മുറ്റത്ത് നിറയെ നനഞ്ഞ കൊന്നപ്പൂക്കളായിരുന്നു. അത് വാരികൂട്ടുന്നതിനിടയിലാണ് കണ്ടത് മുന്നിൽ നിറഞ്ഞ ചിരിയുമായൊരു പെൺരൂപം. ആത്മവിശ്വാസം തുളുമ്പുന്ന മുഖം. വെളുത്ത ഷർട്ടും നീല അയഞ്ഞ പാന്റും നന്നായി ചേരുന്നുണ്ട്. ഓർമ്മയുടെ താളുകൾ മറിച്ചു നോക്കി. ഇല്ല. പരിചയമില്ല. പക്ഷെ. ചുണ്ടിന്റെ അറ്റത്തെ കറുത്ത മറുക് എന്തോ ഓർമ്മിപ്പിക്കുന്നു. വരാന്തയിലെ ചൂരൽ കസേരയിൽ ഇരിക്കാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.
“ഓർക്കാൻ മെനക്കേടേണ്ട “
“ചില ഓർമ്മകളൊക്കെ നമ്മെ വിടാതെ പിടികൂടും. പ്രത്യേകിച്ച് അവ നമ്മുടെ ജീവിതത്തെ അത്രമേൽ പിടിച്ചു നിർത്തുന്നതാവുമ്പോൾ. “
പെട്ടെന്ന് ഒരു പേമാരിപോലെ ആർത്തിരമ്പി വന്നു ഒരു യാത്രയുടെ ഓളങ്ങൾ. നവമിക..
‘ശരിയാണ്. ടീച്ചറിന് തെറ്റിയില്ല. ആറേഴുമണിക്കൂറിലെ യാത്ര മറക്കാനാവാത്ത പോലെ ഇപ്പോഴുമുണ്ട്.
കുറച്ചു വർഷത്തിനിപ്പുറം ഏതോ സമ്മേളനവുമായി ബന്ധപ്പെട്ട് ഉള്ള യാത്ര. പേമാരി. മഴയത്തെ ട്രെയിൻ യാത്ര ദുരിതമാണ്. ചീഞ്ഞ മണവും തീർത്തും അടയാത്ത ജനാലയിൽ നിന്നുള്ള വെള്ളത്തുള്ളികളും വല്ലാതെ ബുദ്ധിമുട്ടിക്കും. ട്രെയിൻ യാത്രകളിലാണ് ഒത്തിരി വായിക്കാറുള്ളത്. പൊതുവെ സഹയാത്രികരുമായി ചങ്ങാത്തത്തിനു പോകാറില്ല. അനാവശ്യമായി സ്വകാര്യതയിലേക്ക് -വരച്ചുവെച്ച -ലക്ഷ്മണ രേഖ കടന്നെത്തുന്നവരെ ഒഴിവാക്കാൻ പാടാണ്.
അന്ന് എതിരെയിരുന്നതു ഒരു കുട്ടിയും അതിന്റെ മാതാപിതാക്കളുമായിരുന്നു. പതിവ് പോലെ കുശല അന്വേഷണങ്ങളിൽ തുടങ്ങി. കാണാത്ത താലി ചരടിനെയും പിന്നെ കുറച്ചു കൂടി കടന്നൊക്കെ സംസാരം നീണ്ടപ്പോൾ, ഉറക്കം അഭിനയിച്ചു. ഒടുവിൽ ശരിക്കും മയങ്ങിപ്പോയി. പിന്നെ കണ്ണ് തുറന്നപ്പോൾ നനഞ്ഞ മിഴികളുമായി ഒരു പെൺകുട്ടിയായിരുന്നു മുന്നിൽ. എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ട്, ലോകത്തെയാകമാനം വെറുക്കുന്ന മട്ടിൽ അവളിരുന്നു. കുറെ നേരത്തെ ശ്രദ്ധയിൽ ഒരു അസ്വഭാവികത.
