കവിളിലെ തിണർത്തുകിടന്ന തടിച്ചവിരൽപ്പാടുകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു, “സോറി. ”
പിറ്റേന്ന് ജോലികഴിഞ്ഞെത്തിയ അയാളുടെ കയ്യിൽ അവൾക്കായൊരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അത് കൈമാറുമ്പോൾ അയാളവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു.
അമ്മയെവിളിച്ചപ്പോൾ അവളുടെ സംസാരത്തിൽ സന്തോഷത്തിൻ്റെ ചിരി കിലുങ്ങി.
“ആശ്വാസമായില്ലേ മോളേ, അമ്മ പറഞ്ഞില്ലേ എല്ലാം ശരിയാകുമെന്ന്?”,
അവൾ ചിരിച്ചു.
വൈകുന്നേരം വീട്ടിലെത്തിയ അയാളുടെ കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല.
അവൾ മുന്നിലേക്കു നോക്കി. ഇല്ല; ജീവിതത്തിൻ്റെ ആഴമറിയാൻ കഴിയാത്ത പാരാവാരത്തിൽ ആശ്വാസദ്വീപുകാണാനില്ല; തെല്ലും.
ഡോക്ടർ വീനസ്