കിട്ടിയിട്ടുള്ള കാലം.
പേടിയും ആധിയും ഒന്നുമില്ലാത്ത കാലമല്ലേ ബാല്യകാലം.
കുറച്ചു കാര്യങ്ങൾ മാത്രമേ എന്നേ ചെറുപ്പകാലത്തു പേടിപ്പിചിട്ടുള്ളു. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ വീട് പണി നടക്കുന്നത്. അതിന്റെ കോൺട്രാക്ടർ നമ്മുടെ ഒരു ബന്ധു ആണ്. എന്നെ വലിയ കാര്യമായിരുന്നു. എപ്പോഴും സ്നേഹത്തോടെ സംസാരിക്കും മിട്ടായി വാങ്ങി തരും. അങ്ങിനെ ഒരിക്കൽ ഞാൻ അങ്കിളിനോട് രണ്ട് രഹസ്യങ്ങൾ പറഞ്ഞു. സ്കൂളിൽ പോകുന്ന വഴിയിൽ നിറയെ പൂച്ചെടികൾഉള്ള ഒരു വീട് ഉണ്ടായിരുന്നു.. അന്നും ഇന്നും എന്റെ ദർബല്യമാണ് പൂക്കൾ. ആ വീട്ടിൽ നിറയെ ചെട്ടിച്ചി, ജമ്മന്തി, വാടാമല്ലി കനകാംഭാരം, റോസാ ചെമ്പരത്തി പൂക്കൾ ഉണ്ടായിരുന്നു. ഇതിനേക്കാൾ നല്ല പൂന്തോട്ടം എന്റെ വീട്ടിലുണ്ട്. എങ്കിലും ഒരു ചെട്ടിച്ചി പൂവ് ഞാൻ അവിടെ നിന്ന് പൊട്ടിച്ചു. ആരാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ ഓടി കളഞ്ഞു. വീട്ടിൽ പറയാൻ പേടി, വഴക്ക് കേട്ടാലോ. ഞാൻ ഈ രഹസ്യം അങ്കിളിനോട് പറഞ്ഞു. പുള്ളി എന്നെ ശരിക്കും പേടിപ്പിച്ചു, അത് ഒരു മോഷണം ആണെന്നും ചിലപ്പോൾ പോലീസ് വന്നു എന്നെ കൊണ്ട് പോകും എന്നൊക്കെ. ഞാൻ പേടിച്ചു വശം കെട്ടു. രണ്ട് ദിവസം കഴിഞ്ഞു പനി പിടിച്ചപ്പോളാണ് വാപ്പ കാര്യം അറിയുന്നത്. വാപ്പ എന്നെ സമാധാനിപ്പിച്ചു, പൂവൊന്നും അനുവാദം ചോദിക്കാതെ പൊട്ടിക്കരുത് എന്ന് ഉപദേശിച്ചു.. താലപൊലി കാലത്ത് നല്ല ഈത്തപ്പഴം കിട്ടും. അത് തേങ്ങ ചുരണ്ടിയതും കൂട്ടി കഴിക്കാൻ നല്ല രസമാണ്. ഒരിക്കൽ ഈത്തപ്പഴം കഴിക്കുന്ന സമയത്തു അതിന്റെ കുരു ഞാൻ അറിയാതെ വിഴുങ്ങി, സർവജ്ഞനിയായ എന്റെ സുഹൃത്ത് അങ്കിളിനോട് ഈ വിവരം പറഞ്ഞു. ദേ വരുന്നു അടുത്ത പണി, അയ്യോ മോളെ ഈ കുരു മുളച്ചു നിന്റെ വയറ്റിൽ വളരും, അതിന്റെ ഇലയും കൊമ്പും മൂക്കിലൂടെയും ചെവിയിലൂടെയും വരുമല്ലോ പടച്ചോനെ എന്ന് കേട്ടതും എന്റെ തല വട്ടം. കറങ്ങി. ഈത്തപന കാണാത്ത എനിക്ക് ആ മരത്തെ കുറിച്ച് ഒരു പിടിയും ഇല്ല. വല്ല മാവോ പ്ലാവോ പോലത്തെ മരമായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഇതു ആലോചിച്ചു ഞാൻ കുറെ ദിവസം വിഷമിച്ചു നടന്നു. ഇടക്കിടക്ക് മൂക്കിൽ തപ്പി നോക്കാമായിരുന്നു വല്ല ഇലയോ കൊമ്പോ വരുന്നുണ്ടോ എന്ന്.. അവസാനം എന്റെ സങ്കടം കണ്ട് അങ്കിൾ എന്നെ സമാധാനിപ്പിച്ചു. മണ്ടി പെണ്ണെ അത് നിന്റെ വയറ്റിൽ നിന്നു എപ്പോഴേ സ്ഥലം വീട്ടിട്ടുണ്ടാകും എന്ന്. പാവം കുട്ടിയായ എന്നെ അങ്കിൾ വല്ലാതെ പേടിപ്പിച്ചു.. വലുതായതിൽ പിന്നെ ഞാൻ അങ്കിളിനെ കണ്ടിട്ടല്ല, അല്ലെങ്കിൽ ഒരു കുഞ്ഞ് പരിഭവം പങ്ക് വെച്ചേനെ.