മനസ്സിലെന്തെക്കയോ സംശയം നാമ്പിട്ടു. ഒരു സ്റ്റേഷൻ വിട്ടുകഴിഞ്ഞ സമയം. അവൾ ജനാല വഴി പുറത്തേക്ക് ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. അവളറിയാതെ പുസ്‌തക താളിൽ നിന്നും നനഞ്ഞു മഷിപ്പടർന്നൊരു താള് തന്റെ സാരിത്തുമ്പിൽ കുടുങ്ങി. ജീവിതത്തിൽ നിന്നും തിരിഞ്ഞു നടക്കാനായി, ഉറ്റവർക്കെഴുതിയ യാത്രമൊഴി. അടുത്ത് വരുന്ന പുഴയുടെ വിളി കാതോർത്തു അവൾക്ക് നീങ്ങാനാവുന്നതിനു മുൻപേ അവളിൽ ബലമായി കൈ പിടിച്ചമർത്തി. ദേഷ്യവും സങ്കടവും ചേർത്ത് അവൾ അമർത്തി കടിച്ചതിന്റെ പാട് ഇന്നും ഉണ്ട്.
നവമിക.. അതെ… അവൾ ഇനിയും മായാത്ത ആ മുറിപ്പാടിൽ ചുണ്ട് ചേർത്തു.
വർഷങ്ങൾക്കു ശേഷം. വീണ്ടുമൊരു കൂടിക്കാഴ്ച. ഇടക്കെന്നോ പുതുവർഷ ആശംസകൾ അയച്ചിരുന്നു. പല പല വീടുമാറലിനിടയിൽ നഷ്ടപ്പെട്ടുപോയി മേൽവിലാസം. നവമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ വീണ്ടുമൊരു ഒത്തുചേരലുമുണ്ടായില്ല.
തേടിപിടിച്ചു കണ്ടെത്തിയതിനെ കുറിച്ചുള്ള വിവരണങ്ങൾ കേട്ടപ്പോൾ അതിശയിച്ചു.
അത്രമേൽ ഇഷ്ടപ്പെടാൻ തക്കവണ്ണം താനെന്തു ചെയ്തെന്നു ആലോചിച്ചു.
‘ഏയ്, അതല്ല. ഇന്ന്, ഈ ഭൂമിയിൽ നവമിക എന്ന വ്യക്തി ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കിൽ, അത് ഈ ടീച്ചറമ്മ കാരണം മാത്രം. ”
ഏതോ മങ്ങിയ ഓർമ്മ തുണ്ടിൽ, ഇത്രയധികം സ്നേഹം ചാലിച്ച കണങ്ങൾ പറ്റിയിരുന്നോ?
പഴയ ചിത്രങ്ങൾ… മറക്കാൻ ആഗ്രഹിക്കുന്നവ. ദുരിത പൂർണമായ ബാല്യം, കൗമാരം. മദ്യത്തിന്റെ മണം മാത്രം നിറഞ്ഞ രാപകലുകൾ. കുറ്റപ്പെടുത്തലുകൾ. വാക്കുതർക്കങ്ങൾ. സ്ത്രീധന ബാക്കിയുടെ പേരിലുള്ള അടിപിടികൾ. മക്കൾ ഇതിനിടയിൽ തീ തിന്നു.
പഠിക്കുക, ജോലി നേടുക ഈ നരകത്തിൽ നിന്നും രക്ഷ നേടുക..
ലക്ഷ്യം അതുമാത്രം.
പേര് കേട്ട കോളേജിൽ അഡ്മിഷൻ. ഹോസ്റ്റലിൽ എത്തിയപ്പോൾ അപകർഷത ബോധത്തിൽ വലഞ്ഞു. വേഷം, നിറം, പണം , ഇതിലൊക്കെ അവഗണന.
അഞ്ചു പേരടങ്ങുന്ന ഹോസ്റ്റൽ മുറി. ഒട്ടും പ്രിയപ്പെട്ടവൾ അല്ലെന്നറിഞ്ഞിട്ടും അവർക്കിടയിൽചടഞ്ഞു കൂടേണ്ടി വന്നു. രാത്രിയാവാൻ കാത്തു വിമ്മിഷ്ടത്തിന്റെ ഒഴുക്ക് തലയിണ നനക്കാൻ.
വേറൊരു മുറിയിലേക്ക് പോകാൻ ആവുന്നതും പരിശ്രമിച്ചു.
കളവ് പോകുന്ന സാധനങ്ങളെ കുറിച്ച് അവർ പലപ്പോഴും ചർച്ച ചെയ്യുന്നത് കെട്ടിട്ടുണ്ടെങ്കിലും, ആ മുനയമ്പ് തന്റെ നേർക്കാണെന്ന് തിരിച്ചറിഞ്ഞില്ല. വാർഡന്റെ മുൻപിൽ വിളിക്കപ്പെട്ടു. നഷ്ടപ്പെട്ട ഒരു വൻ തുകയെക്കുറിച്ചു തനിക്ക് അറിവേ ഉണ്ടായിരുന്നില്ല. അപമാനത്തിൽ തളർന്ന രാത്രി.
