സ്നേഹം സ്പർശമായും, സ്പർശം കരുതലായും മാറുമ്പോൾ
ആ സ്നിഗ്ദ്ധതയുടെ നനവിൽ കുരുന്നുഹൃദയം തളിർക്കുന്നു
തൊട്ടുതൊട്ടു ജീവൻപകരുന്ന വാത്സല്യമെന്ന മഹാദ്ഭുതം!
വികൃതി വല്ലാതങ്ങുവീർക്കുമ്പോൾ
തലോടലൊന്നിന്റെ സാന്ത്വനമുനയിൽ സങ്കടമൊന്നാകെ ആവിയാകുന്നു..
വികൃതി വിശുദ്ധനാവുന്നു!
സ്പർശമവന്റെ രസതന്ത്രികൾ മീട്ടുന്ന വീണക്കമ്പിയാവുമ്പോൾ
പല രാഗത്തിൽ പല താളത്തി-
ലവൻ സംഗീതവിസ്മയമായ് പടരുന്നു!
ഒരു സ്പർശത്തിന്റെ അഭാവത്തി-
ലിന്നു വാടിവീഴുന്ന കുരുന്നുകളെത്ര!
സ്നേഹമന്ത്രമോതുന്ന സ്പർശവടികൾ തൊട്ടാൽ പുനർജനിക്കാവുന്ന അദ്ഭുതജന്മങ്ങൾ.