സ്വയം തീർത്ത തടവറയിൽ
ഏകാന്തതയുടെ കൂട്ടിൽ
മൗനത്തിൻ്റെ തോളിൽ ചാരി ഞാനിരിക്കാൻ തുടങ്ങിയിട്ട്
കാലമെത്രയായിരിക്കും
രാവും പകലും വന്നുപോകുന്നത്
അറിയാതെ ഋതു ഭേദങ്ങൾ അറിയാതെശിലയായി മാറിയൊരഹല്യയെപ്പോലെ..
വാക്കുകൾ അണപൊട്ടി ഒഴുകുവാൻ
മോഹിച്ചു വിലാപം തുടങ്ങിയിരിക്കുന്നു
അവ കൺകോണുകളിലൂടെ ഇടമുറിയാകർക്കിടകമഴ പോലെ പെയ്തിറങ്ങുന്നു
ഇനിയുമീമൗനത്തിൻ തടവറയിൽ നിന്ന് മോചിപ്പിക്കാൻ
ആരെയാണ് നീ കാത്തിരിക്കുന്നത്
ഉള്ളിൽ കിടന്നു പിടഞ്ഞു കൊണ്ടവർ ചോദിക്കുന്നു
നിൻ്റെ ശബ്ദം എനിക്ക് അരോചകം
എന്ന് പറയാതെ പറയുന്നവരോടോ..
ഇല്ല ആരും വരില്ല ആരും വരേണ്ട
സ്വയം ഞാനീ
ബന്ധനം പൊട്ടിച്ചെറിഞ്ഞേ മതിയാകൂ
സുന്ദരമായ ഈ ലോകത്തെ
കാഴ്ചകൾ കൺനിറയെ കണ്ട്
എനിക്കും ജീവിക്കണം
തട്ടിയുടക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ എൻ്റെ സ്വരവീണ മീട്ടി
വാചാലതയുടെ സംഗീതമാകണം
ഞാൻ എൻ്റെ സ്വന്തം എന്ന് ഉറക്കെ പറയണം
ഏറെ വൈകിയെങ്കിലും ഇനിയെങ്കിലും…
✍️ജൂല വി ഗോപാൽ