എങ്ങലോടെ വീട്ടിലെത്തിയെങ്കിലും തന്റെ വേദനകളെ മനസ്സിലാക്കാൻ വീട്ടുകാർ മനസ്സ് കാണിച്ചില്ല. തിരികെ ഹോസ്റ്റലിലേക്ക് വരുന്ന വഴിയായിരുന്നു ആ തീവണ്ടി യാത്ര.
“അന്ന് ടീച്ചറമ്മ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ, പുഴയുടെ അഗാധത്തിൽ അഭയം പ്രാപിച്ചേനെ ”
അന്ന് ടീച്ചറമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ രാത്രി മുഴുവൻ സംസാരിച്ചു. ആത്മഹത്യ ചെയ്തു വിഡ്ഢിയാവുന്നതിനു പകരം ജീവിച്ചു കാണിക്കാൻ പറഞ്ഞു. വല്ലാത്തൊരു ഊർജമായിരുന്നു അത്. പിന്നീട് ഒരു വാശിയായിരുന്നു. ജീവിച്ചു കാണിക്കാൻ. “
പഠിച്ചു, നന്നായി തന്നെ. നല്ല ജോലി നേടി. സമ്പാദിച്ചു. പിന്നീട് അതും മടുത്തു.
പിന്നോക്കകാരുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു ഒരു സംഘടനയിൽ പ്രവർത്തിക്കുന്നു. “
അവൾ തുടർച്ചയായി സംസാരിക്കുന്നത് കെട്ടിരിക്കാൻ കൗതുകം തോന്നി. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ. ഈ തലമുറയിൽ ഇത്രയും വേറിട്ട് ചിന്തിക്കുന്ന അവളെ കുറിച്ച് അഭിമാനം തോന്നി.
“വീട്ടിലേക്ക് പോകാറില്ലേ?” ഒരു നിമിഷം. സകല ഊർജവും വാർന്നു പോകുന്നതറിഞ്ഞു.
“ഇല്ല, ടീച്ചറെ. ഇപ്പോഴും പഴയ വഴക്കും ബഹളവും തന്നെയാണ്.
പ്രത്യേകിച്ച് സ്നേഹപ്രകടനങ്ങൾ ഒന്നുമില്ല. പണം കൊടുക്കും. എണ്ണി നോക്കും. നീ കഴിച്ചോ എന്ന് ഒരന്വേഷണത്തിന് പലപ്പോഴും കൊതിക്കാറുണ്ട്.
പക്ഷെ, ടീച്ചറമ്മെ ഞാൻ ഓരോ വഴിതിരുവിലും ഓർക്കാറുണ്ട്.
ചില നന്ദി പ്രകടനങ്ങളുമായി കുഞ്ഞുങ്ങളെയും കൂട്ടി ചിലരെത്തുമ്പോൾ മനസ്സിൽ ഞാൻ ടീച്ചറിന് നന്ദി പറയും. ഇതൊക്കെ ചെയ്യാൻ എനിക്ക് ജീവൻ തിരിച്ചു തന്നതിന് “
സ്നേഹത്തോടെ പുണരുമ്പോൾ അവൾ ഒന്ന് വിതുമ്പി. പിന്നെ വിങ്ങി വിങ്ങി കരഞ്ഞു.
‘ഞാൻ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വന്നോട്ടെ. – മുന്നോട്ട് പോകാൻ മടിച്ച് നിൽക്കുന്ന ചില സമയങ്ങൾ ഉണ്ടാവുമ്പോ ഓർക്കും ഒരു ബന്ധത്തിന്റ ഇഴയടുപ്പം ആരെങ്കിലും ആയി ഉണ്ടായെങ്കിൽ എന്ന്. “
അവളെ ചേർത്തു പിടിച്ചു നിൽക്കുമ്പോൾ തനിക്കും അത്തരമൊരു ഇഴയടുപ്പത്തിന്റെ ഊഷ്മളത പൊതിഞ്ഞു നിൽക്കുന്നതറിഞ്ഞു.
#എന്റെരചന
#കനിവ്

