കവിത
രാവിൽ വിരിയുന്ന പൂവിൻ്റെ കവിളിൽ
നിലാവിൻ്റെചന്ദനം തേച്ചതാരോ,
പൂവിതൾ കുമ്പിളിൽ മണമോലും ചന്ദന
ച്ചാറൊളിപ്പിച്ചു, കടന്നതാരോ?
പൂവിനെ തൊട്ടുതലോടിയ കാറ്റിൻ്റെ
നെഞ്ചിലും ചന്ദനധൂളി കണ്ടു,
മെല്ലെ പുണർന്ന കരങ്ങളിൽ ചന്ദന
ച്ചാറിൻ്റെ ഗന്ധം പുരണ്ടിരുന്നു.
രാവാകെ പൂവിലുറങ്ങിയവണ്ടിൻ്റെ
അധരത്തിൽപൂമ്പൊടിപുരണ്ടിരുന്നു,
ആലസ്യമോലും മിഴികളിൽ നിർവൃതി
പൂക്കൾ പോലപ്പോൾ വിടർന്നിരുന്നു.
നാണിച്ചു കൂമ്പിയ പൂവിൻ്റെ നെറ്റിയിൽ
ലജ്ജതൻ കുങ്കുമപ്പൊട്ടു കണ്ടു,
രാത്രിയിൽ കാമുകസംഗമമേകിയ
മോദത്തിൽ പൂവിൻ്റെ ഭംഗിയേറി.
സൂര്യരഥമണയുന്നതിൻ മുൻപെയാവണ്ടു
പാറിയകലാൻ ഉണർന്നെണീറ്റു,
യാത്രാമൊഴിചൊല്ലും നേരം പറഞ്ഞവൻ
‘വീണ്ടും ഞാനെത്തും, മരിക്കുവോളം’.
‘പുതുപൂക്കൾതേടിപ്പറക്കുന്ന വണ്ടേ
നിനക്കില്ല, സ്ഥായിയാം മൃദുവികാരം’,
എന്നു പെൺപൂവു പറഞ്ഞില്ല, തൻ മുഖം
കണ്ണീരിനാലേ നനച്ചുമില്ല.
കള്ളമാണിന്നവൻ ചൊല്ലുന്നതെന്നെല്ലാം
പൂവിൻ്റെയുള്ളു തിരിച്ചറിഞ്ഞു,
പിന്നെയവളും പറഞ്ഞീല, മാരുതൻ
രാവതിൽ വന്നു പുണർന്ന കാര്യം.
ഡോ. വീനസ്
1 Comment
❤️❤️