പിന്നെ സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ പുറകിൽ ആയിരുന്നു ഗവണ്മെന്റ് ഹോസ്പിറ്റൽ. ഹോസ്പിറ്റലിന്റെ പുറകിലൂടെ ഒരു വഴിയുണ്ടായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കാൻ വീട്ടിൽ പോകും. പാത്രത്തിൽ ചോറ് കൊണ്ട് പോകുന്നത് ഇഷ്ട്ടമല്ല. അത് കൊണ്ടാണ് വീട്ടിൽ പോകുന്നത്.. ഒരു മണിക്കൂർ ഇടവേളയിൽ വീട്ടിൽ പോയി വരാം. അതിനാണ് മെയിൻ റോഡിലൂടെ പോകാതെ ഈ ചെറിയ വഴിയിലൂടെ നടക്കുന്നത്.. പോകുന്ന വഴിയിൽ ഒരു വീട്ടിൽ മാനസിക വളർച്ച അധികം ഇല്ലാത്ത ഒരു ചേട്ടനുണ്ട്, വലിയ നിക്കറിട്ടു നടക്കുന്ന നല്ല പൊക്കമുള്ള ഒരു ചേട്ടൻ. ഉപദ്രവിക്കില്ല, പക്ഷെ ഒറ്റക്ക് നടക്കുമ്പോൾ മുമ്പിൽ എങ്ങാനും കാണുമ്പോൾ പേടിയാകും. ആ പ്രദേശത്തു മുഴുവൻ നടക്കും. വലിയയൊരു തറവാട്ടിലെ ചേട്ടനാണ്. കൂടാതെ ആ വഴിയിൽ മാനസിക നില തെറ്റിയ രണ്ട് സ്ത്രീകളെയും കാണും. നമ്മളെ കാണുമ്പോൾ അടുത്തു വന്ന് എന്തെങ്കിലും പറയും, ഉപദ്രവിക്കില്ല. പേടിയുണ്ടെങ്കിലും ആ വഴിയിലൂടെ മാത്രമേ ഞാൻ പോകാറുള്ളു.
ഗവണ്മെന്റ് ഹോസ്പിറ്റലിലെ പോസ്റ്റ് മോർട്ടം നടത്തുന്ന മുറി ആ റോഡിലാണ്. എന്റമ്മോ പോസ്റ്റ് മാർട്ടം ഉള്ള ദിവസം വിറച്ചു വിറച്ചു ആണ് പോകുക. അവിടെ നിറയെ ആളുകൾ ഉണ്ടാകും. കുട്ടികൾ അവരുടെ ഭാവനക്കനുസരിച്ചു ആ മുറിയിൽ നടക്കുന്നത് പറയും. ഇതു മനസിലിട്ടാണ് പോക്ക്. എന്റെ ഒരു കൂട്ടുകാരി ആ വഴിയിൽ ആണ് താമസിക്കുന്നത്. ആ കുട്ടിയുടെ കൂടെ ആണ് ഞാൻ സ്കൂളിൽ പോകാറ്. അതാണ് ആ വഴിയിലൂടെ പോകുന്നത്. ചെറുപ്രായം ആയതു കൊണ്ടാണ് കേട്ടോ ഇത്തരം പേടികൾ ഉണ്ടായത്. ഇപ്പോൾ ആ വഴിയെല്ലാം പുരോഗമിച്ചു അവിടമാകെ ഷോപ്പുകൾ ആണ്. മോർച്ചറിയും അവിടെ നിന്ന് മാറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമാണ് എന്റെ ബാല്യകാലം. അതിർവരമ്പുകളില്ലാത്ത, പേടിയോ, ആധിയോ ഇല്ലാത്ത നിഷ്കളങ്കമായ ബാല്യം.

