അരക്കൊപ്പം വളർന്ന മുടി
കഴുത്തറ്റം മുറിച്ചപ്പോൾ…
കൂടെയിരുന്ന കൂട്ടുകാരി
ചെവി രണ്ടിലും
ചെമ്പരത്തി ചൂടിത്തന്നു
വിളിച്ചു….. “ഭ്രാന്തി”
മുറ്റമടിക്കാത്തതെന്തെടീന്ന്…
കൂടെ പിറന്ന ആണൊരുത്തൻ
ചോദിച്ചപ്പോൾ…
നിനക്കെന്താ അടിച്ചാലെന്ന്…
ചിറി കോട്ടിയപ്പോൾ…
ചൂലെടുത്തു വീടിനു ചുറ്റും ഓടിച്ചു..
അമ്മയും വിളിച്ചു….. “ഭ്രാന്തി ”
പഠിപ്പു നിർത്തി
കല്യാണം കഴിക്കാൻ വെമ്പിനിന്ന
കൂടെപ്പിറന്നോളോട്….
എന്താടി ഭ്രാന്തായോന്നു ചോദിച്ചപ്പോൾ…
അവളും വിളിച്ചു……
“നീയാടി…. ഭ്രാന്തി”
ആകാശത്തിനറ്റം വരെ
ചിറകണിഞ്ഞു
പറപറക്കണ സ്വപ്നം
പിറുപിറുത്തപ്പോൾ….
കൂടെ പണിയടുക്കണ
കൂട്ടാരിയും പറഞ്ഞു…
“ഭ്രാന്ത്…… അല്ലാതെന്ത്?”